Image

ജയരാജം ഇത് പാഠം. ഇനി ചരിത്രം (എ.എസ് ശ്രീകുമാര്‍)

Published on 18 October, 2016
ജയരാജം ഇത് പാഠം. ഇനി ചരിത്രം (എ.എസ് ശ്രീകുമാര്‍)
ആയുസെത്താത്ത മന്ത്രി പദം രാജി വച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രസംഗം ആരേയും അത്ഭുതപരതന്ത്രരാക്കും. കാരണം, അങ്ങനെയാണ് അദ്ദഹേത്തിന്റെ ധീരോദാത്തമായ അവകാശവാദങ്ങള്‍. രാജ്യത്തിന് വേണ്ടിയാണ് താന്‍ പോരാടിയത് എന്നാണ് ജയരാജന്‍ പറഞ്ഞത്. വിശാല അര്‍ത്ഥത്തില്‍ ഒരു പഞ്ചായത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും രാജ്യത്തിന് വേണ്ടി തന്നെയാണെന്ന് പറയാം. പക്ഷേ ജയരാജന്‍ പറയുമ്പോള്‍ അത് അങ്ങനെയെന്ന് പലര്‍ക്കും തോന്നുന്നില്ല. പോരാട്ടത്തില്‍ ഒതുക്കുന്നില്ല ജയരാജന്‍. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് അത് നല്‍കാനും ജയരാജന്‍ തയ്യാറാണ്.

കേരളപ്പിറവിക്ക് ശേഷമുണ്ടായ തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം പ്രാധാന്യതയാര്‍ന്ന ഒരു സവിശേഷതയുണ്ടായിരുന്നു, പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്. ആ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഉപോദ്ബലകമായതും അധികാരമേറ്റ മാത്രയില്‍ തങ്ങളുടെ ലക്ഷ്യസൂചികയായി പുതിയ മുഖ്യമന്ത്രി പിണറായി പ്രഖ്യാപിച്ചതും ഒന്നാണ്-അഴിമതി നിര്‍മാര്‍ജനം.

ഏതായാലും ജനവികാരവും, ആദ്യപ്രഖ്യാപനവും നൂറ്റി നാല്പത്തിരണ്ട് നാള്‍ തികയ്ക്കും മുമ്പേ സഫലമാക്കിക്കൊടുത്തു സര്‍ക്കാര്‍. അതും ഇ.പി ജയരാജനിലൂടെ. അത്താഴത്തിന് വിളിച്ച് കഞ്ഞിവെള്ളം പോലും ഇല്ലെന്ന് പറയും പോലെ ആയിരം ആശ കൊടുത്തിട്ട് ആനപിണ്ഡം കിട്ടിയ പോലെ
സഖാക്കളുടെ ഈ പരാജയം ആഘോഷിച്ചത് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്ന മാണിമാരും ബാബുമാരും ചാണ്ടിമാരുമാണ്. അമേദ്യക്കുഴിയില്‍ വീണ് അതില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന യു.ഡി.എഫ്, ജയരാജന്‍ വിരല്‍ത്തുമ്പില്‍ തൊട്ട പശുച്ചാണകത്തില്‍ കയറി ഘ്വാ...ഘ്വാ... വിളിച്ച് കുരയ്ക്കാന്‍ അവസരമുണ്ടാക്കി സഖാക്കള്‍. പിന്നെയോ എതിര്‍ പത്രത്തിന് പിന്നെയും വായനക്കാരെ ഉണ്ടാക്കാനും.

എങ്കിലും ഒരു കാര്യം ഉറപ്പിക്കാം. ഉറച്ചതും ധീരവുമായ ചില നടപടികള്‍ ഇനിയും പിണറായി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം. മുളയിലേ നുള്ളിക്കളയേണ്ട ജയരാജന്‍മാരെ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ ജയരാജന്‍ തന്നെ അവസരം ഒരുക്കിയത് കൊടിയേരിയുടെ ചാത്തന്‍ സേവ കൊണ്ടായിരിക്കും.

കേരളം എന്നത് കണ്ണൂരിലെ ഇട്ടാവട്ടമല്ല, അതിനുമപ്പുറവും ഇപ്പുറവും  ഇനിയും ജയരാജന്മാരുണ്ടെന്ന് മനസ്സിലാക്കാനും, മുഹമ്മദലിമാരുടെ പൈതൃകത്തെ അവരും അവഹേളിക്കും മുമ്പ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്ന് കേരളജനഹിതം മാനിക്കണമെന്നും സഖാവ് പിണറായിയോട് അപേക്ഷ. അനിയനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ നിയമിച്ച അഞ്ജു ബോബി ജോര്‍ജിന്റെ മേല്‍ കുതിരകയറിയ ഇ.പീ... നിങ്ങള്‍ക്ക് കാലം മാപ്പു തരട്ടെ. എങ്കില്‍ ഒന്ന് പറയാതെ വയ്യ. നേതൃത്വം അറിയാതെ പാര്‍ട്ടിക്കുള്ളില്‍ ഒരില പോലും പൊഴിയില്ലെന്നു കരുതപ്പെടുന്ന കേന്ദ്രീകൃത പാര്‍ട്ടിഘടനയ്ക്ക് അകത്തിരുന്ന് ഒരു മന്ത്രി, പാരമ്പര്യസ്വത്ത് വീതംവയ്ക്കുന്നതുപോലെ പൊതുഖജനാവില്‍ നിന്നു ശമ്പളം നല്‍കേണ്ട ഉദ്യോഗങ്ങള്‍ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കുമായി വീതംവച്ചതൊന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമടക്കം ആരും അറിഞ്ഞില്ലെന്നു പറയുന്നത് അസംബന്ധമാണ്.
രാജു എബ്രഹാമിന് ലാല്‍സലാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക