Image

ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതിന് തിരുവനന്തപുരത്ത് തുടങ്ങും

അനില്‍ പെണ്ണുക്കര Published on 07 December, 2016
ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതിന് തിരുവനന്തപുരത്ത് തുടങ്ങും
കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേള ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് തുടങ്ങും.  ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉദ്ഘാടനചിത്രമായി 'പാര്‍ട്ടിങ്' പ്രദര്‍ശിപ്പിക്കും. അറബ് രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യുന്നവരുടെ ദുരിതം ചര്‍ച്ചചെയ്യുന്ന അഫ്ഗാന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനംകൂടിയാണിത്. നവീദ് മൊഹമൂദാണ് സംവിധായകന്‍. അഭയാര്‍ത്ഥി
പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വത്തെക്കുറിച്ചുള്ള ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവുമാണ് ഇക്കുറി മേളയുടെ പ്രത്യേകത. പ്രശസ്ത സംവിധായകന്‍ കെന്‍ലോച്ചിന്റെ ചിത്രങ്ങള്‍ തിരിഞ്ഞുനോട്ടം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 62 രാജ്യങ്ങളില്‍നിന്നുള്ള 185 ചിത്രങ്ങളാണ് മേളയിലുണ്ടാവുക.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 സിനിമകളും ലോക സിനിമാവിഭാഗത്തില്‍ 81 സിനിമകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. കസാഖ്‌സ്താനില്‍നിന്നുള്ള ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മിയ ഹസന്‍ ലൗ സംവിധാനംചെയ്ത സിനിമകള്‍ സമകാലിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രകാരന്മാരുടെ ജീവിതം വിഭാഗത്തില്‍ വാന്‍ഗോഗ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ പറഞ്ഞു.ആദരാഞ്ജലി വിഭാഗത്തില്‍ ഇറാനിയന്‍ സംവിധായകനായ ആന്ദ്രേവൈദ, മലയാള സംവിധായകരായ രാജേഷ് പിള്ള (ട്രാഫിക്), ശശിശങ്കര്‍(നാരായം), തിരക്കഥാകൃത്തുക്കളായ ടി.എ.റസാക്ക്(പെരുമഴക്കാലം), എ.ഷെരീഫ് (അവളുടെ രാവുകള്‍), നടി കല്പന(ഞാന്‍ തനിച്ചല്ല), നടന്‍ കലാഭവന്‍ മണി (ആയിരത്തിലൊരുവന്‍) എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കെ.എസ്.സേതുമാധവന് ആദരമര്‍പ്പിച്ച് ഓപ്പോള്‍, പണിതീരാത്ത വീട് തുടങ്ങിയ അഞ്ച് ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തിലുണ്ടാകും.ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്ബല്‍ ബഫ് സംവിധാനംചെയ്ത 'ദ നൈറ്റ്‌സ് ഓഫ് സയന്‍ദേ റൂഡ്' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ട്.

മേളയുടെ ഉദ്ഘാടനം ഒമ്പതിന് വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ.പ്രശാന്തിനു നല്‍കി മന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്യും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയാകും. മേളയോടനുബന്ധിച്ചു നല്കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചെക്കോസ്ലോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് സമ്മാനിക്കും.

നഗരത്തിലെ 13 തിയേറ്റുകളിലാണ് 16 വെര മേള അരങ്ങേറുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമൊരുക്കും. ദിവസവും വൈകിട്ട് ആറ് മുതല്‍ മൂന്നു പ്രദര്‍ശനങ്ങള്‍ ഇവിടെയുണ്ടാകും. എല്ലാ തീയറ്ററുകളിലുമായി 9,000 സീറ്റുകള്‍ ഉണ്ട്. 16,767 പ്രതിനിധികള്‍ ഇക്കുറി രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും 11,000 പേര്‍ പണം അടച്ചുകഴിഞ്ഞതായും അക്കാദമി വൈസ് ചെയര്‍മാന്‍ ബീന പോള്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയിക്കാന്‍ മൂന്നു വിഭാഗങ്ങളിലായി അന്താരാഷ്ട്ര ജൂറിയെ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്രമത്സര വിഭാഗം, നെറ്റ്പാക്, ഫിപ്രസി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.

മേള മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കു മീഡിയാ അവാര്‍ഡും മികച്ച തിയറ്ററിനും അവാര്‍ഡ് നല്‍കും.

ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതിന് തിരുവനന്തപുരത്ത് തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക