Image

കെഎസ്ആര്‍ടിസി: ശമ്പളം വൈകും; വായ്പയ്ക്കായി ശ്രമം തുടരുന്നു

Published on 08 December, 2016
കെഎസ്ആര്‍ടിസി: ശമ്പളം വൈകും; വായ്പയ്ക്കായി ശ്രമം തുടരുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകും. 100 കോടി രൂപ വായ്പ എടുക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ തുടരുകയാണ്. കനറ ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണ ആകാത്തതിനാല്‍ കെഎസ്ആര്‍ടിസി ഫെഡറല്‍ ബാങ്കിനെ സമീപിച്ചു. ഇവരും വായ്പ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല. 

എട്ടാം തീയതി ആയിട്ടും ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പളം ലഭിക്കാത്തതോടെ ജീവനക്കാര്‍ സമര പരിപാടികളും ആരംഭിച്ചിട്ടുണ്ട്. യൂണിയനുകളുടെ അടിസ്ഥാനത്തില്‍ ഇന്നു കരിദിനാചരണവും ഡിപ്പോകള്‍ക്കു മുമ്പില്‍ ധര്‍ണയും നടത്തും. വായ്പ ലഭിച്ചാല്‍ മാത്രമേ ശമ്പളം നല്‍കുന്ന കാര്യത്തിലും പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകുവെന്ന അവസ്ഥയാണ്. ശമ്പളം ഉടന്‍ നല്‍കാനുള്ള തീവ്രശ്രമത്തിലാണെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. ഇതിനിടെ കൂനില്‍മേല്‍ കുരുവെന്ന നിലയില്‍ ഡീസല്‍ വാങ്ങിയ കുടിശിക 125 കോടി ആയതോടെ വിതരണം നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയിട്ടുണ്ട്. ശമ്പള വിതരണം പൂര്‍ത്തിയായാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചനയുണ്ടാകു. നോട്ടു പിന്‍വലിക്കല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും കാര്യമായ കുറവു വരുത്തിയിട്ടുണ്ട്. ശമ്പളം വിതരണം മുടങ്ങിയെങ്കിലും പ്രതിസന്ധി മനസിലാക്കി സര്‍വീസ് മുടക്കിയുള്ള സമരത്തിന് തത്കാലമില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. വായ്പ ലഭിക്കുന്നതിനായി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഇന്നു കനറ ബാങ്കിന്റേയും ഫെഡറല്‍ ബാങ്കിന്റേയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലും ഇടപെടലുകള്‍ നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക