Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-6 ബി.ജോണ്‍ കുന്തറ)

Published on 03 December, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-6 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 6

മാത്യൂസിനെ കാണാതായതിന്റെ മൂന്നാം ദിവസം
മാത്യൂസിനെ കാണാതായത് തൊട്ട് ഓരോ ദിവസവും എണ്ണുന്നത് എന്റെ ശീലമായി മാറി. എല്ലാ പുലരിയിലും ഞാനുണരുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് മാത്യൂസ് അപ്രത്യക്ഷനായിട്ട് എത്ര ദിവസമായെന്നാണ്.

തടവിലാക്കപ്പെട്ട പോലെ ഒരു തോന്നല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഞങ്ങള്‍ ചില പ്ലാനുകളുമായാണ് ഇവിടെ വന്നത്. കുറച്ച് ദിവസത്തെ വിശ്രമം, അച്ഛനമ്മമാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കല്‍ എന്നിങ്ങനെ. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഞങ്ങള്‍ കേരളത്തിലേയ്ക്ക് അവധിയ്ക്ക് വരുമ്പോള്‍ മുമ്പ് പോയിട്ടില്ലാത്ത എവിടേയ്‌ക്കെങ്കിലും ഒരാഴ്ചത്തെ യാത്ര പോകുമായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരാഴ്ചത്തെ ചൈനാ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേല്യയും ന്യൂസിലാന്റും. ഈ വര്‍ഷം ഞങ്ങള്‍ ആന്റമാന്‍ ദ്വീപുകളായിരുന്നു തീരുമാനിച്ചിരുന്നത്. ഇങ്ങനെയൊരു അവസ്ഥയിലല്ലായിരുന്നെങ്കില്‍ ഞങ്ങളിപ്പോള്‍ നാളത്തെ യാത്രയ്ക്കുള്ള പായ്ക്കിങ് ചെയ്യുകയായിരിക്കും. കഴിഞ്ഞ യാത്രകളിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം ഒരു സിനിമയിലെന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി.
ലിവിംഗ് റൂമിലിരുന്ന് കാപ്പി മൊത്തിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ മുഴങ്ങി. ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ എമ്പസ്സിയില്‍ നിന്നായിരുന്നു വിളി. വളരെ വേഗത്തിലാണല്ലോയെന്ന് ഞാന്‍ ചിന്തിച്ചു. അതിനര്‍ഥം ആന്‍ഡ്രൂ യൂ എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിനെ വിവരമറിയിച്ചു അല്ലെങ്കില്‍ ക്യാപ്റ്റന്‍ നോളന്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ആരുമായോ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൌരന്മാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസറാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഞാന്‍ അയാളോട് എല്ലാം വിശദീകരിച്ചു, കേരളത്തില്‍ എത്തിയത് മുതല്‍ ആലുവാ പോലീസുമായി ബന്ധപ്പെട്ടത് വരെ. എമ്പസ്സിയില്‍ നിന്നുള്ള ഓഫീസര്‍ നല്ല വാക്കുകള്‍ പറഞ്ഞ് എന്നെ ശാന്തയാക്കുവാന്‍ ശ്രമിച്ചു. മാത്യൂസിന് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ പരമാവധി ശ്രമിക്കാമെന്ന് അയാള്‍ പറഞ്ഞു. ഈ കേസിന്റെ സഹായത്തിനായി ഇന്ത്യയിലെ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാമെന്ന് ഉറപ്പ് തന്നു.

എന്റെ മനസ്സില്‍ ഒരു ചിന്ത മുളപൊട്ടി: ഇത് പണത്തിന് വേണ്ടിയുള്ള കിഡ്‌നാപ്പിങ് ആയിരിക്കുമോ? ഇന്ത്യന്‍ സിനിമകളിലെ അങ്ങിനെയുള്ള പ്രവര്‍ത്തികള്‍ കണ്ടിട്ടുണ്ട്. കേരളം അതിനൊക്കെ പേര് കേട്ട സ്ഥലവുമാണ്. അങ്ങിനെയാണ് കാര്യമെങ്കില്‍, മോചനദ്രവ്യത്തിനായി ആരും ഇതുവരെ എന്നെ വിളിക്കാത്തതെന്തുകൊണ്ട്?

മാത്യൂസിനെ പണത്തിനായി കടത്തിക്കൊണ്ട് പോയതാണെങ്കില്‍, കിഡ്‌നാപ്പ് ചെയ്തവര്‍ എന്തെങ്കിലും ഡിമാന്റ് മുന്നോട്ട് വയ്ക്കുമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും മാത്യൂസിനെക്കുറിച്ച് നല്ലതോ ചീത്തയോ ആയ ഒരു വാര്‍ത്തയുമില്ല.

അമേരിക്കയില്‍ ഞങ്ങള്‍ക്ക് ശത്രുക്കളൊന്നുമില്ല. മാത്യൂസ് ഗ്യാസും പലചരക്ക് സാധനങ്ങളും വില്‍ക്കുന്നയാളായതിനാല്‍ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകളൊന്നുമില്ല. ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഈ അപാര്‍ട്ട്‌മെന്റും പ്ലാസി ഓടിക്കുന്ന ആ കാറും മാത്രമേയുള്ളൂ. അതല്ലാതൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ ആര്‍ക്കും പണം കൊടുക്കാനുമില്ല ഞങ്ങള്‍ക്കാരും പണം തരാനുമില്ല.

മാത്യൂസിനെ ഉപദ്രവിക്കാന്‍ ആര്‍ക്കെങ്കിലും കാരണമുണ്ടാകുന്നതൊന്നും എനിക്ക് ഓര്‍ത്തെടുക്കാനായില്ല. പക്ഷേ, ഈ ലോകത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ളതല്ലല്ലോ. ഇന്ത്യയിലോ അമേരിക്കയിലോ ഞങ്ങള്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.

അപ്പോള്‍ അമ്മച്ചി വന്നു പറഞ്ഞു, “സന്ധ്യാപ്രാര്‍ഥന ചൊല്ലാം.” പ്രാര്‍ഥന കഴിഞ്ഞ് അമ്മച്ചിയ്ക്ക് ടിവിയിലെ സീരിയല്‍ കാണണമെന്ന് എനിക്കറിയാം. അത് സാരമില്ല. ഞങ്ങള്‍ പ്രാര്‍ഥന ചൊല്ലി ടിവി ഓണ്‍ ചെയ്ത് സോഫയില്‍ ഇരുന്നെങ്കിലും അമ്മച്ചി ടിവിയില്‍ ശ്രദ്ധിക്കുന്നതേയില്ലായിരുന്നു.


(തുടരും.....)
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-6 ബി.ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക