Image

പുതുവര്‍ഷത്തിലെ ജര്‍മനിയിലെ സുപ്രധാന മാറ്റങ്ങള്‍

Published on 04 January, 2017
പുതുവര്‍ഷത്തിലെ ജര്‍മനിയിലെ സുപ്രധാന മാറ്റങ്ങള്‍


      ബര്‍ലിന്‍: പുതുവര്‍ഷം പിറന്നപ്പോള്‍ ജര്‍മനിയെ കാത്തിരിക്കുന്നത് പല മാറ്റങ്ങളാണ്. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നാലാമൂഴത്തിനു മത്സരിക്കുന്ന വര്‍ഷമാണിത്. അവര്‍ തുടര്‍ന്നാലും മാറിയാലും നാട്ടുകാര്‍ക്ക് അതൊരു വ്യത്യസ്തത തന്നെ.

പാര്‍ലമെന്റില്‍ സീറ്റ് തേടി എഎഫ്ഡി ആദ്യമായി രംഗത്തിറങ്ങുന്ന വര്‍ഷം കൂടിയാണ് തെരഞ്ഞെടുപ്പ് വര്‍ഷം. അതിനുള്ള സജീവ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ മെര്‍ക്കലും യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ചയും നടക്കും.

മെഡിക്കല്‍ മരിജുവാന നിയമവിധേയമാക്കുന്നതിന്റെ നടപടിക്രമങ്ങളും പുതു വര്‍ഷത്തില്‍ പൂര്‍ത്തിയാകും. ചാന്‍സലര്‍ മാത്രമല്ല, രാജ്യത്തിന്റെ പ്രസിഡന്റും 2017 ല്‍ മാറ്റം വരും. 

കറന്റ് ചാര്‍ജ് കൂടുന്നതാണ് മറ്റൊരു പ്രധാന മാറ്റം. രാജ്യത്തെ മിനിമം വേതനം മണിക്കൂറില്‍ 8.84 യൂറോ ആയി വര്‍ധിക്കുന്നത് 2017ലാണ്. രാജ്യത്തെ പൊതു അവധി ദിവസങ്ങളുടെ എണ്ണത്തില്‍ ഒന്നിന്റെ വര്‍ധന വരും. ഒക്ടോബര്‍ 31 ആണിത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് 95 തീസിസ് പുറത്തിറക്കിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണിത്. പുതുവര്‍ഷത്തില്‍ പലവിധ മാറ്റങ്ങളാണ് ജര്‍മനിയില്‍ പ്രത്യക്ഷത്തില്‍ തന്നെ സംഭവിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിനു ചെലവ് കൂടി എന്നത് ഇതില്‍ ഏറ്റവും പ്രധാനം. ബസ്, യു ബാന്‍, എസ് ബാന്‍ എന്നിവയുടെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചു.

തൊഴിലാളികളുടെ മിനിമം വേതനം മണിക്കൂറില്‍ 8.84 യൂറോ ആയി. ഇത് 8.50 യൂറോ ആയിരുന്നു കഴിഞ്ഞ വര്‍ഷം. ഐസിഇ ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ഇലക്ട്രിസിറ്റി ബില്ലുകള്‍ ഈ വര്‍ഷം ഉയരാന്‍ പോകുകാണ്. പല കമ്പനികളും ഇതിനകം തന്നെ വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലര്‍ നടപ്പാക്കുകയും ചെയ്തു.

കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിക്കുന്നത് ഇടത്തരക്കാരെ സഹായിക്കും. നികുതി ദായകര്‍ക്കുള്ള പുതിയ ഇളവുകളും പുതുവര്‍ഷത്തില്‍ നിലവില്‍ വന്നു.

<ആ>ജര്‍മന്‍ ട്രാഫിക് നിയമങ്ങളിലും മാറ്റം

പുതുവര്‍ഷത്തില്‍ ജര്‍മനിയിലെ ട്രാഫിക് നിയമങ്ങളില്‍ നിരവധി ഭേദഗതികളുണ്ടായി. സൈക്ലിസ്റ്റുകള്‍ക്കു കൂടി ബാധകമാകുന്ന ഭേദഗതികളാണ് പാസാക്കിയിരിക്കുന്നത്. ഇവയെല്ലാം പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലായി.

കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ സ്‌കൂളുകള്‍ ഓള്‍ഡ് ഏജ് ഹോമുകള്‍ എന്നിവയ്ക്കു മുന്നില്‍ വേഗപരിധി മുപ്പതായി പരിമിതപ്പെടുത്തുന്നതാണ് ഇതില്‍ പ്രധാനം. റെസ്‌ക്യൂ വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലെയ്‌നും നിര്‍ണയിക്കപ്പെടുന്നു. 

നീളമേറിയ ട്രക്കുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുന്നു. സൈക്ലിസ്റ്റുകള്‍ക്ക് പ്രത്യേകം ട്രാഫിക് ലൈറ്റുകള്‍ ഇല്ലാത്തിടത്ത് അവര്‍ കാറുകള്‍ക്കുള്ളവ തന്നെ പിന്തുടരണമെന്നതാണ് മറ്റൊരു പരിഷ്‌കാരം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക