Image

പ്രിയപ്പെട്ട ചാനല്‍ സംവാദ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്... (എ.എസ് ശ്രീകുമാര്‍)

Published on 03 January, 2017
പ്രിയപ്പെട്ട ചാനല്‍  സംവാദ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്... (എ.എസ് ശ്രീകുമാര്‍)
കേരളത്തിലെ പ്രിയപ്പെട്ട ചാനല്‍ സംവാദ തൊഴിലാളികളെ... ഇങ്ങനെ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അറയ്ക്കുകയാണ്. ലോകത്തിലെ എല്ലാ ടോപ്പിക്കുകളെ പറ്റിയും എല്ലാ മുഹൂര്‍ത്തങ്ങളെ പറ്റിയും നിങ്ങള്‍ നാട്ടിലെ ചാനല്‍  ക്യാമറയ്ക്കു മുമ്പില്‍ ഇരുന്നും പെടന്നും ചര്‍ച്ച ചെയ്യുന്നു. ഒരു കാര്യം ആദ്യമേ പറയാം, കേരളം കണ്ടിട്ടുള്ള രാഷ്ട്രീയ പ്രബുദ്ധതയുള്ള ആള്‍ക്കാരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുവാന്‍ ഇരിക്കുന്നവരുടെ മുമ്പിലേയ്ക്ക് ഇന്നലെ പൊട്ടിവിരിഞ്ഞ നിങ്ങള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഇതാണ് കേരളം, ഇതാണ് ജനാധിപത്യം, ഇതാണ് സോഷ്യലിസം എന്ന് സമര്‍ത്ഥിക്കുവാനുള്ള മനതന്റേടത്തിനെ ചുരുങ്ങിയ ഭാഷയില്‍ തൊലിക്കട്ടി എന്ന് ഉപമിക്കട്ടെ. ഏതൊരു ചാനലിന്റെയും ശീതികരിക്കപ്പെട്ട മുറിയില്‍ ഇരുന്നുകൊണ്ട് നാട്ടുകാരെ നോക്കി വിളമ്പുന്ന വര്‍ത്തമാനങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് യോജിച്ചതല്ല. നല്ലവരുണ്ടിവിടെ...വിവരമുള്ളവരും. ജനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും അകമഴിഞ്ഞ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടിവിടെ. അവരുടെ തൊങ്ങല്‍ പിടിച്ചുകൊണ്ട് വെറുതെ അധര വ്യായാമം നടത്തുന്ന അവതാര പുരുഷന്മാരെ കാലം തള്ളിക്കളയും എന്ന ആത്മസന്തോഷത്തോടെ ഒന്നു രണ്ടു കാര്യങ്ങള്‍ അറിയിക്കട്ടെ.

കേരളത്തിലെ ടി.വി ചാനലുകള്‍ പൈങ്കിളി സീരിയലുകള്‍ കൊണ്ട് സമൃദ്ധമായ കാലഘട്ടത്തിലാണ് അവരെയൊക്കെ വെല്ലാന്‍ ന്യൂസിന്റെ പേരില്‍ ചര്‍ച്ചയ്ക്കിരിക്കുന്ന ചിലരുടെ മുഖങ്ങള്‍ നമ്മള്‍ ഈയിടെ കാണാന്‍ തുടങ്ങിയത്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസത്തില്‍ അദ്ദേഹം വളരെ സുവ്യക്തമായി ഒരു കാര്യം പറയുകയുണ്ടായി. ചില 'അവതാര'ങ്ങള്‍ എന്റെ പേരും പറഞ്ഞുകൊണ്ട് സെക്രട്ടേറിയറ്റിന്റേയും മുഖ്യമന്ത്രിയുടേയും വീടുകള്‍ പരതി നടക്കുന്നുണ്ടാവും. ഒരിക്കലും അവരെ നിങ്ങള്‍ തിരിച്ചറിയരുത്. അവരുടെ വാക്കുകളില്‍ പെട്ട് ഏതെങ്കിലും രീതിയിലുള്ള ശുപാര്‍ശകളുമായി വന്നാല്‍ അതിന് താന്‍ ഉത്തരവാദിയല്ല എന്ന് നല്ല സന്ദേശമാണ് ബഹുമാനപ്പെട്ട പിണറായി വിജയന്‍ കേരളീയ ജനതയ്ക്ക് നല്‍കിയത്. ഇത്തരം ഒരു പ്രസ്താവനയ്ക്ക് കാരണഭൂതമായ വിഷയങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതി കേസുകളുടെ സാക്ഷ്യം പറയാന്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകള്‍ പോലും കാഴ്ചയ്ക്കപ്പുറത്തേയ്ക്ക് പോയിരിക്കുന്നു. ഈ അനുഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ കേരളത്തിലെ ടി.വി ചാനലുകള്‍ ഗസ്റ്റായി വിളിക്കുന്ന ആള്‍ക്കാരെ സ്‌ക്രീന്‍ ചെയ്യണം എന്നൊരപേക്ഷ ഇവിടെ വയ്ക്കുകയാണ്.

അന്തി ചര്‍ച്ചക്കാര്‍, സംവാദത്തൊഴിലാളികള്‍ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങളുടെ തര്‍ക്കങ്ങളോ നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില പോയിന്റുകളും കാണുവാന്‍ ബാദ്ധ്യസ്ഥപ്പെട്ടവരല്ല കേരളത്തിലെ ജനങ്ങള്‍. നിങ്ങള്‍ക്ക് പറയുമായിരിക്കും, എന്നാല്‍ പിന്നെ ടി.വി അങ്ങ് ഓഫ് ചെയ്‌തേര്. അപ്പോള്‍ ഒരു വിഷമം മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ ഉള്ളു. നിങ്ങളുടെ മുഖം കാണാതിരിക്കാമല്ലോ. ആവര്‍ത്തിക്കട്ടെ, ആദര്‍ശ വ്യക്തിത്വങ്ങളും ചിന്തയുടെ ഭാരവുമുള്ള എത്രയോ നല്ല മഹാരഥന്മാര്‍ നമ്മുടെ ചാനലുകളെ സംപുഷ്ടമാക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നു. അവര്‍ ഒരിക്കലും ചാനല്‍ മുതലാളി തരുന്ന 'കവര്‍' മോഹിച്ചുകൊണ്ടല്ല തങ്ങളുടെ അഭിപ്രായങ്ങള്‍ ജനതയുടെ സമക്ഷം ഉജ്ജ്വലമായി വെളിപ്പെടുത്തുന്നത്. എല്ലാ ദിവസവും രാഷ്ട്രീയവും സാമൂഹികവും കലാപരവുമായ വാര്‍ത്തകളും വിശകലനങ്ങളും ആവശ്യമാണ്. ചാനലുകളുടെ റേറ്റിങ്ങിനു വേണ്ടി വല്ലടത്തും ഇരിക്കുന്നവന്മാരെ വിളിച്ചു വരുത്തി വര്‍ത്തമാനം പറഞ്ഞ് കേരളീയ ജനതയുടെ വൈരാഗ്യം ക്ഷണിക്കപ്പെടുന്ന, ക്ഷമയെ പരീക്ഷിക്കുന്ന ഈ ചര്‍ച്ചാ വാണിഭം അവസാനിപ്പിക്കേണ്ടതാണ്. 

നിരന്തരം കാണുന്ന മുഖങ്ങളോട് ഒരപേക്ഷ. നിങ്ങള്‍ എല്ലാവരും, പറയുന്നത് ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നുണ്ടോ എന്ന സാക്ഷ്യം മമ്മൂട്ടിയേയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ഏറെ പ്രിയപ്പെട്ട കെ.പി.എ.സി ലളിതയെയും ഒക്കെ നമ്മള്‍ നിരന്തരം വെള്ളിത്തിരയിലും ടി.വിയിലും ഒക്കെ കാണുന്നുണ്ട്. അവര്‍ ജീവിച്ച് അഭിനയിച്ച കഥാപാത്രങ്ങള്‍ ഒരുപാട് തവണ നമ്മുടെ ജീവിതത്തെ, നമ്മുടെ ചിന്തകളെ, നമ്മുടെ പ്രവൃത്തികളെ തിരുത്തുവാന്‍ വേണ്ടി മുന്നില്‍ നില്‍ക്കുന്നുണ്ട്. അഭിനയം അനുഭവമാക്കിത്തന്ന അവരുടെ മുമ്പില്‍ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ ഒരിക്കലും ശോഭിക്കുകയില്ല. നോട്ടു മാറാന്‍ പോകുന്നവനും, പത്തു രൂപയില്ലാതെ വിഷമിക്കുന്ന കുടുംബങ്ങളും നാളെ ദാരിദ്ര്യമാണ് എന്ന് ചിന്തിച്ച് ആ സത്യത്തെ ആലിംഗനം ചെയ്യുന്നവരും ഈ നാട്ടിലുണ്ട്. ചാനലുകളുടെ ശീതികരിക്കപ്പെട്ട മുറികളിലിരുന്ന് നാട്ടുകാരുടെ മുമ്പിലേയ്ക്ക് ചോറിനു പകരം ചോദ്യചിഹ്നങ്ങളെറിയുന്ന നിങ്ങള്‍ക്ക് കാലം മാപ്പു നല്‍കുകയില്ല. 

ഇതൊരു ശരാശരി മനുഷ്യന്റെ വികാരമാണ്. നിങ്ങള്‍ പറയും നിങ്ങളുടേതാണ് ശരിയെന്ന്. ആ ശരികളുടെ പിന്തുടര്‍ച്ചക്കാരായി സാമാന്യ ജനം ഒരിക്കലും ഉണ്ടാവുകയില്ല. ചാനലുകാര്‍ തരുന്ന കവര്‍ മേടിച്ച് പോക്കറ്റിലിട്ടുകൊണ്ട്, ആ ഫ്‌ളോറില്‍ ഇരുന്ന് തര്‍ക്കിച്ച നിങ്ങള്‍ കൂട്ടു കൂടി ഏത് ജനാധിപത്യത്തിലേക്കാണ് വഴി വിട്ട് സഞ്ചരിക്കുന്നത്. ക്യാമറയുടെ മിഴി അടഞ്ഞിട്ടില്ല. ലൈവാണിപ്പോഴും ഞങ്ങള്‍. ചിന്തിക്കുന്ന ജനങ്ങള്‍...പക്ഷം പിടിക്കാം...അത് കണ്ട് പ്രതികരിക്കും പാവം ജനങ്ങള്‍... മനസാക്ഷിയുണ്ടെങ്കില്‍ നിങ്ങളുടെ മൂടുപടങ്ങള്‍ മാറ്റൂ... എങ്കില്‍ നിങ്ങള്‍ക്കുണ്ടാവും നല്ല ഒരു പുതുവര്‍ഷം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക