Image

ജനകീയ ആയ ഏകാധിപതി (ജോസ് കാടാപുറം)

Published on 07 December, 2016
ജനകീയ ആയ ഏകാധിപതി (ജോസ് കാടാപുറം)
ഏകാധിപത്യ നിലപാടുകള്‍, വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയം, അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും കരിനിഴലുകള്‍ അങ്ങനെ വിയോജിക്കാന്‍ ഏറെ ഉണ്ടാകാം ജയലളിത എന്ന ഭരണാധികാരിയോട്. പക്ഷേ അതിനൊക്കെ അപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തരത്തിലേക്ക് ദക്ഷിണ ഇന്ത്യയിലെ ഒരു വ്യക്തി, സ്ത്രീ എന്ന് സമൂഹം കല്‍പ്പിക്കുന്ന ഒരു പരിമിതിയും ഇല്ലാതെ വളരുക എന്നത് നിസ്സാരമായ കാര്യമല്ല.

ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്ത്യയില്‍ എത്രമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും, അതിന്റെ സാദ്ധ്യതകള്‍ എന്തൊക്കെ ആണെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന് കാട്ടികൊടുത്തത് അവരായിരുന്നു. ഓരോ വീഴ്ചകളില്‍ നിന്നും, അതിന്റെ പതിന്മടങ്ങ് ശക്തിയോടെ തിരിച്ച് വന്ന് ഒരു ജനതയുടെ അനിഷേധ്യ നേതാവായി മാറുക എന്നത് അസാമാന്യമായ ചങ്കൂറ്റം തന്നെ.

തമിഴ്‌നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ വികാരമായി, അവരുടെ അമ്മയായി, അവരുടെ നിത്യജീവിതത്തിലെ പലതിലും സാന്നിധ്യമായി ജയലളിത എന്ന ഭരണാധികാരിക്ക് മാറുവാന്‍ കഴിഞ്ഞു എന്നത് കൊണ്ട് തന്നെ ആണ് ഒരു ഭരണാധികാരിയുടെ മരണത്തെ ഒരു ജനത ഇത്ര വൈകാരികതയോടെ കാണുന്നത്. ആ വൈകാരികതയെ നമുക്ക് പരിഹസിക്കാം, വിവരമില്ലാത്ത പാണ്ടികള്‍ എന്ന് വിളിച്ചു കൂവാം, അവരുടെ രക്തത്തില്‍ ഈ മനോഭാവം അലിഞ്ഞു ചേര്‍ന്നതാണെന്ന് ചരിത്രത്തില്‍ നിന്നും ഉദാഹരിച്ചു താത്വികമായി പറയാം.

പക്ഷേ ഇതൊക്കെ പറയുമ്പോഴും അതിനൊക്കെ അപ്പുറം എങ്ങനെ ഒരാള്‍ ഇങ്ങനെ മനുഷ്യ മനസ്സുകളെ കീഴടക്കി എന്നത് ഇനിയും രാഷ്ട്രീയ വിദഗ്ദ്ധര്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. വ്യക്തി അധിഷ്ഠിത രാഷ്ട്രീയത്തിന് എന്ത് സംഭവിക്കും എന്നതും നാം കാത്തിരുന്നു കാണേണ്ട കാര്യമാണ്.മലയാളി മനസ് കൊണ്ട് അളക്കാനാവുന്നതല്ല തമിഴ് വികാരം. തമിഴന്‍ അവരുടെ നേതാവിന്റെ ജീവനു വേണ്ടി കേഴുമ്പോള്‍ മറ്റു ഭരണാധിപന്മാര്‍ എത്ര ദരിദ്രരെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചെപ്പടി വിദ്യകൊണ്ട് കുറച്ച് കാലം ജനതയെ പറ്റിക്കാം, എക്കാലവും അവരുടെ മനസില്‍ നിലനില്‍ക്കണമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.. മറ്റൊന്ന് ഒരു തമിഴ് കോടീശ്വരന്‍ കായ സഞ്ചിയും തൂക്കി തെരുവിലൂടെ നടക്കുന്നത് കാണാം, എന്നാല്‍ മലയാളിയോ.മഹാ പൊങ്ങച്ചങ്ങുളുടെ കോട്ടും സ്യൂട്ടും പിന്നെ തന്‍ പ്രമാണിത്തത്തിന്റെ നീണ്ട നാക്കും .

നമുക്ക് തമിഴരില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്..ദ്രാവിഡ കുലത്തിലെങ്കിലും മലയാളിയായ എംജിആറിനേയും കന്നടകാരിയായ ജയലളിതയേയും തമിഴകത്തിന്റെ സ്വന്തം അണ്ണായ്ക്ക് തുല്യം സ്‌നേഹിച്ച തമിഴക മനസ്സ് മലയാളി പൊങ്ങച്ചങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും പ്രയാസം തന്നെ. ഇതിലും വലിയ ദേശീയതയൊന്നും തമിഴകത്തെ പഠിപ്പിക്കാനായ് ആരും തൂലികയെടുക്കേണ്ടതില്ല എന്നാണ് തോന്നുന്നത്. ദ്രാവിഡ മനസ്സിന്റെ നിഷ്‌കളങ്കത ആക്ഷേപിക്കപെടാനുള്ളതല്ല.

ജനങ്ങളെ ദ്രോഹിക്കാനുള്ളതല്ല സ്‌നേഹിക്കാനുള്ളതാണ് ഭരണം എന്ന തിരിച്ചറിവാണ് ഭരണകൂടങ്ങള്‍ക്ക് വേണ്ടതെന്ന് പുരൈട്ച്ചി തലൈവി ജയലളിത ഓര്‍മ്മിപ്പിക്കുന്നുപക്ഷേ, തമിഴ് നാട്ടില്‍ ഭിക്ഷ മാത്രമല്ല നടന്നത്, അവിടെ തൊഴിലവസരങ്ങള്‍ ഗണ്യമായ് വര്‍ദ്ധിക്കുന്ന രീതിയില്‍ അത്ഭുതാവഹമായ ഭൌതിക പുരോഗതിയും ഉണ്ടായി.

അതുകൊണ്ടാണ് 5 വര്‍ഷം മുമ്പ് വരെ കേരളത്തില്‍ തൊഴിലാളികളായ് എത്തിയ തമിഴ് ജനത തിരിച്ചു പോയതും ബംഗാളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടമായ് അവിടേക്ക് എത്തിച്ചേര്‍ന്നതും. 10 വര്‍ഷം മുമ്പുണ്ടായിരുന്ന തമിഴ് നാടേ അല്ല ഇപ്പോള്‍. ജീവിത, ആരോഗ്യ സൂചികകളിലും അവര്‍ കേരളത്തിന് തൊട്ടടുത്തായി നില്‍ക്കുന്നു..പാവപ്പെട്ടവര്‍ , ഏഴൈകള്‍ എന്ന വാക്ക് മിക്കവാറും എല്ലാ കക്ഷി രാഷ്ട്രീയ നേതാക്കളും പ്രസംഗിക്കുമ്പോള്‍ പോലും പ്രയോഗത്തില്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ശാശ്വത പരിഹാരം എന്നനിലയില്‍ ഒരു പദ്ധതികളും മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല.

വളരെ പ്രസിദ്ധമായ ഒരു ചൈനീസ് ചൊല്ലുണ്ട്. 'You give a poor man a fish and you feed him for a day. You teach him to fish and you give him an occupation that will feed him for a lifetime.' അമ്മപ്രോഡക്ടസ് പോലെത്തെ ഒരു സ്മാള്‍ സ്‌കെയില്‍ പ്രൊജക്റ്റ്

ഇത്തരത്തിലൊരു പദ്ധതി ഏതെങ്കിലും രാഷ്ട്രീയനേതാക്കള്‍ ഭരണത്തില്‍ ഇരുന്നുകൊണ്ട് നടത്തുന്നുണ്ട് എങ്കില്‍ അതൊരു വലിയ ചലനമായിരിക്കും സൃഷ്ടിക്കുക.

അതെ സമയം ഔദാര്യവും ഭിക്ഷയുമാണ് നല്‍കാന്‍ ശ്രമിക്കുന്നതെങ്കില്‍ ആ സമൂഹത്തിലെ വ്യക്തികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായെന്നു വരില്ല. ഔദാര്യവും ഭിക്ഷയും നല്കുന്നവരോട് സ്‌നേഹം തോന്നാമെങ്കിലും അതൊരു മഹത്തായ ശാശ്വത പരിഹാരമായി വരില്ല.

ഒരു സമൂഹം ശരിയായ അര്‍ത്ഥത്തില്‍ വളരാനുള്ള ഏറ്റവും മുഖ്യമായ പ്രവര്‍ത്തനം ആ സമൂഹം എത്രമാത്രം സ്വതന്ത്രമായി വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നു എന്നതും അതിനുള്ള അവസരങ്ങള്‍ ആ സമൂഹത്തില്‍ എത്രമാത്രമുണ്ടെന്നും അതിലൂടെ തങ്ങളുടെ ഉയര്‍ന്ന അറിവുകള്‍ എത്രമാത്രം സ്വതന്ത്രമായും ശാസ്ത്രീയമായും പ്രയോഗിക്കാന്‍ കഴിയുമെന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.

കൂടാതെ കൃഷി, ഭക്ഷണം ആരോഗ്യപരിപാലനം എന്നിവ നടത്തിയെടുക്കാന്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ സാമ്പത്തികവും ശാരീരികവും ലിംഗവ്യത്യാസവും ഒന്നുമില്ലാതെ എത്രമാത്രം ഉയര്‍ന്നു വന്നിരിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തണം.

രാഷ്ട്രീയങ്ങള്‍ക്കു ഒരു സമൂഹത്തെ ഈവിധം ഉയര്‍ത്താനുള്ള പദ്ധതികള്‍ ഇല്ലായെങ്കില്‍ അവര്‍ എത്രമാത്രം ഭിക്ഷ നല്‍കാന്‍ ശ്രമിച്ചാലും പാവങ്ങള്‍ അഥവാ ദാരിദ്ര്യം ഒരിക്കലും ആ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ കഴിയില്ല. അവിടെ എല്ലാവിധത്തിലുമുള്ള ചൂഷണം അനുനിമിഷം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ജനാധിപത്യവും സോഷ്യലിസവും ഏട്ടിലെ പശുവായി തുടരുകയും ചെയ്യും.

ലഭിച്ചുകൊണ്ടിരുന്ന ഭിക്ഷ ഒരു നേതാവ് പോകുന്നതോടെ കടുത്ത വേദനയോടെ കാണുകയും ഇനി അടുത്ത നേതാവിന്റെ വരവും കാത്തു ഈ പാവങ്ങളായ ഭിക്ഷക്കാര്‍ വീണ്ടും കാതോര്‍ത്തിരിക്കും.

ഇന്ത്യയില്‍ത്തന്നെ സൗജന്യമായി ഭക്ഷണം നിത്യേന കൊടുത്തുകൊണ്ടിരിക്കുന്ന ദേവാലയങ്ങള്‍ ഉണ്ട്, സൗജന്യമായി വീടും പഠിക്കാനുള്ള പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന ആത്മീയ നേതാക്കളും ഉണ്ട്. പക്ഷെ അതൊന്നും തന്നെയും സാമൂഹ്യമായ ഒരു ശാശ്വത മാറ്റം വരുത്താന്‍ ശക്തിയുള്ളതോ അല്ല. കൂടാതെ അവയെല്ലാം തന്നെ സാമൂഹ്യമായ കടുത്ത ചൂഷണങ്ങളെ നിലനിര്‍ത്തുന്നതിനും സഹായകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഒന്നുണ്ട് സുന്ദരിയായ ഈ ഏകാധിപതിയായ അമ്മേയെപ്പോലരാള്‍ ജാതിക്കും മതത്തിനും അപ്പുറം ജനങ്ങളെ സ്‌നേഹിക്കുന്ന ഒരാളെ തമിഴകത്തിന് നഷ്ടപെട്ടത് വലിയ നഷ്ടം തന്നെയാണ് , അറിയണമെങ്കില്‍ ബാബറിമസ്ജിദ് പൊളിച്ച ഭരണാധികാരികള്‍ ഊഴം കാത്തു പറന്നു നടപ്പുണ്ട.് അവര്‍ വന്നാല്‍ തമിഴിനെ അതിന്റെ ഹൃദയത്തെ തകര്‍ക്കും. കാത്തിരുന്ന് കാണാം പ്രിയ തമിഴകത്തെ അമ്മക്ക് ആദരാജ്ഞലികള്‍ 
ജനകീയ ആയ ഏകാധിപതി (ജോസ് കാടാപുറം)
Join WhatsApp News
Malayalle mind 2016-12-07 12:22:17

Malayalam Proverb

You give a man stolen money and you will meet his needs for a day.  But you teach him how to steal public money  and he will make  an occupation out of it and become a Minister.

വിദ്യാധരൻ 2016-12-08 04:51:08
കാര്യകാരണ സഹിതം എഴുതിയ ഒരു നല്ല ലേഖനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക