Image

എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍-1 (ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 10 January, 2017
എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍-1  (ശ്രീകുമാര്‍ പുരുഷോത്തമന്‍)
Part 1

എന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു

1998 ഒക്ടോബറിലാണ് ഞാന്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നത്. എയര്‍ ഇന്ത്യയിലെ , വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ വലയുന്ന തരുണീമണികളായ എയര്‍ ഹോസ്റ്റസ്സുമാരുടെ താഢനവും പീഢനവും ഏറ്റു വാങ്ങി ഞാന്‍ ഈ സ്വപ്നഭൂമിയില്‍ എത്തിച്ചേര്‍ന്നു. ഫ്‌ലൈറ്റ് ടിക്കറ്റിനൊപ്പം 2000 ഡോളറും എല്ലാവര്ക്കും നല്‍കിയിട്ടുണ്ട് എന്ന ഭാവത്തില്‍ 'അതിഥി ദേവോ ഭവ'എന്ന ആര്‍ഷ ഭാരത സംസ്‌ക്കാരം അടിമുടി ഊട്ടിയുറപ്പിക്കുന്ന അംഗനമാര്‍. എനിക്ക് എന്റെ എംപ്ലോയര്‍ അവരുടെ 'ഗസ്റ്റ് ഹൗസ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസസൗകര്യം തന്നു. ഔദ്യോഗിക ഭാഷയില്‍ 'ഗസ്റ്റ് ഹൗസ്' എന്നും യഥാര്‍ത്ഥത്തില്‍ ബെഞ്ചില്‍ വരുന്നവര്‍ക്കു താമസിക്കാനും ഉള്ള ഒരു സ്ഥലം. ഇനി ഞാന്‍ എന്റെ ഓരോരോ അനുഭവങ്ങളില്‍ കൂടി കടന്ന് പോകട്ടെ.

How are you ?

പിറ്റേ ദിവസം രാവിലെ ഞാന്‍ എന്റെ റൂമിനു പുറത്തിറങ്ങി നിന്നപ്പോള്‍ ഒരു അമേരിക്കക്കാരന്‍ അതിലെ നടക്കാന്‍ പോകുന്നുണ്ടായിരുന്നു. അയാള്‍ എന്നെ കണ്ടപാടെ How are you ? എന്ന് ചോദിച്ചു. ഞാന്‍ അത്ഭുത പരതന്ത്രനായി നിന്ന് പോയി. ബാല്യം പകച്ചുപോയ ഒരു നിമിഷം. ഒരായിരം സംശയങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നു. ഇയാള്‍ ആരാണ് ? ഇയാള്‍ക്ക് എന്നെ എങ്ങനെ അറിയാം ? ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന ടാക്‌സിയുടെ ഡ്രൈവര്‍ ആയിരുന്നോ ഇയാള്‍ ? എന്റെ കമ്പനിയില്‍ നിന്നും മറ്റാരെങ്കിലും ഇവിടെ താമസിക്കുന്നുണ്ടോ ? ഞാന്‍ അവസാനം എന്റെ എംപ്ലോയറെ വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു എല്ലാരും ഇവിടെ ഇങ്ങനെ How are you ?, Oki duke , wonderful, awesome എന്നൊക്കെ പറയുമെന്നും അതൊന്നും മനസ്സില്‍ വച്ചോണ്ട് ഇരിക്കേണ്ട എന്നും. നേരെ വന്നാല്‍ മുഖം തിരിച്ചു നടന്നു പോകുന്ന നിരവധി ഇന്ത്യന്‍ മുഖങ്ങള്‍ക്കിടയില്‍ ആദ്യമായി എന്റെ ക്ഷേമം തിരക്കിയ അയാളുടെ മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

Okra vs Ladies Finger

ഏതൊരു ശരാശരി മലയാളിയെയും പോലെ ഞാനും ചായയും പത്രവും കുത്തരിച്ചോറും കപ്പയും മീന്‍കറിയും വളരെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടു തന്നെ നാട്ടില്‍ നിന്ന് പാചകം ചെയ്യാനുള്ള എല്ലാവിധ സന്നാഹങ്ങളുമായാണ് ഞാന്‍ പോന്നത്. ഒരിക്കല്‍ സാമ്പാര്‍ ഉണ്ടാക്കണം എന്ന് വല്ലാത്ത പൂതി. വെണ്ടയ്ക്ക ഇല്ലാതെ എന്തോന്ന് സാമ്പാര്‍? വെണ്ടക്കയുടെ ഇംഗ്ലീഷ് നാമം ഓര്‍ത്തപ്പോള്‍ അത് Ladies Finger ആണെന്ന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ അടുത്ത കടയില്‍ പോയി Ladies Finger ഇരിക്കുന്ന സ്ഥലം ചോദിച്ചു. അയാള്‍ എന്നെ നേരെ ബേക്കറിയിലേക്കു ആനയിച്ചു. അവിടെനിന്നും ഒരു ബേക്കറി സാധനം എടുത്തു അതാണ് Ladies Finger എന്ന് പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കി. ഞാന്‍ ആരാ മോന്‍ ? ഞാന്‍ പറഞ്ഞു എനിക്ക് വേണ്ടത് ഒരു വെജിറ്റബിള്‍ ആണെന്ന്. അയാള്‍ ആസേതുഹിമാചലം തപ്പിയിട്ടും അങ്ങനെ ഒരു പച്ചക്കറി കണ്ടെത്താന്‍ ആയില്ല. അപ്പോള്‍ അതുവഴി വന്നു ഒരു ഇന്ത്യക്കാരനോട് ഞാന്‍ എന്റെ പ്രശ്‌നം അവതരിപ്പിക്കുകയും വെണ്ടയ്ക്ക അമേരിക്കയില്‍ അറിയപ്പെടുന്നത് 'ഓക്ര' എന്ന പേരിലാണ് എന്ന വിജ്ഞാനം വിളമ്പി അദ്ദേഹം അപ്രത്യക്ഷനാകുകയും ചെയ്തു.

Cosmetic Change

അങ്ങനെ തീറ്റയും കുടിയുമായി ദിവസങ്ങള്‍ കടന്നുപോയി. ജോലി മാത്രം കിട്ടിയില്ല. രാവിലെ അടുത്തുള്ള എംപ്ലോയറുടെ ഓഫീസില്‍ പോകും . എന്തെങ്കിലും ഇന്റര്‍വ്യൂ വന്നാല്‍ അറ്റന്‍ഡ് ചെയ്യും. പിന്നെ താങ്ക്‌സ് ഗിവിങ് ഹോളിഡേയ്‌സ് വന്നു. ഉടനെ പ്രൊജക്റ്റ് കിട്ടാനുള്ള സാധ്യത പതുക്കെ മങ്ങിത്തുടങ്ങി. ഒരു ദിവസം എന്റെ എംപ്ലോയര്‍ എന്നെ വിളിച്ചു. അദ്ദേഹം എന്റെ Resume ല്‍ കുറച്ചു 'കോസ്‌മെറ്റിക് ചേഞ്ച്' വരുത്താന്‍ പറഞ്ഞു. ഞാന്‍ വിചാരിച്ചു എന്തെങ്കിലും ക്യാപിറ്റല്‍ ലെറ്റര്‍ ആക്കാനോ പാരഗ്രാഫ് തിരിക്കാനോ ആകും എന്ന്. അദ്ദേഹം പറഞ്ഞു 'Resume വേര്‍ഡ്ല്‍ ഓപ്പണ്‍ ചെയ്യുക. എന്നിട്ടു അതില്‍ 'Visual Basic' എന്ന് എഴുതിയിരിക്കുന്നത് എല്ലാം 'Java' എന്ന് റീപ്ലേസ് ചെയ്യുക. അങ്ങനെ 2 മിനിറ്റ് കൊണ്ട് Visual Basic Programmer' ആയ ഞാന്‍ 'Java Programmer' ആയി മാറും. 'What a cosmetic surgery, sarji?'. ആ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഉപാധി ഞാന്‍ സ്വീകരിച്ചില്ല. ജാവയുടെ സ്‌പെല്ലിങ് 'Java' ആണോ 'Jawa' ആണോ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയുണ്ട്.

To be continued
Join WhatsApp News
വഴിപോക്കൻ 2017-01-12 09:04:00
വളരെ സരസമായ അവതരണം... എല്ലാവർക്കും ഇതുപോലെ എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ പറയാനുണ്ടാവും .. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ആശംസകൾ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക