Image

`കമലിന്‌ ഞങ്ങള്‍ ഹൃദയം നല്‍കും' കമല്‍ ഇന്ത്യയില്‍ ജീവിക്കും: ടി.എന്‍ പ്രതാപന്‍

Published on 10 January, 2017
 `കമലിന്‌ ഞങ്ങള്‍ ഹൃദയം നല്‍കും' കമല്‍ ഇന്ത്യയില്‍ ജീവിക്കും: ടി.എന്‍ പ്രതാപന്‍

കൊച്ചി: കമല്‍ രാജ്യം വിട്ടുപോകണമെന്ന ബി.ജെ.പി നിലപാടിനെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.എന്‍ പ്രതാപന്‍. ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നിങ്ങളാണ്‌ രാജ്യം വിടേണ്ടത്‌ എന്നാണ്‌ കമലിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുഭാവികളോട്‌ ടി.എന്‍ പ്രതാപന്‍ പറയുന്നത്‌.

`കമലിന്‌ ഞങ്ങള്‍ ഹൃദയം നല്‍കും' എന്ന തലക്കെട്ടില്‍ ഫേസ്‌ബുക്കിലിട്ട കുറിപ്പിലൂടെയാണ്‌ ടി.എന്‍ പ്രതാപന്‍ ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്‌. കമല്‍ ഞങ്ങളുടെ സഹോദരനാണെന്നും അദ്ദേഹം ഭാരത പുത്രനായി ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കുന്നു.


കമല്‍ ഞങ്ങളുടെ സഹോദരനാണ്‌ ഞങ്ങളുടെ കുടുംബാംഗമാണ്‌. കമല്‍ ഇന്ത്യയില്‍ ജീവിക്കും ഭാരത പുത്രനായിതന്നെ. ഗോദ്‌സെക്ക്‌ വിഗ്രഹം പണിയുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളെ. നിങ്ങള്‍ക്ക്‌ ഈ നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളാനാവില്ലെങ്കില്‍ നിങ്ങള്‍ ഇന്ത്യവിടുക. ഗാന്ധി ഘാതകര്‍ക്ക്‌ ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അര്‍ഹതയില്ല...!' പ്രതാപന്‍ പറയുന്നു.

കമലിനെപ്പോലുള്ള കലാകാരന്‌ മറ്റുള്ളവരെപ്പോലെ തന്നെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. മഹാത്മാഗാന്ധിയെ വധിച്ചവര്‍ കമലിനെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും പ്രതാപന്‍ തുറന്നടിക്കുന്നു.

എം.ടിയും കമലും ഉള്‍പെടെയുള്ള ഈ ബഹുസ്വര സമൂഹത്തിലെ മതസൗഹാര്‍ദ്ദത്തില്‍ വിശ്വാസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഞങ്ങള്‍ കാവലാളുകളാവും. അവരുടെ അഭിപ്രായ സ്വാതന്ത്രത്തിന്‌ വേണ്ടി അവരുടെ വിശ്വാസ ആചാര അനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുവാനും തങ്ങളുമൊപ്പമുണ്ടാവുമെന്ന്‌ പ്രതാപന്‍ പറയുന്നു.

ആര്‍എസ്‌എസിനെതിരെ പറഞ്ഞ  കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു; മുരളീധരന്‍

തൃശൂര്‍: വന്നുവന്ന്‌ എന്തും വിളിച്ചുപറയാമെന്ന അവസ്‌ഥയിലാണ്‌ ഇപ്പോള്‍ 
കാര്യങ്ങളെന്ന്‌ കെ.മുരളീധരന്‍ എംഎല്‍എ. അതുകൊണ്ടാണ്‌ ഇത്രയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നത്‌. ഫേസ്‌ ബുക്ക്‌ പോസ്റ്റില്‍ ഉന്നയിച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു.

 ഒരു രാജ്യത്ത്‌ പലര്‍ക്കും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളുമുണ്ടായിരിക്കാം. എന്നുവച്ച്‌ തങ്ങള്‍ക്കിഷ്‌ടമില്ലാത്ത അഭിപ്രായം പറയുന്നവരും തങ്ങളുടെ കാഴ്‌ചപ്പാടിലല്ലാത്ത കാര്യങ്ങള്‍ പറയുന്നവരും രാജ്യം വിട്ടുപോകണമെന്ന്‌ പറയുന്നത്‌ എന്തര്‍ഥത്തിലാണെന്നും മുരളീധരന്‍ ചോദിക്കുന്നു.

ഭരണഘടന തുല്യഅവകാശം കല്‍പ്പിച്ചുതരുന്ന ഇന്ത്യയില്‍ നിന്നും രാജ്യം വിട്ടുപോകണമെന്ന്‌ ഇന്ത്യക്കാരോട്‌ പറയാന്‍ ഇവര്‍ക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത്‌ പറയണമെന്നുള്ളതുകൊണ്ടാണ്‌ ഫേസ്‌ ബുക്കില്‍ ആ പോസ്റ്റിട്ടത്‌. ഇതെക്കുറിച്ച്‌ എന്തായാലും ഫോളോ അപ്‌ പോസ്റ്റും വേണ്ടിവരുമെന്ന്‌ തോന്നുന്നു. 

ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരേണ്ടതാണ്‌. എന്തായാലും പോസ്റ്റിന്റെ പേരില്‍ ഇതുവരെയും ഭീഷണിയൊന്നും എവിടെ നിന്നും വന്നിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

കമലിനെതിരായ ഭീഷണി, വളര്‍ന്നു വരുന്ന ഫാസിസത്തിന്റെ ലക്ഷണം: കവി സച്ചിദാനന്ദന്‍

തൃശൂര്‍: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണി രാജ്യത്ത്‌ ഫാസിസം വളര്‍ന്നു വരുന്നുവെന്നതിന്റെ ലക്ഷണമാണെന്ന്‌ കവി സച്ചിദാനന്ദന്‍. സ്വതന്ത്ര കലാകാരന്മാരോടുള്ള അസഹിഷ്‌ണുതയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും അതിദേശീയവാദം വളര്‍ന്നു വരുന്നതും ഇതിന്‌ തെളിവാണെന്നും സച്ചിദാനന്ദന്‍ പറയുന്നു.

ഇന്ത്യയെ ഒരിക്കല്‍ കൂടി വിഭജിക്കാനാണ്‌ സംഘപരിവാര്‍ ശ്രമിക്കുന്നത്‌. മുസ്‌ലിം പേരുണ്ടെന്നുള്ളത്‌ കൊണ്ട്‌ മാത്രം മതവിശ്വാസികള്‍ അല്ലാത്ത മുസ്‌ലീങ്ങളോടു പോലും പാക്കിസ്ഥാനിലേക്ക്‌ പോകാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ തെളിയിക്കുന്നത്‌ ഒരിക്കല്‍ ഇന്ത്യയുടെ വിഭജനം ആവശ്യപ്പെടാന്‍ ഒരു വിഭാഗം മുസ്‌ലീങ്ങളെ പ്രേരിപ്പിച്ച അതേ ഹിന്ദു തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്‌. സംഘപരിവാര്‍ തങ്ങളുടെ അളിഞ്ഞ മതരാഷ്ട്രീയമാണ ഇതിലൂടെ വെളിപ്പെടുത്തുന്നതെന്നും സച്ചിദാനന്ദന്‍ പറയുന്നു.

തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാനുള്ള ഒരായുധമായാണ്‌ ദേശഭക്തി ഉപയോഗിക്കപ്പെടുന്നത്‌. അല്ലാതെ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല. ദേശീയപതാകയും ദേശീയഗാനവും ഉള്‍പ്പെട്ട ദേശപ്രതീകങ്ങള്‍ മുഴുവന്‍ ഇങ്ങിനെ അവയുടെ അര്‍ഥം നഷ്ടപ്പെട്ട്‌ ഫാസിസത്തിന്റെ ആയുധങ്ങളായി മാറുകയാണെന്നും സച്ചിദാനന്ദന്‍ പറയുന്നു.

കമലിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജനുവരി പതിനൊന്ന്‌ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ജനകീയ പ്രതിരോധത്തില്‍ താനും പങ്കെടുക്കുമെന്ന്‌ സച്ചിദാനന്ദന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക