Image

അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്ലനടപ്പ്

Published on 14 January, 2017
അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്ലനടപ്പ്


      സൂറിച്ച്: അഭയാര്‍ഥികളെ കാല്‍വച്ചു വീഴ്ത്തിയ ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ കോടതി ശിക്ഷിച്ചു. സ്വകാര്യ ചാനലിലെ ജീവനക്കാരിയായ പേട്ര ലാസ്ലോ (41) യെയാണ് കോടതി ശിക്ഷിച്ചത്. ഹംഗേറിയന്‍ നഗരമായ സെഗെഡിലെ കോടതി മൂന്നു വര്‍ഷം നല്ലനടപ്പാണ് വിധിച്ചത്. ശിക്ഷാ കാലയളവില്‍ പേട്രയില്‍നിന്നും കുറ്റകരമായ പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍പാടില്ലെന്ന് കോടതി ഉത്തരവിട്ടു. അഭയാര്‍ഥികള്‍ കൂട്ടത്തോടെ കുതിച്ചുവന്നപ്പോള്‍ പേടികൊണ്ട് സ്വയരക്ഷക്ക് ചെയ്തതാണെന്ന് പേട്ര കോടതിയില്‍ വാദിച്ചത് വിശ്വാസയോഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തില്‍ ക്ഷമ പറഞ്ഞത് അംഗീകരിച്ച കോടതി നല്ല നടപ്പ് വിധിക്കുകയായിരുന്നു. ബുഡാപെസ്റ്റ്് ഇന്റര്‍നെറ്റ് പോര്‍ട്ടലായ ഇന്‍ഡക്‌സ് ഡോട്ട് ഹു ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2015 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹംഗറിയുടെ അതിര്‍ത്തിയായ റോയ്‌സ്‌കെയില്‍ ആഴ്ചകളായി തമ്പടിച്ച അഭയാര്‍ഥികളെ, അതിര്‍ത്തി തുറന്ന് ഓസ്ട്രിയയിലേക്ക് പോകാന്‍ ഹംഗേറിയന്‍ പോലീസ് അനുവദിച്ചപ്പോഴായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. അതിര്‍ത്തി തുറന്നപ്പോള്‍ ഓടിക്കയറിയ അഭയാര്‍ഥികളെ, ഹൃദയഭേദകമായ രംഗം ചിത്രീകരിക്കാന്‍വേണ്ടി പേട്ര ലാസ്ലോ കാല്‍വച്ച് വീഴ്ത്തുകയായിരുന്നു. തോളില്‍ ഒരു കുട്ടിയുമായി നീങ്ങുന്ന പിതാവിനെയും പിതാവിനൊപ്പം നീങ്ങുന്ന മറ്റൊരു കുട്ടിയേയുമാണ് ഒരു കൈയില്‍ കാമറയും പിടിച്ച് കാലുകൊണ്ട് പേട്ര വീഴ്ത്തിയത്. ഈ സംഭവം അവിടെയുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തുകയും പുറംലോകത്തെത്തിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ലാസ്ലോ ജോലി ചെയ്തിരുന്ന ഹങ്കറിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ജോബിക്കിന്റെ നിയന്ത്രണത്തിലുള്ള എന്‍ വണ്‍ ടിവി അവരെ പിരിച്ചുവിട്ടിരുന്നു. 

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക