Image

ഇനിയും എന്തെങ്കിലും വാഗ്ദാനങ്ങള്‍ ഉണ്ടോ ?(അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 29 December, 2016
ഇനിയും എന്തെങ്കിലും വാഗ്ദാനങ്ങള്‍ ഉണ്ടോ ?(അനില്‍ പെണ്ണുക്കര )
പ്രധാനമന്ത്രി ഭാരതത്തോടു പറഞ്ഞ ആ അമ്പതു ദിനങ്ങള്‍ ഇന്നലെ അവസാനിച്ചു. ഒരു കാര്യം ഉറപ്പ്. ഇന്ത്യയുടെ വളര്‍ച്ചാ പുരോഗതിയെ അന്‍പതു വര്‍ഷം പിന്നോട്ടടിപ്പിച്ചിരിക്കുകയാണ് ഉയര്‍ന്ന മൂല്യങ്ങളുള്ള നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി. ഒരു പ്രധാനമന്ത്രി തന്റെ ജനതയെ വാഗ്ദാനങ്ങള്‍കൊണ്ടു മൂടുകയും പിന്നീടു ചതിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ഇദംപ്രഥമമാണ്. നോട്ട് മരിവിപ്പിക്കലിനെത്തുടര്‍ന്നു നിരവധി തവണ വാക്കു മാറ്റിപ്പറഞ്ഞതിന്റെ ആവര്‍ത്തനമാണ് അന്‍പതു ദിവസം കഴിഞ്ഞതിനുശേഷവുമുള്ള വാക്കുമാറ്റം. ഇനി എന്തെങ്കിലും പുതിയ വാഗ്ദാനങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു വാക്കുമാറാന്‍. കറന്‍സി രഹിതസമൂഹം എന്നത് ഇതിനായി അദ്ദേഹം കണ്ടെത്തിയ വാഗ്ദാനമായിരിക്കണം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞപോലെ നൂറ്റിമുപ്പതു കോടി ജനങ്ങളുടെ ദുരിതത്തിന് ഒരാള്‍ കാരണമാകുന്നത് അത്യപൂര്‍വമാണ്. എട്ടുലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വായ്പയെടുത്ത കോടീശ്വരന്മാരെ സഹായിക്കാനും കൂടിയായിരുന്നു നോട്ട് മരവിപ്പിക്കലെന്നു രാഹുല്‍ഗാന്ധി ആരോപിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹാസംകൊണ്ടു മൂടാതെ യുക്തിഭദ്രമായ മറുപടിയാണ് സമൂഹം പ്രധാനമന്ത്രിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. സഹാറ ഡയറിയില്‍ എഴുതപ്പെട്ട അഴിമതിയെ സംബന്ധിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നു രാഹുല്‍ ഗാന്ധി ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മറുപടി പറയുന്നില്ല? ഡയറില്‍ തന്റെ പേരുണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വെല്ലുവിളിക്കും മറുപടിയില്ല. മൂല്യമുള്ള നോട്ടുകള്‍ മരവിപ്പിച്ചതിലൂടെ ഗുണം കിട്ടിയതു ബി.ജെ.പി സഹയാത്രികരായ കോടീശ്വരന്മാര്‍ക്കും ആര്‍.എസ്.എസിനുമാണ്. നോട്ട് മരവിപ്പിക്കല്‍ നടപ്പിലാകാന്‍ പോകുന്ന വിവരം നേരത്തേതന്നെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ അറിഞ്ഞതായി പറയപ്പെടുന്നുണ്ട്.

നോട്ട് മരവിപ്പിക്കലിനെ തുടര്‍ന്നു പണമുള്ള ആര്‍.എസ്.എസും പണമില്ലാത്ത സാധാരണക്കാരനുമെന്ന നിലയില്‍ ഇന്ത്യന്‍ ജനത രണ്ടായി വിഭജിക്കപ്പെട്ടു. നൂറ്റിമുപ്പതു കോടി ജനങ്ങള്‍ ഇപ്പോഴും ദുരിതക്കടല്‍ താണ്ടുകയാണ്. കോട്ടും സൂട്ടുമണിഞ്ഞ് ഒരാള്‍പോലും എ.ടി.എമ്മിനു മുന്‍പില്‍ ക്യൂ നില്‍ക്കേണ്ടി വന്നിട്ടില്ല ഈ അന്‍പതു ദിവസത്തിനുള്ളില്‍. ഇതില്‍ നിന്നുതന്നെ ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നു വ്യക്തമാണ്.

കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും ഭീകരപ്രവര്‍ത്തകരും നട്ടെല്ലൊടിഞ്ഞ് കിടപ്പാണ് നോട്ട് മരവിപ്പിക്കലിലൂടെ എന്നാണ് പ്രധാനമന്തി അവകാശപ്പെടുന്നത്. എന്നാല്‍ പുതിയ കറന്‍സികള്‍ കണ്ടമാനം കള്ളപ്പണക്കാരില്‍ നിന്ന് കണ്ടെടുക്കപ്പെടുകയും ചെയ്യുന്നു. കള്ളപ്പണമായി കറന്‍സിയായുള്ളത് ആറുശതമാനം മാത്രമാണ്. ബാക്കി 94 ശതമാനവും സ്വര്‍ണമായും ഭൂമിയിടപാടുകളിലും കള്ളപ്പണക്കാര്‍ നിക്ഷേപിച്ചിരിക്കുകയാണെന്നറിഞ്ഞിട്ടു പോലും ഈ പ്രഹസനം ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് ഇന്ത്യന്‍ ജനതയോട് ചെയ്യുന്ന ദ്രോഹമാണ്.

'അന്‍പതു ദിവസത്തിനുള്ളില്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ദുരിതം അവസാനിക്കുന്നില്ലെങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ' എന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇന്ത്യന്‍ ജനത വിശ്വസിച്ചു. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടി വരില്ലെന്നും ജനം ഉറപ്പിച്ചു. എന്നാല്‍, അന്‍പതു ദിവസം പിന്നിടുമ്പോള്‍, വാക്കുകളേ മാറ്റാന്‍ പറ്റൂവെന്നു നരേന്ദ്രമോദി ഇന്ത്യന്‍ ജനതയ്ക്കു മനസിലാക്കിക്കൊടുക്കുന്നതാണു പിന്നീട് കണ്ടത്.

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതമാണ് നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. വിനോദ സഞ്ചാരം, ഹോട്ടല്‍ വ്യവസായം, പരമ്പരാഗത അസംഘടിത തൊഴില്‍ മേഖല എന്നീ രംഗങ്ങളില്‍ തകര്‍ച്ചയാണ് നോട്ട് പിന്‍വലിക്കലിലൂടെ സംഭവിച്ചതെന്ന് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന വരുമാനത്തിന്റെ നാല്‍പത് ശതമാനവും കറന്‍സി വഴിയുള്ള ക്രയവിക്രയങ്ങളിലൂടെയാണ് ലഭിക്കുന്നത്.

ചെറുകിട വ്യാപാരം, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഗതാഗതം എന്നീ മേഖലകളിലാണ് ഇങ്ങനെ പണം കൈമാറ്റം ചെയ്യപ്പെടുന്നത്. അതെല്ലാം തകര്‍ന്നു കിടിക്കുകയാണിപ്പോള്‍. നിര്‍മാണ, കൃഷി, സംഭരണ മേഖലകള്‍ തകര്‍ന്നു കിടക്കുന്നു. വിഭവ സമാഹരണ സാധ്യതകള്‍ ഇല്ലാതായി. സംസ്ഥാനത്തിന്റെ മൊത്തം ധനകാര്യ ഇടപെടലുകളുടെ താളം തെറ്റിയിരിക്കുന്നു. കോടീശ്വരന്മാരൊഴികെ ആര്‍ക്കും ഒരു ഗുണവും ലഭിക്കാത്ത ഈ നടപടി എത്രയും പെട്ടെന്നു സര്‍ക്കാര്‍ പിന്‍വലിക്കേണ്ടിയിരിക്കുന്നു. അതായിരിക്കും ജനങ്ങളോട് ഇനിയെങ്കിലും ചെയ്യുന്ന നന്മ. 
പുതിയ വാഗ്ദാനങ്ങള്‍ ഇനിയും ജനങ്ങളുടെ മുന്‍പില്‍ നിരത്തരുത്. നാളെ ഇത് മാറ്റിപ്പറയുമെന്ന് തീര്‍ച്ചയുള്ളപ്പോള്‍ പ്രത്യേകിച്ചും.

ഇനിയും എന്തെങ്കിലും വാഗ്ദാനങ്ങള്‍ ഉണ്ടോ ?(അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക