Image

സുഷമാ സ്വരാജിന്റെ താക്കീത്‌; ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു

Published on 12 January, 2017
സുഷമാ സ്വരാജിന്റെ താക്കീത്‌; ഇന്ത്യന്‍ പതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു


ന്യൂദല്‍ഹി: ഇന്ത്യയുടെ ദേശീയപതാകയുടെ രൂപത്തിലും നിറത്തിലുമുള്ള ചവിട്ടിയുടെ വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന്റെ താക്കീതിനെ തുടര്‍ന്നാണ്‌ ആമസോണിന്‌ ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വന്നത്‌.

ഉത്‌പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ്‌ പറഞ്ഞു. ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റാണ്‌ ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെച്ചത്‌.
സംഭവത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ്‌ പറയണമെന്നും ഉത്‌പന്നങ്ങള്‍ പിന്‍വലിക്കണമെന്നും ബുധനാഴ്‌ച സുഷമാ സ്വരാജ്‌ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ വിസ അനുവദിക്കുകയില്ലെന്നും സുഷമാസ്വരാജ്‌ അറിയിച്ചിരുന്നു.



നേരത്തെ അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും 
 കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട്‌ ആമസോണുമായി ബന്ധപ്പെടാനും സുഷമ സ്വരാജ്‌ നിര്‍ദേശിച്ചിരുന്നു.
ആമസോണ്‍ സൈറ്റില്‍ വില്‍ക്കുന്ന ചവിട്ടിയുടെ ചിത്രം അതല്‍ ഭോബ്‌ എന്ന ആളാണ്‌ ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്‌.

ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ സുഷമ സ്വരാജ്‌ അത്‌ റിട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ അതില്‍ അവസാനിപ്പിച്ചില്ല സുഷമയുടെ പ്രതിഷേധം. എന്തായാലും സുഷമ സ്വരാജിന്റെ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക