Image

ഫോമാ ഭരണപരിഷ്കാരങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും

Published on 27 October, 2016
ഫോമാ ഭരണപരിഷ്കാരങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ പൊതുയോഗം ഒക്ടോബര്‍ 29 ആം തീയതി 02 മണി മുതല്‍ സൗത്ത് ഫ്‌ലോറിഡയിലെ, ഫോര്‍ട്ട് ലൂഡര്‍ഡേയിലുള്ള ഹോളിഡെ എക്‌സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ച് നടത്തപ്പെടുന്നു.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന്‍റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ച് നിയുക്ത ഭരണസമിതിക്ക് അധികാരം കൈമാറുന്നതായിരിക്കും. ഇതോടൊപ്പം, ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ നവംബര്‍ ഒന്ന് മുതല്‍
നിലവില്‍ വരും. സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ടുണ്ടാകാവുന്ന പല വിവാദങ്ങള്‍ക്കും ഇതോടെ വിരാമമാകും.

പൊതുയോഗം, നാഷണല്‍ കമ്മറ്റി, എക്‌സിക്യൂട്ടീവ് കമ്മറ്റി എന്നീ മൂന്നു തട്ടുകളായുള്ള പുതിയ ഭരണസംവിധാനം നിലവില്‍ വരും. ഫോമായുടെ എക്‌സിക്യൂട്ടീവ് സംവിധാനത്തില്‍ കാതലായ അഴിച്ചു പണി നടത്തിയതോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് കൂടുതല്‍ ചുമതലയും, അധികാരങ്ങളും അനുവദിച്ചു.

ഫോമായുടെ നാല് തരം അംഗത്വത്തില്‍ നിന്നും, ഇനി മുതല്‍ രണ്ടു തരം അംഗത്വമായി പരിമിതപ്പെടുത്തി. വ്യക്തികള്‍ക്ക് നേരിട്ട് അംഗത്വത്തിനു അനുമതിയില്ല. അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അപേക്ഷകളിന്മേല്‍ മൂന്നു മാസത്തിനകം തീരുമാനമറിയിക്കും,
നിലവില്‍ ആറുമാസം കാലാവധിയെടുക്കും. ഇനിമുതല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് കഴിയുന്നുതുവരെ പുതിയ അംഗത്വം അനുവദിക്കുന്നതുമല്ല.

അംഗസംഘടനകളില്‍ നിന്നും പൊതുയോഗത്തിലേക്കുള്ള പ്രതിനിധികളുടെ എണ്ണം അഞ്ചില്‍ നിന്നും ഏഴാക്കി. നിലവിലുള്ള കണക്കും പ്രകാരം ഇതോടെ ആകെ പ്രതിനിധികളുടെ എണ്ണം നാനൂറ്റി അമ്പത്തഞ്ചോളം (455) ആകും.

ദേശീയ ഉപദേശക സമിതി ചെയര്‍മാനെ കൂടി ഉള്‍പ്പെടുത്തിയും, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറാര്‍ എന്നിവര്‍ക്ക് കൂടിയും സമ്പൂര്‍ണ്ണവകാശം അനുവദിച്ച് പൊതുയോഗം അംഗീകാരം നല്‍കി.

നാഷണല്‍ കമ്മറ്റിയിലേക്ക്, ഒരു റീജിയനില്‍ നിന്നും രണ്ട് കമ്മറ്റിയംഗങ്ങളെയും, ഒരു റീജിയണല്‍ വൈസ് പ്രസിഡന്റിനെയും അതാതു റീജിയനില്‍ നിന്നുള്ള പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നതായിരിക്കും.

ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും, റീജിയണല്‍ വൈസ് പ്രസിഡന്റന്മാരും ഉള്‍പ്പെട്ട എല്ലാ നാഷണല്‍ കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുക്കുന്നത് ഫോമയുടെ പൊതുതിരഞ്ഞെടുപ്പില്‍ വെച്ചായിരിക്കും.

ഫോമാ പൊതു തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ആറുമാസങ്ങള്‍ക്ക് മുന്നോടിയായി നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷമായി ഉയര്‍ത്തി. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള നാമനിര്‍ദ്ദേശ പത്രിക, സ്ഥാനാര്‍ഥിയുടെ സംഘടനയിലെ പ്രസിഡന്റിന്റെയും
സെക്രട്ടറിയുടെയും സാക്ഷ്യപ്പെടുത്തല്‍ ഉണ്ടങ്കില്‍ മാത്രമേ ഇനി മുതല്‍ പരിഗണിക്കുകയുള്ളൂ.

പരിഷ്കരിച്ച ഭരണഘടന ഭേദഗതികള്‍ ഫോമാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പന്തളം ബിജു തോമസ് ചെയര്‍മാനായുള്ള ബൈലോ കമ്മറ്റിയുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ഒരു ഭരണഘടന ഭേദഗതി പൊതുയോഗത്തില്‍ അവതരപ്പിച്ച് ഭേദഗതികളോടെ അംഗീകരിച്ചത്. ഫോമായുടെ നിലവിലുള്ള ബൈലോയുടെ ശില്പികളായിരുന്ന ജെ. മാത്യു സര്‍, രാജു വര്‍ഗീസ്, ഡോക്ടര്‍ ജെയിംസ് കുറിച്ചി എന്നീ പ്രഗല്‍ഭരായ വ്യക്തികള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഈ കമ്മറ്റി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009 എന്നിവരുമായി ബന്ധപ്പെടണ്ടാതാണ്.
ഫോമാ ഭരണപരിഷ്കാരങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക