Image

എടിഎം തട്ടിപ്പ്: 32 ലക്ഷം കാര്‍ഡുകളുടെ രഹസ്യം ചോര്‍ന്നു

Published on 21 October, 2016
എടിഎം തട്ടിപ്പ്: 32 ലക്ഷം കാര്‍ഡുകളുടെ രഹസ്യം ചോര്‍ന്നു
മുംബൈ/ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയെ ഉലച്ച് സുരക്ഷാവീഴ്ച. ബാങ്കുകളുടെ 32 ലക്ഷത്തിൽപരം എടിഎം/ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർന്നു. ബാങ്ക് നിക്ഷേപകർക്കോ ഇടപാടുകാർക്കോ വ്യാപകമായി പണനഷ്‌ടം ഇല്ലെന്നാണു സർക്കാർ പറഞ്ഞത്. 

എന്നാൽ, 641 പേരുടെ പരാതികൾ പ്രകാരം 1.3 കോടി രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഏതായാലും ബാങ്കുകൾ ലക്ഷക്കണക്കിനു കാർഡുടമകളോട് പിൻ (പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) മാറ്റാൻ ആവശ്യപ്പെടുകയോ അവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യുകയോ ചെയ്തു. ചില ബാങ്കുകൾ കാർഡുകൾ റദ്ദാക്കി വേറെ കാർഡുകൾ നൽകാനും നടപടി തുടങ്ങി. രാജ്യത്തെ 70 കോടിയോളം എടിഎം കാർഡുകളിൽ 0.5 ശതമാനത്തിലെ വിവരങ്ങൾ മാത്രമേ ചോർന്നിട്ടുള്ളൂ എന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചു. നിക്ഷേപകരും പൊതുജനങ്ങളും ഭയപ്പെടേണ്ട കാര്യമില്ല. 99.5 ശതമാനം കാർഡുകളും സുരക്ഷിതമാണ്: ധനമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ജി.സി. മുർമു പറഞ്ഞു. വിവരങ്ങൾ ചോർന്നു എന്നു കരുതപ്പെടുന്ന കാർഡുകളുടെ ഉടമകളെ ബാങ്കുകൾ വിവരം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ വിവരം ലഭിച്ചിട്ടില്ലെങ്കിൽ ആശങ്ക ആവശ്യമില്ല. എങ്കിലും സംശയമുള്ളവർ തങ്ങളുടെ പിൻ മാറ്റുന്നതു നന്നായിരിക്കുമെന്നു ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു. പുതുതലമുറ സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്കിന്റെ എടിഎം സംവിധാനത്തിൽനിന്നാണു രഹസ്യവിവരങ്ങൾ ചോർത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക