Image

ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി; അന്വേഷണങ്ങള്‍ പക തീര്‍ക്കാന്‍

Published on 21 October, 2016
ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി; അന്വേഷണങ്ങള്‍ പക തീര്‍ക്കാന്‍

കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളില്‍ മുന്‍ ധാരണയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ജേക്കബ് തോമസിന്റെ പല നിര്‍ദേശങ്ങള്‍ക്കും പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ട്. അന്വേഷണങ്ങള്‍ പക തീര്‍ക്കാനാകരുതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

പലപ്പോഴും മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി. ജനങ്ങളെ പാര്‍ട്ടിക്കെതിരാക്കാനായിരുന്നു ഈ നീക്കങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ നല്‍കിയാല്‍ കോടതി സ്വാധീനിക്കപ്പെടുമെന്ന് ജേക്കബ് തോമസ് കരുതുന്നതായും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

മുന്നണി വിട്ടാല്‍ ഒരു ദിവസം പോലും കേരളാ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന ചിലരുടെ വിചാരം മാറ്റാനായി. മുന്നണി പ്രവേശനം ഇപ്പോള്‍ അജന്‍ഡയില്ല. ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളും. കേരളാ കോണ്‍ഗ്രസിന്റെ സ്വീകാര്യതയാണ് പാര്‍ട്ടി വിട്ടവരുടെ വിദ്വേഷത്തിന് കാരണം. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ജോസ് കെ. മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക