Image

എന്റെ മഴകളും പുഴകളും (സജി കരിമ്പന്നൂര്‍)

സജി കരിമ്പന്നൂര്‍ Published on 31 December, 2016
എന്റെ മഴകളും പുഴകളും (സജി കരിമ്പന്നൂര്‍)
ഗൃഹാതുരത്വമുള്ള ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നത് ബാല്യം, ഗ്രാമം, മഴ, പുഴ അങ്ങനെയൊക്കെയാണ്. നഷ്ടപ്പെട്ട കാലങ്ങളെയും അനുഭവങ്ങളെയും മനസ്സില്‍ പുനഃസൃഷ്ടിച്ച് ഈ ഗൃഹാതുരത്വം അനുഭവിക്കുമ്പോള്‍ മനസ്സില്‍ തിമിര്‍ത്താടുന്നത് എന്റെ സ്വന്തം മലകളും പുഴകളുമാണ്.

സുകൃതം പോലെയുള്ള ചില നിമിഷങ്ങള്‍, സ്‌ക്കൂളില്‍നിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാവും മഴ പൊടുന്നനെ പിറന്നു വീഴുന്നത്. കണിയാനാശാന്റെ പറമ്പിലോ, മരചുവട്ടിലോ കയറി നിന്നിട്ടുപോകാം. പക്ഷേ ഒന്നുമറിയാത്ത ഭാവത്തില്‍ ആ മഴ മുഴുവന്‍ തലയിലേറ്റി നനഞ്ഞൊലിച്ച് നടന്നതിന്റെ സുഖം, അത് പറഞ്ഞറിയിക്കാന്‍ വയ്യ.

ഇന്നും മനസ്സില്‍ ഇന്നും മനസ്സില്‍ ഓടിയെത്തുന്ന പെരുമഴക്കാലങ്ങള്‍, മാമ്പഴക്കാലങ്ങള്‍. എത്താക്കൊമ്പത്ത് കയറിയും, കല്ലെറിഞ്ഞും പറിച്ചു കൂട്ടിയ കടുക്കാച്ചിമാങ്ങയും, ആഞ്ഞിലിക്കാപ്പഴങ്ങളും, കണിയാന്‍കുന്ന് മുതല്‍ പരിപ്പിലേട്ട് മുക്കുവരെയുള്ള മാങ്ങള്‍ക്ക് പല രുചികളായിരുന്നു.

ചെടികള്‍ വിത്തുകളിലേക്ക് ഉള്‍വലിയുന്നതുപോലെ ഓര്‍മ്മകള്‍ വിത്തുകളായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മ്ലാനതയും, വിഷാദവും അമ്പരപ്പും ഉള്ളില്‍ നുരയുന്നു. ഒരു ചോദ്യം മാത്രം. എന്റെ മലകള്‍ക്കും പുഴകള്‍ക്കും എന്ത് സംഭവിച്ചു? എല്ലാം അന്യം നിന്നുപോയിരിക്കുന്നു. കരിമണലും, കരിംപുകക്കെട്ടുകളുമായി അവ മാറിക്കഴിഞ്ഞിരിക്കുന്നു.

പണ്ട് പഴമക്കാര്‍ പറഞ്ഞുകേട്ട കഥകളില്‍ നിന്നാണ് മീനച്ചിലാറിന്റെ പല ഭാവങ്ങളും മനസ്സില്‍ തെളിഞ്ഞുവരുന്നത്. അതിന്റെ കൈവഴികളും താഴവഴികളുമായി ഒഴുകിയെത്തുന്ന 'വടവാളര്‍ തോട്ടം', വയലുകളും മീനമാസത്തിലെ കൊയ്തുകഴിഞ്ഞ് കരകവിഞ്ഞൊഴുകും. ആ ഒഴുക്കിന് ഒരു പ്രത്യേക ഗന്ധമുണ്ട്, താളമുണ്ട്.

പുനര്‍ജനിപ്പിക്കാനാവാത്ത, പരിഹാരമില്ലാത്ത അനിവര്യതയുടെ ലോകമാണത്. ഗൃഹാതുരതയുടെ ആയിരമായിരം കൈവഴികളിലൂടെ കടന്നുപോകുമ്പോഴും, പുനസൃഷ്ടിക്കാനുള്ള മനസ്സിന്റെ ഇച്ഛാശക്തിയില്‍ വെറുതെ പെടാപാടുപെടുകയാണെന്നറിയാം...
എത്രയോ ഇടവപ്പാതികളില്‍ നിറഞ്ഞും തുലാവര്‍ഷങ്ങളില്‍ കലിതുള്ളിപ്പാഞ്ഞും സഹസ്രാബ്ദങ്ങളെക്കടന്ന് വളര്‍ന്ന് വലുതായ അന്നത്തെ ഞങ്ങളുടെ പുഴകള്‍ക്ക് വിസൃതിയുണ്ടായിരുന്നു, വിശാലതയുണ്ടായിരുന്നു.

വര്‍ഷകാലത്ത് മഴ കനക്കുമ്പോള്‍, 'പാലമുറിത്തോടും', 'കല്ലുവെട്ടാന്‍തോടും' കുലംകുത്തിയൊഴുകും കുറുവായും, പരന്‍മീനും കാരിയും, ചില്ലാനും, പള്ളത്തിയും, മനഞ്ഞിലും ആര്‍ത്തിരമ്പി വരും', പുതുവെള്ളം കുടിക്കാന്‍ ആളുകള്‍ കടവിലും, കണ്ടത്തിലും വലയും, കൂടും, മറ്റ് സാമഗ്രികളുമായി മീന്‍ പിടിക്കാന്‍ ഇറങ്ങും. മറ്റ് ചിലര്‍ കലങ്ങിമറിഞ്ഞ് വരുന്ന, മഴ വെള്ളത്തിന്റെ വരവ് കണ്ട് കരയ്ക്ക് നിന്ന് ആസ്വദിക്കും. രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ വരവ് മന്ദഗദിയിലാവും. അപ്പോഴും കടപുഴകിയെഴുകി വന്ന മരങ്ങളും, ഒഴുക്കില്‍ ഒലിച്ചുപോയ ഹതഭാഗ്യരായ മൃഗങ്ങളുടെ ശവശരീരങ്ങളും അവിടവിടെതങ്ങികിടക്കുന്നുണ്ടാവും.
ഒറ്റയ്ക്ക് പോയി കുളിക്കാന്‍ അനുവാദമില്ലായിരുന്നുവെങ്കിലും മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ വടവാതുര്‍ പാടത്തിന് അക്കരെയിക്കരെ നീന്തുമായിരുന്നു. മൂന്ന് വൈദ്യുതപോസ്റ്ററുകള്‍ പാടത്ത നങ്കൂരമിട്ടപോലെ നിലകൊള്ളുന്നതിനാല്‍ അതിന്റെ 'സ്‌റ്റേ കമ്പികളില്‍' തൂങ്ങി അല്‍പനേരം വിശ്രമിച്ചിട്ടാവും തുടര്‍ന്നുള്ള നീന്തല്‍.

ആദ്യമായി നീന്തല്‍ പഠിച്ചത്. മണര്‍കാട് പള്ളിക്കുളത്തിലായിരുന്നു. അതിന് നേതൃത്വം നല്‍കിയതാവട്ടെ, ചാണ്ടപ്പിള്ള സാര്‍, ചെറിയത് വര്‍ഗീസ് സാര്‍, 'അമ്മാവന്‍' എന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഹെഡ്മാസ്റ്റര്‍ മാത്തുക്കുട്ടിസാര്‍ എന്നിവരായിരുന്നു.
എന്തായാലും അക്കരെയിക്കരെ നീന്തിക്കഴിയുമ്പോള്‍ ഒരു കൊടുമുടികയറിയിറങ്ങിയതിന്റെ നിര്‍വൃതി തോന്നിയിരുന്നു.

ഒത്തിരിതലമുറകള്‍ക്ക് മുന്‍പ് ഏതോ ഒരു വല്ല്യപ്പച്ചനോ, വ്ല്ല്യമ്മച്ചിയോ പകര്‍ന്നു തന്ന പഴങ്കഥകളില്‍ നിന്നും, മഴയും, പുഴയും, മരവും, മണ്ണിനെ ചതിക്കില്ല എന്ന പാഠം പഠിച്ചിരുന്നു. എങ്കിലും, വേനലിലും, വറ്റാത്ത ആഴമുള്ള പുഴകളും, വന്‍ കയങ്ങളും മനസ്സിനെ ഭയപ്പെടുത്തിയിരുന്നു.

വേനലവധിക്ക് വിരുന്നുപോകാനായിരുന്നു ഏറെ ഇഷ്ടം. അന്നാണ് മീനച്ചിലാറിനെ ഏറ്റവും അടുത്തറിയാന്‍ ഇടവന്നിരുന്നത്. ഒരു മാസത്തോളം വരുന്ന പറിച്ചുനടല്‍, കുമരകത്ത് ഉള്ള അമ്മവീട് എന്നു സ്വര്‍ഗ്ഗമായിരുന്നു. വീടിന്റെ ഒരു വശത്ത് കൂടെയായിരുന്നു ആറ് ഒഴുകിയിരുന്നത്. കെട്ടുവള്ളത്തിലും ചെറുവള്ളത്തിലും ഒക്കെയായി സഞ്ചരിക്കാം. വലിയ വിലക്കുകള്‍ ഒന്നും ഇല്ല. ആഴം കുറഞ്ഞ നീര്‍ച്ചാലുകളില്‍ ഇടയ്ക്കിടെ മുങ്ങിക്കളിക്കാം.

തണ്ണീര്‍മുക്കം ബണ്ട് തുറന്നാല്‍ പിന്നെ വെള്ളത്തിന് ഉപ്പുരസമായിരിക്കും. 'ഒരു വെള്ളത്തില്‍' നിറയെ അപ്പോള്‍ കരിമീനുകളെക്കാണാം.

തൊണ്ണൂറ്റിഒമ്പതിലെ വെള്ളപ്പൊക്കത്തേക്കുറിച്ച് 'കുമരകത്തെ അപ്പച്ചന്‍' പറഞ്ഞുതരും കേള്‍ക്കാന്‍ നല്ല സുഖമാണ്. വെള്ളപ്പൊക്കം നേരില്‍കണ്ട ആരും ഇന്ന് ജീവിച്ചിരുപ്പില്ലെങ്കിലും പൊടിപ്പും തൊങ്ങലും വെച്ചുള്ള ആ കഥകള്‍ക്ക് ഇന്നും കേള്‍വിക്കാറുണ്ട്.

ഇടമുറിയാതെ പെയ്യുന്ന ഒരു പെരുമഴയും, മറ്റൊരു വെള്ളപ്പൊക്കവും അക്കാലത്തെ എന്റെ സ്വകാര്യസ്വപ്‌നങ്ങളായിരുന്നു. ഓലത്തൊപ്പിക്കുടയും, തോളില്‍ വീശുവലക്കെട്ടും പാണലുകൊണ്ട് മെടഞ്ഞ മീന്‍ കുടയും തൂക്കി വീശുകാരും, ഒരു കൈയില്‍ ചിമ്മിനി വിളക്കും മറുകൈയ്യില്‍ വെട്ടരിവാളും അരയില്‍  കൂടയുമായി കാരിപിടുത്തക്കാരും, ഇറങ്ങുന്ന 'ഊത്തപിടുത്തം' ഗംഭീരമായിരുന്നു.
വെള്ളം മൂടാത്ത 'കുഴിപ്പുരയിടം' പാടത്ത് റാന്തല്‍ വിളക്കുകളെരിയും. ഇടിമിന്നലും പേമാരിയും തിമിര്‍ത്താടിയാലും അവര്‍ ക്ഷമയോടെ കാത്തിരിക്കും. തുടര്‍ന്നങ്ങോട്ട് ആഘോഷകരമായ മീന്‍ പിടുത്തമായിരിക്കും.

ഒരിക്കല്‍ 'ലാലു' എന്ന കൂട്ടുകാരന്‍ ഒരുമീറ്റര്‍ നീളമുള്ള വാളമീനെ വെട്ടിയ കഥ നാട്ടില്‍ പ്രചുരപ്രചാരം നേടിയതാണ്. സംഘത്തില്‍ തട്ടേല്‍കുഞ്ഞടക്കം എട്ടുപേര്‍ ഉണ്ടായിരുന്നു. പെട്രോള്‍മാക്‌സ്, കുട എന്നിവയുമായി രണ്ടുപേര്‍ മുമ്പില്‍. മറ്റ് നാലുപേര്‍ മീന്‍വെട്ടുവാനുള്ള വടിവാളുമായി അതിസൂക്ഷ്മതയോടെ പുറകില്‍, പെട്ടെന്നായിരുന്നു അതിഭീകരനായ ഒരു 'വാള' പ്രത്യക്ഷപ്പെട്ടത്. വെള്ളിപോലെ വാള വെള്ളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. കൂട്ടത്തില്‍ നേതാവായ 'മണ്ണൂപ്പറമ്പില്‍ ലാലു'(അദ്ദേഹം കഴിഞ്ഞ മാസം ഞങ്ങളെ വിട്ടുപിരിഞ്ഞു.-ഒരു സ്മരണാജ്ഞലി)ആംഗ്യം കാട്ടി. ഒറ്റവെട്ടായിരുന്നു. പക്ഷേ സംഗതിപാളി. വാളയെന്നോര്‍ത്ത് വെട്ടിയത് പൂപ്പടകണ്ടത്തില്‍ അതിരിനിട്ടിരുന്ന സര്‍വ്വേകല്ലിനിട്ടായിരുന്നു. നാലുവാളുകളും രണ്ടും മൂന്നുമായി ഒടിഞ്ഞുപോയി. അത്രക്കും വലിയ വെട്ടായിരുന്നു.

ഗൃഹാതുരയുടെ നിറവില്‍ സങ്കടതാപങ്ങളായി. സുഖമുള്ള സ്മൃതികളായി എന്റെ മഴകളും പുഴകളും നെല്‍ വയലുകളും ഘനനിബിഡമായ അഗാധതയിലേക്ക് ഊളിയിട്ട് പോവുകയാണ്.
പ്രവാസ ജീവിതത്തിന്റെ സഞ്ചാരപഥങ്ങളില്‍ സമ്മദൂരം സഞ്ചരിച്ചു. ഇത് പുതുയുഗമാണ് ഇവിടെ താരാട്ടില്ല, മുലപ്പാലില്ല. എല്ലാം യാന്ത്രികമാണ്. പെയ്‌തൊഴിഞ്ഞ മേഘങ്ങളും, ഞാറ്റുപാട്ടിന്റെ ഈണങ്ങളുമില്ല. ഇളംകാറ്റിനു പകരം കൊടുവിഷക്കാറ്റാണ് വീശുന്നത്.

പാശ്ചാത്യസംസ്‌കാരത്തിന്റെ ഈ വറുതിക്കാറ്റ് എന്റെ നാടിനേയും ഗ്രസിച്ചതായി ഞാന്‍ ഭയപ്പെടുന്നു മണലുകോരി നിറച്ച് മരണപ്പാലിച്ചു നടത്തുന്ന 'മാഫിയാക്കാര്‍', വറ്റിവരണ്ട പാടശേഖരങ്ങള്‍, വറ്റിയ കിണറുകള്‍, ഊര്‍ദ്വന്‍ വലിയുന്ന കല്‍പ്പക വൃക്ഷങ്ങള്‍, എന്തിന് പിതൃതര്‍പ്പണത്തിനുള്ള സ്‌നാനഘട്ടങ്ങള്‍പോലും ഇന്ന് നീരൊഴുക്കില്ലാതെ നിശ്ചലമായിക്കിടക്കുകയാണ്.

പക്ഷേ സ്വപ്‌നങ്ങള്‍ക്ക് മതിലുകള്‍ തീര്‍ക്കാന്‍ പറ്റില്ലല്ലോ, തിമിര്‍ത്തു പെയ്യുന്ന മഴയും, പുഴകളും, അതിലൂടെ ഒഴുകിയെത്തുന്ന ആറ്റുവഞ്ചികളും, വീണ്ടും ഒരുനാള്‍ വരും തര്‍പ്പണത്തിന് നീര് ഒഴുക്കാനും, കറുകപ്പുല്ല് ഒരുക്കാനും അന്ന് നമുക്ക് സാധിക്കും, തീര്‍ച്ച


എന്റെ മഴകളും പുഴകളും (സജി കരിമ്പന്നൂര്‍)
Join WhatsApp News
sarasan 2016-12-31 10:31:23
സജിക്ക് ഇപ്പോഴാണോ ഈ ഗൃഹാതുരത്വം തുടങ്ങിയത്. അൽപ്പം വൈകിപ്പോയില്ലേ?
Sudhir Panikkaveetil 2016-12-31 15:06:59
ഇ മലയാളിയുടെ  എന്റെ ഗ്രാമം  എന്ന പംക്തിയിൽ 
ഉൾപ്പെടുത്തേണ്ടതയായിരുന്നു.  വളരെ നല്ല ലേഖനം.
അഭിനന്ദനങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക