Image

പ്രിയദേ.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 19 December, 2016
പ്രിയദേ.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ശശാങ്ക കിരണസമാനമാണുസ്‌മേരം സഖേ,
വിശാല ഹൃദയവായ്പാണതിലേറെ സുന്ദരം
ചാരുപ്രശംസയല്ലിതെന്നുള്‍ത്തുടിപ്പാം സ്വരം
വിശ്വസിച്ചീടുകയമലേ, യിതാണാപ്തവാക്യം.

മധുവാര്‍ന്ന ചൊടികളെന്നകതാരുലച്ചിടാതെ,
നുകരാനുണര്‍ത്തുന്നതറിയുന്നിതോമലാളെ
കുളിരിളം തെന്നലായണയു നീ പ്രേമകാവ്യേ,
നിളപോലൊഴുകീടുമേഴുവര്‍ണ്ണങ്ങള്‍ നാളെ.

നവലോകമിനി, നിനക്കേകീടുമേറെ സൗഖ്യം
ഉണരുമീ മലരിലായെഴുതുനിന്‍ സൗമ്യശീലം
പരിലസിച്ചീടട്ടെയവനിയില്‍ സ്‌നേഹസൂനം
പരിമളംതൂകിടുന്നിന്നുനിന്‍ സ്മരണപോലും.

മിഴിനനയ്ക്കുന്നു താരുണ്യമേ, നിന്‍നിരാസം
ഹര്‍ഷമേകില്ലകമെ വര്‍ഷമേ, നിന്‍പ്രവാസം
ഊഷരമാക്കരുതാര്‍ദ്രകാലമേ; മല്‍ജീവിതം
വന്നുചേര്‍ന്നീടുനീ,യോതിടാമെന്‍സ്വാഗതം.

ശാലീനരൂപിണീ തവസ്വപ്നമെന്‍ നഭസ്സായ്
നിവരുന്നകമെയിന്നേഴേഴു വര്‍ണ്ണങ്ങളായ്
തൂമലര്‍ത്താലങ്ങളേന്തുംഋതുക്കളൊന്നായ്
പുലരിത്തുടിപ്പായിമാറുമെങ്കില്‍ നമുക്കായ്.

നിനക്കായി സ്പന്ദിച്ചിടുന്നിതാ മല്‍ഹൃദന്തം
വന്നുനിറയുന്നു,കനവിലെന്‍പ്രിയസുഗന്ധം
നിന്മനോസ്‌മേരംപകര്‍ത്തുവാനായ് ദിഗന്തം
തെളിക്കുന്നുവാനമെന്നകമെന്നപോലെമന്ദം.

തെല്ലുമില്ലുഷ്ണമെന്നോതിടുന്നിന്നു കാലം
ശീതളമാക്കുന്നു സൗമ്യതേ, നിന്‍കപോലം
പുനര്‍രചിച്ചീടുന്നു;യമുനതന്നാര്‍ദ്രചിത്തം
സ്‌നേഹവര്‍ണ്ണങ്ങളാല്‍താജിന്റെ രമ്യചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക