Image

നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം സാറ്റലൈറ്റ് ചാനലുമായി അജീഷ് രാജേന്ദ്രന്‍ (പ്രതിച്ഛായ :അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 04 January, 2017
 നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം സാറ്റലൈറ്റ് ചാനലുമായി അജീഷ് രാജേന്ദ്രന്‍  (പ്രതിച്ഛായ :അനില്‍ പെണ്ണുക്കര)
ലോകത്തിന്റെ ഏതു കോണില്‍ പോയാലും കലാകാരന്‍ കലാകാരന്‍ തന്നെ. കൊല്ലം ജില്ലയില്‍ അഞ്ചല്‍ എന്ന ഗ്രാമത്തില്‍ നിന്ന് കാനഡാ എന്ന മലയാളിയുടെ സ്വപ്ന
നഗരിയിലേക്ക് ചേക്കേറിയ അജീഷ് രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരന് ചെറുപ്പം
മുതല്‍ക്കേ ഉള്ള   സ്വപ്നമായിരുന്നു സംവിധായകന്‍ ആകുക.  പക്ഷെ ഒരു ചലച്ചിത്ര
സംവിധായകന്‍ ആകുന്നതിനു മുന്‍പ് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സിനിമയുടെയും മറ്റു അനുബന്ധ കലകളുടെയും വസന്തം ഒരുക്കാന്‍  സാറ്റലൈറ്റ് ചാനലുമായി എത്തുകയാണ് അജീഷ് രാജേന്ദ്രന്‍ . നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം സാറ്റലൈറ് ചാനല്‍ BSEMTV  കാണികള്‍ക്ക്  മുന്നില്‍ എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അജീഷ്.

നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി മുഖ്യധാരാ ചാനലുകള്‍ കാര്യമായി ഒന്നും
ചെയ്യുന്നില്ല എന്നത് സത്യം തന്നെ. അമേരിക്കന്‍ മലയാളികള്‍ക്കായി
അവതരിപ്പിക്കപ്പെടുന്ന പലപരിപാടികളും 'ആശ്രിത പരിപാടികളായി
'അറിയപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ മുഖ്യധാരാ ചാനലുകള്‍ക്ക്  അമേരിക്കന്‍
മണ്ണില്‍ മലയാളി സദസുകളില്‍ വേരുപിടിക്കുവാന്‍ സാധിച്ചിട്ടില്ല . 'അക്കരകാഴ്ചകള്‍' ക്കു ശേഷം ഒരു മികച്ച കലാസൃഷ്ടി ഉണ്ടായിട്ടുമില്ല. പുതിയതായി വന്ന പല
ചാനലുകളും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറയ്ക്കാനൊരുങ്ങുമ്പോള്‍ ആണ്
Blue Sapphire Entertainment Inc  BSEMTV  ചാനലുമായി അജീഷ് അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നത് .

തന്റെ  കലാപ്രവര്‍ത്തനങ്ങളെ കുറിച്ച് E-മലയാളിയുടെ പ്രതിച്ഛായയില്‍ വിശദമായി
സംസാരിക്കുകയാണ് അജീഷ്

കലാരംഗത്തേക്കു കടന്നു വന്ന വഴികള്‍

സ്‌കൂള്‍ കോളേജ് തലത്തിലാണല്ലോ നമ്മുടെയൊക്കെ കലാ അഭിരുചികള്‍ പുറത്തുവരികയും  വികസിക്കുകയും ചെയ്യുക. ചെറുപ്പം മുതല്‍ക്കേ അഭിനയം മനസ്സില്‍ ഉണ്ടായിരുന്നു സ്‌കൂളിലും കോളേജിലും അഭിനയത്തിലും , മറ്റു കലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു എങ്കിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കോളേജില്‍ നിന്നും ഇറങ്ങിയപ്പഴേ ഗവണ്മെന്റ് ജോലി കിട്ടി. ഇരുപതാം വയസില്‍ ഒരു
ഗവണ്മെന്റ് ജോലി അത്ര നിസാരമല്ല. ജോലിക്കാരനായപ്പോള്‍ തല്ക്കാലം കലയൊക്കെ
ഒന്ന് മാറ്റി വച്ച് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമമായി. എങ്കിലും
ജോലിത്തിരക്കിനിടയിലും സിനിമ അങ്ങനെ  തന്നെ കിടന്നു. ജോലിയുടെ അവധി
ദിവസങ്ങളില്‍ സിനിമാ ചിന്തകള്‍ക്കായി മാറ്റി വയ്ക്കും. ലൊക്കേഷനുകളില്‍ പോകുക, അഭിനയിക്കാന്‍ അവസരങ്ങള്‍ ചോദിക്കുക, അതിനിടയില്‍ ചെറിയ ചില വേഷങ്ങളും ലഭിച്ചു. പല സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധം സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിച്ചു .പക്ഷെ സംവിധാനം മാത്രം നടന്നില്ല.

കാനഡയിലേക്ക്

2012ല്‍ ജോലിയില്‍ നിന്ന് ദീര്‍ഘമായ അവധിയെടുത്തു കുടുംബത്തോടൊപ്പം കാനഡയില്‍ എത്തി. ശരിക്കും കാനഡയിലേക്കുള്ള യാത്ര ഒരു വഴിത്തിരിവ് തന്നെ
ആയിരുന്നു. ഇവിടെ എത്തിയപ്പോളാണ് വിഷ്വല്‍ മീഡിയയില്‍ പല കാര്യങ്ങളും നമുക്ക് ചെയ്യുവാന്‍ ഉള്ള ഇടം ഉണ്ടെന്നു മനസിലായത്. എന്തെകിലും ചെയുന്നു എങ്കില്‍ അത് വ്യത്യസ്തമായിരിക്കണം. അങ്ങനെയാണ് മലയാളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ആല്‍ബം ഉണ്ടാകുന്നത്. ഐ ഫോണ്‍ സിക്‌സില്‍ ആല്‍ബം ചിത്രീകരിച്ചു. എഡിറ്റ് ചെയ്തു. വളരെ ഭംഗിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചു. അങ്ങനെ സംവിധായകന്‍ ആവുക എന്ന ആഗ്രഹത്തിന്റെ ഒന്നാം ഘട്ടം തുടങ്ങി. ഈ മ്യൂസിക് ആല്‍ബം വളരെയേറെ ശ്രദ്ധ നേടി, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. അലപം ശ്രദ്ധിക്കപ്പെടാനും തുടങ്ങിയതോടെ കലാകാരന്‍ എന്ന നിലയില്‍ ഉത്തരവാദിത്വം കൂടി എന്ന് തോന്നി.

വ്യത്യസ്തവും നൂതനവുമായ സൗത്ത് ഏഷ്യന്‍ കലാരൂപങ്ങളെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍
അവതരിപ്പിക്കുക വഴി മികച്ച കലാപ്രവര്‍ത്തനങ്ങള്‍ക്കു  തുടക്കം കുറിക്കുവാന്‍
2015ല്‍ ഭാര്യ രാജി , സുഹൃത്തുക്കളായ അജു വര്‍ഗീസ്, ജാന്‍സി ജെയിംസ്
എന്നിവരോടൊപ്പം ന്യൂ സഫയര്‍ എന്റര്‍ടൈന്‍മെന്റ് എന്ന കമ്പനി രൂപീകരിച്ചു.  പദ്മശ്രീ ശോഭനയുടെ  'കൃഷ്ണ'മ്യൂസിക്കല്‍ ഡ്രാമ ടൊറന്റോയില്‍ അവതരിപ്പിക്കുവാന്‍ ഞങ്ങളുടെ കമ്പനി നേതൃത്വം നല്‍കി. ഈ പരിപാടിയില്‍
നിന്നും ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം  ചാരിറ്റിക്ക് വേണ്ടി മാറ്റി
വച്ചു . കേരളത്തിലെ  ഗ്രാമ പഞ്ചായത്തുകള്‍ , സന്നദ്ധ സംഘടനകള്‍ എന്നിവരോടൊപ്പം ചേര്‍ന്ന് 'ബി എസ് ഇ  സ്‌മൈല്‍ 'എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു

2016ല്‍ പദ്മശ്രീ മോഹന്‍ ലാലിന്റെ അഭിനയ ജീവിതത്തെ മുന്‍നിര്‍ത്തി എം ജി
ശ്രീകുമാറിന്റെ നേതൃത്വത്തില്‍ റ്റു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ എന്ന പരിപാടി
സംഘടിപ്പിച്ചു. ഈ പരിപാടിയുടെ വേദിയില്‍ ഹൌസ് ഓഫ് കോമണ്‍സ് എം പി ഞങ്ങള്‍ക്ക് ആദരവ് നല്‍കുകയുണ്ടായി.  കലാ പ്രവര്‍ത്തനങ്ങള്‍ക്കു
കാനഡയില്‍ ലഭിക്കുന്ന അംഗീകാരം ആയിരുന്നു അത്. 

വടക്കേ അമേരിക്കയിലെ ആദ്യത്തെ സാറ്റലൈറ് മലയാളം ചാനല്‍ 

വടക്കേ അമേരിക്കയില്‍ നമമുടെ മലയാളം ചാനലുകള്‍ എല്ലാം കിട്ടും. പക്ഷെ ഇവിടുത്തെ പരിപാടികള്‍ ഒക്കെ കുറവാണ്. അതും ഒരു ഔദാര്യം പോലെ
ലഭിക്കുന്നു. ഇടനിലക്കാര്‍ പണം ഉണ്ടാക്കുന്നു. മികച്ച പരിപാടികള്‍
ഉണ്ടാകുന്നില്ല. അമേരിക്കയില്‍ ഉള്ള എത്രയോ മികച്ച കലാകാരന്മാരും
കലാകാരികളും നമുക്കുണ്ട്. അവരെ അടുത്തറിയാന്‍ ഒരു വേദി ഇന്നില്ല. ഒരു ചാനലും
അതിനായി ശ്രമിക്കുന്നുമില്ല. തന്നെയുമല്ല അമേരിക്കയില്‍ നിന്ന് ഒരു
സാറ്റലൈറ് മലയാളം ചാനല്‍ ഇല്ല. അങ്ങനെയാണ് BSEMTV എന്ന പേരില്‍ ഒഎസ് ചാനലിനെ കുറിച്ച്  ആലോചിക്കുന്നത്. ചെറുപ്പക്കാരുടെ ഒരു സംരഭം. കഴിവുള്ള
എല്ലാ കലാകാരന്മാരെയും ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്
ലക്ഷ്യം. 

ചാനല്‍ രംഗത്ത് കലാകാരന്മാരെ പറ്റിച്ചു അവര്‍ക്കു അവസരങ്ങള്‍ നല്‍കാതെ
ഇടനിലക്കാര്‍ പ്രസിദ്ധി നേടുന്നു. ഈ അവസ്ഥ മാറണം. അമേരിക്കന്‍ മലയാളികളുടെ
കഴിവുള്ള കുട്ടികളുടെയും ചെറുപ്പക്കാരുടെയും കലാപരിപാടികള്‍ ഇടവേളകള്‍
ഇല്ലാതെ അവര്‍ക്കായി കാണുവാന്‍  ഒരു ചാനല്‍. അതാണ് ലക്ഷ്യം. ഒപ്പം സിനിമകള്‍, ഡോക്കുമെന്ററികള്‍, മ്യൂസിക് ആല്‍ബം, തുടങ്ങി മലയാളികളുടെ ഗൃഹ സദസിനു
വേണ്ടതെല്ലാം ഈ ചാനലിലൂടെ  അവതരിപ്പിക്കുന്നു. ലോകം മുഴുവന്‍
കാഴ്ചക്കാരെ ക്ഷണിക്കുക എന്ന ലക്ഷ്യവും ഉണ്ട്. ജനുവരി ഏഴിന് BSEMTV പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത് .


BSEMTV ഒരു കൂട്ടായ്മ

ഈ ചാനല്‍ സംഘം ഒരു കുട്ടയമായാണ്. ജനങ്ങള്‍ക്കൊപ്പം നിക്കുന്ന
കൂട്ടായ്മ. അവരുടെ അഭിരുചികള്‍, കാഴ്ചപ്പാടുകള്‍ , അവരുടെ സംഘടനാ പ്രവര്‍ത്തങ്ങള്‍
എല്ലാം ഞങ്ങളുടെ കാമറ ഒപ്പിയെടുക്കും. അവരാണ് ഞങ്ങളുടെ ശക്തി. ഭാവിയില്‍
ലോകത്തിന്റെ എല്ലായിടങ്ങളിലും ഈ സംഘം കടന്നു  ചെല്ലും. ഇന്ത്യയിലും യു എ
ഇയിലും ഇതിനായി ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ചിട്ടുണ്ട്. ഈക്കാര്യത്തിലെല്ലാം സുഹൃത്തുക്കള്‍ നല്‍കുന്ന പ്രചോദനമാണ് എന്റെ ശക്തി.

സംവിധാനം

ഒരു സിനിമ ചെയ്യുക എന്നത് ചെറിയ കാര്യം  അല്ല. എങ്കിലും ഇപ്പോള്‍ ചാനലിന്റെ
കാര്യങ്ങളില്‍ മാത്രം ശ്രദ്ധ. രണ്ടു ദിവസത്തിനകം ചാനല്‍ ജനങ്ങളില്‍ എത്തും. അതിന്റെ ത്രില്ലിലാണ് ഞങ്ങള്‍ എല്ലാവരും. സിനിമ സംവിധാനം തന്നെയാണ് ലക്ഷ്യം. അതിനു ഇതൊരു തുടക്കം ആകട്ടെ ..

അജീഷ് രാജേന്ദ്രനും കൂട്ടുകാരും നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഗൃഹ
സദസ്സിലേക്ക് ഇറങ്ങി വരുമ്പോള്‍ ഒന്നുറപ്പാണ്. കണ്ടുമടുത്ത
പരിപാടികള്‍ക്കിടയില്‍ മനസിന് സന്തോഷം നല്‍കുന്ന മികച്ച പരിപാടികള്‍ ആണ്
കാഴ്ചക്കാര്‍ക്കായി ഇവര്‍ ഒരുക്കുന്നത്. അജീഷിന്റെ സംരംഭങ്ങള്‍ക്ക് പിന്നില്‍
സഹധര്‍മ്മിണി രാജി, മകള്‍ ഇഷാനി എന്നിവര്‍ കൂട്ടായി ഒപ്പമുണ്ട്.
വടക്കേ അമേരിക്കയിലെ ആദ്യത്തെ സാറ്റലൈറ് ചാനലിന് E-മലയാളിയുടെ ആശംസകള്‍

 നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം സാറ്റലൈറ്റ് ചാനലുമായി അജീഷ് രാജേന്ദ്രന്‍  (പ്രതിച്ഛായ :അനില്‍ പെണ്ണുക്കര) നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളം സാറ്റലൈറ്റ് ചാനലുമായി അജീഷ് രാജേന്ദ്രന്‍  (പ്രതിച്ഛായ :അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക