Image

മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ അദ്ധ്യായം - 15: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 01 December, 2016
മിനിക്കുട്ടിയെന്ന സൂസമ്മ (നീണ്ടകഥ അദ്ധ്യായം - 15: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
വര്‍ഷങ്ങളായി വിവാഹിതയായിട്ടും ഒരമ്മയാകാന്‍ കഴിയാത്ത രാജശ്രീയുടെ നിരാശ അവരെ അസ്വസ്ഥയാക്കാറുണ്ടായിരുന്നു. ഇതിനകം പല ഡോക്ടര്‍മാരെയും കണ്ടു. ചികിത്സകള്‍ എല്ലാം പാഴായി എന്നുമാത്രം. ഒരിക്കല്‍ സൗഹൃദസംഭാഷണത്തിനിടെ, രാജശ്രീയുടെ കുടുംബസുഹൃത്തുകൂടിയായ ഡോക്ടര്‍ ഒരഭിപ്രായം പ്രകടിപ്പിച്ചു. ""കൃത്രിമ സന്താനോല്പാദനം'' (Artificial Insemination) ആരോഗ്യവതിയായ ഒരു യുവതിയെ അതിനുവേണ്ടി കണ്ടുപിടിച്ചു അവരുടെ ഗര്‍ഭപാത്രത്തില്‍ കൂടി ഒരു കുഞ്ഞിനെ സ്വന്തമാക്കുക. കാര്യം വളരെ ഗൗരവമുള്ളതാണ്. നിയമപരമായി പല നൂലാമാലകളും കടമ്പകളും കടക്കണം. എങ്കിലും ഒരു പിന്‍തലമുറയ്ക്കുവേണ്ടി അത്തരം ഒരു സാഹസത്തിനു മുതിരുന്നതില്‍ ഉദയവര്‍മ്മയ്ക്കും അഭിപ്രായവ്യത്യാസം ഉണ്ടായില്ല. ഇരുവരുടെയും മനസ്സില്‍ പെട്ടെന്നു തെളിഞ്ഞുവന്നത് മിനിക്കുട്ടിയുടെ മുഖമാണ്. യുവത്വം തുടിക്കുന്ന, ആരോഗദൃഢഗാത്രയായ ഒരു സുന്ദരി. പക്ഷെ ഇക്കാര്യം അവളോട് എങ്ങിനെ പറയും.

മിനിക്കുട്ടി ഈയിടെ ആയി വളരെ ചിന്താധീനയാണ്. അവളുടെ ഭാവി ഇനി എന്താണ്. വളരെ വിജയകരമായി നേഴ്‌സിംഗ് പഠനം പൂര്‍ത്തിയായി. അല്പനാള്‍ മാത്രം നല്ല ഒരു തുക വേതനം പറ്റി ജോലി ചെയ്തു. എന്നാല്‍ ഒരു കിരാതന്റെ കൈകളാല്‍ തന്റെ ജീവിതം പിച്ചിചീന്തപ്പെട്ടു. തന്റെ സ്വപ്നങ്ങളെയെല്ലാം അയാള്‍ തകര്‍ത്തു. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും കൈയില്‍ കിട്ടിയില്ല. അവ ഉണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ ജോലിക്കു ശ്രമിക്കാമായിരുന്നു. വളരെ ആലോചിച്ചതിനുശേഷം അവള്‍ തന്റെ ഹൃദയവിചാരങ്ങളെ രാജശ്രീയുമായി സംസാരിച്ചു. അന്നു തന്നെ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനെക്കുറിച്ച് രാജശ്രീ തന്റെ ഭര്‍ത്താവിനോടാലോചിച്ചു. മിനിക്കുട്ടിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടത് അവളുടെ അവകാശമാണ്. അവള്‍ക്കുവേണ്ടി ഉദയവര്‍മ്മ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ നേഴ്‌സിംഗ് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടാമെന്ന് സമ്മതിച്ചു. ദിവസങ്ങള്‍ക്കുശേഷം അന്നു മിനിക്കുട്ടി ആത്മാര്‍ത്ഥമായി ആശ്വാസം കണ്ടെത്തി.

സൂസമ്മയ്ക്കുള്ള ഒരു ശിക്ഷ എന്ന രീതിയില്‍ പിടിച്ചുവച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താമസംവിനാ അവള്‍ക്കു ലഭ്യമായി. തന്റെ ജീവിതത്തിനു ഒരു പുതിയ മാനം കണ്ടെത്തുവാന്‍ അവള്‍ തയ്യാറായിരുന്നു. ആദ്യമായി ഒരു ജോലി കണ്ടുപിടിക്കണം. നാട്ടില്‍ വൃദ്ധരായ തന്റെ മാതാപിതാക്കളെ പോയിക്കാണണം. വിവാഹപ്രായമെത്തി നില്ക്കുന്ന തന്റെ അനുജത്തിക്കു അനുയോജ്യനായ ഒരു വരനെ കണ്ടുപിടിക്കണം. ജീവിതം ഇവിടെ പുനര്‍ ആരംഭിക്കണം. മിനിക്കുട്ടി എന്ന സൂസമ്മയുടെ ചിന്തകള്‍ അവളുടെ കൊച്ചുഗ്രാമത്തിലും കുന്നിന്‍മുകളിലുള്ള കൊച്ചുദേവാലയത്തിലും പരിസരങ്ങളിലുമായി, സ്വപ്നങ്ങളുടെ കളിത്തേരിലേറി പറന്നുതുടങ്ങി.

കാഷ്മീരിലെ മനോഹരമായ പല സ്ഥലങ്ങളും ഉദയവര്‍മ്മയോടും രാജശ്രീയോടുമൊത്ത് അവള്‍ സന്ദര്‍ശിച്ചു. മിനിക്കുട്ടി ഇന്ന് ആ കുടുംബത്തിലെ ഒരംഗം ആയി കണക്കാക്കപ്പെട്ടു കഴിഞ്ഞു. അവളുടെ സാമീപ്യം അവര്‍ ഇഷ്ടപ്പെട്ടു. അവള്‍ അവരുടെയും. ഒരു സായംസന്ധ്യയില്‍ അത്താഴം കഴിഞ്ഞു മുറിയിലേക്കുപോയ മിനിക്കുട്ടിയെ രാജശ്രീ അനുഗമിച്ചു. തങ്ങളുടെ ആഗ്രഹം മിനിയുമായി സംസാരിക്കാന്‍ ഉദയവര്‍മ്മ രാജശ്രീയെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അവര്‍ക്ക് ഇനി ആ ആഗ്രഹം നീട്ടിക്കൊണ്ടുപോകാന്‍ സാധ്യമല്ല. മിനിക്കുട്ടിയുടെ മുറിയില്‍ അവളുടെ കിടക്കയില്‍ അവളോടൊപ്പം രാജശ്രീയും ഇരുന്നു. രാജശ്രീയ്ക്കു തന്നോടെന്തോ പറയാനുണ്ടെന്നു മിനിക്കുട്ടിക്കു മനസ്സിലായി. അവള്‍ ആകാംക്ഷാപൂര്‍വ്വം ""ചേച്ചീ എന്താണു പറയാനുള്ളത്'' എന്നു ചോദിക്കുകയും ചെയ്തു.

തനിക്കു പറയാനുള്ളത് എങ്ങിനെ അവതരിപ്പിക്കും എന്നു രാജശ്രീയ്ക്കു തിട്ടമില്ലായിരുന്നു. എങ്ങിനെ തുടങ്ങണം, എവിടെ തുടങ്ങണം. മിനി ഒരു പുതിയ ജോലിക്കു പോയിത്തുടങ്ങുന്നതിനുമുമ്പ് ഇതു നടക്കണം. ക്രമേണ രാജശ്രീ മൗനം ഭജ്ഞിച്ചു:-

'"മിനിക്കുട്ടീ, ഞാന്‍ പറയാനുദ്ദേശിക്കുന്ന കാര്യം നിനക്കു സ്വീകാര്യമോ എന്നെനിക്കറിയില്ല. പക്ഷെ നീ ഇതു കേള്‍ക്കണം. സമ്മതിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.''

മിനി:- ""ചേച്ചീ, എന്താണെങ്കിലും പറയൂ. എനിക്കൊരു പുതിയ ജീവന്‍ തന്നവരാണു നിങ്ങള്‍. ചേച്ചി എന്തു പറഞ്ഞാലും എന്നെക്കൊണ്ടു കഴിവുള്ളതാണെങ്കില്‍ ഞാന്‍ അനുസരിക്കും.''

രാജശ്രീ:- ""മോളെ, ഇതത്ര നിസ്സാരമല്ല. നീ പ്രസവിക്കുന്ന കുട്ടിയെ സ്വന്തമാക്കണെന്നാഗ്രഹിച്ചവരാണു ഞങ്ങള്‍. അതിനും വിധിയുണ്ടായില്ല. ഒരമ്മയാകാനുള്ള എന്റെ ആഗ്രഹം ഇനിയും ബാക്കി നില്ക്കുന്നു. ഈ തറവാടിന്റെ ഭാവിതന്നെ ഇവിടെ നിലച്ചേക്കാം.''

മിനി:- ""ചേച്ചീ ഹതഭാഗ്യയായ എനിക്ക് ഒരു കുഞ്ഞിനു വേണ്ടതെല്ലാം നല്കി വളര്‍ത്താന്‍ സാധിക്കയില്ല എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ ആ കുഞ്ഞിനെ ചേച്ചിയെ ഏല്പിക്കുന്നതില്‍ ഞാന്‍ പൂര്‍ണ്ണമായും സംതൃപ്തയായിരുന്നു.''

രാജശ്രീ:- ""മോളെ, നീ മനസ്സുവച്ചാല്‍ ഞങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ക്കൂടി നിനക്കതു ചെയ്യാം. പുരുഷസംസര്‍ഗ്ഗമില്ലാതെ, പുരുഷബീജം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഗര്‍ഭിണി ആകാം എന്ന് പുതിയ ശാസ്ത്രം തെളിയിച്ചിട്ടുള്ളതായി ഒരു നേഴ്‌സായ നീയും കേട്ടിരിക്കുമല്ലോ.''

രാജശ്രീയുടെ ഉദ്ദേശ്യം ഏതാണ്ടൊക്കെ അവള്‍ക്കു മനസ്സിലായി, ഒരു അത്ഭുതലോകത്തിലെന്നപോലെ അവള്‍ സ്തബ്ധയായിരുന്നു ഒരു പ്രതിമ കണക്കെ. ഏതാനും നിശബ്ദനിമിഷങ്ങള്‍ കടന്നുപോയി. ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് രാജശ്രീ;-

""മിനിക്കുട്ടി നല്ല വണ്ണം ചിന്തിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി. ഞങ്ങള്‍ നിര്‍ബന്ധിക്കയില്ല. തല്ക്കാലം ഞാന്‍ പോകട്ടെ. ഏീീറ ചശഴവ.േ ''. രാജശ്രീ മുറി വിട്ടിറങ്ങി.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക