Image

ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍

അനില്‍ പെണ്ണുക്കര Published on 03 December, 2016
ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍
ശബരിമലയിലും സന്നിധാനത്തും കര്‍ശന സുരക്ഷയൊരുക്കാന്‍ സുരക്ഷാസേന നടപടി സ്വീകരിച്ചതായി സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിക്കപ്പെട്ട ഡിഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. മെച്ചപ്പെട്ട സുരക്ഷയും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനവും എന്നതാണ് പോലീസ് ആഗ്രഹിക്കുന്നത്. കേന്ദ്രസേന ഉള്‍പ്പെടെ സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുക്കുന്നുണ്ട്. സന്നിധാനത്തെ എല്ലാ പ്രദേശങ്ങളെയും നിരീക്ഷിക്കുന്നതിനായി എത്തിച്ചിട്ടുള്ള ഡ്രോണ്‍ സംവിധാനം പരീക്ഷണാടിസ്ഥനത്തില്‍ ഇന്നലെ ഉപയോഗിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മണ്ഡലമകരവിളക്ക് കാലത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്നുണ്ടെന്ന് അ്‌ദ്ദേഹം പറഞ്ഞു. സ്ഥിര നിരീക്ഷണങ്ങള്‍ തുടരുമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസറായ എസ്.പി പികെ മധു പറഞ്ഞു. എല്ലാ സുരക്ഷാ വിഭാഗത്തെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വനംവകുപ്പ് ഉള്‍പ്പെടെയുള്ള സേനകളുടെ സഹകരണത്തോടെ മൂന്നു ടീമായി തിരിഞ്ഞുകൊണ്ടുള്ള തിരച്ചില്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. വരും ദിനങ്ങളില്‍ തിരച്ചിലും പരിശോധനകളും തുടരും. കോമ്പിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി കടകളും താമസസ്ഥലങ്ങളും ഉള്‍പ്പെടെ പരിശോധിച്ചുകൊണ്ടുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാണ്ടിത്താവളം ആര്‍ഓ പ്ലാന്റ് സജ്ജമാകുന്നു

മണിക്കൂറില്‍ പതിനായിരം ലീറ്റര്‍ വെള്ളം ലഭ്യമാക്കുന്ന ആര്‍ഓ പ്ലാന്റ് പാണ്ടിത്താവളത്തില്‍ സജ്ജമാകുന്നു. ജലം ശുദ്ധീകരിച്ച് രണ്ടിഞ്ച് എച്ച്ഡിപിഎല്‍ പൈപ്പുവഴി നടപ്പന്തല്‍, മാളികപ്പുറം പരിസരങ്ങളില്‍ ഇതോടെ കുടിവെള്ളം സുലഭമാകും. പാണ്ടിത്താവളത്ത് 20 ലക്ഷം ലീറ്ററിന്റെ ജലസംഭരണിക്കടുത്താണ് പുതിയ ആര്‍ഓ നിര്‍മിക്കുന്നത്. ഇവിടെ നിലവില്‍ 1000 ലീറ്ററിന്റെ അഞ്ച് ആര്‍ഓ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് പുറമെയാണ് പുതിയ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നത്. ജല ശുദ്ധീകരണത്തിനുള്ള അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ സംവിധാനം പൂര്‍ണതോതില്‍ ആകുമെന്ന് ജലവകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി ബസന്തകുമാര്‍ പറഞ്ഞു. ശബരിമലയില്‍ കുടിവെള്ള വിതരണത്തിനായി നിലവില്‍ 270 ടാപ്പുകളുമായി ജലകിയോസ്കുകളും വാട്ടര്‍ സ്‌റ്റേഷനുകളും മുമ്പ്തന്നെ സജ്ജമായിരുന്നു. മണിക്കൂറില്‍ 600 ലീറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാവുന്ന ആറ് ചെറുകിട ആര്‍ഓ പ്ലാന്റുകളും ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാണ്ടിത്താവളത്തിലെ പുതിയ ആര്‍ഓ പ്ലാന്റ് ഈമാസം അഞ്ചിന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇതിനായി സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള താമസവും ഭക്തരുടെ തിരക്കിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കിയത്. പ്രതിസന്ധികള്‍ പരിഹരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്റ് സജ്ജമാക്കുമെന്ന് ബസന്തകുമാര്‍ പറഞ്ഞു. ഇതോടെ ശബരിമലയിലെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തജനങ്ങള്‍ ശൗചാലയങ്ങള്‍ ഉപയോഗപ്പെടുത്തണം

പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഭക്തജനങ്ങള്‍ ശൗചാലയങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പമ്പമുതല്‍ സന്നിധാനംവരെ 1022 ശൗചാലയങ്ങളാണ് ഭക്തര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇടോയ്‌ലറ്റുകള്‍, മറപ്പുരപോലെയുള്ള പൊതുശൗചാലയങ്ങള്‍, പണം നല്‍കി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ എന്നിവ ശബരിമലയില്‍ പലയിടത്തായി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താതെ ഭക്തര്‍ വെളിമ്പ്രദേശങ്ങളില്‍ വിസര്‍ജ്ജനം നടത്തുന്ന സാഹചര്യമാണുള്ളത്. അണുനാശിനികള്‍ ഉപയോഗിച്ചിട്ടുപോലും അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നു. വിസര്‍ജ്ജ്യങ്ങളില്‍ ചവിട്ടി ഭക്തന്മാര്‍ സന്നിധാനത്തേക്ക് എത്തേണ്ട ദയനീയ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് സാംക്രമിക രോഗങ്ങള്‍ക്ക്് കാരണമാകുന്നതോടൊപ്പം സന്നിധാനത്തിന്റെ പരിശുദ്ധിക്കും അപചയമുണ്ടാക്കും. ഇത് ഒഴിവാക്കാന്‍ ഭക്തജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക്്് ശൗചാലയങ്ങള്‍ ഉപയോഗിച്ച് ശബരിമല പാവനമായി സംരക്ഷിക്കാന്‍ സഹകരിക്കണമെന്ന് ദേവസ്വം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ശബരിപീഠത്തിന് സമീപം 360 കിലോ വെടിമരുന്ന് പിടികൂടി

ശബരിപീഠത്തിന് സമീപം പഴയ വെടിത്തറയ്ക്കരികില്‍നിന്നും 360 കിലോ വെടിമരുന്ന് പിടികൂടി. മരച്ചുവട്ടില്‍ കാനുകളില്‍ ഒളിപ്പിച്ച നിലയിലായുന്നു ഇത്. 30 കിലോ വരുന്ന 12 കാനുകളിലായിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പിടികൂടിയവ സന്നിധാനത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിമരുന്നുകള്‍ നിര്‍വീര്യമാക്കാനുള്ള അധികാരമുള്ള എറണാകുളം ജില്ലയിലെ എക്‌സ്‌പ്ലോസീവ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്. പുലര്‍ച്ചെ തുടങ്ങിയ പോലീസ്, ഫോറസ്റ്റ്, ബോംബ്‌സ്ക്വാഡ്, കമാന്‍ഡോ സംയുക്ത പരിശോധനയിലാണ് വെടിമരുന്നുകള്‍ പിടികൂടിയത്. സന്നിധാനം എസ് ഐ അശ്വജിത് എസ് കാരാണ്മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെടിമരുന്നുകള്‍ കണ്ടെത്തിയത്. എ എസ് ഐ മധു, എസ് പി ഒ മാരായ പ്രസാദ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആവേശമായി കൃഷ്ണദാസ് ഗുരുക്കളുടെ കളരിപ്പയറ്റ്

ചാവക്കാട് വല്ലഭ കളരിസംഘം സന്നിധാനം ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച കളരിപ്പയറ്റ് അയ്യപ്പഭക്തന്‍മാര്‍ക്ക് ആവേശം പകര്‍ന്നു. കൃഷ്ണദാസ് ഗുരുക്കളാണ് എട്ടുപേരടങ്ങുന്ന കളരിപ്പയറ്റ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇതരസംസ്ഥാനത്തു നിന്നും വന്ന അയ്യപ്പന്‍മാര്‍ കളരിയഭ്യാസം കണ്ട് കൈയ്്‌മെയ് മറന്ന് ആര്‍പ്പുവിളിച്ചു. മെയ്പ്പയറ്റ്, വാള്‍പ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങി കളരിയിലെ പന്ത്രണ്ടോളം അഭ്യാസമുറകള്‍ സംഘം വേദിയില്‍ അവതരിപ്പിച്ചു. എട്ടു വയസ്സു മാത്രമുള്ള ഗോകലിന്റെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം. 61 വയസ്സുള്ള മോഹനനായിരുന്നു സംഘത്തിലെ ഏറ്റവും പ്രായംകൂടിയ അഭ്യാസി.

ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) പരിശോധന നടത്തി

സന്നിധാനത്തും പരിസരങ്ങളിലുമായി അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള സ്ഥാപനങ്ങളില്‍ ഫയര്‍ഫോഫ്‌സ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) ഇ. ബി പ്രസാദ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൊപ്രാക്കളം, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. അപകട സാധ്യതകള്‍കളെ സംന്ധിച്ച് സ്ഥാപന ഉടമകളെ ബോധ്യപ്പെടുത്തിയ അദ്ദേഹം പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുമെന്ന് ഡയറക്ടര്‍ പറഞ്ഞു.

അമിതവില : 72000 രൂപ പിഴ ഈടാക്കി

അമിതവിലയ്ക്ക് പാത്രങ്ങളും വിരികളും നല്‍കിയതിന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വ്യാപാരസ്ഥാപനത്തിന് 72000 രൂപ പിഴ ഈടാക്കി. മാളികപ്പുറം നടപ്പന്തലിന് സമീപം അനധികൃതമായി സ്റ്റീല്‍പാത്രം കച്ചവടം നടത്തിയയാളുടെ കട അടപ്പിച്ചു. പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കിയ മറ്റൊരു കട മൂന്നു ദിവസത്തേക്ക് അടയ്ക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റ് ഉത്തരവായി
ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക