Image

ഈ തത്ത കൂടുവിട്ട് വിജിലന്റായി പറക്കും (എ.എസ്. ശ്രീകുമാര്‍)

Published on 21 October, 2016
ഈ തത്ത കൂടുവിട്ട് വിജിലന്റായി പറക്കും (എ.എസ്. ശ്രീകുമാര്‍)
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സ്വജനപക്ഷപാത സുന്ദര ഭരണകാലത്ത്, ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് 'കൂട്ടിലടച്ച തത്ത'യായിരുന്നു. 'ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍...' എന്ന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ചൊല്ലിയില്ലെ. ആ പരുവത്തിലായിരുന്നു ടിയാന്‍. എങ്കിലും അഴിമതിക്കെതിരെ ഭേഷായി ചിലച്ചു. അതിന്റെ ശിക്ഷയായി ജേക്കബ് തോമസ് ജോറായി തരം താഴ്ത്തപ്പെട്ടു. അപ്പോഴേയ്ക്കും യു.ഡി.എഫ് മന്ത്രിസഭയുടെ ആയുസെത്തിയിരുന്നു. പിന്നെ ഇടതു മന്ത്രിസഭ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരണം തുടങ്ങിയപ്പോള്‍ വിജിലന്‍സിന്റെ താക്കോല്‍ സ്ഥാനത്ത് ആരെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ യാതൊരു കണ്‍ഫ്യൂഷഷനുമുണ്ടായില്ല. അമിത സത്യസന്ധതയുള്ള ജേക്കബ് തോമസ്, പിണറായിയുടെ അനുഗ്രഹാശിസുകളോടെ തല്‍സ്ഥാനത്ത് നിയമിക്കപ്പെടുകയും അദ്ദേഹം പണി തുടങ്ങുകയും ചെയ്തു. ഒരിക്കല്‍ കൂട്ടിലടയ്ക്കപ്പെട്ട തത്ത കൂടു പൊളിച്ച് ചിറകു വിരിച്ച് പാറിപ്പറന്നു.

ജേക്കബ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റ് നാലര മാസമേ ആയുള്ളു. ചുമതലയേറ്റ ശേഷം ഒരു ഫുട്‌ബോള്‍ റഫറിയുടെ കണിശതയോടെ ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ കീശയില്‍ നിന്ന് വീശിയെടുത്തുകാട്ടിയ അദ്ദേഹം അഴിമതിക്കാര്‍ക്ക് പുറത്തേയ്ക്ക് വഴി കാണിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. നാലരപ്പതിറ്റാണ്ട് അന്വേഷിച്ചാലും തീരാത്ത അഴിമതി കേസുകളാണ്, ധീരന്‍, കര്‍ക്കശക്കാരന്‍, സത്യത്തിന്റെ പര്യായം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ഉന്നതര്‍ പ്രതിയായ ടൈറ്റാനിയം കേസ്, പാമോലിന്‍ കേസുകള്‍, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോഫിനാന്‍സ് കേസില്‍ എഫ്.ഐ.ആര്‍, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി അന്വേഷണം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, മുന്‍ മന്ത്രിമാരായ കെ.എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം, കെ. ബാബുവിനെതിരായ ബാര്‍ കോഴ അന്വേഷണം, സി.എന്‍ ബാലകൃഷ്ണനെതിരായ കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട് തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതി അന്വേഷണങ്ങള്‍ വരെ നീളുന്നതാണ് ജേക്കബ് തോമസിന്റെ ശ്രമകരമായ ഡ്യൂട്ടി. ഇതിനിടെ വിജിലന്‍സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുമെന്നു പ്രഖ്യാപനമുണ്ടായി. വിജിലന്‍സ് ഓഫീസിനോടുബന്ധിച്ച് ലോക്കപ്പ് മുറികളും സ്ഥാപിക്കുമെന്ന് കേട്ടപ്പോള്‍ അഴിമതിക്കാരുടെ നെഞ്ചിടിപ്പുയരുകയും അഴിമതി വിരുദ്ധര്‍ കോരിത്തരിക്കുകയും ചെയ്തു.

ഇങ്ങനെ നല്ല വെടിപ്പായി പണിയെടുക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് മന്ത്രി ഇ.പി ജയരാജനെ സ്വജനപക്ഷപാതത്തിലധിഷ്ഠിതമായ ബന്ധുനിയമന കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പറക്കും തത്തയുടെ കണ്ടക ശനിയാരംഭിക്കുകയായി. ജയരാജനെതിരായ പരാതി വായിക്കാന്‍ അദ്ദേഹം മടിച്ചു. ദിവസങ്ങള്‍ കടന്നു പോയി. പ്രതിപക്ഷം കൊമ്പുകോര്‍ത്തു. അവര്‍ തത്തയുടെ ചോരയ്ക്കു വേണ്ടി ദാഹിച്ച് വായ് പിളര്‍ന്നു. ഒടുവില്‍ ജയരാജവിഷയത്തില്‍ കോടതി ഇടപെടുന്ന ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം അന്വേഷണത്തിനു തുല്യം ചാര്‍ത്തി മുന്നോട്ടു പോയി. 

അപ്പോഴാണ് പ്രതിപക്ഷത്തിന്റെ ഒരു കട്ടപ്പാര ജേക്കബ് തോമസിന്റെ നേരെ വരുന്നത്. ജയരാജന്റെ ബന്ധു നിയമനക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹത്തെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തലയും  കൂട്ടരും ആക്രോശിച്ചത്. ഈ സമയം സാക്ഷാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും ചില പരാതികള്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു. ഇദ്ദേഹം തുറമുഖ ഡയറക്ടറായിരിക്കെ വിവാദ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷത്തിന്റെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലില്‍ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് വന്നു. ഈ ദുരവസ്ഥയില്‍ ഏതു കൊടുങ്കാറ്റിലും പതറാതെ മുന്നോട്ടു പോകുമെന്ന് ജേക്കബ് തോമസ് പ്രഖ്യാപിച്ചു.

തത്ത ക്ലിഫ് ഹൗസിലേയ്ക്കും എ.കെ.ജി സെന്ററിലേയ്ക്കും ഷട്ടിലടിച്ച് പറക്കുന്നതായി ആക്ഷേപമുയര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ ക്ലിഫ് ഹൗസ് പരിസരത്ത് തലയില്‍ മുണ്ടിട്ട്  നടക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിഷം പുരട്ടിയ കൂരമ്പുകള്‍. ഇതെല്ലാമായപ്പോള്‍ ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡുമൊക്കെ ജീവരക്ഷാര്‍ത്ഥം വലിച്ചെറിഞ്ഞ് ജേക്കബ് തോമസ് ദുര്‍ബലനായി. കൊടുങ്കാട്ട്‌പോയിട്ട് ഒരിളം കാറ്റു പോലുമടിക്കാത്ത നേരത്ത് ഡയറക്ടര്‍ക്ക് രാജി സന്നദ്ധതയറിയിക്കുന്നു. തന്റെ ഈ തീരുമാനത്തിന് ഒരു മാറ്റവുമില്ലെന്ന് പുള്ളിക്കാരന്‍ കട്ടായം പറഞ്ഞപ്പോള്‍ വിജിലന്‍സ് ആക്ടിവിസം സ്വപ്നം കണ്ട ജനം കണ്ണീര്‍ വാര്‍ത്തു.

മന്ദ മാരുതനില്‍ തത്ത വീണെന്ന് രമേശ് ചെന്നിത്തല കളിയാക്കി. ജേക്കബ് തോമസ് രാജിവയ്ക്കുന്ന കാര്യം പിണറായി സര്‍ക്കാരിന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. പ്രത്യേകിച്ചും രാജി വച്ച മന്ത്രി ഇ.പി ജയരാജന്റെ പേരിലുള്ള കടുത്ത ആക്ഷേപം നിലനില്‍ക്കെ. 'ഞാന്‍ പോവും...' എന്ന് ജേക്കബ് തോമസും , 'അയ്യോ ചതിക്കല്ലേ...' എന്ന് പിണറായിയും നൂറ്റൊന്നാവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷം മൂക്കത്ത് വിരല്‍ വച്ചും കോക്രി കാട്ടിയും ഉല്ലസിച്ചു വിളയാടി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വ്യക്തിപരമായ കാരങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോയ്ക്കും കത്ത് നല്‍കി. 'ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണല്ലോ'യെന്ന് ഈയവസരത്തില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും കത്ത് കിട്ടിയ പാടെ നളിനി-പിണറായി കൂടിക്കാഴ്ച നടന്നു. പിറ്റെ ദിവസം നടന്ന മന്ത്രിസഭാ യോഗം രാജിക്കത്ത് പരിഗണിച്ചില്ല. മന്ത്രിസഭായോഗം നടക്കുന്നതിന് മുമ്പ് ചേര്‍ന്ന സി.പി.എം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരണമെന്ന് നിര്‍ദേശിച്ചുവത്രേ. പാര്‍ട്ടിയുടെ ആനുകൂല്യം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമെന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് രമേശ് ചെന്നിത്തല ചോദിച്ചു.

തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ ജേക്കബ് തോമസിന് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കി. ജേക്കബ് തോമസ് രാജി വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും വി.എസ് പുകഴ്ത്തിയപ്പോള്‍ ജേക്കബ് തോമസ് ധര്‍മസങ്കടത്തിലാവുന്നതാണ് ജനം കണ്ടത്. കൊടുങ്കാറ്റിനേക്കാളും ശക്തി വി.എസിന്റെ വാക്കുകള്‍ക്കുണ്ടെന്ന് ഡയറക്ടര്‍ തിരിച്ചറിഞ്ഞു. രാജി വയ്ക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് വമ്പ് പറഞ്ഞ ജേക്കബ് തോമസ് പയ്യെ അയഞ്ഞു. 'എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. അത് തുടരും. ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെ...' എന്ന് പറഞ്ഞ് ജേക്കബ് തോമസ് മലക്കം മറിഞ്ഞപ്പോള്‍ ചെന്നിത്തലയും കൂട്ടരും വിളറി. അപ്പോള്‍ 'ഇന്നത്തെ സത്യം നാളത്തെ സ്വപ്നമാണല്ലോ...' എന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ജേക്കബ് തോമസ് മറന്നില്ല. ഇതാണ് ജേക്കബ് തോമസിന്റെയൊരു കുഴപ്പം. കുഴപ്പമില്ലെന്ന് തീര്‍ത്തും പറയാനൊക്കില്ല, ദൗര്‍ബല്യമെന്നോ ശീലമെന്നോ വേണമെങ്കില്‍ കരുതാം. 

ഏതെങ്കിലുമൊരു പദവിയിലിരുന്നാല്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മുടിഞ്ഞ പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുക്കും. വാര്‍ത്താപുരുഷനാവാന്‍ ജേക്കബ് തോമസിന് അപാരമായ സിദ്ധിവിശേഷമുണ്ട്. ചാനല്‍ കാമറ കണ്ടാല്‍ ചുവന്നു തുടുക്കുന്ന ആ മുഖത്തു നിന്ന് ഗൗരവത്തിന്റെ ഊര്‍ജരേണുക്കള്‍ തൊട്ടെടുക്കാം. പിന്നെ എല്ലാ കാര്യങ്ങളും ഒന്നോ രണ്ടോ വാക്യങ്ങളില്‍ ചുരുക്കി വെളിപ്പെടുത്തിയിരിക്കും... നേരത്തെ ഉദ്ധരിച്ച 'ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണല്ലോ...' എന്ന് പറയും പോലെ ആശങ്കയുടെ കാര്‍മേഘം മാഞ്ഞ പുതിയ ആകാശത്ത് ഈ തത്ത വിജിലന്റായി തന്നെ പാറിപ്പറക്കും... പുതിയ പുതിയ അഴിമതിക്കാരെ കല്‍ത്തുറുങ്കിലടയ്ക്കാന്‍...

ഈ തത്ത കൂടുവിട്ട് വിജിലന്റായി പറക്കും (എ.എസ്. ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക