Image

എന്റെ ഗ്രാമം രക്തസാക്ഷികളുടെ നാട്: കൂത്താട്ടുകുളം (പി. ടി. പൗലോസ്)

Published on 07 December, 2016
എന്റെ ഗ്രാമം രക്തസാക്ഷികളുടെ നാട്: കൂത്താട്ടുകുളം (പി. ടി. പൗലോസ്)
എ. കെ. ജി. തന്റെ ആത്മകഥയില്‍ രക്ത സാക്ഷികളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ "രക്ത സാക്ഷികളുടെ നാട്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമാണ് കൂത്താട്ടുകുളം ഇപ്പോള്‍ മുന്‍സിപ്പാലിറ്റി . 1930 കളുടെ അവസാനത്തിലും 40 കളുടെ ആരംഭത്തിലും state congress പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമായിരുന്നു കൂത്താട്ടുകുളം .

ഉത്തരവാദഭരണ പ്രഷോഭത്തിന്റെ അലകള്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അടയാത്ത
അധ്യായമാണ്. സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള കൂത്താട്ടുകുളത്തിന്റെ സുദീര്‍ഘമായ രാഷ്ട്രീയ ചരിത്രത്തില്‍ വിവിധ ലോക്കപ്പുകളിലും ജയിലറകളിലും കിടന്ന് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ ദേശാഭിമാനികളായ യുവരക്തസാക്ഷികള്‍ : ചൊള്ളമ്പേല്‍
പിള്ള , മണ്ണത്തൂര്‍ വര്‍ഗീസ് , തിരുമാറാടി രാമകൃഷ്ണന്‍ , പാമ്പാക്കുട അയ്യപ്പന്‍ എന്നിവര്‍ അവിസ്മരണീയരാണ്. ഏറ്റവും കൂടുതല്‍ സ്വാതന്ത്രസമര സേനാനികളെ ഭാരതത്തിന് സംഭാവന ചെയ്ത ഗ്രാമവും കൂത്താട്ടുകുളം തന്നെ.

കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലബാറിലെ വടകരയില്‍ നിന്നുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ വിശ്രമിച്ച സ്ഥലം വടകരയും അവിടെ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകര പള്ളിയുമായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രചിച്ച വടകര പള്ളിയിലെ ചുമര്‍ ചിത്രങ്ങള്‍ കാല്പനിക സൗന്ദര്യാവിഷ്ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്.

വില്ലാളി വീരനായ അര്‍ജുനന്‍ പാശുപതാസ്ത്രത്തിനു വേണ്ടി തപസ്സനുഷ്ഠിച്ച അര്‍ജുനന്‍മല , ജൈന പാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോള്‍ ശ്രീധരീയം ), കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശില്പങ്ങള്‍ , തീര്‍ത്ഥാടകരുടെ ആകര്‍ഷണകേന്ദ്രമായ ആയിരം തിരികള്‍ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹായുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹ്രദയ ദേവാലയം, ഒന്നര നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാര്‍ഷികസംസ്കാരത്തിന്റെ അടയാളമായ കാക്കൂര്‍ കാളവയല്‍, 1865 നോടടുത്തു ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്തു ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത , മുന്‍രാഷ്ടപതി കെ. ആര്‍. നാരായണന്‍, കമ്മ്യൂണിസ്റ്റ് നേതാവും കേരള ൃല്‌ലിൗല മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി. ജെ. തോമസ്, എന്നീ ഉന്നത വ്യക്തികള്‍ പഠിച്ച വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍, അന്‍പതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ രൂപംകൊണ്ട നവജീവന്‍ ആര്‍ട്‌സ് ക്ലബ് എന്ന നാടക സമിതി, ദേശപ്പഴമയുടെ അടയാളമായി പ്രകൃതി സ്‌നേഹികളുടെ മനം കുളിര്‍പ്പിക്കുന്ന 200 ലേറെ വന്മരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീകോവിലില്‍ വനദുര്‍ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോണ്‍സായ് മാതൃകയിലുള്ള ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പ വൃക്ഷവും കാവിനെ തഴുകിയൊഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു .

കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രത്തില്‍ മാര്‍ഷല്‍, കൈമ, സ്പാര്‍ട്ടന്‍സ് എന്നീ പ്രാദേശിക ഫുട്‌ബോള്‍ ടീമുകളെ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളില്‍ കൂത്താട്ടകുളത് അഖിലേന്ത്യ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നു എന്ന് പറയാതിരുന്നാല്‍ കൂത്താട്ടുകുളത്തിന്റെ കായിക ചരിത്രം പൂര്‍ണ്ണമാകുന്നില്ല . chakkappan മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള അഖിലേന്ത്യ വോളീബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്രാ പോലീസ്, FACT , EME സെന്‍ട്രല്‍ സെക്കന്‍ഡറാബാദ് എന്നിവരായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകള്‍.

ചങ്ങമ്പുഴയുടെ "രക്തപുഷ്പങ്ങള്‍" എന്ന കൃതിക്ക് അവതാരികയെഴുതിത് ഒരു കൂത്താട്ടുകുളം കാരനാണ് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കുകയില്ല. എന്നാല്‍ അത് കൂത്താട്ടുകുളം വടകര സ്വദേശിയും പണ്ഡിതനും വാഗ്മിയും സാഹിത്യപ്രതിഭയുമായിരുന്ന Rev Dr എബ്രഹാം വടക്കേല്‍ ആയിരുന്നു. മലയാള നാടക സങ്കല്‍പ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തന്‍ ദിശാബോധം നല്‍കിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരി ജോണ്‍ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള ൃല്‌ലിൗല മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ നേരവകാശികളില്‍ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സില്‍ അദ്ധ്യാത്മികവിശുദ്ധിയുടെ പൊന്‍കിരണങ്ങള്‍ തൂകിയ കവയിത്രി സിസ്റ്റര്‍ ബനീഞ്ഞ എന്ന മേരിജോണ്‍ തോട്ടം, പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുര്‍വേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എന്‍. വാസുദേവന്‍ നമ്പൂതിരി, നാടക സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എന്‍. എസ് . ഇട്ടന്‍ , പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോണ്‍, എം. ജെ. ജോണ്‍ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാല്‍പ്പാടുകള്‍ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകള്‍ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ങഘഅ യും മുന്‍കേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്‌സണ്‍ ജോസഫ്, സിനിമ സംവിധായകന്‍ ജിത്തു ജോസഫ്, സിനിമ സീരിയല്‍ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വര്‍ഗീസ്, ബിന്ദു രാമകൃഷ്ണന്‍ എന്നീ ഇളംതലമുറക്കാര്‍ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
Join WhatsApp News
SREEKUMAR PURUSHOTHAMAN 2016-12-08 12:48:29
എന്റെ നാടിനെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു .. പലരും പരിചിത മുഖങ്ങൾ .. പലതും പരിചിത സ്ഥലങ്ങൾ ... ആശംസകൾ ശ്രീ,പൗലോസ് ..
സന്തോഷ് 2016-12-08 20:16:23
പെരുമ്പടവം,

ഓണക്കൂര്‍,

എംകെ ഹരികുമാര്‍

എന്നിവരെയും ഉള്‍പ്പെടുത്താം


സന്തോഷ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക