Image

സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് റിസര്‍വ് ബാങ്ക്

Published on 08 December, 2016
സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: പ്രതീക്ഷകള്‍ക്കു വിപരീതമായി നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് ആഘാതം നല്‍കിക്കൊണ്ട് സാമ്പത്തികവളര്‍ച്ച കുറയുമെന്നു പ്രഖ്യാപിച്ചു. നേരത്തേ 7.6 ശതമാനം പ്രതീക്ഷിച്ചിരുന്ന സാമ്പത്തികവളര്‍ച്ച 7.1 ശതമാനമേ ആകൂ എന്നാണു പുതിയ വിലയിരുത്തല്‍.

മാര്‍ച്ചോടെ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിലേക്കു കയറുമെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. കറന്‍സികള്‍ റദ്ദാക്കിയ ശേഷമുള്ള ആദ്യ പണനയ അവലോകനമായിരുന്നു ഇത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റിട്ടും പണനയ കമ്മിറ്റി (എംപിസി) നിലവില്‍ വന്നിട്ടുമുള്ള രണ്ടാമത്തേതുമായിരുന്നു ഇത്. പലിശ കുറയ്ക്കും എന്നു പരക്കെ പ്രതീക്ഷ ഉണ്ടായിരുന്നു. കറന്‍സി റദ്ദാക്കല്‍ മൂലമുള്ള സാമ്പത്തിക കുഴപ്പത്തിനിടെ മൂലധന നിക്ഷേപം കൂട്ടാനും വ്യക്തികള്‍ ഉപഭോഗം വര്‍ധിപ്പിക്കാനും അതു സഹായിക്കുമെന്നാണു കരുതിയത്. പക്ഷേ, പെട്രോളിയം വില കൂടുന്നതും കറന്‍സിക്ഷാമം മൂലമുള്ള പ്രശ്‌നങ്ങളും ഉപഭോക്തൃ (ചില്ലറ) വിലക്കയറ്റം വര്‍ധിപ്പിക്കും എന്നു പണനയകമ്മിറ്റി വിലയിരുത്തി. അതിനാല്‍ റീപോ, റിവേഴ്‌സ് റീപോ എന്നീ നിര്‍ണായക പലിശനിരക്കുകള്‍ മാറ്റിയില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക