Image

കഥ മോഷ്ടിക്കേണ്ട ഗതികേട് തനിയ്ക്കു വന്നിട്ടില്ലെന്ന് സന്തോഷ് ഏച്ചിക്കാനം

Published on 14 January, 2017
കഥ മോഷ്ടിക്കേണ്ട ഗതികേട് തനിയ്ക്കു വന്നിട്ടില്ലെന്ന് സന്തോഷ് ഏച്ചിക്കാനം


മോളിവുഡില്‍ വലിയ വിവാദം ഉയര്‍ത്തി വിട്ട സംഭവമായിരുന്നു വിമാനം, എബി എന്നീ ചിത്രങ്ങളിലെ കഥകള്‍ തമ്മിലുണ്ടായ സാദൃശ്യം. ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എന്ന തൊടുപുഴക്കാരന്‍ സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറത്തിയതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാഗ്വാദങ്ങള്‍ ഹൈക്കോടതി വരെയെത്തി. വിവാദങ്ങള്‍ക്കിടയിലും സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതി നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി ജനുവരി 20 ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.
എന്നാല്‍ അതേ സമയം എബിയ്ക്ക് വിമാനവുമായി യാതൊരു സാദൃശ്യവുമില്ലെന്നും തനിയ്ക്കാരുടെ കഥയും മോഷ്ടിക്കേണ്ട ഗതികേടു വന്നിട്ടില്ലെന്നും സന്തോഷ് ഏച്ചിക്കാനം പറയുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന എനിക്ക് മോഷ്ടിച്ച് കഥയുണ്ടാക്കേണ്ട ഗതികേട് വന്നിട്ടില്ല. എന്റെ കഥ ഒരിക്കലും സജി തോമസിന്റെ കഥയായിരുന്നില്ല. അദ്ദേഹത്തിനെ കാണുന്നതിനുമുന്‍പേ ഞാന്‍ എബിയുടെ തിരക്കഥ എഴുതിക്കഴിഞ്ഞിരുന്നു. സജി തോമസുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടുകൂടി വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ സജിയുടെ ജീവിതത്തില്‍ നിന്നും തിരക്കഥയിലേക്ക് എടുത്തിരുന്നുള്ളൂ.

പിന്നീട് അവ പൂര്‍ണമായും തിരക്കഥയില്‍ നിന്നും ഒഴിവാക്കി. അതുകൊണ്ടുതന്നെ സജിയുടെ ജീവിതമായോ വിമാനം എന്ന സിനിമയുമായോ എബിയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. വിമാനത്തിന്റെ കഥയുമായി എബിയ്ക്ക് ബന്ധമുണ്ടെന്ന പേരില്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് എം.നായര്‍ സിനിമാസംഘടനയായ ഫെഫ്കയെ സമീപിച്ചിരുന്നു. സജി തോമസ് വിമാനത്തിനാണ് അവകാശം നല്‍കിയിരിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്നും സിനിമ ചിത്രീകരിക്കുന്നതില്‍ നിന്നും പിന്മാറമെന്നും സംഘടന മുമ്ബാകെ പ്രദീപ് ആവശ്യപ്പെട്ടു.എന്നാല്‍ ഫെഫ്ക ഇവരുടെ ആവശ്യം അംഗീകരിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക