Image

യു.പിയില്‍ പിതാവും പുത്രനും കൊമ്പുകോര്‍ക്കുന്ന യാദവപ്പോര് (എ.എസ് ശ്രീകുമാര്‍)

Published on 01 January, 2017
യു.പിയില്‍ പിതാവും പുത്രനും കൊമ്പുകോര്‍ക്കുന്ന യാദവപ്പോര് (എ.എസ് ശ്രീകുമാര്‍)
ഭഗവാന്‍ ശ്രീകൃഷ്ണന്റെ യാദവകുലം നശിപ്പിച്ചത് ഒരു ഇരുമ്പു ദണ്ഡാണ്. കൗരവ മാതാവ് ഗാന്ധാരിയുടെ ശാപമാണ് കുലം മുടിക്കാന്‍ ഇടയാക്കിയതെന്നും പുരാണം. എന്നാല്‍ ഉത്തര്‍ പ്രദേശിലെ യാദവ രാഷ്ട്രീയം ഭ്രമണം ചെയ്തിരുന്നത് മുലായം സിംഗ് യാദവ് എന്ന പഴയ ഫയല്‍വാനു ചുറ്റുമായിരുന്നു ഇതുവരെ. ചില കുലം കുത്തികള്‍ അവിടെ അവതരിച്ചതോടെ മുലായവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള തുറന്ന പോരിലേക്ക് ഉത്തര്‍പ്രദേശ് രാഷ്ട്രീയം ചെന്നു വീണിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിക്കാര്‍ 'നേതാജി' എന്ന് ഭയഭക്തി ബഹുമാനത്തോടെ വിളിക്കുന്ന മുലായം സിംഗ് യാദവ് സ്വന്തം മകനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ സാഹചര്യമാണ് എല്ലാറ്റിന്റെയും തുടക്കം. കുറച്ചു നാളായി ഇവിടെ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ചേരിപ്പോര് ഇപ്പോള്‍ കത്തിക്കാളുകയാണ്. 

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി യു.പി രാഷ്ട്രീയം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. ഡിസംബര്‍ 28-ാം തീയതി ബുധനാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ 325 അംഗ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക മുലായം പുറത്തിറക്കി. തന്റെ വിശ്വസ്തരില്‍ മിക്കവരെയും ഒഴിവാക്കിയ പട്ടികയ്‌ക്കെതിരെ അഖിലേഷ് യാദവ് പരസ്യമായി പ്രതിഷേധിച്ചു. 29-ാം തീയതി  വ്യാഴാഴ്ച മുലായത്തിന്റെ പട്ടികയ്ക്ക് ബദലായി അഖിലേഷ് 235 അംഗ പട്ടികയുണ്ടാക്കി. അന്നു രാത്രി തന്നെ ഔദ്യോഗിക നേതൃത്വം 68 പേരുടെ രണ്ടാം പട്ടികയും പ്രഖ്യാപിക്കുകയുണ്ടായി. 30-ാം തീയതി വെള്ളിയാഴ്ച സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഖിലേഷിനെയും മുലായത്തിന്റെ സഹോദരനും അഖിലേഷിന്റെ വിശ്വസ്തനുമായ രാം ഗോപാല്‍ യാദവിനെയും മുലായം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 31-ാം തീയതി ശനിയാഴ്ച ഇരുവരെയും മുലായം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പിറ്റെ ദിവസം അതായത് പുതുവര്‍ഷ പിറവി ദിനത്തില്‍ അഖിലേഷ് വിളിച്ച പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനില്‍ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മുലായത്തെ നീക്കുകയും അഖിലേഷ് ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. മുലായത്തെ ഉപദേഷ്ടാവായി ഒതുക്കുകയാണുണ്ടായത്. 

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ്. വരുന്ന നാലാം തീയതി ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടി കടുത്ത ആഭ്യന്തര കലാപത്തിലേക്ക് എത്തിച്ചേര്‍ന്നത് ഇടിത്തീ ആവുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപം എന്നതിലുപരി മുലായത്തിന്റെ കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ ചേരി തിരിവാണ്. ഈ കുടുംബ രാഷ്ട്രീയത്തില്‍ കാരണവരായ മുലായത്തോടൊപ്പം അദ്ദേഹത്തിന്റെ മകനും അനുജന്മാരും അനന്തരവന്മാരുമൊക്കെ ഭാഗഭാക്കുകളാണ്. ഇവരുടേത് ആശയപരമായ പ്രശ്‌നമല്ല, സംഘടനാ സംബന്ധമായ ഗൗരവ വിഷയവുമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സ്വന്തം കുടുംബ പ്രസ്ഥാനമാക്കി മാറ്റിയെടുത്ത് ആ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ അധികാര കസേരയ്ക്കു വേണ്ടിയുള്ള യാദവ വിളയാട്ടമാണിത്.

പാര്‍ട്ടി ഒരു പിളര്‍പ്പിനെ നേരിടാന്‍ തക്കവണ്ണം പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. അഖിലേഷ് വിളിച്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കരുതെന്ന് മുലായം എം.എല്‍.എമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം എം.എല്‍.എമാരും മറ്റ് പാര്‍ട്ടി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തത് മുലയാത്തിന് വലിയ തിരിച്ചടിയായി. രാജ്യസഭാ അംഗവും മുലായം പക്ഷക്കാരനുമായ അമര്‍ സിംഗിനെ ആറു വര്‍ഷത്തേക്ക് അഖിലേഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിനിടെ ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുക്കാന്‍ അഖിലേഷിന്റെയും മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെയും പക്ഷക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. എന്നാല്‍ ശിവ്പാലുമായി ചേര്‍ന്നു പോകാനാണ് മുലായത്തിന്റെ കടുത്ത പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ആംഗ്ലോ ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ യു.പി നിയമസഭയില്‍ 404 സീറ്റുകളാണ് ആകെയുള്ളത്. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് 229 എം.എല്‍.എമാരുണ്ട്. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 80ഉം ബി.ജെ.പിക്ക് 41ഉം കോണ്‍ഗ്രസിന് 29 സീറ്റുകളുമാണുള്ളത്. രാഷ്ട്രീയ ലോക്ദള്‍-8, സ്വതന്ത്രര്‍-6, പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ-4, ക്വാമി ഏക്താ ദള്‍-2, തൃണമൂല്‍ കോണ്‍ഗ്രസ്-1, അപ്നാ ദള്‍-1, ഇക്തിഹാദ് ഇ മില്ലറ്റ് കൗണ്‍സില്‍-1, എന്‍.സി.പി-1 എന്നിങ്ങനെയാണ് കക്ഷി നില. ഒരു സീറ്റ് ഒഴിവായും കിടക്കുന്നു. 

ഇത് ഉത്തര്‍ പ്രദേശിലെ 16-ാമത് നിയമസഭയാണ്. 2012 ഫെബ്രൂവരിയിലും മാര്‍ച്ചിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ അംഗീകരിക്കപ്പെട്ടത് യുവത്വമാണ്. അഖിലേഷ് യാദവ് എന്ന ചെറുപ്പക്കാരന്റെ ജനകീയത അന്നവിടെ അളക്കപ്പെട്ടു. ഈ പുതുതലമുറ രാഷ്ട്രീയത്തില്‍ പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും അണികളും ഉള്‍പ്പെടെ വലിയൊരു വിഭാഗം അഖിലേഷിന്റെ പിന്നിലുണ്ട്. ഈ കരുത്താണ് മുലായത്തെ ഒതുക്കാന്‍ പ്രേരകമായത്. അഖിലേഷിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇവിടെയൊരു മുന്നണി സമവാക്യം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. മുലായത്തിന്റെ പരമ്പരാഗത രാഷ്ട്രീയ അടവുകളും തന്ത്രങ്ങളും മറികടക്കാന്‍ ഒരുപക്ഷേ അഖിലേഷും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒരു ടൈ അപ്പ് ഉണ്ടാക്കിയെടുത്തേക്കാം അങ്ങിനെ വന്നാല്‍ മുലായത്തിന് തന്റെ പരമ്പരാഗത യാദവ-മുസ്ലീം വോട്ടു ബാങ്ക് കാത്തു സൂക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി കോണ്‍ഗ്രസ് ഇത്തരമൊരു സഖ്യം ആഗ്രഹിക്കുന്നുണ്ട്. ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അഖിലേഷ് യാദവ്-രാഹുല്‍ ഗാന്ധി കൂട്ടുകെട്ട് ബി.ജെ.പിക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. എം.എല്‍.എമാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ബി.ജെ.പി. നിലവിലെ നോട്ട് വിഷയം ബാലറ്റില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. എന്നാല്‍  അഖിലേഷ്-രാഹുല്‍ ഗാന്ധി കൂട്ടുകെട്ട് ഉണ്ടായില്ലെങ്കില്‍ ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുള്ള നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് ഉത്തര്‍ പ്രദേശ് രാഷ്ട്രീയം സാക്ഷ്യം വഹിക്കും. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് സമാജ് വാദി പാര്‍ട്ടി തന്ത്രങ്ങള്‍ മെനഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. മുലായം കടിഞ്ഞാണില്‍ പിടിത്തമിട്ടു. അന്നു മുതല്‍ കുടുംബ രാഷ്ട്രീയം നീറിപ്പുകയാന്‍ തുടങ്ങി. തലമുറകളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയിലെ പ്രതാപം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന മുലായം ഭക്തരായ അമര്‍ സിംഗും ശിവ്പാല്‍ യാദവും ഉള്‍പ്പെടെയുള്ള നേതാക്കള്‍, മുലായത്തിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെ (മുലായത്തിന്റെ ആദ്യ ഭാര്യ മാലതി ദേവിയിലുള്ള പുത്രനാണ് അഖിലേഷ്) ഒത്താശയോടു കൂടി മുലായത്തെയും മകനെയും തമ്മില്‍ തെറ്റിക്കാന്‍ നടത്തി വന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലെത്തി നില്‍ക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ നഷ്ടം സംഭവിച്ചിരിക്കുന്നത് മുലായത്തിനു തന്നെയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊക്കെ ബദലായി ഒരു മഹാ സഖ്യം ഉണ്ടാക്കിയെടുക്കാന്‍ നേതൃത്വം വഹിച്ച മുലായം സിംഗ് യാദവ് ഇപ്പോള്‍ സ്വന്തം സംസ്ഥാനത്ത് ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്. തീര്‍ച്ചയായിട്ടും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പൊട്ടിത്തെറിയുടെ അനുരണനങ്ങള്‍ ഉണ്ടാവും. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ മുലായത്തിന്റെ കൈയിലുള്ളത് പരമ്പരാഗത തന്ത്രങ്ങളാണെങ്കില്‍ സമാജ് വാദി പാര്‍ട്ടിക്ക് പുതിയ ജനകീയ മുഖം കൊടുത്തുകൊണ്ടാണ് അഖിലേഷ് യാദവ് പടിപടിയായി വളര്‍ന്ന് ഇന്ന് മുഖ്യമന്ത്രി പദത്തിലിരിക്കുന്നത്. 

സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ മുലായത്തിന്റേതായിരുന്നു അവസാന വാക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ് മുതല്‍ പാര്‍ട്ടിയുടെ പുതുതലമുള നേതാവ് എന്ന നിലയില്‍ പൊതുജനമധ്യത്തില്‍ സ്വീകാര്യത നേടി വളര്‍ന്നയാളാണ് അഖിലേഷ്. ഇവര്‍ വഴി പിരിയുന്നത് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ ബി.ജെ.പിയെയും ബി.എസ്.പിയെയും സന്തോഷിപ്പിക്കുന്ന ഉരുള്‍പ്പൊട്ടലാണ് ഇത്. പാര്‍ട്ടിയിലെ പടക്കുതിരയാണ് മുലായമെങ്കില്‍ ജനപിന്തുണയാണ് അഖിലേഷിന് തുറുപ്പുചീട്ട്. 

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായത്തിന്റെ ജനനം. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റാവുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഒരു അധ്യാപകനാകണമെന്നാഗ്രഹിച്ച മുലായം ആഗ്ര സര്‍വകലാശാലയില്‍ നിന്ന് ബി.റ്റി ബിരുദവും തുടര്‍ന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും സ്വന്തമാക്കി. മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ഫയല്‍വാന് ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീര്‍ച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 

മുലായത്തിന്റ മണ്ഡലമായ കാനൗജില്‍ 2000ലെ ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചതാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അഖിലേഷിന്റെ ആദ്യചുവട്. 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 2009ല്‍ കനൗജിനൊപ്പം ഫിറോസാബാദ് മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു. 2009 ജൂണില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. രണ്ടു മണ്ഡലങ്ങളില്‍ ജയിച്ചിരുന്നതിനാല്‍ ഫിറോസാബാദ് ഒഴിവാക്കി ഭാര്യ ഡിമ്പിളിനെ മത്സരിപ്പിച്ചുവെങ്കിലും 2009 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 85,000ല്‍ പരം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ്സിലെ രാജ് ബബ്ബാറിനോട് ഇവര്‍ പരാജയപ്പെട്ടു. അഖിലേഷിന്റെ രാഷ്ടീയഗതിയില്‍ തിരിച്ചടിയായ ഒരു സംഭവമായിരുന്നു ഇത്. എന്നാല്‍ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേടിയ വിജയത്തിന്റെ പ്രധാന ഘടകമായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വീക്ഷിച്ചത് ഇദ്ദേഹത്തിന്റെ രാഷ്ടീയ തന്ത്രങ്ങളാണ്. ഏതായാലും ഒത്തുതീര്‍പ്പിന്റെ ഘട്ടങ്ങള്‍ കഴിഞ്ഞാണ് പാര്‍ട്ടിയിലെ പ്രതിസന്ധി എത്തിനില്‍ക്കുന്നത്.

യു.പിയില്‍ പിതാവും പുത്രനും കൊമ്പുകോര്‍ക്കുന്ന യാദവപ്പോര് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക