Image

ഇന്‍ക്രെഡിബിള്‍ ഇന്‍ഡ്യ 'നോട്ട്' ഔട്ട് (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 03 December, 2016
 ഇന്‍ക്രെഡിബിള്‍ ഇന്‍ഡ്യ 'നോട്ട്' ഔട്ട് (ഷാജന്‍ ആനിത്തോട്ടം)
അമേരിയ്ക്കന്‍ ഐക്യനാടുകളില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വാശിയോടെയുള്ള വോട്ടെടുപ്പ് നടന്ന നവംബര്‍ എട്ടാം തീയതിയായിരുന്നു ഇന്ത്യാ മഹാരാജ്യത്ത് സമ്പദ് വ്യവസ്ഥയെ ഇളക്കിമറിച്ചുകൊണ്ടുള്ള ചരിത്രപ്രാധാന്യമായ 'നോട്ടെടുപ്പ്' നടന്നത്. മണിക്കൂറുകള്‍ക്കകം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുവാന്‍ പോകുന്ന ഹിലരി ക്ലിന്റനെപ്പറ്റിയും അവരുട സ്ഥാനാരോഹണത്തിലൂടെ അമേരിയ്ക്കയിലും ലോകത്താകമാനവും സംഭവിയ്ക്കുവാന്‍ പോകുന്ന വന്‍ മാറ്റത്തെക്കുറിച്ചുമൊക്കെ ടെലിവിഷന്‍ പ്രൈം ടൈം ചര്‍ച്ചാ തൊഴിലാളികള്‍ വിലയവായില്‍ ചര്‍ച്ചിച്ചുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു മിനിസ്‌ക്രീനിലേയ്ക്ക് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അബത്താറിച്ച് നെഞ്ചുവിരിവുമായി കടന്നുവന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആ ന്യൂസ് ബ്രേക്കിംഗ് നടത്തിയത്. അന്നേവരെ രാജകീയാന്തസ്സില്‍ വിലസിയിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ അന്ന് അര്‍ദ്ധരാത്രിയോടെ അസാധുവാക്കപ്പെട്ടു.

നരേന്ദ്രമോദിയെപ്പോലൊരു ശക്തനായ ഭരണാധികാരിയ്ക്കുമാത്രം എടുക്കുവാന്‍ പറ്റുന്ന ധീരവും ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതുമായ തീരുമാനമാണ് ഈ കറന്‍സി പിന്‍വലിയ്ക്കലില്‍ നാം കണ്ടത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മിനിട്ടുകള്‍ക്കകം രാജ്യത്തെ എ.ടി.എം. മെഷീനുകള്‍ക്കു മുമ്പിലും പിന്നീടുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ക്കു മുമ്പിലും നിരന്ന ജനങ്ങളുടെ നീണ്ട നിരയ്ക്ക് ആഴ്ചകള്‍ക്കുശേഷവും കാര്യമായ കുറവ് വന്നിട്ടില്ല. അസാധുവാക്കപ്പെട്ട നോട്ടുകള്‍ക്ക് പകരമായി മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ഓഹരിവാങ്ങുവാനുള്ള സമയപരിധി ഡിസംബര്‍ 30 നെ അവസാനിയ്ക്കുകയുള്ളൂവെങ്കിലും സാധാരണക്കാര്‍ക്ക് അവരുടെ അനുദിന ആവശ്യങ്ങള്‍ക്കുള്ള ക്രയവിക്രയങ്ങള്‍ക്കായി ആവശ്യം വേണ്ട കറന്‍സി നോട്ടുകള്‍ ലഭിക്കാതെ വലയുന്ന കാഴ്ചകളാണഅ ഇന്ത്യയിലെവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്ത് നിയന്ത്രണമില്ലാതെ പെരുകിയ കള്ളപ്പണത്തിനും സമാന്തര സമ്പദ് വ്യവസ്ഥയ്ക്കും തടയിടാനായിട്ടാണ് മുന്തിയ നോട്ടുകളുടെ ഡീമൊണിട്ടൈസേഷനെന്ന(Demonetization)കടുത്ത നടപടി സര്‍ക്കാര്‍ കൈക്കൊണ്ടത്. പക്ഷേ അതിനും മാസങ്ങള്‍ക്കു മുമ്പേ തന്നെ വെളിപ്പെടാതെയിരിയ്ക്കുന്ന പണത്തിന് നാല്‍പ്പത് ശതമാനം നികുതി നല്‍കി കള്ളപ്പണം എത്രമാത്രമുണ്ടെങ്കിലും(No questions asked) നിയമവിധേയമാക്കാന്‍ ഗവര്‍മെന്റ് സെപ്റ്റംബര്‍ 30 വരെ സമയം കൊടുത്തിരുന്നു. പ്രതീക്ഷിച്ചത്ര പണമൊഴുക്ക് ഉണ്ടായില്ലെങ്കിലും കോടിക്കണക്കിന് രൂപയാണ് ഈ നടപടിയിലൂടെ നികുതിയായി ഖജനാവിലേയ്‌ക്കെത്തിയത്. നോട്ട് പിന്‍വലിക്കല്‍ പോലൊരു അസാധാരണ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുമെന്ന് സ്വപ്‌നേപി ചിന്തിയ്ക്കാത്തതു കൊണ്ടാവണം കോടാനുകോടി നോട്ടുകെട്ടുകള്‍ പലരുടെയും വീടുകളുടെ നിലവറകളില്‍ അനങ്ങാതെ കിടന്നത്. ഇതില്‍ രാജ്യത്തെ അതിസമ്പന്നരുടെ കള്ളപ്പണം മാത്രമല്ല, ബാങ്കില്‍ പണം നിക്ഷേപിക്കുവാന്‍ ഇന്നും മടിയ്ക്കുന്ന ഉത്തരേന്ത്യന്‍ കര്‍ഷകപ്രമുഖരും ഭാവിയിലെ വലിയ ആവശ്യങ്ങള്‍ക്കായി പണം വീട്ടില്‍ സ്വരുക്കൂട്ടിവച്ചിരിയ്ക്കുന്ന ഇടത്തരക്കാരുമുണ്ടെന്നതാണ് ദുഃഖകരമായ വസ്തുത.

ഇത് മൂന്നാം തവണയാണ് ഇന്ത്യയില്‍ സമാനമായ നടപടിയുണ്ടാവുന്നത്. 1940 കളുടെ അവസാനം കള്ളപ്പണം നിയന്ത്രിക്കുവാന്‍ വേണ്ടി അന്ന് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും പതിനായിരത്തിന്റെയും കറന്‍സിനോട്ടുകള്‍ പിന്‍വലിക്കപ്പെട്ടു. 1954 ല്‍ ആയിരം, അയ്യായിരം, പതിനായിരം എന്നീ തുകകള്‍ക്കുള്ള നോട്ടുകള്‍ പുനരവതരിപ്പിയ്ക്കപ്പെടുകയുണ്ടായി. പക്ഷേ 1978-ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭ ഈ മൂന്നു നോട്ടുകളും പിന്‍വലിച്ചു. അതിനുശേഷം ആയിരം രൂപയുടെ കറന്‍സിനോട്ട് മാത്രമാണ് പുനരവതരിച്ചത്. ഇപ്പോള്‍ 2016-ല്‍ നരേന്ദ്രമോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പകരം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയ നോട്ടുകള്‍ ഇറക്കുമ്പോള്‍ പക്ഷേ, വേണ്ടത്ര മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ നടത്തിയില്ല എന്നതാണ് പ്രശംസനീയമാകേണ്ടിയിരുന്ന ഈ തീരുമാനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

നവംബര്‍ 8-ാം തീയതി രാത്രി എട്ടു മണിയ്ക്ക് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആദ്യം അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. സമ്പദ് വ്യവസ്ഥയെ തകിടം മറിയ്ക്കുന്ന കള്ളപ്പണക്കാരെയും പാക്കിസ്ഥാനില്‍ നിന്നും അടിച്ചിറക്കി വിടുന്ന കള്ളനോട്ട് ഭീമന്മാരെയും ഭീകരവാദികളെയും തകര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ സമര്‍ത്ഥമായ നീക്കമായി എല്ലാവരും തന്നെ ആ നടപടിയെ വാഴ്ത്തി. പക്ഷേ പിന്നീട് അതിന് സാധാരണക്കാര്‍ ദിവസേനയെന്നോണം നല്‍കി വരുന്ന വില അതിന്റെ ശോഭ കെടുത്തി. സ്വന്തം കയ്യിലിരിക്കുന്ന നോട്ടുകള്‍ക്ക് സര്‍ക്കാരിനുവേണ്ടി റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഒപ്പിട്ട് നല്‍കിയിരിക്കുന്ന ഉറപ്പിന് കടലാസിന്റെ വില വരുമ്പോള്‍ ജനത്തിന് ബാങ്കിംഗ് വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ ഇക്കോണമി എന്നത് സമീപകാലത്തൊന്നും നടപ്പിലാക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യമാണ്. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും പണം കൊണ്ട് വിനിമയം(Cash Transactions) നടത്തുന്നവരാണ്. അങ്ങിനെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന 500 ന്റെയും 100 ന്റെയും കറന്‍സികള്‍ ആവശ്യാനുസരണം ലഭ്യമായാല്‍ മാത്രമേ സമ്പദ് വ്യവ്‌സഥയുടെ ചലനാത്മകത നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പിന്‍വലിച്ച കറന്‍സികള്‍ക്കു പകരമായി ഉടനടി പകരം നോട്ടുകള്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ക്ക് ലഭിക്കുന്ന അവസ്ഥ ഉണ്ടാകേണ്ടിയിരുന്നു. വിപ്ലവകരമായ ഈ നോട്ട് പിന്‍വലിയ്ക്കല്‍ തീരുമാനത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ടു തന്നെ 500, 100 നോട്ടുകളുടെ ലഭ്യത സമര്‍ത്ഥമായി സാദ്ധ്യമാക്കാമായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിന് കഴിയാതെ വന്നതാണ് പാളികള്‍ക്ക് തുടക്കമിട്ടത്. ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കും ഭീതിയ്ക്കും തടയിടേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിന് പകരം പരാതിപ്പെടുന്നവരെ രാജ്യസ്‌നേഹമില്ലാത്തവരായി മുദ്രകുത്തുന്നത് കുറഞ്ഞപക്ഷം ജനവിരുദ്ധതയാണെന്ന്  എങ്കിലും പറയേണ്ടിയിരിക്കുന്നു. ഇതിനോടകം ഡസന്‍ കണക്കിന് വിലപ്പെട്ട ജീവനുകളാണ് ബാങ്ക് വരാന്തകളിലും എ.ടി.എം. മെഷീനുകള്‍ക്കു മുമ്പിലും ക്യൂനിന്ന് തളര്‍ന്ന് കൊഴിഞ്ഞു പോയത്. അവരുടെ ജീവനുകള്‍ക്കും കുടുംബാംഗങ്ങളുടെ നികത്താനാവാത്ത നഷ്ടത്തിനും ആര് സമാധാനം പറയും?
ഇത്രയൊക്കെ വിമര്‍ശനങ്ങളും പ്രതിഷേധ പ്രകടനങ്ങളുമുണ്ടെങ്കിലും നരേന്ദ്രമോദി അക്ഷോഭ്യനായി നില്‍ക്കുന്നു എന്നത് ശ്രദ്ധിയ്‌ക്കേണ്ട വസ്തുതയാണ്. പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നിട്ടും അദ്ദേഹം കൂസാതെ സ്വന്തം പ്രതിഛായ മാത്രം  ലക്ഷ്യമിട്ട് പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നു. ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാലും തിരുവായ്ക്ക് എതിര്‍വായില്ലാതെ പഞ്ചപുച്ഛ മടക്കി നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരുടെ പിന്തുണയുടെ പേരിലും അര്‍മ്മാദിച്ചു നടക്കുകയാണദ്ദേഹം. ഇതുപോലൊരു മാസ്റ്റര്‍ സ്‌ട്രോക്ക്(മാസ്റ്റര്‍ സ്‌ട്രോക്ക്) നടത്താന്‍ ഇന്ദിരാഗാന്ധിക്കു ശേഷം മറ്റൊരു പ്രധാനമന്ത്രിയ്ക്കും കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ശക്തിശൂന്യതയും അഭിപ്രായ വ്യത്യാസങ്ങളും(ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇപ്പോള്‍ ലാലുവും ഈ നടപടിയ്ക്ക് അനുകൂലമായിക്കഴിഞ്ഞു) മോദി ശരിക്കും മുതലെടുക്കുന്നുണ്ട്. പാര്‍ലമെന്റിലെ ബഹളങ്ങള്‍ അവഗണിച്ചു കൊണ്ട് അവിടെയൊരു മറുപടി പ്രസംഗം പോലും നടത്താതെ അംഗങങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന പ്രധാനമന്ത്രി നല്ലൊരു മാതൃകയല്ല. പക്ഷേ ഇത് നരേന്ദ്രമോദിയാണ്, ആരെയും കൂസാത്ത, സ്വന്തം ഇമേജ് മാത്രം നോക്കുന്ന നേതാവ്. ഒരേ സമയം പത്തു ലക്ഷത്തിന്റെ കോട്ട് അണിയുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അല്‍പ്പത്വവും, ശത്രുപക്ഷത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്(Surgical Strike) നടത്തുന്ന ശക്തനായ ഭരണാധികാരിയും ഒരുമിച്ചുചേരുന്ന ദ്വന്ദ്വവ്യക്തിത്വം!

കുറ്റങ്ങളും കുറവുകളും ഒട്ടേറെയുണ്ടെങ്കിലും ഈ നടപടി രാജ്യത്തിന് ആത്യന്തികമായി നന്മ വരുത്തുമെന്ന് ഉറപ്പാണ്. രാജ്യം മന്ദഗതിയിലാണെങ്കിലും ഡിജിറ്റല്‍ വിനിമയത്തിലേയ്ക്ക് വളര്‍ന്നു തുടങ്ങും. ഇനിയൊരു നോട്ട് പിന്‍വലിക്കല്‍ ഉണ്ടായേക്കാമെന്ന് ഭയന്ന് കറന്‍സികള്‍ കുന്നുകൂട്ടി വയ്ക്കുന്ന സ്വഭാവത്തില്‍ നിന്നും കള്ളപ്പണക്കാരോടൊപ്പം സാധാരണക്കാരും പിന്തിരിയും. സ്വര്‍ണ്ണ നിക്ഷേപണത്തിലേയ്ക്ക് കൂടുതല്‍ ആളുകള്‍ തിരിയാനുള്ള സാദ്ധ്യത കൂടുതലാണ്. പക്ഷേ അതിലേയ്ക്കും മോദി പിടിമുറുക്കുന്നതിന്റെ ചുവടുവപ്പുകളാണ് ഈയടുത്ത ദിവസങ്ങളിലെ പാര്‍ലമെന്റിലെ നടപടികളിലൂടെ കാണുന്നത്. എങ്കിലും മറ്റെന്തിനേക്കാളും സുരക്ഷിത നിക്ഷേപമായി മഞ്ഞലോഹം മാറും. ഡോളര്‍ പോലുള്ള വിദേശനാണയങ്ങളിലെ നിക്ഷേപങ്ങളും വര്‍ദ്ധിക്കുവാനാണിട(ഡോളര്‍ നീണാല്‍ വാഴട്ടെ!). ബാങ്ക് ലോക്കറുകള്‍ ഇനി ഒരിക്കലും വിശ്വാസ്യതയുള്ളൊരു ഒളിസങ്കേതമായിരിക്കില്ല. ഇപ്പോള്‍ നോട്ടുകള്‍ പിന്‍വലിച്ചതുപോലെ ഒരു സുപ്രഭാതത്തില്‍ എല്ലാ വ്യക്തികളുടെയും ബാങ്ക് ലോക്കറുകളും പരിശോധിച്ചുറപ്പിക്കുന്നതു വരെ മുദ്ര വയ്ക്കുന്നതായി നരേന്ദ്രമോദി പ്രഖ്യാപിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അന്നും കള്ളപ്പണവേട്ടയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരു പറഞ്ഞുകൊണ്ടായിരിക്കും മോദി സര്‍ജിയ്ക്കല്‍ സ്‌ട്രൈക്ക് നടത്തുന്നത്. അമിതമായി സ്വത്തുക്കളും പണവും പണ്ടങ്ങളും ലോക്കറുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നവര്‍ ജാഗ്രതൈ.

നരേന്ദ്രമോദിയ്ക്കിനി കാലാവധി തികയ്ക്കാന്‍ രണ്ടര വര്‍ഷം കൂടി ബാക്കിയുണ്ട്. അപ്പോഴേയ്ക്കും ഇന്നത്തെ കഷ്ടപ്പാടുകളൊക്കെ ജനം മറക്കും. പബ്ലിക്ക് മെമ്മറി ഈസ് ഷോട്ട് എന്നാണല്ലോ പ്രമാണം. ഇന്നത്തെ അസ്വാഭാവിക വിലക്കയറ്റത്തില്‍ നിന്നും കൂപ്പുകുത്തി റിയല്‍ എസ്റ്റേറ്റ്(Real Estate) വില സാധാരണ നിലയിലാവുകയും ഭക്ഷ്യധാന്യങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ കുറവു വരുത്തുകയും ചെയ്താല്‍ ഇന്ന് ചീത്ത വിളിയ്ക്കുന്ന ജനം തന്നെ മോദിയെ വീണ്ടും ജയിപ്പിക്കുമെന്നുറപ്പാണ്. കള്ളപ്പണവേട്ടയിലൂടെ ലഭിയ്ക്കുന്ന അധികവരുമാനമുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശമ്പളക്കാര്‍ക്കുള്ള വരുമാന നികുതിയിളവുപോലുള്ള ജനപ്രിയ നടപടികള്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കാം. അതോടെ അവരും ഹാപ്പി. സാമ്പത്തിക മാന്ദ്യം അമേരിയ്ക്കയെ തകര്‍ച്ചയിലേയ്ക്ക് നയിച്ചിരുന്ന നാളുകളില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ. ബുഷ് നിശ്ചിത വരുമാനത്തില്‍ താഴെയുള്ള ഓരോ അമേരിക്കന്‍ കുടംബങ്ങള്‍ക്കും 800 ഡോളര്‍ വീതം അയച്ചുകൊടുക്കാന്‍ നടപടിയെടുത്തതുപോലെ, ഓരോ ഇന്ത്യാക്കാരന്റെയും പേരിലുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടിലേയ്ക്ക് പ്രധാനമന്ത്രിയുടെ പേരില്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പതിനായിരം രൂപ വീതം നിക്ഷേപിയ്ക്കുന്ന കാര്യം സങ്കല്പിച്ചു നോക്കുക. സംഭവിച്ചു കൂടെന്നില്ല. മോദിയാരാ മോന്‍?

 ഇന്‍ക്രെഡിബിള്‍ ഇന്‍ഡ്യ 'നോട്ട്' ഔട്ട് (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക