Image

അക്ഷരശ്‌ളോകവും, ഇ-മലയാളി വായനകാരും അച്ചുമൂളലും (സുധീര്‍ പണിക്കവീട്ടില്‍)

Published on 04 December, 2016
അക്ഷരശ്‌ളോകവും, ഇ-മലയാളി വായനകാരും അച്ചുമൂളലും (സുധീര്‍ പണിക്കവീട്ടില്‍)
നാട്ടില്‍ ജനം നോട്ടിനായി നെട്ടോട്ടം ഓടുമ്പോള്‍ അക്ഷരശ്ലോകം ചൊല്ലിയിരിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എങ്ങനെ കഴിയും? സമ്പന്നനായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ഈ അവസരത്തില്‍ അക്ഷരശ്ശോകവും ചൊല്ലിയിരുന്നാല്‍ അത് റോം എരിയുമ്പോള്‍ നീറൊ ചക്രവര്‍ത്തി ഫിഡല്‍ വായിച്ചിരുന്നപോലെയാകില്ലേ? അപ്പോള്‍ മോദിയുടെ നടപടിക്ക് എതിരെ പ്രതികരിക്കുക എന്നതാണ് അക്ഷരശ്ശോകത്തെക്കാള്‍ പ്രധാനമെന്നത് ശരിതന്നെ.അവിചാരിതമായി നാട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഈ സങ്കടാവസ്ഥയില്‍ അമേരിക്കന്‍മലയാളികള്‍ അക്ഷരശ്ശോകത്തില്‍ പങ്കെടുക്കുന്നത് നാട്ടിലെപ്രിയപ്പെട്ടവരോട് ചെയ്യുന്ന കരിങ്കാലി പണിയാകുമെന്ന ധാരണയില്‍ ഇതില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത ്‌ന്യായം.വായിക്കുന്ന ഏര്‍പ്പാടൊന്നും ഞങ്ങള്‍ക്കില്ല; പക്ഷെ ഞങ്ങള്‍ എഴുതുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിവുള്ള ഏതൊരു എഴുത്തുകാരനും,കാരിയും അക്ഷരശ്ശോകം എന്ന പംക്തിയെപ്പറ്റി അറിയാതിരുന്നതും അത്ഭുതമല്ല. ഇ-മലയാളിയില്‍ ഒരാള്‍ കമന്റ്‌ചെയ്തിരിക്കുന്നത് വായിച്ചു." കുറച്ചു പേരുടെ കവിതകള്‍മാത്രം ചേര്‍ത്തു, അതുകൊണ്ട് പേരുചേര്‍ക്കാത്തവര്‍ ...'' അതൊരു വായനകാരന്റെ അഭിപ്രായം മാത്രം.പെട്ടെന്നു ഓര്‍മ്മ വന്ന വരികള്‍ സമാഹരിച്ച് കൊടുത്തപ്പോള്‍ വിട്ടുപോയവരുടെ കവിതകള്‍ നല്ലതല്ലെന്നു അര്‍ത്ഥമാക്കരുത്.

അക്ഷരശ്‌ളോകം ഒരു കലയാണെന്നും അല്ല വിനോദമാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. പണ്ടൊക്കെ വെടിവട്ടം (നേരമ്പോക്ക്്) പറഞ്ഞിരിക്കുമ്പോള്‍ അറിയാവുന്നശ്ലോകങ്ങള്‍ ചൊല്ലി രസിച്ചിരുന്നവര്‍ അത് ഒരു വിനോദമായി കണ്ടു.ചീട്ടുക്കളിയും, ചതുരംഗംവും പോലെയുള്ള വിനോദമായി ഇതിനെ കണക്കാക്കുന്നവര്‍ ഉണ്ട്.സമയത്തിനുപുറകെ നമ്മള്‍ക്ക് ഓടേണ്ടി വരുമ്പോഴാണ് വിനോദങ്ങള്‍ക്ക് വിരാമമാകുന്നത്.കാര്യമായി ഒന്നും ചെയ്യാനില്ലാത്തപ്പോഴാണാല്ലോ പരദൂഷണം പോലുംഉണ്ടാകുന്നത്. അക്ഷരശ്ശോകം ശ്രോതാക്കളെ രസിപ്പിക്കുന്നു. എന്നാല്‍ ഇ-മലയാളിയില്‍ അക്ഷരശ്‌ളോകം ചൊല്ലുകയല്ല,എഴുതുകയാണ്.അത് ഒരു പരീക്ഷണമാണ്.അതേക്കുറിച്ച് വിവരിക്കുന്നതിനുമുമ്പ് അക്ഷരശ്‌ളോകത്തെക്കുറിച്ച് മനസ്സിലാക്കാം.

സാഹിത്യമൂല്യമുള്ള കവിതകള്‍തിരഞ്ഞെടുത്താണ് അക്ഷരശ്‌ളോകക്കാര്‍ ചൊല്ലുന്നത്.അതിനു ചിലനിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് താഴെപറയുന്നവയാണ്.

അക്ഷരം നോക്കിചൊല്ലണം
അനുഷ്ടുപ്പ്പാടില്ല
ഭാഷാവ്രുത്തങ്ങളും പാടില്ല
സംസ്ക്രുതവ്രുത്തങ്ങള്‍ മാത്രമേപാടുള്ളു
തെറ്റു കൂടാതെചൊല്ലണം
കുറിപ്പുനോക്കരുത്
പരസഹായം സ്വീകരിക്കരുത്
ആലോചിക്കാന്‍ അരമിനിട്ടിലധികം എടുക്കരുത്

ഒരാള്‍ ചൊല്ലിയ ശ്‌ളോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ടുതന്നെ അടുത്തയാള്‍ ചൊക്ലണം.അച്ചുമൂളല്‍ എന്നാല്‍ അക്ഷരശ്‌ളോകത്തില്‍ പങ്കെടുക്കാന്‍ എത്തിമൗനം പാലിച്ചിരിക്കയോ, ബ്ബ, ബ്ബ വച്ചുപുറത്താകുകയോചെയ്യുന്നതിനെയാണു.നാല്‌വരി കവിതയിലെ അവസാനത്തെ അക്ഷരം എടുത്ത്‌ചൊല്ലുന്നതിനെ അന്ത്യാക്ഷരി എന്നുപറയുന്നു.

അക്ഷരശ്‌ളോകങ്ങള്‍ ചൊല്ലിപഠിക്കുന്നവര്‍ അതോടൊപ്പം അറിവും നേടുന്നു.ആയിരം ശ്‌ളോകം പഠിച്ചാല്‍ അരക്കവിയാകുമെന്ന ഒരു പഴമൊഴിയുണ്ട്. കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍നിന്നും ഈ കല വികസിച്ചു വന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ കാലം അക്ഷരശ്‌ളോകത്തിന്റെ സുവര്‍ണ്ണകാലം എന്നുപറയപ്പെടുന്നു. അക്ഷരശ്‌ളോകം ചൊല്ലുമ്പോള്‍ അവസാഹിത്യ മൂല്യമുള്ളതായിരിക്കണം, ആസ്വാദത ഉണ്ടായിരിക്കണം, കലാമൂല്യം ഉണ്ടായിരിക്കണം തുടങ്ങി പലവിധ നിബന്ധനകള്‍ അന്നുള്ളവര്‍ പാലിച്ചിരുന്നു.

ഇ-മലയാളിയിലൂടെ കവികള്‍ക്ക് അവരുടെ അല്ലെങ്കില്‍ മറ്റു കവികളുടെ കവിതകള്‍എഴുതി അക്ഷരശ്‌ളോകമെന്ന വിനോദം ആസ്വദിക്കാവുന്നതാണ്. അവതരണ ഭംഗി, ശബ്ദസൗകുമാര്യം, സംഗീതവാസന എന്നിവ കവിതകള്‍ ഉദ്ധരിച്ചെഴുതുന്നവര്‍ക്ക് ആവശ്യമില്ല. സാഹിത്യഗുണങ്ങളുള്ള കവിതകള്‍ തിരഞ്ഞെടുത്ത് വായനകാര്‍ക്ക് ആസ്വാദകരമാകുന്നവിധത്തില്‍ ശ്രീ വിദ്യാധരന്‍ കവിതകള്‍ ഉദ്ധരിക്ല്‌കൊണ്ടിരിക്കുന്നു. കവിതകള്‍വായിക്കാന്‍ അവസരം ഇല്ലാതിരുന്നവര്‍ക്ക് ഇത് സുവര്‍ണ്ണവസരമാണ്.മറന്നുപോയി എന്നു കരുതിയ ഒത്തിരി കവിതകള്‍ ഓര്‍മ്മിക്കാം, സ്വയം ഓര്‍മ്മിക്കുന്നത് മറ്റുള്ളവരുമായി പങ്കിടാം.വായിക്കുകയില്ല എഴുതകയേയുള്ളു എന്നുപറയുന്നവര്‍ക്കും കവിതകള്‍ എഴുതാവുന്നതാണ്, ഉദ്ധരിക്കാവുന്നതാണ്. അക്ഷരശ്‌ളോകക്കാര്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നു. എന്നാല്‍ ഇ-മലയാളിയില്‍ "അക്ഷരശ്‌ളോക വേദി' വായനകാരെ സന്തോഷിപ്പിക്കുന്നു. അക്ഷരശ്‌ളോക വൈദഗ്ധ്യം സ്തിഥിചെയ്യുന്നത് മണ്ടയിലാണ്, തൊണ്ടയിലല്ലെന്ന ചൊല്ലു ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു. കാരണം കവിതകള്‍ നമ്മള്‍ ഓര്‍ത്ത് എഴുതുകയാണ്. പത്രാധിപര്‍ സൂചിപ്പിച്ചപോലെ കര്‍ശനമായ നിബന്ധനകള്‍ ഒന്നുമില്ലാതെ സാഹിത്യഗുണമുള്ള കവിതകള്‍ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓട്ടംതുള്ളല്‍, ഒപ്പന, വഞ്ചിപ്പാട്ട്, സിനിമപാട്ട്, തെയ്യം പാട്ട്തുടങ്ങി എല്ലാം മിതമായിചേര്‍ത്താല്‍ അക്ഷരശ്‌ളകത്തിനു ഒരു പുതിയവ്യാഖ്യാനം വന്നുചേരും. ശ്‌ളോകങ്ങള്‍ മാത്രമായാല്‍ അരോചകമാകുമല്ലോ.ശ്‌ളോകങ്ങളുടെ ഗുണത്തെക്കുറിച്ച് ഒരു കവി ഇങ്ങനെപാടി:


ശ്‌ളോകമാണഖിലസാരമൂഴിയില്‍
ശ്‌ളോകമാണു കദനത്തിനൗഷധം
ശ്‌ളോകമോതിമരണം വരിയ്ക്കിലോ
നാകലോകമവനാണുനിര്‍ണ്ണയം

ഇ-മലയാളിയുടെ ഈ സംരംഭം അവസാനിപ്പിക്കാതെ തുടര്‍ന്നുകൊണ്ടേയിരിക്കണം. തന്മൂലംമാത്രുഭാഷയോട് സ്‌നേഹമുണ്ടെന്ന് ബഹളം വച്ച് നടക്കുന്ന കൂട്ടരുടെ ശ്രദ്ധ ഇതിലേക്ക് തിരിയാനും മതി. അവര്‍ ചിലപ്പോള്‍ പൊന്നാടയും "പലക" കഷണങ്ങളും പാരിതോഷികങ്ങളും നല്‍കി ഒരു ആഗോള അക്ഷരശ്‌ളോക മത്സരം സംഘടിപ്പിക്കാനൊക്കെ തയ്യാറായേക്കാം.പലക കഷണങ്ങളും, പൊന്നാടയും പാരിതോഷികങ്ങളുമൊക്കെ ഉണ്ടെന്നുകേള്‍ക്കുമ്പോള്‍ കവിമനസ്സുകള്‍ ഒന്നു ആടുമല്ലോ.അങ്ങനെ ഒരു സൗഭാഗ്യമുണ്ടായാല്‍, ലോകമെമ്പാടുമുള്ള കവികള്‍ അമേരിക്കന്‍മലയാളി കവികളുമായി മത്സരിക്കാന്‍ എത്തിയാല്‍ ആ കാഴ്ച രസകരമായിരിക്കും. ഒരു സംഭവം ഓര്‍മ്മ വരുന്നു. കോഴിക്കോട്ട് മാനവിക്രമന്‍ തമ്പുരാന്‍ മഹാബ്രാഹ്മണരുടെ ഒരു യോഗം വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്നു. വേദം, ശാസ്ര്തം, പുരാണം മുതാലായവ ആ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ മലയാള ബ്രാഹ്മണരില്‍ വേദങ്ങളും ശാസ്ര്തങ്ങളും മുഴുവനായി അറിയുന്നവരുടെ എണ്ണം കുറഞ്ഞു. അപ്പോള്‍ പരദേശത്ത്‌നിന്നും "ഉദ്ദണ്ഡന്‍" എന്ന ഒരു പരദേശി ബ്രാഹ്മണന്‍വന്നു. ഗര്‍വിഷ്ഠനായ അദ്ദേഹം ആ യോഗത്തിലേക്ക് കടന്നുവന്നത് ഒരു ശ്‌ളോകം ചൊല്ലികൊണ്ടാണ്. അതിന്റെയര്‍ത്ഥം '' അല്ലയോ, അല്ലയോ, ദുഷ്കവികളാകുന്ന ആനകളെ ! നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍, എന്തെന്നാല്‍ വേദാന്തമെന്നവനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു." (വിവര്‍ത്തനം:കൊട്ടാരത്തില്‍ ശങ്കുണ്ണി).അങ്ങനെ ഉദ്ദണ്ഡന്മാര്‍ വരുമ്പോള്‍ അമേരിക്കന്‍ കവികള്‍പേടിക്കാതിരിക്കുമെന്ന് വിശ്വസിക്കാം.മത്സരത്തില്‍ പങ്കെടുക്കാതെമാറിനിന്നാലും പേടിക്കാനില്ല.

എല്ലാവര്‍ക്കും അവരുടെ ഓര്‍മ്മയില്‍ നിന്നും മുഴുവന്‍ കവിതകള്‍, ശ്‌ളോകങ്ങള്‍ ഉദ്ധരിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. അതുകൊണ്ട് അവര്‍ പുസ്തകങ്ങള്‍ നോക്കിപകര്‍ത്തുന്നത് സ്വാഭാവികം.വായനകാര്‍ക്ക് അതു ഗുണം ചെയ്യുന്നു; പ്രത്യേകിച്ച് കവിതാപ്രേമികള്‍ക്ക്. അങ്ങനെസംഭവിക്ലാല്‍ എത്രയോ നല്ല കവിതകള്‍ ഇ-മലയാളിയുടെ അക്ഷരശ്‌ളോക സൈറ്റ് തുറന്നാല്‍ വായിക്കാം. ഇതൊരുഓണ്‍ലൈന്‍ പബ്ലിക്കേഷന്‍സ് ആയതുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്ത്‌നിന്നുമുള്ള വായനകാര്‍ക്കും പങ്കെടുക്കാം.മറ്റ് അറിയിപ്പുകള്‍ പോലെമുഖ്യ പേജില്‍ നിന്നുംപെട്ടെന്നു ഇത്മാറ്റാതിരിക്കുക.

ഒരുസാഹിത്യവിനോദം എന്നതിലുപരി ഇത് ഓര്‍മ്മശക്തി, പാണ്ഡിത്യം, പദ സമ്പത്ത് എന്നിവ വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എഴുതാന്‍മാത്രമല്ല, വായിക്കാനും കുറച്ച് സമയം നീക്കിവച്ചാല്‍ ഇതേപോലുള്ള പംക്തികള്‍ വിജയിക്കും. അതവര്‍ക്കും ഗുണപ്രദമാകുമെന്നതില്‍ സംശയമില്ല.ധാരാളം എഴുതുന്നവര്‍ക്ക് വായനക്ക് സമയം കിട്ടുന്നില്ലെന്ന ഒരു പരാതി ഇവിടെ കേള്‍ക്കുന്നത് അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരു മുടന്തന്‍ ന്യായമാണ്.

ഭാഷാസ്‌നേഹികളായ വ്യവസായികളും, ധനികരും ഈ പംക്തി സ്‌പോണ്‍സര്‍ ചെയ്ത് ഇ-മലയാളിക്ക് പിന്‍തുണ നല്‍കാവുന്നതാണ്.അങ്ങനെയെങ്കില്‍ മത്സരാര്‍ത്ഥികള്‍ക്ക് അംഗീകാരങ്ങളും പുരസ്കാരങ്ങളും നല്‍കാന്‍ കഴിയും. ഓരോ സ്ഥലത്തുമുള്ള എഴുത്തുകാര്‍ക്ക് അവരുടെ അക്ഷരശ്‌ളോക ഗ്രൂപ്പുകള്‍ ഉണ്ടാക്ക ിമത്സരിക്കാം. ഉദാഹരണം, ന്യൂയോര്‍ക്ക് അക്ഷരശ്‌ളോകവേദി, ഡാളസ്സ്് അക്ഷരശ്‌ളോകവേദി.. അങ്ങനെഓരോ മത്സരഗ്രൂപ്പുകള്‍.രസകരവും, വിജ്ഞാനപ്രദവുമായ കവിതകള്‍, ശ്‌ളോകങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഈ പംകതിയിലൂടെ എഴുതി കവികള്‍ക്ക് ആസ്വാദകരുടെ/വായനകാരുടെ എണ്ണം കൂട്ടാന്‍ കഴിയണം.മൂന്നാമത്തെ വരിയിലെ അവസാനത്തെ അക്ഷരമോ, അവസാനത്തെവരിയിലെ അവസാനത്തെ അക്ഷരമോ എടുത്ത് അതില്‍തുടങ്ങുന്ന കവിതകള്‍, ശ്‌ളോകങ്ങള്‍ കണ്ടെത്തണം. ദീര്‍ഘകാലം ജോലി ചെയ്ത്‌വിശ്രമ ജീവിതം നയിക്കുന്നവര്‍ ദ്രുശ്യമാദ്ധ്യമങ്ങളുടെ മുന്നില്‍മുഴുവന്‍ സമയം ചിലവാക്കാതെ അല്‍പ്പം സമയം ഇ-മലയാളിയുടെ അക്ഷരശ്‌ളക പംക്തിസന്ദര്‍സിക്കുന്നത് നല്ലതായിരിക്കും.അള്‍ഷമേഴ്‌സ്‌പോലുള്ള രോഗങ്ങള്‍ക്ക് ഇത്തരം ബുദ്ധിപരമായ വിനോദങ്ങള്‍ ല്ല ഔഷധമത്രെ!

“Keep Reading to Keep Alzheimer’s at Bay
Reading books and magazines, writing and participating in other mentally stimulating activities, no matter your age, can help to keep memory and thinking skills intact, a new study suggests. The findings add to growing evidence that mental challenges like reading and doing crossword puzzles may help to preserve brain health and stave off symptoms of Alzheimer’s in old age.”


കുറച്ച് കവിതകള്‍ ശ്‌ളോകങ്ങള്‍ വായനകാര്‍ക്ക് വേണ്ടി:


(അക്ഷരശ്‌ളോകത്തില്‍ പങ്കെടുക്കാനുള്ളയോഗ്യതയെപ്പറ്റിയുള്ളശ്‌ളോകം)
ആശാനേ കേരളത്തിന്‍ മൊഴിയറിയുമൊരാള്‍ക്കക്ഷരശ്‌ളോകമോതാ-
നോശാരം വേണ്ട; മൂല്യം വളരെയധികമുണ്ടെന്നു തമ്പ്രാക്കള്‍നല്‍കും
സര്‍ട്ടിപ്പിക്കറ്റുവേണ്ടാ, സ്വരമധുരിമയും പാട്ടുമുണ്ടായിടേണ്ടാ;
കിട്ടും വര്‍ണ്ണത്തിനൊപ്പിച്ചൈാരു പിഴയുമെഴാതോതലേ വേണ്ടതുള്ളു

പട്ടിക്കുവാലും പശുവിന്നുകൊമ്പും
കാക്കയ്ക്കുകൊക്കും പരമപ്രധാനം
ആനയ്ക്ക്തുമ്പിക്കരമാണുമുഖ്യം
മനുഷ്യജാതിക്കു കുശുമ്പുമുഖ്യം

അടുത്തദിവസം രവിയുദിച്ചുയരു, മപ്പോഴുതടഞ്ഞനളിനം മിഴിതുറ-
ന്നിടും, തടവുവിട്ടിടുവനെന്നനിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ-
പ്പറിച്ചുരസമായ്ഭുവിയെറിഞ്ഞു- വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

ചഞ്ചല്‍ച്ചില്ലീലതയ്ക്കും, പെരിയമണമെഴും പൂമുടിക്കും തൊഴുന്നേന്‍;
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞിട്ടമ്രുതുപൊഴിയുമപ്പുഞ്ചിരിക്കും തൊഴുന്നേന്‍
അഞ്ചമ്പന്‍ ചേര്‍ന്നയൂനാം മനസിഘനമുലയ്ക്കും മുലയ്ക്കും തൊഴുന്നേന്‍;
നെഞ്ചില്‍ കിഞ്ചില്‍ക്കിടയ്ക്കും കൊടിയ കുടിലതയ്‌ക്കൊന്നുവേറേതൊഴുന്നേന്‍!


കൊണ്ടല്‍വേണിയൊരുരണ്ടുനാലടിനടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടുദര്‍ഭമുന കാലിലെന്നുവെറുതെനടിച്ചുനിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍വല്‍ക്കലാഞ്ചമിലച്ചിലില്‍
ക്കൊണ്ടുടക്കുമൊരുമട്ടുകാട്ടിവിടുവിച്ചിടുന്ന കപടത്തോടേ

ചട്ടക്കാരന്‍ ഭസ്മമുണ്ടോ ധരിപ്പൂ?
മൊട്ടശ്ശീര്‍ഷം മാല ചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോപാട്ടുകേട്ടാല്‍വികാരം?
പൊട്ടക്ലട്ടിക്കാരുപൊന്‍പൂച്ചിടുന്നു?

സാഹിത്യത്തില്‍ച്ചിലരു കവിതക്കാരു, വേറേ ചിലര്‍ക്കോ,
സായൂജ്യം താന്‍ കഥ,യിനിവരും നാടകക്കാര്‍ ചുരുക്കം
സാമര്‍ത്ഥ്യത്താല്‍പഠനവഴിയേപേരെടുത്തൊരുമുണ്ടാം
സേവക്കാരായ്ച്ചിലരു, വെറുതേപേനയുന്തുന്ന കൂട്ടം

ശുഭം.
Join WhatsApp News
വിദ്യാധരൻ 2016-12-05 04:56:10
അക്ഷരശ്ലോകങ്ങളെഴുതിയാലേവർക്കും    
അക്ഷരജ്ഞാനമിരട്ടിയായി വർദ്ധിക്കും   
കക്ഷത്തിലിരുന്നാലാർക്കെന്തു ഗുണം  
അക്ഷരശ്ലോകം തുരുമ്പെടുത്തുപോം   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക