Image

സമാനതകളില്ലാത്ത നേതാവ് (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 07 December, 2016
സമാനതകളില്ലാത്ത നേതാവ് (മീട്ടു റഹ്മത്ത് കലാം)
തമിഴക രാഷ്ട്രീയത്തിലെ ഇതിഹാസ വനിത- അതായിരുന്നു ജയലളിത. ആഗ്രഹിച്ച് എത്തുന്നിടത്ത് ശോഭിക്കാന്‍ കഴിയാത്തവര്‍ക്കിടയില്‍ നിന്ന് മോഹിക്കാത്തിടങ്ങളില്‍ എത്തി തിളങ്ങിയ അപൂര്‍വ്വത അവരെ വേറിട്ടുനിര്‍ത്തുന്നു. പിതാവിനെപ്പോലെ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടാന്‍ കൊതിച്ച് പത്താം ക്ലാസ്സ് റാങ്കോടെ പാസ്സായ പെണ്‍കുട്ടി പഠനം തുടരാതെ നടിയായ അമ്മയുടെ പ്രേരണയില്‍ സിനിമയുടെ ലോകത്ത് എത്തപ്പെട്ടു. പിന്നീട് എംജിആറും ഒത്ത് അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത അവര്‍, അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയില്ലാതിരുന്ന ആ പെണ്ണ്, തന്റെ ചെറുവിരല്‍ കൊണ്ടുപോലും ഒരു ജനതയെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭരണാധികാരിയായി മാറിയ ആ ജീവിതം ആവര്‍ത്തിച്ചുവായിച്ചു പഠിക്കേണ്ട പാഠപുസ്തകമാണ്.

ഒരു നാട് മുഴുവന്‍ കൂടെയുള്ളപ്പോഴും ഒറ്റയ്ക്കിരിക്കുന്നതില്‍ സുഖം കണ്ടെത്തിയിരുന്ന ജയലളിതയ്ക്ക് പുസ്തകങ്ങള്‍ സന്തതസഹചാരിയായിരുന്നു. അവയില്‍ തന്നെ ആത്മകഥാംശമുള്ളവ വായിക്കുന്നതില്‍ അവര്‍ ഹരംകൊണ്ടു. ചാര്‍ളി ചാപ്ലിനെപ്പോലെ വിഷമങ്ങളെ ചിരികൊണ്ട് നേരിട്ട ആളുകളെ ജയ തന്റെ റോള്‍ മോഡല്‍ ആക്കിയിരുന്നതായി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരെയും അനുകരിക്കാതെ സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെയുള്ള സഞ്ചാരമാണ് ജയലളിതയെ തമിഴകത്തിന്റെ അമ്മയാക്കി മാറ്റിയത്.

ശപഥങ്ങള്‍ നിറവേറ്റുന്നതിനുള്ള വാശിയും ഇച്ഛാശക്തിയും ഏതറ്റം വരെ പ്രവര്‍ത്തിക്കാനും ആവശ്യമായ ഊര്‍ജ്ജം ജയയില്‍ നിറച്ചിരുന്നു. 1987 ല്‍ രാജാജിഹാളില്‍ നിന്ന് മറീന ബീച്ചിലേയ്ക്ക് പുറപ്പെട്ട എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് ചവിട്ടി പുറത്താക്കപ്പെട്ട അവരെ വഹിച്ച് സമാനമായ വാഹനവ്യൂഹം ജനസാഗരത്തിന്റെ അകമ്പടിയോടെ കടന്നു പോയത് സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റായി തോന്നാം. എന്നാല്‍, യാദൃശ്ചികതയ്ക്കപ്പുറം അതവര്‍ ആര്‍ജ്ജിച്ചെടുത്തതാണ്. 1989 ല്‍ തന്നെ അപമാനിച്ച നിയമസഭയില്‍ ഇനി കയറുന്നെങ്കില്‍ മുഖ്യമന്ത്രിയായ ശേഷമേ അതുണ്ടാകൂ എന്ന പറച്ചില്‍ മനംനൊന്ത സ്ത്രീയുടെ വികാരവിക്ഷേഭത്തിനപ്പുറം ഒന്നുമായി കരുതാതിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് 1991 ല്‍ അവര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. കരുണാനിധി നിര്‍മ്മിച്ച നിയമസഭയില്‍ കയറാന്‍ കൂട്ടാക്കാതെ പഴയ നിയമസഭയില്‍ തുടരുകയും പുതിയത് സാധാരണക്കാര്‍ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റുകയും ചെയ്തതുപോലുള്ള മധുരമായ പകരം വീട്ടല്‍ ജയയ്ക്ക് ത്രില്‍ ആയിരുന്നു.

അഴിമതി ആരോപണങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നെങ്കില്‍പ്പോലും ജനങ്ങള്‍ അവരോടൊപ്പം നിന്നു. ജനങ്ങള്‍ക്കും ജയയ്ക്കും ഇടയിലുള്ള രസതന്ത്രം അത്തരത്തിലായിരുന്നു. അമ്മ എന്ത് ചെയ്താലും മക്കളുടെ നന്മയെ പ്രതിയുള്ള കരുതല്‍ ജനങ്ങള്‍ തൊട്ടറിഞ്ഞു. പട്ടിണിയും തൊഴില്‍രാഹിത്യവും പരിഹരിക്കപ്പെട്ടത് ജയലളിതയുടെ ഭരണനേട്ടമാണ്. 'അമ്മ' ബ്രാന്‍ഡ് പാവങ്ങള്‍ക്ക് തണലായി. അഞ്ച് രൂപയ്ക്ക് വയര്‍ നിറയെ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ തുടങ്ങിയും സൗജന്യ നിരക്കില്‍ ആവശ്യമരുന്നുകള്‍ എത്തിച്ചും വിവാഹത്തിനും വിദ്യാഭ്യാസത്തിനും ധനസഹായം നല്‍കിയും തമിഴ്ജനതയ്ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്ന ദൈവസമാനമായി. ബംഗാളികള്‍ വരുംമുന്‍പ് കേരളത്തില്‍ നല്ലൊരു ശതമാനം ജോലി ചെയ്തിരുന്ന തമിഴര്‍ അപ്രത്യക്ഷരായതില്‍ നിന്ന് അവരുടെ നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെട്ടത് വ്യക്തമാകും. ഏത് സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ജയലളിത ചുക്കാന്‍ പിടിച്ചത്.

മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളത്തോട് പടവെട്ടിയതും കാവേരി ജലത്തിനായി കര്‍ണ്ണാടകത്തോട് മല്ലിട്ടതും ഒരിക്കലും വ്യക്തിതാല്‍പര്യമായിരുന്നില്ല. തന്റെ ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കപ്പെടുക എന്ന ഒറ്റ ലക്ഷ്യമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. അത് മനസ്സിലാക്കിയാണ് അയല്‍സംസ്ഥാനങ്ങള്‍ ജയയുടെ വിയോഗത്തില്‍ ദുഃഖാര്‍ദ്രരായതും.

തന്റെ മൃതശരീരം അടക്കം ചെയ്യുമ്പോള്‍ ഒഴിഞ്ഞ കൈ ആളുകള്‍ കാണുന്നതരത്തില്‍ പുറത്തേയ്ക്കിടണം എന്ന് പറഞ്ഞ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ഇവിടെ ഓര്‍മ്മിക്കുകയാണ്. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചിട്ടും താന്‍ കയ്യില്‍ ഒന്നും കൊണ്ടു പോകുന്നില്ലെന്ന് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലാകാനാണ് അദ്ദേഹം അത് പറഞ്ഞത്. എന്നാല്‍, ജയലളിത യാത്രയായത് വെറും കയ്യോടെയല്ല. ജന്മം നല്‍കിയ അമ്മമാരെ വൃദ്ധസദനങ്ങളിലാക്കുന്ന ഈ കാലയളവില്‍, പ്രസവിക്കാതെ പതിനായിരങ്ങളുടെ അമ്മയാകുകയും നല്‍കിയതിന്റെ പതിന്മടങ്ങ് സ്‌നേഹം ഏറ്റുവാങ്ങിയുമാണ് ആ യാത്ര.

സമാനതകളില്ലാത്ത നേതാവ് (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക