Image

പ്രപഞ്ചലോട്ടറി- മാടശ്ശേരി നീലകണ്ഠന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Published on 30 December, 2016
പ്രപഞ്ചലോട്ടറി- മാടശ്ശേരി നീലകണ്ഠന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരുവനന്തപുരം: 2016 ഡിസംബര്‍ ഏഴിന് തൈക്കാട് ഗാന്ധിഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാടശ്ശേരി നീലകണ്ഠന്റെ പുതിയ കവിതാ സമാഹാരം "പ്രപഞ്ചലോട്ടറിയും', വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സംസ്കൃത കവിതകളുടെ സമാഹാരം "സുകൃത'വും പ്രകാശനം ചെയ്യപ്പെട്ടു.

സംസ്കൃത കവിതകള്‍ നാലുഭാഗങ്ങളായി സമാഹരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് "സുകൃതം'. കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയാണ്. ആരോഗ്യപ്രശ്‌നങ്ങളാല്‍ സമ്മേളനങ്ങളില്‍ ഈയിടെ അധികം പങ്കെടുക്കാതിരിക്കുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരിയും, സുഗതകുമാരിയും ഈ യോഗത്തില്‍ ഒത്തുചേര്‍ന്നത് അവിടെ കൂടിയിരുന്നവരെയെല്ലാം വളരെ സ്പര്‍ശിച്ചു. കവിതാരംഗത്ത് ഒരേ സമയം ഏറെക്കാലമായി ജ്വലിച്ചു നില്‍ക്കുന്ന അവര്‍ ഇരുവരും പരിസ്ഥിതി സംരക്ഷണ രംഗത്തും സാമൂഹ്യ രംഗത്തും എല്ലാം ഒന്നായി നിന്ന് പ്രവര്‍ത്തിച്ചതെല്ലാം സുഗതകുമാരി അനുസ്മരിച്ചു. ചുരുങ്ങിയ വാക്കുകളില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രതികരിച്ചു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം (എസ്.പി.സി.എസ്) പ്രസിദ്ധീകരിച്ച പ്രപഞ്ചലോട്ടറിയുടെ പ്രകാശനം കവി കെ.വി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. മാടശേരിയുടെ മുപ്പത് കവിതകള്‍ അടങ്ങുന്ന ഈ സമാഹാരത്തിന് നിരൂപകന്‍ ആത്മാരാമന്‍ അവതാരികയെഴുതിയിരിക്കുന്നു.

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഇളയ പുത്രി എന്‍. അപര്‍ണ സ്വാഗതഗാനം ആലപിച്ചു. മൂത്ത പുത്രി ഡോ. എന്‍. അദിതി സ്വാഗത പ്രസംഗം നടത്തി. പ്രൊഫ. കെ.വി. രാമകൃഷ്ണന്‍, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, എസ്.പി.സി.എസ് പ്രസിഡന്റും കവിയുമായ ഏഴാച്ചേരി രാമചന്ദ്രന്‍, മാടശേരിയുടേയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേയും ബന്ധുവും ചിരകാല സുഹൃത്തും കവിയുമായ ഡോ. എം.എസ്.ടി നമ്പൂതിരി, കവി പത്മദാസ്, മാടശേരി നീലകണ്ഠന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഭാവന രാധാകൃഷ്ണന്‍, 'സുകൃത'ത്തിലെ "ശബരീശ സുപ്രഭാത'വും മാടശേരിയുടെ സഹോദരി എം.എന്‍ സാവിത്രി പ്രപഞ്ചലോട്ടറിയിലെ "ഞാനില്ലെങ്കിലും' എന്ന കവിതയും ആലപിച്ചു. വിശിഷ്ടാതിഥികളും സ്‌നേഹിതരും കുടുംബാംഗങ്ങളും ചേര്‍ന്ന ഒരു നല്ല സദസ്സുണ്ടായിരുന്നു.
പ്രപഞ്ചലോട്ടറി- മാടശ്ശേരി നീലകണ്ഠന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക