Image

കത്തോലിക്കാ സഭയിലെ റീത്തുകള്‍ (ചാക്കോ കളരിക്കല്‍)

Published on 01 December, 2016
കത്തോലിക്കാ സഭയിലെ റീത്തുകള്‍ (ചാക്കോ കളരിക്കല്‍)
അപ്പോസ്തലന്മാര്‍ യേശുസന്ദേശത്തെ റോമാസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആ സന്ദേശത്തിലെ പ്രധാന ഘടകങ്ങള്‍ അതത് സംസ്കാരങ്ങളില്‍ അലിഞ്ഞുചേരുകയും അവിടത്തെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷകളിലും ഭാഷകളിലുംകൂടി പ്രത്യക്ഷമാകുകയും ചെയ്തു. ആദ്യ നൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന റോമാ (ഇറ്റലി), കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍ (ടര്‍ക്കി), അന്ത്യോക്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്‌റ്റൈന്‍) എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചുപ്രദേശങ്ങളും പിന്‍കാലത്ത് പാത്രിയാര്‍ക്കെറ്റുകളായി. അതില്‍ റോം പാശ്ചാത്യ പാത്രിയാര്‍ക്കെറ്റും മറ്റ് നാല് പാത്രിയാര്‍ക്കെറ്റുകല്‍ പൗരസ്ത്യ പാത്രിയാര്‍ക്കെറ്റുകളുമായി. റോമാസാമ്രാജ്യത്തിന്‍റെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതൃത്തി വിഭജനത്തിന്‍റെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാര്‍ക്കെറ്റുകല്‍ ഉണ്ടായത്. റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാര്‍ക്കെറ്റുകല്‍ പിന്‍കലങ്ങളില്‍ വിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്കാസഭയില്‍ 22 പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യ റോമന്‍ പാത്രിയാര്‍ക്കെറ്റ് വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീന്‍റീത്തായി തുടരുന്നു.

ഒരിക്കലും റോമാസാമ്രാജ്യത്തിന്‍റെ ഭാഗമല്ലാതിരുന്ന എന്നാല്‍ റോമാസാമ്രാജ്യത്തിന്‍റെ കിഴക്കായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ കേരളത്തില്‍ യേശുശിഷ്യരിലൊരാളായ മാര്‍തോമാസ്ലീഹാ യേശുസന്ദേശത്തിന്‍റെ വിത്ത് ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ പാകുകയുണ്ടായി. അതാണ് കേരളത്തിലെ മാര്‍തോമാ നസ്രാണിസഭ. മാര്‍തോമാ നസ്രാണിസഭ ഒരു കാലത്തും റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ള ചരിത്രസത്യം നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാസാമ്രാജ്യത്തില്‍ വളര്‍ന്നു വികസിച്ച പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെതന്നെ ഭാരതത്തില്‍ വളര്‍ന്നു വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് മാര്‍തോമാ നസ്രാണിസഭ. അപലപനീയമെന്നു പറയട്ടെ, മാര്‍തോമായാല്‍ നട്ടുവളര്‍ത്തി വികസിച്ചുവന്ന കേരളത്തിലെ നസ്രാണി അപ്പോസ്തലിക കത്തോലിക്കാസഭയെ ചില നാട്ടുമെത്രാന്മാരുടെ ഒത്താശയോടെ റോമിലെ പൗരസ്ത്യതിരുസംഘം മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായ സഭയുടെ ഭാഗമാക്കിയിരിയ്ക്കുകയാണിന്ന്. അങ്ങനെ പൗരസ്ത്യറീത്തുകളുടെ എണ്ണം 23 ആക്കി പൗരസ്ത്യതിരുസംഘം വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്താണീറീത്തുകള്‍ അഥവ സ്വയാധികാരസഭകള്‍? "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്" എന്നാണ് പൗരസ്ത്യ സഭകളുടെ കാനോനകളില്‍ കാണുന്നത്. അപ്പോള്‍ റീത്തെന്ന് നാം പറയുമ്പോള്‍ അതൊരു പൈതൃകത്തെയാണ് ദ്വനിപ്പിക്കുന്നത്. പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു പൈതൃകം രൂപംകൊള്ളുന്നത്. പൈതൃകത്തിലെ ഒരു ഘടകം മറ്റു ഘടകങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത് ശരിയല്ല. സമപൂരകങ്ങളാണ് ഓരോ ഘടകങ്ങളും. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകള്‍ക്കും പൊതുഘടകമാകാം. എന്നാല്‍ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങള്‍ മറ്റ് ജനതകളില്‍നിന്നും ഒരു പ്രത്യേക പൈതൃകത്തെ വേര്‍തിരിക്കുന്നു.
മാര്‍തോമായാല്‍ സ്ഥാപിതമായ നസ്രാണിസഭയുടെ പൈതൃകത്തെ മാര്‍തോമാക്രിസ്ത്യാനികള്‍ വിശേഷിപ്പിച്ചിരുന്നത് 'മാര്‍തോമായുടെ മാര്‍ഗവും വഴിപാടും' എന്ന കുറുമൊഴികൊണ്ടാണ്. ഭാരതീയ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന മാര്‍തോമാക്രിസ്ത്യാനികളുടെ ആകമാന ജീവിതചര്യയെയാണ് 'മാര്‍ഗവും വഴിപാടും' എന്ന വിശേഷണംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മാര്‍തോമാസഭാപൈതൃകത്തിന്‍റെ അഭിവാജ്യ ഘടകങ്ങളായ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം, സഭാപാരമ്പര്യങ്ങള്‍, സഭാഭരണരീതികള്‍, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങള്‍ എല്ലാം മാര്‍തോമാക്രിസ്ത്യാനികളുടെ 'മാര്‍ഗവും വഴിപാടും' എന്ന ചൊല്ലില്‍ അടങ്ങിയിക്കുന്നു.

മുന്‍കാലങ്ങളില്‍ സ്വയാധികാരസഭകളെ വേര്‍തിരിച്ചു കണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. നസ്രാണിസഭയ്ക്ക് സീറോ മലബാര്‍ സഭ എന്ന പേരിട്ടതുതന്നെ അതിന്‍റെ ആരാധനക്രമപൈതൃകം കല്ദായമായതിനാലായിരുന്നില്ല. മറിച്ച്, സുറിയാനിഭാഷ ആരാധനക്രമഭാഷയായതിനാലായിരുന്നു. (സീറോ മലബാര്‍ എന്ന പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഇന്ന് ആരാധനക്രമഭാഷ മലയാളമാണല്ലോ.)
ആരാധനക്രമത്തെക്കാളുപരി ഓരോ സഭയുടെയും സാമൂഹ്യസാംസ്കാരിക പശ്ചാത്തലവും സഭാഭരണ സമ്പ്രദായ പൈതൃകവുമാണ് സ്വയാധികാര സഭകളെത്തമ്മില്‍ അഥവാ റീത്തുകളെത്തമ്മില്‍ വേര്‍തിരിക്കുന്ന ഘടകങ്ങള്‍. മാര്‍തോമാനസ്രാണികളുടെ ആരാധനക്രമ പൈതൃകം കല്ദായമാണെന്ന് വാദിച്ചിരുന്ന പൗരസ്ത്യതിരുസംഘത്തിന്‍റെ കൂടെ ചുരുക്കം ചില കല്ദായവാദികളായ മെത്രാന്മാര്‍ കൂ ടിയതിന്‍റെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ച് കല്‍ദായ റാസകുര്‍ബാന സീറോ മലബാര്‍ സഭയില്‍ അടിച്ചേല്പിക്കുകയാണ് ചെയ്തത്. ചരിത്രപരമായി തെറ്റായ ഒരു നീക്കമായിരുന്നത്. കാരണം ഉദയമ്പേരൂര്‍ സൂനഹദോസിനുമുമ്പ് നമ്മുടെ കത്തനാരന്മാര്‍ റാസകുര്‍ബാന ചൊല്ലിയിരുന്നില്ല. കല്ദായയില്‍നിന്നു വന്നിരുന്ന മെത്രാന്മാര്‍ മാത്രമെ റാസകുര്‍ബാന ചൊല്ലിയിരുന്നൊള്ളു. കല്‍ദായ റാസകുര്‍ബാന മാര്‍തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമ പൈതൃകമല്ല (ശ്രീ ജോസഫ് പുലിക്കുന്നേലിന്‍റെ 'നമ്മുടെ കത്തനാരന്മാര്‍ കല്‍ദായ കുര്‍ബാന ചൊല്ലിയിരുന്നുവോ?' എന്ന ലഘുലേഖ കാണുക). ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം 1622ല്‍ റോസ്‌മെത്രാന്‍ പുതിയ കുര്‍ബാന (അത് കല്‍ദായ കുര്‍ബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക് നല്കിയപ്പോള്‍ അന്നുവരെ ഉപയോഗിച്ചിരുന്ന ആരാധനഭാഷയായ സുറിയാനി തുടര്‍ന്ന് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ 1962ല്‍ സുറിയാനിഭാഷമാറ്റി തദ്ദേശഭാഷയായ മലയാളം ആരാധനക്രമഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നും കല്‍ദായ ആരാധനക്രമം നസ്രാണികളുടെ സഭാപൈതൃകമായി കാണാന്‍ സാധിക്കയില്ല. എന്നാല്‍ കല്‍ദായ ആരാധനക്രമം നസ്രാണിസഭ യുടെ പൈതൃകമായി സ്ഥാപിച്ചതുവഴി അപ്പോസ്തലികസഭയായ മാര്‍തോമാസഭയെ നസ്രാണി മെത്രാന്മാര്‍ ശുഷ്ക്കമാക്കുകയാണ് ചെയ്തത്.

സ്വയംഭരണാധികാരം ലഭിച്ച സീറോ മലബാര്‍ സഭാമേലധികാരികള്‍ മാര്‍തോമായുടെ മാര്‍ഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ കാലോചിതമായി പ്രാവര്‍ത്തികമാക്കുന്നതിനെ സംബന്ധിച്ച് സംസാരിക്കാന്‍പോലും കൂട്ടാക്കിയിട്ടില്ല. "ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂര്‍ണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം” എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നിര്‍ദേശത്തിനുനേരെ സീറോ മലബാര്‍ മെത്രാന്മാര്‍ കൊഞ്ഞനം കാണിക്കുകയാണ് ചെയ്തത്. അല്മായര്‍ക്ക് സഭാഭരണത്തില്‍ പൂര്‍ണമായ ഭാഗഭാഗിത്വം ഉണ്ടായിരുന്ന പള്ളിപൊതുയോഗങ്ങള്‍ വഴിയുള്ള സഭാഭരണരീതി മാര്‍തോമാക്രിസ്ത്യാനികളുടെ തനിമയാര്‍ന്ന പൈതൃകമായിരുന്നു. ആ പൈതൃകത്തെയും സീറോ മലബാര്‍ മെത്രാന്മാര്‍ ഈ അടുത്തകാലത്ത് നശിപ്പിച്ചുകളഞ്ഞു. പകരം പാശ്ചാത്യ സഭാഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗണ്‍സിലുംകൊണ്ട് അവര്‍ തൃപ്തരായി. നസ്രാണികളുടെ എല്ലാമായ പള്ളിപൊതുയോഗഭരണസംമ്പ്രദായത്തെ തകിടം മറിച്ച് എല്ലാ അധികാരങ്ങളും മെത്രാന്‍റെ ഭരണത്തിന്‍കീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ ലത്തീനീകരിച്ച് അതികേന്ദ്രീകൃതമായ ഒരു വ്യവസ്ഥയ്ക്കു കീഴിലാക്കി. കൂടാതെ ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളില്‍ പെടാത്ത മാര്‍തോമാ അപ്പോസ്തലിക സഭയായ സീറോ മലബാര്‍ സഭയിലും പൗരസ്ത്യസഭകളുടെ കാനോനകള്‍ ബാധകമാക്കി. മെത്രാന്മാര്‍ കൊടും വഞ്ചനയാണ് നസ്രാണികളോട് ചെയ്തത്. ഒരു റീത്തായി നിലനില്‍ക്കേണ്ട പല ഘടകങ്ങളെയും ഇല്ലായ്മചെയ്ത് സഭാഭരണം പിടിച്ചെടുക്കുന്നതിനും അല്മായരുടെ സഭയിലുള്ള അന്തസ്സും അവകാശങ്ങളും നശിപ്പിക്കുന്നതിനും വേണ്ടിമാത്രമാണ് മെത്രാന്മാര്‍ സഭയോട് ഈ കടുംകൈ ചെയ്തതെന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

പണ്ട് ഉദയമ്പേരൂര്‍ സൂനഹദോസില്‍ പറങ്കികള്‍ നമ്മുടെ പൂര്‍വീകരെക്കൊണ്ട് ഏറ്റുപറയിച്ച അതുതന്നെ, "മിശിഹാ കര്‍ത്താവിനാല്‍ സ്ലിഹന്‍മ്മാര പഠിപ്പിക്കപ്പെട്ട നടത്തിയ മാര്‍ഗ്ഗം ഒന്നത്രെ എന്നും ശമഹൊര്‍ കെപ്പാടെയും മര്‍ത്തൊമ്മാടയും മാര്‍ക്കവും വഴിപാടും ഒന്ന അത്രെ എന്നും വിശ്വസിക്കുന്നെന്‍. അത രണ്ടിച്ച പറയുന്നത ഉപെക്ഷിക്കുന്നെന്‍", ഇന്ന് പണ്ഡിതന്മാരായ സീറോമലബാര്‍ നാട്ടുമെത്രാന്മാര്‍ യാതൊരു ഉളിപ്പുംകൂടാതെ നസ്രാണികളെകൊണ്ട് ഏറ്റുപറയിപ്പിക്കുന്നു. പറങ്കികള്‍ നമ്മെ ലത്തീനീകരിച്ചുയെന്ന് നാണമില്ലാത്ത ഈ മെത്രാന്മാര്‍ ലോകം മുഴുവന്‍ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസം!!

കേരളസമുദായത്തിന്‍റെ ക്രിസ്തുമത ജീവിത പാരമ്പര്യം മാത്രമാണ് മാര്‍തോമാ കേരളത്തില്‍ വന്നിരുന്നു എന്നതിന്‍റെ ഏക തെളിവ്. നസ്രാണികളുടെ ആസ്തിത്വത്തിന്‍റെയും നിലനില്പിന്‍റെയും സുപ്രധാന ഘടകമായ പാരമ്പര്യത്തിന്‍റെ കടയ്ക്കാണ് കഴിഞ്ഞ 30 വര്‍ഷംകൊണ്ട് കോടാലിവെച്ച് നസ്രാണി മെത്രാന്മാര്‍ അട്ടിമറിച്ചതെന്ന് വിശ്വാസികള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമെ കാര്യത്തിന്‍റെ ഗൗരവം തിരിച്ചറിയൂ. 20 നൂറ്റാണ്ടുകൊണ്ട് വികസിച്ചുവന്ന കേരള മാര്‍തോമാ നസ്രാണി പൈതൃകത്തെ നശിപ്പിച്ച് അവരെ സുറിയാനി ക്രിസ്ത്യാനികളാക്കാന്‍ കൂട്ടുനിന്ന നാട്ടുമെത്രാന്മാര്‍ക്ക് നസ്രാണിസമുദായം ഒരു കാലത്തും മാപ്പു നല്കുകയില്ല. മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ ഇതൊരു കറുത്ത അധ്യായമായി ഭാവിയില്‍ വിശേഷിപ്പിക്കപ്പെടും.

കത്തോലിക്കാ സഭയിലെ റീത്തുകള്‍ (ചാക്കോ കളരിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക