Image

അഞ്ച് സംസ്ഥാനങ്ങള്‍, മോഡിക്കും രാഹുലിനും അഞ്ചു പോര്‍മുഖങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 09 January, 2017
അഞ്ച് സംസ്ഥാനങ്ങള്‍, മോഡിക്കും രാഹുലിനും അഞ്ചു പോര്‍മുഖങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ യുദ്ധക്കളങ്ങള്‍ ആയി മാറുകയാണ് ഉത്തര്‍പ്രദേശും, പഞ്ചാബും, ഗോവയും, ഉത്തരഖാണ്ടും, മണിപ്പൂരും ഫ്രെബുവരി-മാര്‍ച്ച് മാസങ്ങളില്‍. മാര്‍ച്ച് പതിനൊന്നില്‍ വോട്ട് എണ്ണലും വിധിപ്രഖ്യാപനവും.

ഇതോടെ 2017-ലെ ദേശീയ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് പോരിന്റെ തിരശീല ഉയരുകയാണ്. ഇതില്‍ യു.പി.ഇപ്പോള്‍ ഭരിക്കുന്നത് സമാജ് വാദി പാര്‍ട്ടി ആണ്(എസ്.പി.). പഞ്ചാബ് ഭരിക്കുന്നത് ശിരോമണി അകാലിദള്‍-ബി.ജെ.പി.സഖ്യം ആണ്. ഉത്തരാഖണ്ഡും മണിപ്പൂരും ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. ഗോവ ബി.ജെ.പി. സഖ്യം ആണ്. ഉത്തരാഖണ്ഡും മണിപ്പൂരും ഭരിക്കുന്നത് കോണ്‍ഗ്രസ് ആണ്. ഗോവ ബി.ജെ.പി.യും. ഇവരില്‍ ആര്‍ക്ക് ഒക്കെ ഭരണം നിലനിര്‍ത്തുവാനാകും? അട്ടിമറി വിജയത്തിന് ആര്‍ക്കാണ് സാധിക്കുക?

ഈ അഞ്ച് സംസ്ഥാനങ്ങളിലായി 16.8 കോടി സമ്മതി ദായകര്‍ ആണ് 690 അസംബ്ലി സീറ്റുകളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ പോകുന്നത്. 101 ലോകസഭസീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ട്. അതില്‍ 80 ലോകസഭസീറ്റുകള്‍ യു.പി.യില്‍ മാത്രം ആണ്. 21 സീറ്റുകള്‍ ബാക്കി നാല് സംസ്ഥാനങ്ങളിലും, 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പുള്ള ഈ തെരഞ്ഞെടുപ്പ് മോഡി ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകം ആണ്. പ്രത്യേകിച്ചും അത് നാണയ നിര്‍വീര്യകരണത്തിന്റെ ഒരു ഹിതപരിശോധനയും ആയിരിക്കും. നാണയ നിര്‍വീര്യകരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് സ്വന്തം സീറ്റുകള്‍ നിലനിര്‍ത്തുവാനായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും ചാണ്ടിഗണ്ഢിലും നടന്ന പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുവാനും ആയി. പക്ഷേ, തെരഞ്ഞെടുപ്പുകള്‍ വിജയിക്കുവാനും ആയി. പക്ഷേ, ഇതാണ് പ്രധാനമായ രാസപരിശോധന. മോഡിയുടെ രണ്ടരവര്‍ഷത്തെ ഭരണത്തിന്റെയും നാണയ നിര്‍വീര്യകരണമെന്ന സാമ്പത്തീക പരിഷ്‌ക്കരണത്തിന്റെയും.

2014 ലോകസഭതെരഞ്ഞെടുപ്പിലെ പടുകൂറ്റന്‍ വിജയത്തിന് ശേഷം 1984-85 ലെ തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം(286) കിട്ടുന്ന ഒരേ ഒരു തെരഞ്ഞെടുപ്പ്-മോഡിക്ക് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടുവാനായി. ഡല്‍ഹിയും ബീഹാറും മാത്രം ആയിരുന്നു വന്‍പരാജയങ്ങള്‍. പക്ഷേ, ചരിത്രത്തില്‍ ആദ്യമായി ജമ്മു-കാശ്മീരില്‍ ഭരണപങ്കാളിയാകുവാനുംസാധിച്ചു. ആസാമില്‍ ജയിച്ചു. കേരളത്തില്‍ അക്കൗണ്ട് തുറന്നു. വര്‍ഷാവസാനം നടുക്കുവാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുവാനാരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകളും ആണ് 2019 ന് മുമ്പുള്ള മോഡിയുടെ മറ്റ് പരീക്ഷണങ്ങള്‍. ഈ നാല് സംസ്ഥാനങ്ങളും ബി.ജെ.പി. ഭരിക്കുന്നവയാണ്. അതുകൊണ്ട് മോഡിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഈ അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകള്‍ ഒരു മിനിപൊതുതെരഞ്ഞെടുപ്പിനും അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്കും ഭരണത്തിനും നാണയ നിര്‍വീര്യകരണ പരിഷ്‌കാരത്തിനും ഉള്ള ഹിതപരിശോധന തന്നെയാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശ്.

ആദ്യം ഉത്തര്‍പ്രദേശ് തന്നെയാകട്ടെ. ഉത്തര്‍പ്രദേശ് മോഡിയുടെ സംസ്ഥാനം ആണ്(വാരണാസി ലോകസഭസീറ്റ്). അതിനാല്‍ ഇവിടെ അദ്ദേഹത്തിന്റെ താല്പര്യം (സ്റ്റെയിക്ക്) വളരെ അധികവും ആണ്. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ യു.പി.യിലെ ബി.ജെ.പി.യുടെ വിജയം തകര്‍പ്പന്‍ ആയിരുന്നു. 80 ല്‍ 71 സീറ്റുകള്‍. ബി.ജെ.പി.യും സഖ്യകക്ഷിയും കൂടെ 73 സീറ്റുകള്‍ അവിടെ തൂത്തുവാരി. അത് ആവര്‍ത്തിച്ചാല്‍ മോഡിയുടെ വിജയം ഉറപ്പായി. പക്ഷേ, ലോകസഭ തെരഞ്ഞെടുപ്പും നിയമസഭതെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. അത് കൊണ്ടാണ് 2014-ലെ ലോകസഭതെരഞ്ഞെടുപ്പില്‍ ബീഹാര്‍ തൂത്തുവാരിയ ബി.ജെ.പി. പിന്നീട് നടന്ന നിയമസഭതെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ മുമ്പില്‍ അടിയറവ് പറഞ്ഞത്.

നിയമസഭതെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതൃത്വവും വിഷയങ്ങളും ആണ് പ്രധാന ഘടകങ്ങള്‍. യു.പി.യില്‍ ബി.ജെ.പി.ക്ക് ഒരു നേതാവ് ഇല്ലെന്നത് വലിയ ഒരു പരാധീനത തന്നെയാണ്. മോഡി മാജിക്ക് 2014-ല്‍ ഫലിച്ചു. അത് 2017-ലെ ഈ നിയമസഭ തെരഞ്ഞെടുപ്പിലും ഫലിക്കുമോ? അതുപോലെ തന്നെ സര്‍ജീക്കല്‍ സ്‌ട്രൈക്കും നാണയ നിര്‍വീര്യകരണവും മോഡിക്ക് വോട്ട് നേടുമോ? നാണയ നിര്‍വീര്യകരണം ഒരു ഇരുതലഖഡ്ഗം ആണ്. ചിലപ്പോള്‍ രക്ഷിച്ചേക്കാം. ചിലപ്പോള്‍ ശിക്ഷിച്ചേക്കാം. 2014-ല്‍ മുപ്പത് ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി. 71 സീറ്റുകള്‍ ലോകസഭയില്‍ നേടിയത്. അതുകൊണ്ടുതന്നെയാണ് അതിന് ലോകസഭയില്‍ കേവലഭൂരിപക്ഷം കിട്ടിയതും. ആ തെരഞ്ഞെടുപ്പില്‍ വെറും 5 സീറ്റുകള്‍ നേടിയ സമാജ് വാദി പാര്‍ട്ടിക്ക് 22.4 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി. മായാവതിയുടെ ബഹുജന്‍ സമാജ്പാര്‍ട്ടിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചില്ലെങ്കിലും 18 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ (സോണിയ-രാഹുല്‍ഗാന്ധി) ലഭിച്ചുവെങ്കിലും 7.5 ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.


സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒത്തുചേരുവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. എങ്കില്‍ അവര്‍ക്ക് 30 ശതമാനത്തിലേറെ വോട്ടുകള്‍ അവകാശപ്പെടാം. ഒരു ചതുഷ്‌കോണ മത്സരത്തില്‍ 30 ശതമാനം വോട്ട് നേടുന്ന പാര്‍ട്ടിക്ക് ഭരിക്കാം. 18 ശതമാനം വോട്ട് നേടിയ മായാവതിയെയും എഴുതി തള്ളുവാന്‍ ആവുകയില്ല. മായാവതിയുടെ ദളിത്- മുസ്ലീം കാര്‍ഡ് വിലപ്പോയാല്‍ അവരും ശക്തമായി രംഗം കീഴടക്കും. പ്രത്യേകിച്ചും മുലയം- അഖിലേഷ് യാദവ പോരില്‍ മുസ്ലീങ്ങള്‍ വിജയസാദ്ധ്യതയുണ്ടെന്ന് തോന്നുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് തന്ത്രപൂര്‍വ്വമായി ഒന്നടങ്കം വോട്ട് ചെയ്താല്‍. അത്യന്തം സാദ്ധ്യത ഇല്ലായ്കയില്ല. സമാജ് വാദി പാര്‍ട്ടി മുലയം സിംങ്ങ് യാദവിന്റെയും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെയും കീഴില്‍ രണ്ടായാല്‍ പോലും സൈക്കിള്‍ ചിഹ്നം ഇരുവര്‍ക്കും നഷ്ടമായാല്‍ പോലും അഖിലേഷ് യാദവ് ഈ പ്രതിസന്ധിയിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച കാഴ്ചയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതുകൊണ്ട് യാദവ-മുസ്ലീം-പിന്നോക്ക കൂട്ടായ്മ വികസനാധിഷ്ഠിത രാഷ്ട്രീയം-ഭരണം കാഴ്ച വയ്ക്കുന്ന അഖിലേഷ് യാദവിനെ തുണച്ചേക്കാം. 18 ശതമാനം വരുന്ന മുസ്ലീങ്ങളും 22 ശതമാനം വരുന്ന ദളിതും ഒന്നടങ്കം പിന്തുണച്ചാലെ മായാവതിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. മുസ്ലീം-ദളിത് പിന്നോക്ക വിഭാഗം അഖിലേഷിന്റെയോ മായാവതിയുടെ പിന്നില്‍ ധ്രൂവീകരിച്ചാല്‍ ഠാക്കൂര്‍-ബ്രാഫിണ്‍ ഇപരിവര്‍ഗ്ഗധ്രൂവീകരണം ബി.ജെ.പി.ക്കും അനുകൂലമായി ഉണ്ടാകും. ഏതായാലും യു.പി.മോഡിയെ സംബന്ധിച്ചിടത്തോളവും അഖിലേഷിനെയും മായാവതിയെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകം ആണ്. യു.പി.യില്‍ പരാജയം സംഭവിച്ചാല്‍ മോഡിക്ക് അത് കനത്ത പ്രഹരം ആയിരിക്കും.

പഞ്ചാബിലും ഗോവയിലും ബി.ജെ.പി.ക്ക് ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വന്നാല്‍ സ്ഥിതി പരുങ്ങലില്‍ ആകും. ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ രൂപത്തില്‍ ഒരു പുതിയ പ്രതിയോഗിയും ബി.ജെ.പി.ക്ക് എതിരായി ഉയര്‍ന്ന് വരുന്നുണ്ട്. പഞ്ചാബും ഗോവയും പിടിക്കുവാന്‍ സാധിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഒരു ദേശീയ പാര്‍ട്ടിയുടെ തലത്തിലേക്ക് ഉയരും. അരവിന്ദ കേജരിവാള്‍ നരേന്ദ്രമോഡിയുടെ മുഖ്യപ്രതിയോഗി ആയിതീരും.

ഉത്തരാഖണ്ഡും മണിപ്പൂരും രണ്ട് ചെറിയ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ ആണെങ്കിലും രാഷ്ട്രീയമായി രണ്ട് തന്ത്രപ്രധാനമായ സംസ്ഥാനങ്ങള്‍ ആണ്. ഇവിടെ ഇപ്പോഴത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്തുവാനായില്ലെങ്കില്‍ അത് വലിയ ഒരു തിരിച്ചടി ആയിരിക്കും. മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ ചുരുക്കം ചില സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്നത്. ഉത്തരാഖണ്ഡും മണിപ്പൂരും കൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടാല്‍ അത് മോഡിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഒരു ചുവടു വയ്പ്പുകൂടി ആയിരിക്കും.
ഏതായാലും ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വര്‍ഷാവസാനമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പും വരും വര്‍ഷത്തിലെ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകളും 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടുള്ള അഗ്നിപരീക്ഷണങ്ങള്‍ ആണ്. പരീക്ഷണ വിധേയര്‍ മോഡിയും രാഹുല്‍ഗാന്ധിയും കേജരിവാളും, അഖിലേഷ് കുമാറും മായാവതിയും ആണ്. ഒപ്പം ബി.ജെ.പി.യും. നാണയനിര്‍വീര്യകരണ പരിഷ്‌ക്കരണവും വിചാരവിധേയം ആണ് ഈ ജനവീഥിയില്‍. കാത്തിരുന്ന് കാണാം മാര്‍ച്ച് പതിനൊന്നാം തീയതി.

അഞ്ച് സംസ്ഥാനങ്ങള്‍, മോഡിക്കും രാഹുലിനും അഞ്ചു പോര്‍മുഖങ്ങള്‍ (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക