Image

മോഡി പ്രഭാവത്തിന്റെ ബലപരീക്ഷണ തിരഞ്ഞെടുപ്പുകള്‍ (എ.എസ് ശ്രീകുമാര്‍)

Published on 06 January, 2017
മോഡി പ്രഭാവത്തിന്റെ ബലപരീക്ഷണ തിരഞ്ഞെടുപ്പുകള്‍ (എ.എസ് ശ്രീകുമാര്‍)
നോട്ട് നിരോധനം മൂലം നട്ടം തിരിയുന്ന ഇന്ത്യന്‍ ജനതയുടെ വികാരം ബാലറ്റിലൂടെ നരേന്ദ്ര മോഡി സര്‍ക്കാരിനെ അറിയിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരമാണ് വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മോഡി ഗവണ്‍മെന്റിന്റെ രണ്ടരവര്‍ഷത്തെ ഭരണനിര്‍വഹണത്തിന്റെ ഹിതപരിശോധന കൂടിയാകുന്ന ജനവിധി 2019ലെ ലോക്‌സഭാ ഇലക്ഷന്റെ ചൂണ്ടുപലകയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്ന കാര്യത്തില്‍ സംശയമില്ല. ജൂലൈ മാസത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കും. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ നടക്കുന്ന ജനാധിപത്യ പോരിന് കേവലം സംസ്ഥാന ഇലക്ഷനുകള്‍ എന്നതിലപ്പുറം ദേശീയ മാനമുണ്ട്. മോഡി മാഹാത്മ്യത്തിന്റെയും ബി.ജെ.പിയുടെ മൃഗീയഭൂരിപക്ഷ രാഷ്ട്രീയത്തിന്റെയും കണക്കെടുപ്പായിരിക്കും അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുകയെന്നുറപ്പ്. 

ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ യാദവപ്പോരാണ് ദേശീയതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള ചേരിപ്പോര് 'സൈക്കിള്‍' എന്ന ചിഹ്നം സ്വന്തമാക്കാനുള്ള യുദ്ധത്തിലേയ്ക്ക് വഴിമാറിയിരിക്കുകയാണ്. പിതാവിനെയും പുത്രനെയും പിന്തുണയ്ക്കുന്ന വിഭാഗങ്ങളോട് ചിഹ്നത്തിനായുള്ള അവകാശവാദം സ്ഥാപിക്കുന്നതിന് ഈ ജനുവരി ഒന്‍പതിന് മുമ്പായി തെളിവുകള്‍ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചതോടെ സൈക്കിളിനുവേണ്ടിയുള്ള പിടിവലി രൂക്ഷമായിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ 224 എം.എല്‍.എമാരില്‍ ഇരുന്നൂറോളം പേരുടെ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നാണ് അഖിലേഷ് യാദവ് വിഭാഗം അവകാശപ്പെടുന്നത്. എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ഒപ്പുശേഖരണ യജ്ഞത്തിലാണ് അഖിലേഷിന്റെ ക്യാമ്പ്. യാദവ ഗോത്രത്തിലെ പിളര്‍പ്പ് അനുകൂലമാക്കിയെടുക്കാനുള്ള തന്ത്രം മെനയുകയാണ് ഇതരകക്ഷികള്‍.

ഇന്ത്യയുടെ ഭരണഭാഗധേയം നിര്‍ണയിക്കുന്ന സംസ്ഥാനമാണ് 80 ലോക്‌സഭാംഗങ്ങളുള്ള യു.പി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളോടെ നേടിയ അട്ടിമറി വിജയമാണ് ബി.ജെ.പിയെ കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷക്കാരാക്കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഈ തരംഗം അവര്‍ത്തിച്ചില്ലെങ്കില്‍ കേന്ദ്രത്തിലെ ഭരണത്തുടര്‍ച്ചയെന്ന സ്വപ്നം പാഴാവും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് സമാജ് വാദി പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വെറും അഞ്ച് സീറ്റുകളിലേയ്ക്ക് അവര്‍ കൂപ്പുകുത്തി. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ പ്രഭാവ കേന്ദ്രമായിരുന്ന യു.പിയില്‍ കഴിഞ്ഞ തവണ അവര്‍ക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞത് രണ്ട് എം.പിമാരെയാണ്. അപ്നാദളിന് രണ്ട് സീറ്റും കിട്ടി. മായാവതിയുടെ ബി.എസ്.പിയില്‍ നിന്നാണ് 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി 224 എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചെടുത്തത്.   ഒരു അംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുള്‍പ്പെടെ 404 അംഗ നിയമസഭയില്‍ ബി.എസ്.പിക്ക് 79, ബി.ജെ.പിക്ക് 47, കോണ്‍ഗ്രസിന്  28 എന്നിങ്ങനെയാണ് പ്രധാന പാര്‍ട്ടികളുടെ അംഗബലം. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ഇത്തവണത്തെ ഇലക്ഷന്‍. 

സംസ്ഥാനത്തെ നിര്‍ണയക ഘടകം സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയാണ്. അഖിലേഷ് യാദവുമായി ഒരു സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുള്ള ശക്തിപരീക്ഷണം അവിടെക്കാണാം.  ബി.എസ്.പി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിക്കൊണ്ട് ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. 403 അംഗ സഭയിലേക്ക് മല്‍സരിക്കുന്നതിന് 100 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. ഇതില്‍ 36 പേര്‍ മുസ്ലീങ്ങളാണ്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 20 ശതമാനം മുസ്ലീങ്ങളാണ്. മുസ്ലീം വോട്ട് തനിക്കാണ് കിട്ടുകയെന്ന് നേരത്തെ മായാവതി പറഞ്ഞിരുന്നു. 2007ല്‍ മായാവതി യുപിയുടെ അധികാരം പിടിച്ചത് മുസ്ലീം-ദളിത്-ഉന്നത ജാതി വോട്ടുകള്‍ സ്വന്തമാക്കിയിട്ടായിരുന്നു. മുസ്ലീം വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും നല്‍കി ഭിന്നിച്ചാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും എല്ലാ മുസ്ലീങ്ങളും തനിക്ക് വോട്ട് ചെയ്യണമെന്നുമാണ് മായാവതിയുടെ അഭ്യര്‍ഥന. സംസ്ഥാനത്തെ 125 സീറ്റുകളില്‍ മുസ്ലീം വോട്ടാണ് ആര് ജയിക്കണമെന്ന് തീരുമാനിക്കുക. അക്കാര്യം മുന്‍കൂട്ടി കണ്ടാണ് മായാവതി മുസ്ലീങ്ങളെ പാട്ടിലാക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്.

പഞ്ചാബില്‍ ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്. 117 അംഗ നിയമസഭയില്‍ 56 സീറ്റുള്ള അകാലിദള്‍, 12 സീറ്റുള്ള ബി.ജെ.പി സഖ്യമാണ് ഇപ്പോള്‍ ഭരിക്കുന്നത്. കോണ്‍ഗ്രസിന് 46 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുമുണ്ട്. എന്നാല്‍ ഇക്കുറി പഞ്ചാബില്‍ ഇവര്‍ക്ക് ഭരണതുടര്‍ച്ച ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അഴിമതി നിയന്ത്രണാതീതമായ പഞ്ചാബില്‍ മയക്കുമരുന്നു മാഫിയയും വിലസുന്നു. ഇത് പ്രകാശ് സിങ് ബാദല്‍ സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം മുതലാക്കി അധികാരം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം സംസ്ഥാനത്ത് നിര്‍ണായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തതാണ് ആപ്പിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അകാലി ദള്‍-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമത്രേ. 

ഈ സഖ്യത്തെ ജനങ്ങള്‍ കൈവിടാന്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി അതില്‍ പ്രധാനപ്പെട്ടതു തന്നെയാണ്. മാത്രമല്ല, പ്രകാശ് സിങ് ബാദല്‍, മകന്‍ സുഖ്ബീര്‍ സിങ് എന്നിവര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും നിര്‍ണായകമാകും. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കു മരുന്ന് പ്രശ്നത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ നിലവിലെ സര്‍ക്കാരിന് കഴിയാതെ പോയതും തിരിച്ചടിയാകും. ഇന്ത്യ ടുഡെ- ആക്സിസ് അഭിപ്രായ സര്‍വെ ഫലങ്ങള്‍ പ്രകാരം 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ് 56-62 വരെ സീറ്റുകള്‍ നേടും. എഎപി 36 മുതല്‍ 41 വരെ സീറ്റ് നേടുമെന്നും വ്യക്തമാക്കുന്നു. ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം 18-22 സീറ്റുകളില്‍ ഒതുങ്ങിപ്പോകുമെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബി.എസ്.പി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ 1-4 സീറ്റുകള്‍ നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 15ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ ആകെ 70 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഭരണ നഷ്ടമുണ്ടായി. സ്വതന്ത്രന്മാരുടെ പിന്തുണയോടെ 32 സീറ്റുകളുള്ള കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബി.ജെ.പിയ്ക്ക് 31 സീറ്റുകളാണ് നേടാനായത്. ഈ നേരിയ വ്യത്യാസം നിലനില്‍ക്കെ കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള അഞ്ച് സീറ്റും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 4, 8 തീയതികളില്‍ രണ്ട് ഘട്ടമായിട്ടാണ് മണിപ്പൂരിലെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റും കോണ്‍ഗ്രസിന്റെ അക്കൗണ്ടിലായി. മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മിള രൂപവത്ക്കരിച്ച പ്രജാ പാര്‍ട്ടി സംസ്ഥാനത്ത് നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് പറയപ്പെടുന്നത്. താന്‍ മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ആം ആദ്മി പാര്‍ട്ടി ചൂണ്ടയിടുന്ന ഗോവയിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി നാലിനാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബ.ജെ.പി അധികാരം പിടിച്ചെടുത്തു. ബി.ജെ.പിക്ക് 21 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റുമാണുള്ളത്. ആകെയുള്ള രണ്ടു സീറ്റും ബി.ജെ.പിയുടെ പേരിലാണ്. എന്നാല്‍ ബി.ജെ.പിയിലും ആര്‍.എസ്.എസിലും നീറിപ്പുകയുന്ന പടലപ്പിണക്കങ്ങള്‍ മൂലം ഗോവയില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. അഴിമതിയ്‌ക്കെതിരെ ഇവിടെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രചരണ പരിപാടികള്‍ വലിയ ജനപിന്തുണയുണ്ടാകുന്നുവെന്നത് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അലോസരപ്പെടുത്തുന്ന ഘടകമാണ്. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഇപ്പോള്‍ ഭൂരിപക്ഷമില്ല. അത് വര്‍ദ്ധിപ്പിക്കണമെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കണം. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 58 രാജ്യസഭാംഗങ്ങളുണ്ട്. രാജ്യസഭയെ നിയന്ത്രണത്തിലാക്കണമെങ്കില്‍ വിജയം അനിവാര്യം തന്നെ.

മോഡി പ്രഭാവത്തിന്റെ ബലപരീക്ഷണ തിരഞ്ഞെടുപ്പുകള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക