Image

തീവണ്ടി (ചെറുകഥ-ഡോ. ഈ. എം. പൂമൊട്ടില്‍)

ഡോ. ഈ. എം. പൂമൊട്ടില്‍ Published on 28 December, 2016
തീവണ്ടി (ചെറുകഥ-ഡോ. ഈ. എം. പൂമൊട്ടില്‍)
പതിവുപോലെ സ്‌കൂള്‍ വിട്ടതും അപ്പുക്കുട്ടന്‍ സമയം ഒട്ടും പാഴാക്കാതെ റെയില്‍പാത മറികടന്ന് ഷോര്‍ട്ട്കട്ട് വഴിയിലൂടെ നേരേ ലാസര്‍ മുതലാളിയുടെ കടയിലേക്ക് ഓടി. ഭാരമേറിയ സ്‌കൂള്‍ ബാഗ് അവിടെ വച്ചിട്ട് മറ്റൊരു ഭാരം തോളിലേറ്റുകയായി - സായാഹ്നപത്രത്തിന്റെ വലിയ ഒരു കെട്ട്! പത്രകെട്ടും ചുമന്നികൊണ്ട് പട്ടണത്തിലെ വീഥികള്‍ തോറും നടക്കുമ്പോള്‍ പത്ത് വയസ്സുകാരനായ ആ പിഞ്ചു ബാലന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു: 'സായാഹ്നപത്രം വേണോ, സായാഹ്നപത്രം, നല്ല ചൂടുള്ള വാര്‍ത്തകള്‍ നിറഞ്ഞ പത്രം, പത്രം വേണോ, പത്രം.' തിരക്കേറിയ മുന്‍സിപ്പാലിറ്റി ഓഫീസ് ചുറ്റുപാടും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും എല്ലാം ചുറ്റിക്കറങ്ങി പത്രങ്ങള്‍ മുഴുവന്‍ വിറ്റതിനുശേഷമെ വീട്ടിലേക്കു മടങ്ങൂ എന്നതായിരുന്നു അപ്പുക്കുട്ടന്റെ പതിവ്.

വീട്ടിലായാലും സ്‌കൂളിലായാലും അപ്പുക്കുട്ടന് ചങ്ങാതിമാര്‍ നന്നേ കുറവായിരുന്നു. തീവണ്ടികളായിരുന്നു തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍. ഉച്ചത്തില്‍ ചൂളം വിളിച്ചുകൊണ്ടു ചീറിപ്പായുന്ന അവയെ നോക്കിനില്‍ക്കുന്നത് അവന്റെ വിനോദമായിരുന്നു. റെയില്‍ പാതയ്ക്കു സമീപമുള്ള താമസം അതിനോടു ചേര്‍ന്നുള്ള നടപ്പാതയിലൂടെ എന്നും സ്‌കൂളിലേക്കുള്ള ദീര്‍ഘദൂര നടത്തവും ആയിരിക്കാം ആ ചെറുമനസ്സിനെ ഇപ്രകാരം സ്വാധീനിച്ചത്.

അപ്പുക്കുട്ടന് ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയെ ഉപേക്ഷിച്ചിട്ടുപോയ അച്ഛന്‍ എവിടെയുണ്ടെന്ന് അമ്മയ്ക്കുപോലും ശരിയായ അറിവില്ല. ഇതെപ്പറ്റി അവന്‍ ഇതുവരെ യാതൊന്നും അമ്മയോടു ചോദിച്ചിട്ടില്ല. കഠിനമായ വലിവു രോഗത്താല്‍ വലയുന്ന അമ്മയുടെയും അഞ്ചുവയസ്സുകാരിയായ കുഞ്ഞുപെങ്ങളുടെയും സംരക്ഷണം ഈ ചെറു ബലനെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണ പോരാട്ടമായി മാറി ക്കഴിഞ്ഞിരുന്നു പത്ര ഏജന്റായ ലാസര്‍ മുതലാളിയുടെ കീഴില്‍ രാവിലെയു വൈകീട്ടും മുടങ്ങാതെ ചെയ്തുവരുന്ന പത്ര വിതരണം മാത്രമായിരുന്നു അപ്പുക്കുട്ടന്റെ മുമ്പില്‍ തുറന്നു കിട്ടിയ ഏക വരുമാനമാര്‍ഗ്ഗം.

പത്രം നന്നായിവിറ്റഴിയുന്നതിന് അതതു ദിവസത്തെ പ്രധാന വാര്‍ത്ത ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്നുത് അപ്പുക്കുട്ടന്റെ രീതിയായിരുന്നു. ഒരമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് പതിനൊന്നുമണിയുടെ എക്‌സ്പ്രസ്സ് ട്രയിനിനു മുമ്പില്‍ ചാടിയ സംഭവമായിരുന്നു അന്നത്തെ തലക്കെട്ടുവാര്‍ത്ത, അമ്മ അപ്പോള്‍ തന്നെ മരിച്ചു. ഭാഗ്യവശാല്‍ കുഞ്ഞ് ഗുരുതരമല്ലാത്ത പരുക്കുകളോടെ രക്ഷപ്പെട്ടു; ജില്ലാ ആശുപത്രിയില്‍ കഴിയുന്നു. 

അമ്മയെയും കുഞ്ഞിനെയും ആരും ഇതുവരെ തിരച്ചറിഞ്ഞിട്ടില്ല. പത്രം പകുതിയിലേറെ വിറ്റതിനുശേഷം അമ്പലമുറ്റത്തെ ആല്‍ത്തറയില്‍ ഇരുന്നു വിശ്രമിക്കുമ്പോഴാണ് അപ്പുക്കുട്ടന്‍ അന്നത്തെ പ്രധാന വാര്‍ത്തയുടെ വിശദാംശങ്ങള്‍ ശ്രദ്ധിക്കുന്നത്. പത്രത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയു ഫോട്ടോ കണ്ടു. അമ്മയുടെ മുഖം തിരിച്ചറിയാന്‍ പറ്റാത്തവണ്ണം വികൃതമായിരുന്നു. കുഞ്ഞിന്റെ പടത്തിലേക്കു കണ്ണുകള്‍ പതിച്ചതും അവന്‍ ഞെട്ടി; തന്റെ കുഞ്ഞുപെങ്ങള്‍ രാജിമോള്‍! ഈശ്വരാ, രാവിലെ സന്തോഷത്തോടെ തന്നെ സ്‌കൂളിലേക്കയച്ച പ്രിയപ്പെട്ട അമ്മ ഇങ്ങനെ ചെയ്തുകളഞ്ഞല്ലോ! പതിവില്ലാതെ തലേദിവസം രാത്രിയില്‍ അമ്മ തന്നോട് അച്ഛനെക്കുറിച്ചും അച്ഛന്‍ പിണങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ചും ആദ്യമായി സംസാരിച്ചത് അവന്‍ ഔര്‍ത്തു. 

'മോനേ, എല്ലാം അച്ഛന്‍ അമ്മയെ തെറ്റിദ്ധരിച്ചതിനാല്‍ സംഭവിച്ചതാണ്, എന്നെങ്കിലും മോന്‍ അച്ഛനെ കണ്ടുമുട്ടിയാല്‍ അമ്മ അച്ഛനെ മാത്രമെ സ്‌നേഹിച്ചിട്ടുള്ളു എന്നു സത്യം ചെയ്തു പറഞ്ഞതായി അറിയിക്കാമോ' അവന്‍ ചിന്തിച്ചു. 'മോനേ, ഇത്ര കുഞ്ഞിലെ നിനക്കൊരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റേണ്ടി വന്നല്ലോ' എന്നു കൂടെ ക്കൂടെ പറയുന്ന അമ്മയുടെ രൂപം മനസ്സില്‍ മായാതെ തെളിഞ്ഞു നിന്നു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഒരു നിമിഷത്തേയ്ക്ക് അവന്‍ ആകെ തളര്‍ത്തുപോയെങ്കിലും പെട്ടെന്ന് എവിടെ നിന്നോ ആരോ അവന് അസാധാരാണമായ ധൈര്യവും ബലവും നല്‍കുന്നതായി അനുഭവപ്പെട്ടു. ഒരു തീവണ്ടി എഞ്ചിന്‍ ഹൃദയത്തിനുള്ളിലേക്കു കടന്ന് അതിന്റെ ശക്തി മുഴുവന്‍ ശരീരത്തിനു പകര്‍ന്നുകൊടുക്കുന്നതു പോലെ ഒരു തോന്നല്‍! പത്രക്കെട്ടും എടുത്ത് അവന്‍ പൂര്‍വ്വാധികം ഉന്മേഷത്തോടെ മുമ്പോട്ടു നടക്കുവാന്‍ തുടങ്ങിയതും പിമ്പില്‍ നിന്നൊരു വിളികേട്ടു: 'എടാ അപ്പുക്കുട്ടാ, നീ അവിടൊന്നു നിന്നേ, നിന്നോടൊരു കാര്യം പറയാനുണ്ട്; നിന്നെ തിരക്കി ഞാന്‍ എവിടെല്ലാം നടന്നുവെന്നറിയാമോ!' 

അയല്‍വാസിയും അമ്മയുടെ ഒരകന്ന ബന്ധുവുമായ ഗോവിന്ദേട്ടനായിരുന്നു അത്. തന്നെ അവഗണിച്ചുകൊണ്ടു മുമ്പോട്ടു നടന്നകലുന്ന അപ്പുക്കുട്ടനെ അയാള്‍ വീണ്ടും ഉറക്കെ വിളിച്ചു: 'എടാ വിഷമമുള്ള ഒരു സംഭവം നടന്നു; എല്ലാം പറയാം; വാ, നമുക്കു വീട്ടിലേക്കു പോകാം.' ഒരു ഭ്രാന്തനെപ്പോലെ അവന്‍ മറുപടി നല്‍കി: 'വേണ്ടാ, എനിക്കൊന്നും ഇപ്പോള്‍ കേള്‍ക്കണ്ടാ, എനിക്കിപ്പോള്‍ വീട്ടിലേക്കു വരികയും വേണ്ടാ.' പിന്നെയു തന്നെ പിന്‍തുടര്‍ന്നുകൊണ്ടിരുന്ന ഗോവിന്ദേട്ടനോടവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 'എല്ലാം ഞാനറിഞ്ഞു; ഈ പത്രത്തി അതെല്ലാം ഉണ്ട്. ഇതു മുഴുവന്‍ വിറ്റു തീരാതെ ഞാന്‍ വീട്ടിലേക്ക് വരില്ല; അമ്മ പോയെങ്കിലും എന്റെ കുഞ്ഞുപെങ്ങള്‍ക്കുവേണ്ടി എനിക്കു ജീവിക്കണം.' 

പത്രക്കെട്ടുമായി മുമ്പോട്ടു നടക്കുമ്പോള്‍ ആ ബാലന്‍ വീണ്ടും വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 'സായാഹ്നപത്രം വേണോ, സായാഹ്നപത്രം, ഒരമ്മ സ്വന്തം കുഞിനെയും കൊണ്ട് തീവണ്ടിക്കു മുമ്പില്‍ ചാടിയ സംഭവം; ചൂടുള്ള വാര്‍ത്ത നിറഞ്ഞ പത്രം വേണൊ, പത്രം!'

ഉച്ചമുതല്‍ ആകാശത്തു കുമിഞ്ഞുകൂടിയ കാര്‍മേഘ പാളികള്‍ അപ്പോഴേക്കും മഴത്തുള്ളികളായി ഭൂമിയില്‍ വീണു തുടങ്ങിയിരുന്നു. കോരിച്ചോരിയുന്ന പേമാരിയെയും അവഗണിച്ച് പതിവു കടകള്‍ ഒന്നൊന്നായി അവന്‍ കയറിയിറങ്ങി. ഭാഗ്യദോഷിയായ ആ ബാലന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണീര്‍ തുള്ളികള്‍ വീണു പത്രം കുതിര്‍ന്നു പോകാതിരിക്കാന്‍ ആ പാവം അപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു!

Dr. Easow Mathew, New York
emathew59@yahoo.com

Join WhatsApp News
Moothappan 2016-12-28 07:56:14
Story is short. Theme godly love, sacrifice, courage. Who will not read it, thought provocative
TRAIN of LIFE. 

mathew v zacharia 2016-12-28 11:06:20
reminds of my drama and the best actor award from St. Aloysius High School Edathua, in 1961. The character I acted reminds me Appukuttan.
A great story .
Mathew V. Zacharia. New york 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക