Image

എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 30 December, 2016
എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കേരളത്തിലെ മല അരയ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മിഥുന്‍ വി. സോമരാജ് പുതിയൊരു താരം. നാല്പതു വര്‍ഷം മുമ്പ് എം.എസ്. ജോസഫ് അഖിലേന്ത്യാ പരീക്ഷയെഴുതി ഐഎഎസ് നേടിയശേഷം ഇതാദ്യമായാണ് ആ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്നത്. ഡിസംബറില്‍ ബറോഡയിലെ 'നായര്‍' എന്ന നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ പരിശീലനം തുടങ്ങിയ ഈ ഇരുപത്താറുകാരന്‍ മതിയാക്കുന്നില്ല; ഐഎഎസില്‍ തന്നെ കയറിപ്പറ്റാന്‍ വീണ്ടും പരീക്ഷയെഴുതിയിരിക്കുന്നു.

മലകളുടെ അരചന്മാരായിരുന്നു (രാജാക്കന്മാര്‍) ആയിരുന്നു ഒരുകാലത്ത് മല അരയന്മാര്‍. ഊരാളികളും ഉള്ളാടന്മാരും അവരെ വാഴിയോര്‍ എന്നും വാഴ്ത്തിയോരമ്മ എന്നും വിളിച്ചിരുന്നു. വനാവകാശം നഷ്ടപ്പെട്ട് രാജ്യവും രാജ്യഭാരവും ഇല്ലാതായപ്പോള്‍ അവരില്‍നിന്ന് തലക്കരവും മുലക്കരവും ഈടാക്കിത്തുടങ്ങി. അതില്‍ സഹികെട്ട് ഒരു അരയത്തി മുല അരിഞ്ഞു നീട്ടിയതോടെ ഭരണകൂടം നടുങ്ങി, കരം പിന്‍വലിച്ചു.

മുപ്പത്താറായിരം പേരുണ്ട് മലയ അരയ സമുദായത്തിലെന്ന് 2013ലെ ഔദ്യോഗിക കണക്ക് പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം തിരുവിതാംകൂറിലെത്തിയ ഇംഗ്ലീഷ് മിഷനറിമാര്‍ പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച്‌നിരവധി മല അരയരെ ക്രിസ്ത്യാനികളാക്കി. ''ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ തോക്കുമായി അവരെത്തിയെന്നു പറയാറുണ്ട്. അതു ശരിയല്ല. മറുകൈയില്‍ മറ്റു പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്''-കര്‍ഷക കുടുംബത്തില്‍ ജനിച്ച് റബര്‍ വെട്ടിയും കല്ലു ചുമന്നും പഠിച്ച് എംഎ എക്കണോമിക്‌സും അനന്തരം ഐഎഎസും നേടിയ എം.എസ്. ജോണ്‍ പറയുന്നു. കുട്ടികള്‍ പഠിച്ചു മിടുക്കരായി ജോലിയില്‍ കയറി. മേലുകാവില്‍ സിഎസ്‌ഐ ഈസ്റ്റ്‌കേരള മഹായിടവക വരെ ഉണ്ടായി. ഹെന്റി ബേക്കറിന്റെ പേരില്‍ കോളജും.
മുപ്പത്തിയൊന്നു വര്‍ഷം സര്‍വീസിലിരുന്ന അദ്ദേഹം കാസര്‍ഗോഡ്, എറണാകുളം തുടങ്ങിയ ഇടങ്ങളില്‍ കളക്ടറായും വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും സേവനം ചെയ്തു. കാര്‍ഷികോത്പാദന കമ്മീഷണറും ഇലക്ഷന്‍ കമ്മീഷണറുമായിരുന്നു. കേരളത്തില്‍ കൃഷിഭവനുകള്‍ തുറന്നത് അദ്ദേഹമാണ്. കേന്ദ്രത്തില്‍ കൃഷിവകുപ്പില്‍ സേവനം ചെയ്യുന്നതിനിടെ കൃഷി പഠിക്കാന്‍ ആറു തവണ ഇസ്രയേലിലും സ്വിറ്റ്‌സര്‍ലണ്ടിലും പര്യടനം നടത്തി. റിട്ടയര്‍ ചെയ്ത് പാപ്പനംകോട് സത്യന്‍ നഗറില്‍ കരമനയാറിന്‍ തീരത്ത് ശരിക്കും കൃഷിക്കാരനായി കഴിയുന്നു ഈ എഴുപത്തെട്ടുകാരന്‍.

 കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മല അരയരുടെ മുഖ്യ സങ്കേതങ്ങള്‍. എറണാകുളത്തും കുറച്ചു പേരുണ്ട്. വയനാട്ടില്‍ പേരിന്.
ഈരാറ്റുപേട്ടയ്ക്കടതുത്ത് കുറിഞ്ഞിപ്ലാവിലാണ് മുണ്ടന്‍പ്ലാക്കല്‍ ശാമുവലിന്റെ മകനായി ജോസഫിന്റെ ജനനം. കോതമംഗലം എംഎ കോളജില്‍നിന്നു ബി.എ എക്കണോമിക്‌സും എറണാകുളം മഹാരാജാസില്‍നിന്ന് എം.എ എക്കണോമിക്‌സും പാസായി. തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിംഗില്‍ പങ്കെടുത്തു. 1968ല്‍ പതിനായിരം പേരാണ് ഐഎഎസ് എഴുതിയത്. 104 പേര്‍ ജയിച്ചു. അതില്‍ കേരളത്തില്‍നിന്നു രണ്ടേ രണ്ടു പേര്‍ - എം.എസ്. ജോസഫും ജെ. ലളിതാംബികയും.
''എന്റെ എല്ലാ വൈതരണികളിലും കൂടെ നിന്നു പ്രോത്സാഹിപ്പിച്ചത് ഭാര്യ ലീലാമ്മ. പി ആന്‍ഡ് ടിയില്‍ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു ആ ബിരുദധാരിണി. അന്‍പത്തൊന്നു വര്‍ഷം ഞങ്ങളൊന്നിച്ചു ജീവിച്ചു, 2015 ഡിസംബര്‍ വരെ'' -ജോസഫ് നിരുദ്ധകണ്ഠനായി അറിയിച്ചു. സത്യന്‍നഗറില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് 3000 ചതുരശ്ര അടിയിലുള്ള വീട് സ്വന്തമായി രൂപകല്പന ചെയ്തു പണിയിച്ചു. വീടു നിറയെ പുസ്തകങ്ങള്‍. സാമുവല്‍ മറ്റീറിന്റെ 'നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍', തോമസ് ഫ്രീഡ്മാന്റെ 'വേള്‍ഡ് ഈസ് ഫ്‌ളാറ്റ്' മുതല്‍ എം.വി. രാഘവന്റെ 'ഒരു ജന്മം', ഡോ. ടി.ആര്‍. ജയലക്ഷ്മിയുടെ 'കേരളത്തിലെ വൃക്ഷങ്ങള്‍', സെബാസ്റ്റ്യന്‍ ജോസഫിന്റെ 'വസന്തത്തിന്റെ ഇടിമുഴക്കം' വരെ.

മൂന്നു മക്കള്‍ - സിനി, മിനി, വിനി. ഇവരില്‍ സിനി ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് എടുത്തയാളാണ്. കോട്ടയത്തെ ഒരു ഡോക്ടറുടെ ഭാര്യ. ഡോ. മിനി ആലുവയില്‍ ഗൈനക്കോളജിസ്റ്റ്. ഏകപുത്രന്‍ ഡോ. വിനി കല്പറ്റയില്‍ വെറ്ററിനറി ജില്ലാ ഓഫീസര്‍.

ജോസഫ് ഒരേസമയം വിശ്വാസിയും വിമര്‍ശകനുമാണ്. ഇടതുപക്ഷ ചായ്‌വുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍. ആദര്‍ശങ്ങളുടെ ചുവടുപിടിച്ച് 2001ല്‍ സര്‍വീസ് വിട്ട് ഇടുക്കിയില്‍ നിയമസഭയിലേക്കു മത്സരിച്ച് റോഷി അഗസ്റ്റിനോടു തോറ്റു. എല്ലാ ഞായറാഴ്ചയും തിരുവനന്തപുരത്തെ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരാധനയ്‌ക്കെത്തും. ചര്‍ച്ചിന്റെ 150-ാം വാര്‍ഷികപ്പതിപ്പ് എഡിറ്റ് ചെയ്തത് അദ്ദേഹമാണ്. സാമുവല്‍ മറ്റീറിനെയും ലാറി ബേക്കറെയും പത്‌നി ഡോ. എലിസബത്തിനെയും അടക്കം ചെയ്തിരിക്കുന്നത് അവിടെയാണ്.

ക്രൈസ്തവ മല അരയര്‍ക്കിടയില്‍ പ്രധാനമായി രണ്ടു സമുദായ സംഘടനകളുണ്ട്. മല അരയ ചാരിറ്റബിള്‍ ഫെഡറേഷനാണ് ഒന്ന്. ടി.ജെ. കുര്യന്‍ പ്രസിഡന്റ്. മല അരയ സംരക്ഷണസമിതി (മാസ്) മറ്റൊന്ന്. മേലുകാവുമറ്റത്ത് സ്വന്തം ആശുപത്രി നടത്തുന്ന ഡോ. എന്‍.ജെ. ഐസക് പ്രസിഡന്റ്. കോട്ടയം ജില്ലയില്‍ ഇലവീഴാപൂഞ്ചിറയുടെ നിഴലിലാണ് മേലുകാവുമറ്റം. ആ മലയോരമേഖലയിലെ ഓരോ വീടും ഐസക്കിനറിയാം.

''ലോകത്തിലെ ഏറ്റം പ്രായം കൂടിയ വരിക്കപ്ലാവ് മലമുകളിലുണ്ട്, 810 വര്‍ഷം പ്രായം. ഇവിടെ പ്ലാവ് കൂട്ടിയുള്ള വീട്ടുപേരുകളുടെ പ്രളയമാണ് - പൊട്ടന്‍പ്ലാവ്, തറയില്‍ പ്ലാവ്, വരിക്കപ്ലാക്കല്‍, മുണ്ടപ്ലാക്കല്‍, കൈപ്പന്‍പ്ലാക്കല്‍, ഇരട്ടപ്ലാക്കല്‍, ഒറ്റപ്ലാക്കല്‍, ചെറിയപ്ലാക്കല്‍... ഒടുവില്‍ പ്ലാത്തോട്ടം'' -ഐസക് തന്റെ പരിസരവിജ്ഞാനത്തിന്റെ കെട്ടഴിച്ചു.

മല അരയ സംഘടന പൊതുവേ നിര്‍ജീവമാണ്. പഠിച്ചവരെല്ലാം തിരുവനന്തപുരം, കൊച്ചി മുതലായ നഗരങ്ങളിലേക്കു ചേക്കേറി ഉദ്യോഗം സമ്പാദിച്ചു, വീടു വച്ചു, കാര്‍ വാങ്ങി. മക്കളെ പഠിപ്പിച്ച് ഉന്നതരാക്കി. പക്ഷേ, അവര്‍ക്കൊന്നും നാട്ടില്‍ വേരുകളില്ല. പലരും സമൂഹത്തിനു പുറത്തുനിന്നു വിവാഹം ചെയ്തു. ഐസക് ചിലരുടെ പേരുകള്‍ എടുത്തു പറഞ്ഞു. പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ ജോസ് മാത്യു കൊച്ചുവീട്ടില്‍, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജന്‍ സാമുവല്‍, ഐപിഎസിലേക്കു പ്രമോഷന്‍ ലഭിച്ച കെ.ജി. ജെയിംസ്, സാം ക്രിസ്റ്റി ഡാനിയേല്‍ എന്നിങ്ങനെ പലരും.

ഹൈന്ദവ വിഭാഗത്തില്‍ അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭയാണ് ആദ്യത്തേത്. കെ.ഐ. പരമേശ്വരന്‍ -പ്രസിഡന്റ്, റിട്ട. കൃഷി ഡയറക്ടര്‍ കെ.കെ. ശശിധരന്‍ -ജനറല്‍ സെക്രട്ടറി. അവര്‍ക്ക് ആദിയുഷസ് എന്ന പേരില്‍ ഒരു മാസികയുണ്ട്. ഐക്യ മല അരയ മഹാസഭയാണ് പുതിയത്. സി.ആര്‍. ദിലീപ്കുമാര്‍ -പ്രസിഡന്റ്, പി.കെ. സജീവ് -ജനറല്‍ സെക്രട്ടറി. 'ദി ട്രൈബ് വോയ്‌സ്' എന്നൊരു പ്രതിമാസ പത്രം അവര്‍ ഇറക്കുന്നു. രണ്ടിന്റെയും ആസ്ഥാനം അടുത്തടുത്ത് - ഒന്ന് പുഞ്ചവയലില്‍, അടുത്തത് മുരിക്കുംവയലില്‍. ഐക്യ മല അരയ മഹാസഭ മുരിക്കുംവയലില്‍ ഒരു ബഹുനില മന്ദിരത്തില്‍ എന്‍ട്രന്‍സ് അക്കാദമി നടത്തുന്നു. അവര്‍ക്ക് യുഡിഎഫ് ഗവണ്‍മെന്റ് ഒരു കോളജ് അനുവദിച്ചിട്ടുണ്ട്.

മുരിക്കുംവയലിനടുത്ത് കോസടിയിലാണ് മിഥുന്‍ സോമരാജിന്റെ വീട് ആറ്-ഏഴ് ഏക്കറില്‍ കൃഷി. അപ്പര്‍ മിഡില്‍ ക്ലാസ്. ഐക്യ മല അരയ മഹാസഭയുടെ സ്വീകരണത്തിന് മിഥുന്‍ എത്തിയതുതന്നെ അച്ഛന്‍ സോമരാജിനും അമ്മ ചന്ദ്രികയ്ക്കുമൊപ്പം സ്വയം കാറോടിച്ചാണ്. ഏക സഹോദരി മനീഷ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്നു.

ഗ്രൂപ്പുകള്‍ക്ക് അതീതനായി മല അരയര്‍ക്കിടയില്‍ ഒരു പ്രതിഭാശാലിയുണ്ട് - 'കൊച്ചരേത്തി' (കൊച്ചു അരയത്തി) എന്ന ആദ്യത്തെ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നാരായന്‍. എറണാകുളത്ത് പോസ്റ്റ് മാസ്റ്ററായിരുന്നു. 1930കളില്‍ കുഞ്ഞുപെണ്ണ് എന്ന അരയ പെണ്‍കുട്ടിയുടെ പ്രണയമാണ് ഇതിവൃത്തം. പ്രഫ. ഡോ. കാതറിന്‍ തങ്കമ്മ പുസ്തകം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. 'ദി അരയ വുമന്‍' എന്ന പേരില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ കിട്ടി. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കാനഡയിലെ കാല്‍ഗരി യൂണിവേഴ്‌സിറ്റിയുടെ സബാള്‍ടേണ്‍ സ്റ്റഡീസില്‍ അത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.എസ്. ജോസഫ് നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമാണ്. തന്റെ സംഭവ ബഹുലമായ ജീവിതത്തെപ്പറ്റി അദ്ദേഹം ആത്മകഥ എഴുത്തുടങ്ങി.

എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എം.എസ്. ജോസഫിന്റെ വഴിത്താരയില്‍ മിഥുന്‍; മല അരയര്‍ക്ക് നവവത്സര സമ്മാനം  (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക