Image

ജയലളിതയുടെ ആരോഗ്യനില, ഒരു ജനാധിപത്യത്തിന്റെയും (ഡല്‍ഹികത്ത് : പി.വി.തോമസ്))

പി.വി.തോമസ് Published on 18 October, 2016
ജയലളിതയുടെ ആരോഗ്യനില, ഒരു ജനാധിപത്യത്തിന്റെയും (ഡല്‍ഹികത്ത് : പി.വി.തോമസ്))
തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ.യുടെ നേതാവും ആയ ജയലളിതാ(68) സെപ്തംബര്‍ 22 മുതല്‍ ഗുരുതര രോഗബാധിതയായി ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിലെ ഗുരുതരപരിചരണ  വിഭാഗത്തില്‍ വെന്റിലെയ്റ്ററില്‍ ആണ്. സംസ്താനത്താകെ ജനങ്ങളുടെയിടയില്‍ ഭയാശങ്കകളും ഭരണസ്തംഭനവും ആണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലാപരം ആയി ഒട്ടേറെ കിംവദന്തികളും പരക്കുന്നുണ്ട്. ചിലരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബ്രിട്ടനില്‍ നിന്നും ദല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദഗ്ദ സംഘങ്ങളുടെ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നുണ്ട്. ജയലളിതയ്ക്ക് ശ്വാസകോശത്തില്‍ ഗുരുതരമായ അണുബാധയുണ്ടെന്നും അവര്‍ കൃത്രിമ ശ്വാസോച്ഛാസ ഉപകരണത്തിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും ആണ് ഔദ്യോഗിക വിവരം. ജയലളിതയുടെ ആശുപത്രി വാസം കുറെ കാലത്തേക്ക് കൂടെ തുടരണമെന്നുമാണ് ഔദ്യോഗിക അറിവ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം ജയലളിതയില്‍ തന്നെ നിലനിറുത്തിക്കൊണ്ട് ഗവര്‍ണ്ണര്‍ അവരുടെ വകുപ്പുകള്‍ എല്ലാം ധനമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന് നല്‍കി. ചട്ടപ്രകാരം മുഖ്യമന്ത്രി വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടാല്‍ മാത്രമെ രാജ്ഭവന് വകുപ്പു മാറ്റുവാന്‍ അവകാശം ഉള്ളൂ. വെന്റിലേറ്ററില്‍ കിടക്കുന്ന ജയലളിതാക്ക് എങ്ങനെ ഇത് സാധിച്ചു? എന്തിന് ഇങ്ങനെ ഒരു മുഹൂര്‍ത്തം വരെ ഇതിനായി കാത്തിരുന്നു? എന്തിന് ഇങ്ങനെ ഒരു ഭരണപ്രതിസന്ധിക്ക് വഴിയൊരുക്കി. തമിഴ്‌നാട്ടില്‍, ഇന്‍ഡ്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ, നിലനില്‍ക്കുന്നത് കുടുംബാധിപത്യം, ഏകാധിപത്യം ആണോ? ജനാധിപത്യം അല്ലേ? അല്ല.

ജയലളിത തീവ്രമായ ആരോഗ്യപ്രതിസന്ധിയിലാണെന്ന് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങള്‍ ആയി. കഠിനമായ പ്രമേഹരോഗം ഒരു വശത്ത്. മറ്റ് അസുഖങ്ങള്‍ വേറെയും. ഇതൊക്കെ മനുഷ്യസഹജം ആണ്. പക്ഷേ, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണാധികാരിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ കൃത്യനിര്‍വ്വഹണത്തിന് സാധിക്കുന്നില്ലെങ്കില്‍ എന്താണ് അതിന് ജനാധിപത്യപരമായ പ്രതിവിധി? മറ്റൊരു നേതാവിനെ പാര്‍ലിമെന്ററി പാര്‍ട്ടി കൂടി തെരഞ്ഞെടുക്കുക എന്നുള്ളതാണ് ഒരേ ഒരു പോംവഴി. ഭരണത്തിന്റെയും പാര്‍ട്ടിയുടെയും നേതൃനിരയില്‍ അനുഭവവും പരിചയസമ്പത്തുമുള്ള ഒരു നേതാവ് സാധാരണഗതിയില്‍ ഉയര്‍ന്നുവരേണ്ടതാണ് ഈ വിടവ് നികത്തുവാന്‍. അണ്ണാ ഡി.എം.കെ യുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചില്ല?

കാരണം അണ്ണാ ഡി.എം.കെ. ഒരു ജനാധിപത്യ പാര്‍ട്ടി അല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നൊന്ന് ആ പാര്‍ട്ടിയില്‍ കേട്ട് കേള്‍വിപോലും ഇല്ല. അതില്‍ വ്യക്തി പൂജയും പാദസേവയും ആണ് കാലാകാലമായി കൊടികുത്തിവാഴുന്നത്.

പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം.ജി.രാമചന്ദ്രന്റെ കാലത്ത് അദ്ദേഹം ആയിരുന്നു പാര്‍ട്ടി. ഒരാളുടെ ഇഷ്ടാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനം ഭരിക്കപ്പെട്ടിരുന്നത്. ഇതാണോ ജനാധിപത്യം? എം.ജി.ആര്‍-മര്‍ദൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍- നല്ല ഒരു മനുഷ്യ സ്‌നേഹി ആയിരുന്നുവെന്ന കാര്യം മറക്കുന്നില്ല. പക്ഷേ, ജനാധിപത്യം ഏകാതിപത്യം അലല്ലോ. എം.ജി.ആര്‍ വെടിയേറ്റ് കിടന്നപ്പോള്‍ ന്യൂയോര്‍ക്കിലുള്ള ഒരു ആശുപത്രി കിടക്കയില്‍ നിന്നും ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തെരഞ്ഞെടുപ്പ് മത്സരിച്ച് മുഖ്യമന്ത്രി ആയത്. അതും ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും സ്‌നേഹവും തെളിയിക്കുന്നു. ജയലളിത ഇന്ന് ചികിത്സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ കിടന്നു കൊണ്ട് തമിഴ്‌നാട് ഭരിച്ച ചരിത്രവും ഉണ്ട്. (1984). അന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ല. പകരം അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റൊരു മന്ത്രി നെടുഞ്ചേഴിയന് കൈ കൈമാറുകയായിരുന്നു. അപ്പോള്‍ ഇങ്ങനെയുള്ള അഡ്ജസ്റ്റ്‌മെന്റ്‌സ് അണ്ണ ഡി.എം.കെ.യിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും പുതിയതല്ല. ഇതൊക്കെ പ്രോക്‌സിഭരണം ആണോ പ്രോക്‌സി ജനാധിപത്യം ആണോ എന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്.

1987 ഡിസംബര്‍ 24ന് എം.ജി. ആര്‍ മരിക്കുമ്പോള്‍ തമിഴ്‌നാടും അണ്ണാ ഡി.എം.കെ. യും അനാഥമായത് പോലെയായിരുന്നു. ഒരു ജനനേതാവിന്റെ നിര്യാണം എന്നതിലുപരി ഒരു ഏകാധിപതിയുടെ തിരോധാനം പോലെ ആയിരുന്നു. ആത്മഹത്യകളും ആത്മഹത്യ ശ്രമങ്ങളും പൊതുവസ്തുതകള്‍ തീയിട്ട് നശിപ്പിക്കുക തുടങ്ങി ഒട്ടേറെ അനര്‍ത്ഥങ്ങള്‍ക്ക് ഈ മരണം വഴി വച്ചു. നെഹ്‌റുവോ ശാസ്ത്രിയോ മരിച്ചപ്പോള്‍ ഇങ്ങനെ ഒന്ന് സംഭവിച്ചില്ല. ഇന്ദിരയുടെ മരണവും മരണാനന്തര സംഭവങ്ങളും മറ്റൊരു കഥയാണ്.

എം.ജി.ആറിന്റെ മരണാനന്തരം ആര് എന്ന ചോദ്യം ഉയര്‍ന്നു. അതിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടത് ജനാധിപത്യരീതിയില്‍ ആയിരുന്നില്ല കുടുബാധിപത്യ രീതിയില്‍ ആയിരുന്നു. അണ്ണാ ഡി.എം.കെ.യുടെ പാര്‍ലിമെന്റ് പാര്‍ട്ടിക്ക് അതിലുള്ള പങ്ക് പരിമിതം ആയിരുന്നു. ആര് വേണം ഭാര്യ വേണോ കൊങ് ക്യൂബൈന്‍ വേണോ? ഭാര്യ ജാനകി രാമചന്ദ്രന്‍ ഒരു കൈ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെയാണ് ജയലളിത-എം.ജി.ആറിന്റെ മൃതദേഹം വഹിച്ച വാഹനത്തില്‍ നിന്നും അവരെ തള്ളി താഴെയിട്ടതാണ്-രംഗപ്രവേശനം ചെയ്യുന്നത്.

ജയലളിതായുടെ ഭരണം തിരുവായ്ക്ക് എതിര്‍ വാ ഇല്ല എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. എല്ലാവരും-മന്ത്രിമാരും, എം.എല്‍.എ.മാരും എറാന്‍മൂളികള്‍ മാത്രം. ജുഗുപ്‌സാവകമായ അടിമ മനസ്ഥിതിയും സാഷ്ടാംഗ പ്രണാമവും പൊതുപെരുമാറ്റചട്ടം ആയി.  ഒട്ടേറെ അഴിമതി കേസുകളില്‍ ജയലളിത പ്രതിയായിരുന്നു. രണ്ട് കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു ടാന്‍സി കേസിലും(2001) അനധികൃതസ്വത്ത് സമ്പാദനകേസിലും(2014). പക്ഷേ രണ്ട് കേസുകളില്‍ നിന്നും മേല്‍കോടതിയില്‍ അവര്‍ കുറ്റ വിമുക്തയായി. ജയില്‍ മുക്തയും ആയി. അനധികൃത സ്വത്ത് സമ്പാദനകേസില്‍ നിന്നും ജയലളിതാ ആരോപണ വിമോചിതയായത് വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഏതായാലും ഈ രണ്ട് സന്ദര്‍ഭങ്ങളിലും ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതായി വന്നു. അപ്പോഴെല്ലാം മുഖ്യമന്ത്രിയായി പ്രോക്‌സി ഭരണം നടത്തിയത് വിനീത വിശ്വസ്ഥന്‍ പനീര്‍ശെല്‍വം ആയിരുന്നു. ഈ വക പ്രോക്‌സിഭരണവും പ്രോക്‌സി ജനാധിപത്യവും ആര്‍ക്കും ഒട്ടും ഭൂഷണമല്ല. ജയലളിതയുടെ അഭാവത്തില്‍ ഇപ്പോള്‍ അവരുടെ വകുപ്പുകള്‍ നോക്കുന്ന പനീര്‍ശെല്‍വത്തെ സഹായിക്കുവാന്‍ രണ്ട് സ്ത്രീകള്‍ കൂടെയുണ്ട്. ശശികലയും ഷീലാ ബാലകൃഷ്ണനും. ശശികല ജയലളിതയുടെ സ്വകാര്യ സുഹൃത്താണ്. ഭരണഘടനപരമായി ഗവണ്‍മെന്റില്‍ ഒരു സ്ഥാനവും ഇല്ല. പക്ഷേ, ജയലളിതായുടെ അഭാവത്തില്‍ ശശികലയാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇത് തോഴിയാധിപത്യം ആണ്. ശശികലയെ സഹായിക്കുവാന്‍ ഷീല ബാലകൃഷ്ണന്‍ എന്ന മലയാളിയായ മുന്‍ ചീഫ് സെക്രട്ടറി ഉണ്ട്. ഷീല ഐ.എ.എസ് കാരിയും റിട്ടയര്‍മെന്റിന് ശേഷം(2014) മുഖ്യമന്ത്രിയുടെ ഉപദേശകയും ആണ്. ഇത് ഉദ്യോഗസ്ഥാധിപത്യം ആണ്. എന്തു പറ്റി ജയലളിതയുടെ മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും? അവരുടെ പങ്ക് കൊടിമരം ചുമക്കുവാനും ഘോഷയാത്രയുടെ നീളം കൂട്ടുവാനും മുദ്രാവാക്യം മുഴക്കുവാനും 'അമ്മ' യെ കാണുമ്പോള്‍ താണു വണങ്ങുവാനും മാത്രം ആണ്!

ജയലളിതായുടെ ആരോഗ്യ വിവരങ്ങള്‍ പരമ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെയും വിമര്‍ശനം ഉണ്ട്. ഒരു നേതാവിന്റെ ആരോഗ്യനില അറിയുവാന്‍ ഭരിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശം ഇല്ലെ? ഉണ്ടെന്നാണ് ചില പൊതു താല്പര്യ ഹര്‍ജ്ജിക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ, സുപ്രീം കോടതി അത് തള്ളിക്കളഞ്ഞു. അത് തികച്ചും വ്യക്തിപരമായ ഒരു കാര്യം ആണെന്നാണ് പരമോന്നത കോടതിയുടെ വിധി. ഇതിനോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. കാരണം പൊതുപ്രസക്തരായ ഭരണാധികാരികളുടെയും മറ്റ് പ്രസിദ്ധരുടെയും സ്വകാര്യതയ്ക്ക് പരിധികള്‍ ഉണ്ട്. ഭരണാധികാരിയുടെ ആരോഗ്യം ഭരിക്കപ്പെടുന്നവരെയും ബാധിക്കുന്നതാണ്. പ്രത്യേകിച്ചു ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ സുതാര്യത പരമ പ്രധാനം ആണ്.

ഏകാധിപത്യവും കുടുംബാധിപത്യവും തല്‍ഫലമായ ഭരണ ദുഷിപ്പും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇത് നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മൂന്ന് പ്രധാനമന്ത്രിമാരും അഞ്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരും ഇന്‍ഡ്യയിലെ ഈ പ്രഥമ രാഷ്ട്രീയ കുടുംബത്തിന് അവകാശപ്പെട്ടതാണ്. ഇപ്പോള്‍ നാല് എം.പി.മാരും, അതില്‍ ഒരാള്‍ മന്ത്രിയും. മേനക ഗാന്ധി. ബി.ജെ.പി.യുടെ തന്നെ നേതാവായ മകന്‍ വരുണ്‍ ഗാന്ധിയും എം.പി. ആണ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും നിയനിര്‍മ്മാതാക്കള്‍ ആണ് ലോകസഭയില്‍. മറ്റ് പ്രധാനപ്പെട്ട കുടുംബാധിപത്യ മാതൃകകള്‍ പരിശോധിക്കാം. ബിജു പട്‌നായിക് നവീന്‍ പട്‌നായിക്ക്(ഒഡിഷ), എസ്.ബി.ചവാന്‍,  അശോക് ചവാന്‍(മഹാരാഷ്ട്ര), ഷേക്ക് അബ്ദുള്ള, ഫറൂക്ക് അബ്ദുള്ള, ഒമാര്‍ അബ്ദുള്ള(ജമ്മു-കാശ്മീര്‍), ദേവിലാല്‍, ഓംപ്രകാശ് ചൗത്താല(ഹരിയാന), മുലയം സിംങ്ങ് യാദവ്,  അഖിലേഷ് യാദവ്(ഉത്തര്‍ പ്രദേശ്), മുഫ്തി മൊഹമ്മദ് സെയ്ത്, മെഹബൂബ് മുഫ്തി(ജമ്മു-കാശ്മീര്‍), ഷിബു സോരന്‍, ഹേമന്ത് സോരന്‍(ഝാര്‍ഖണ്ഡ്), ഡോര്‍ജി ഖാണ്ഡു, പേമ ഖാണ്ഡു(അരുണാചല്‍ പ്രദേശ്), എന്‍.റ്റി. രാമറാവു, ചന്ദ്രബാബു നായ്ഡു(ആന്ധ്രപ്രദേശ്), വൈ.എസ്. രാജശേഖര റെഡ്ഢി, ജഗന്‍ മോഹന്‍ റെഡ്ഢി(ആന്ധ്രപ്രദേശ്), ലാലു പ്രസാദ് യാദവ്, റാബരി ദേവി യാദവ്, തേജ്വസി യാദവ്(ബീഹാര്‍), കരുണാനിധി, എം.കെ.സ്റ്റാലിന്‍, കനിമൊഴി(തമിഴ്‌നാട്), പ്രകാശ് സിംങ്ങ് ബാദല്‍, സുഖ്ബിര്‍ സിംങ്ങ് ബാദല്‍(പഞ്ചാബ്).
മമത ബാനര്‍ജിയും(ബംഗാള്‍), മായാവതിയും(ഉത്തര്‍പ്രദേശ്) 'ഒറ്റ-നേതാവ്' പാര്‍ട്ടികള്‍ നയിക്കുന്നു. നിതീഷ് കുമാറും ഏതാണ്ട് ഇതുപോലെ തന്നെയാണ് ബീഹാറില്‍. ഒരു സ്‌റ്റോപ്പ് ഗ്യാപ്പ് അറേജ്ജ്‌മെന്റിനായി നിതീഷ് ജിതറാം മാഞ്ചിയെ മുഖ്യമന്ത്രിയായി നിയമിച്ചെങ്കിലും പിന്നീട് ആവശ്യം വന്നപ്പോള്‍ നിതീഷിനുവേണ്ടി സ്ഥാനം ഒഴിയുവാന്‍ തയ്യാറായില്ല. അതെ തുടര്‍ന്നു മാഞ്ചി സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയാണുണ്ടായത്. മുലയംസിംങ്ങിന്റെ കുടുംബമാണ് ഏറ്റവും കൂടുതല്‍ പടര്‍ന്ന് പന്തലിച്ച് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്. മുലയവും(എം.പി) അഖിലേഷ്(മുഖ്യമന്ത്രി) നിലയുറപ്പിച്ചുകഴിഞ്ഞു. ഒപ്പം മുലയത്തിന്റെ സഹോദരിന്മാര്‍(രാം ഗോപാല്‍ യാദവ്), ശിവപാല്‍ യാദവ്, അഖിലേഷ് യാദവിന്റെ ഭാര്യ(ഡിബിള്‍ യാദവ്), മരുമകന്‍(ധര്‍മ്മേന്ദ്ര) നിയനിര്‍മ്മാതാക്കളായി കീഴ്‌സഭയില്‍ ഉണ്ട്.

ഇങ്ങനെ ഏതാനും കുടുംബങ്ങളുടെ, വ്യക്തികളുടെ പിടിയിലേക്ക് ഇന്‍ഡ്യന്‍ ജനാധിപത്യം ഒതുങ്ങുന്നത് ആരോഗ്യപരമായ ഒരു അവസ്ഥ ആണോ? എന്തായിരിക്കും ഈ 'ഒറ്റ-നേതാവ്' പാര്‍ട്ടികളുടെ അവസ്ഥ നേതാവിന്റെ നിയോഗാനന്തരം? അത് ഭരണത്തിലും ഇന്‍ഡ്യയുടെ ജനാധിപത്യ പ്രക്രിയയിലും ഒരു ശൂന്യത സൃഷ്ടിക്കുകയില്ലേ? സമയമാകുമ്പോള്‍ ജയലളിതക്ക് ശേഷം അണ്ണ ഡി.എം.കെ.യില്‍, തമിഴ്‌നാട്ടില്‍ ആര് എന്ത് എന്ന ചോദ്യം ഉയര്‍ന്നു വരുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യക്തികളെയും കുടുംബങ്ങളെയും അമിതമായി ആശ്രയിച്ച് കൊണ്ടുള്ള ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഈ യാത്ര നല്ലതല്ല. എന്താണ് ഈ വ്യക്തികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രീയം? അല്ലെങ്കില്‍ അങ്ങനെ ഒന്ന് ഇവര്‍ക്ക് ഉണ്ടോ? ആരോടാണ് ഇവര്‍ക്ക് കണക്ക് ബോധിപ്പിക്കുവാനുള്ളത്. ആരോടും ഇല്ലെന്നോ? ഇത് രാജവാഴ്ചയോ, അതോ ജനാധിപത്യമോ? സ്വേച്ഛാധിപത്യ ഭരണത്തിലൂടെ അഴിമതിയിലൂടെയും ഇവര്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏല്‍പിക്കുന്ന ആഘാതത്തിന്‍, സമ്പാദിക്കുന്ന കണക്കില്ലാത്ത ധനത്തിന് ആര് ഉത്തരം പറയും? എല്ലാവരെയും അഴിമതിക്കാരും സ്വേച്ഛാധിപതികളായും മുദ്രകുത്തുവാന്‍ ആവുകയില്ലെങ്കിലും ഇതിന് ഒരറുതി വരുത്തിയേ പറ്റൂ.

ജയലളിതയുടെ ആരോഗ്യനില, ഒരു ജനാധിപത്യത്തിന്റെയും (ഡല്‍ഹികത്ത് : പി.വി.തോമസ്))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക