Image

തൈക്കൂടം പാലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആനന്ദ ന്രുത്തം

അനില്‍ പെണ്ണുക്കര Published on 20 October, 2016
തൈക്കൂടം പാലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആനന്ദ ന്രുത്തം
തൈക്കുടം ബ്രിഡ്ജ്' അമേരിക്കയില്‍ പുതിയ ചരിത്രമെഴുതി. അമേരിക്കയിലെ മെഗാ ഷോകളുടെ ചരിത്രം തന്നെ മാറ്റി മറിച്ചു. അമേരിക്കയില്‍ നടാടെ എത്തിയ ഈ യുവതരംഗം ആബാലവ്രുദ്ധം മലയാളികള്‍ക്കും ഹരമായി.

പരിപാടി കാണാന്‍മിക്കവാറും എല്ലാവരും വര്‍ണ്ണാഭമായ വേഷ ഭൂഷാദികളോടെ എത്തിയത്ഈ യുവ ബ്രാന്‍ഡിന് തിളക്കം കൂട്ടി. .യൂട്യൂബില്‍ ഏറ്റവുമധികം പേര്‍ കേട്ട സൗത്ത് ഇന്ത്യന്‍ മ്യൂസിക്കല്‍ ബാന്റെന്ന നേട്ടം 'തൈക്കുടം ബ്രിഡ്ജിനു 'സ്വന്തം. സിദ്ധാര്‍ത്ഥ് മേനോനും സംഘവും ആലപിച്ച 'നൊസ്റ്റാള്‍ജിയ'എന്ന ഒരൊറ്റ ഗാനം തന്നെ ഒഫീഷ്യല്‍ യൂട്യൂബ് ലിങ്കില്‍ ഇരുപത്തിയഞ്ചുലക്ഷത്തിലധികംആളുകളാണ് കേട്ടത് .

ഇതേ പാട്ട് തന്നെ ആരാധകരും ന്യൂസ് പോര്‍ട്ടലുകളുമടക്കം മറ്റു പലരും യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്കില്‍ മൂന്ന് ലക്ഷത്തി അന്‍പതിനായിരത്തോളം പേര്‍ ഇഷ്ടം രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ ദിവസവും ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ കൂടുന്നത് 1000 ത്തിലധികമാണ്. 16 പേരടങ്ങുന്ന ഈ യുവ സംഗീത വിസ്മയത്തിലെ ഓരോരുത്തര്‍ക്കും ഫെയ്‌സ് ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഫോളോവേഴ്‌സായി വരുന്നത് പതിനായിരങ്ങളാണ്. പ്രധാന ഗായകരില്‍ ഒരാളായ സിദ്ധാര്‍ത്ഥ് മേനോനു മാത്രം ഇത് അരലക്ഷം കവിയും

ഈ ചെറുപ്പക്കാര്‍ കിടിലന്‍ സംഗീതവുമായി നമ്മുടെ ഹൃദയങ്ങളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ എല്ലാ മാധ്യമങ്ങളും ആ ആരവം ഏറ്റെടുക്കുന്നുണ്ട്. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ അതിഥികളായി ഇവര്‍ ഒറ്റയ്ക്കും കൂട്ടായും വിശേഷങ്ങള്‍ പങ്കു വെയ്ക്കാനെത്തുന്നു.

രണ്ടുവര്‍ഷം മാത്രം പ്രായമായ 'തൈക്കുടം ബ്രിഡ്ജ് 'പേരു പോലെ തന്നെ യുവതലമുറയുടെ സംഗീതാസ്വാദനത്തിന്റെ പാലമായി അതിവേഗം മാറി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ചെറുതും വലുതുമായ കാമ്പസുകളുടെ ഉത്സവങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ആദ്യം തീരുമാനിക്കുന്ന പേരായി തൈക്കുടത്തിന്റെ ഷോ.

വിദേശത്തും നിരവധി വേദികളില്‍ തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് സ്റ്റേജു ഷോകള്‍ അരങ്ങേറി കഴിഞ്ഞു. ഓരോ പരിപാടികള്‍ക്ക് ശേഷവും അവിടെ തന്നെ ഷോക്ക് വേണ്ടിയുള്ള ക്ഷണം. കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാസ്മരികത തന്നെയാണ് തൈക്കുടത്തിന്റെ പ്രത്യേകത. സംഗീത പ്രേമികളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഓരോ പാട്ടിനെയും ഓരോ നിമിഷത്തെയും ഹൃദയം കൊണ്ടിവര്‍ക്ക് സ്പര്‍ശിക്കാനാവുന്നു.മലയാളി അവന്റെ മനസ്സില്‍ നിധിപോലെ സൂക്ഷിച്ച പല ഗാനങ്ങളും ഒരിക്കല്‍ കൂടി അവര്‍ മറ്റൊരു ശബ്ദത്തിലും താളത്തിലും പാടി കേള്‍പ്പിക്കുകയാണ്.

അത് കൂടാതെ ഇളയരാജയും എആര്‍ റഹ്മാനും പുള്ളുവന്‍ പാട്ടും ഹിന്ദുസ്ഥാനിയും സൂഫി സംഗീതവും ഫിഷ് റോക്കും അങ്ങനെ പലതരം ഈണങ്ങള്‍ 16 പേര്‍ ചേര്‍ന്ന് സൃഷ്ടിച്ചുകൊണ്ടേയിരുന്നപ്പോള്‍ ഓരോ നിമിഷം കൂടുംതോറും അവരുടെ ആരാധകരുടെ എണ്ണവും ദേശ ഭാഷാ അതിര്‍ത്തികള്‍ കടന്നു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. പഴയ ഗാനങ്ങള്‍ പുതിയ ശൈലിയില്‍ പാടുന്നു എന്നാല്‍ അത് കാതടപ്പിക്കുന്ന ബഹളത്താല്‍ അല്ല മറിച്ച് ഒരു മയില്‍പീലി കൊണ്ട് തഴുകി ഉണര്‍ത്തും പോലെ. അതുകൊണ്ട് തന്നെ 'തൈക്കുടം ബ്രിഡ്ജ്' നു ഇപ്പോള്‍ മലയാളിയുടെ നൊസ്റ്റാള്‍ജിയ എന്നോ മലയാളത്തിന്റെ ലോകനിലവാരമുള്ള സംഗീത വിസ്മയമെന്നോ ഒക്കെ അര്‍ത്ഥമുണ്ട്.

ഓരോ ഷോയ്ക്ക് ശേഷവും ആരാധകര്‍ ഭ്രാന്തമായി യുവ സംഗീതജ്ഞരെ ആരാധനയുമായി വളയുന്നു. ചിലര്‍ക്ക് ഒപ്പം നിന്ന് പടമെടുക്കണം,സുഹൃത്താകാന്‍, ഫേസ് ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് സ്വീകരിക്കാന്‍ അങ്ങനെ ആവശ്യങ്ങള്‍ പലതാണ്. മലയാളിയുടെ ആത്മാവില്‍ തൊട്ട ഈണങ്ങള്‍ വീണ്ടും വീണ്ടും പാടുമ്പോഴുണ്ടാകുന്ന ആനന്ദം പങ്കുവയ്ക്കുകയാണ് ഇവര്‍ ഓരോ ആവിഷ്‌കാരങ്ങളിലൂടെയും.

തിരക്കുള്ള ജോലികളില്‍ പകലുകള്‍ നഷ്ടമാകുന്ന അമേരിക്കന്‍ മലയാളികള്‍ക്കും ,പഠനത്തിന്റെ ലോകത്ത് തലപുകഞ്ഞിരികുന്ന വിദ്യാര്‍ത്ഥികള്‍ക്കും വീട്ടുപണികളില്‍ തളര്‍ന്നു വിശ്രമിക്കാനൊരുങ്ങുന്ന സ്ത്രീകള്‍ക്കും ഒരുപോലെ ഇഷ്ടവും ആശ്വാസവും ആകുന്നു തൈക്കുടം ബ്രിഡ്ജിന്റെ ഗാനങ്ങള്‍ എന്നത് അവരുടെ വര്‍ദ്ധിച്ചു വരുന്ന പ്രായഭേദമന്യേയുള്ള കാഴ്ചക്കാരിലൂടെ വ്യക്തമാണ്. മണ്മറഞ്ഞ സംഗീതജ്ഞന്മാരുടെ ശ്രുതിമധുരമായ പല ഗാനങ്ങളും അവരുടേതായ രീതിയില്‍ പാടിയിട്ടും ഇതുവരെ ഒരു സംഗീതപ്രേമിയും അഭിനന്ദനങ്ങളല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കാതിരുന്നതും ഈ സംഘം ചെറുപ്പക്കാര്‍ സംഗീതത്തെ ആത്മാര്‍ഥമായി ഉപാസിക്കുന്നതിന്റെ ഫലമാണ്.

നോര്‍ത്ത് 24 കാതം, വേഗം എന്ന സിനിമകളിലൂടെ സിനിമ ലോകത്തേക്കും അവര്‍ ചുവടുവച്ചു കഴിഞ്ഞു. ഇനി സിനിമ ഗാനശാഖയിലും പുതിയ മലയാളം റോക്ക് പരീക്ഷണങ്ങളിലും തൈക്കുടം ബ്രിഡ്ജിനടുത്തെ ആ മുറിയുടെ ചുവരുകള്‍ക്കുളില്‍ നിന്നും പുറത്തുവരുന്ന സംഗീതത്തിനായി കാത്തിരിക്കാം. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്കുള്ള ക്ഷണങ്ങള്‍ തുടരുമ്പോള്‍ നിത്യ ഹരിത ഗാനങ്ങളുമായി വിസ്മയം തീര്‍ക്കുന്ന തൈക്കുടം ബ്രിഡ്ജ് എന്നും കാഴ്ചകളുടെ ലോകത്ത് പൂരം തീര്‍ക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടെയിന്‍മെന്റ് ആണ് തൈക്കുടം ബ്രിഡ്ജിനെ ആദ്യമായി അമേരിക്കയില്‍ എത്തിക്കുന്നത്. ഈ വര്‍ഷം മെയ് ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍ നടത്താനായിരുന്നു പദ്ധതി. ചില സാങ്കേതിക തടസങ്ങള്‍ കാരണം പരിപാടി സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് അമേരിക്കയില്‍ എത്തിച്ച ഈ ഷോയുടെ പ്രധാന അമരക്കാരന്‍ അമേരിക്കന്‍ മലയാളികള്‍ക്കു പ്രിയപ്പെട്ട ഡോ: ഫ്രീമു വര്‍ഗീസ് ആണ്. പ്രായഭേദമെന്യേ ഇളകി മറിഞ്ഞു പഴംപാട്ടിന്റെ മധുരവും പുതു സംഗീതത്തിന്റെ നുരയുന്ന ലഹരിയും സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി മാറ്റുവാന്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിന് സാധിച്ചു

ബാന്‍ഡിലെ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങി പതിനാല് ഗായകരും നാല് സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് തൈക്കുടം ടീം.
റീമിക്‌സ് മലയാളം സിനിമാഗാനങ്ങള്‍ക്കൊപ്പം ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം, പ്രശസ്ത സംഗീത സംവിധായകരുടെ സൂപ്പര്‍ഹിറ്റുകള്‍ എന്നിവയെല്ലാം തൈക്കൂടം ബ്രിഡ്ജ് പുനരാവിഷ്‌കരിച്ച് അവതരിപ്പിച്ചു.

ഇതുകൂടാതെ 'അയല മത്തി ചൂര കാരി കണവ കിളിമീന്‍' എന്നുതുടങ്ങുന്ന ഫിഷ്‌റോക്ക് പോലുള്ള സ്വന്തം ഐറ്റവും 'ചത്തേ' എന്ന ആല്‍ബത്തിന്റെ ലൈവ് അവതരണവും അമേരിക്കയിലെ ആസ്വാദകര്‍ക്കായി തൈക്കുടം ഒരുക്കി.

മലയാള സാഹിത്യത്തിലും നാടകവേദിയിലും അതുല്യനായ തിക്കോടിയന്‍ എഴുതി, സംഗീത പ്രതിഭ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട 'അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്' എന്ന് തുടങ്ങുന്ന പാട്ട് ഫ്രീക്ക് കുഞ്ഞുങ്ങളുടെ ചുണ്ടിലേക്കുകൂടി പകര്‍ന്നിട്ടത് തൈക്കുടം കൂട്ടുകാരാണ്.

എല്ലാവിഭാഗം സംഗീതാസ്വാദകരേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് തൈക്കുടം ബ്രിഡ്ജിന്റെ വിജയത്തിനുപിന്നില്‍.

ബാന്‍ഡിന് സ്വന്തമായി കുറച്ചുപാട്ടുവേണം എന്നു തോന്നിയപ്പോഴാണ് ഗോവിന്ദിന്റെ സഹോദരിയെഴുതിയ പാട്ട് 'ഫിഷ്‌റോക്ക്' എന്ന പേരില്‍ അവതരിപ്പിച്ചത്. പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയും ഇതു രണ്ടും ചേര്‍ന്നതാണ് തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിന്റെ പാട്ടുകള്‍.

അടിയിലൂടെ വെള്ളവും മുകളിലൂടെ വണ്ടിയും പോകുന്നൊരു സാദാ പാലം മാത്രമായിരുന്നു ഒരുകൊല്ലം മുമ്പുവരെ എറണാകുളം വൈറ്റിലക്കടുത്തുള്ള തൈക്കൂടം പാലം. ഇന്ന് ഈ പാലത്തിന്റെ പേരു പറഞ്ഞാല്‍ ലോകം പറയും അതൊരു പാട്ടു സംഘം അല്ലെ എന്ന് .ഇപ്പോള്‍ ആ പാലം അറിയപ്പെടുന്നത് പക്ഷേ 'തൈക്കുടം ബ്രിഡ്ജ്' എന്ന മ്യൂസിക് ബാന്‍ഡിന്റെ പേരിലാണെന്നുമാത്രം.

ഗോവിന്ദ് മേനോന്‍, മിഥുന്‍ രാജു, അശോക് നെല്‍സണ്‍, വിയാന്‍ ഫെര്‍ണാണ്ടസ്, അനീഷ് ടി.എന്‍., റുഥിന്‍ തേജ്, വിപിന്‍ ലാല്‍, ക്രിസ്റ്റീന്‍ ജോസ്, പീതാംബരന്‍ മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനീഷ് കൃഷ്ണന്‍, പീയൂഷ് കപൂര്‍, കൃഷ്ണ ബൊന്‍ഗാനെ, നിള മാധവ് മഹാപാത്ര എന്നിവരാണ് സംഗീതകാരന്‍മാര്‍.

മലയാളികളെക്കൂടാതെ മുംബൈയില്‍നിന്നും ചെന്നൈയില്‍നിന്നും ലക്‌നൗവില്‍നിന്നും ഉള്ളവര്‍ സംഘത്തിലുണ്ട്. നിരവധി വര്‍ഷങ്ങളായി സംഗീതരംഗത്ത് ഉണ്ടായിരുന്ന ഇവരെല്ലാം തൈക്കുടം പാലത്തില്‍ അണിനിരന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ.

പഴയകാല സിനിമാഗാനങ്ങള്‍ പാടിക്കാതെ ഒരു ഗാനമേളക്കാരനെയും വിട്ട ചരിത്രം കേരളത്തിലില്ല. റീ മിക്‌സ് എന്ന പേരില്‍ പഴയ മനോഹര ഗാനങ്ങളെ കയ്യേറ്റംചെയ്യാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളിയിട്ടുമുണ്ട്.

എന്നാല്‍ നിത്യഹരിത മലയാളം ഗാനങ്ങളെ പാശ്ചാത്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'തൈക്കുടം ബ്രിഡ്ജ്' ആനയിച്ചപ്പോള്‍ ''പിള്ളേര്‍ കൊള്ളാമല്ലോ'' എന്നു കേട്ടവര്‍ വിസ്മയിച്ചു. നല്ല പാട്ടുകളെ ആദരവോടെ പുനസൃഷ്ടിച്ചതിന് പഴയ തലമുറയിലെ സംഗീതകാരന്മാരുടെ അഭിനന്ദനം തൈക്കുടംകാര്‍ നേടുകയുംചെയ്തു.
കണ്ടു മടുത്ത കോമഡികളും,സിനിമാറ്റിക് ഡാന്‍സുകളും ഒക്കെ ഈ പുതുമയുള്ള പരിപാടിക്കുമുന്നില്‍ മുട്ടു മടക്കുകയായിരുന്നു .

തൈക്കുടം ബ്രിഡ്ജ് പൊളിച്ചു ബ്രോ. നന്ദി ഡോ. ഫ്രീമു, ഡയസ്, ആനി.
തൈക്കൂടം പാലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആനന്ദ ന്രുത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക