Image

സ്വകാര്യവല്‍ക്കരണത്തിന്റെ പാളങ്ങളിലേയ്ക്ക് ഇന്ത്യന്‍ റെയില്‍വേ (എ.എസ് ശ്രീകുമാര്‍)

Published on 23 September, 2016
സ്വകാര്യവല്‍ക്കരണത്തിന്റെ പാളങ്ങളിലേയ്ക്ക് ഇന്ത്യന്‍ റെയില്‍വേ (എ.എസ് ശ്രീകുമാര്‍)
റെയില്‍ ബജറ്റ് ഇനി പ്രത്യേകമായി അവതരിപ്പിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനം വിളിച്ചുവരുത്തുന്ന തീരുമാനം എടുത്തത്. നീതി ആയോഗിന്റെ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. ഇപ്പോള്‍ റെയില്‍വേയേക്കാള്‍ കൂടുതല്‍ അടങ്കല്‍ മറ്റ് മേഖലകളിലുണ്ട്. പ്രതിരോധം, റോഡ്-നാഷണല്‍ ബൈവേ എന്നിവയുടെ വിഹിതം തന്നെ റെയില്‍വേയേക്കാള്‍ ഉയര്‍ന്നതാണ്. ആ നിലയ്ക്ക് റെയില്‍വേയ്ക്ക് മാത്രമായി പ്രത്യേക ബജറ്റ് വേണ്ടെന്നായിരുന്നു നീതിആയോഗിന്റെ ശുപാര്‍ശ. ഇത് കണക്കിലെടുത്താണ് റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കേണ്ടതില്ലെന്നും റെയില്‍വേക്ക് ആവശ്യമുള്ള പണം പൊതുബജറ്റില്‍ വകയിരുത്തിയാല്‍ മതിയെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ റെയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുക എന്ന 92 വര്‍ഷമായി തുടരുന്ന കീഴ് വഴക്കമാണ് ഇല്ലാതാകുന്നത്. 

ട്രെയിന്‍ നിരക്ക് വര്‍ധനയിലേക്കും സ്വകാര്യവത്കരണത്തിലേക്കും നയിക്കുന്നതാണ് കേന്ദ്രമന്ത്രിസഭാ തീരുമാനമെന്ന് വിമര്‍ശമുയര്‍ന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കരള സര്‍ക്കാറിന്റെ വിയോജിപ്പ് ധനമന്ത്രി തോമസ് ഐസക് പ്രകടിപ്പിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, മറ്റൊരു റെയില്‍വേ മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി, മുന്‍ റെയില്‍വേ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് എന്നിവരും കേന്ദ്രനീക്കം അപകടകരമാണെന്ന് കുറ്റപ്പെടുത്തി. സി.പി.എം പോളിറ്റ് ബ്യൂറോയും മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തു.

റെയില്‍വേയുടെ ഭൂസ്വത്തില്‍ താല്‍പര്യമുള്ള കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കൊത്താണ് കേന്ദ്രസര്‍ക്കാര്‍ ഇനിയങ്ങോട്ട് നീങ്ങുക. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വഴി പാര്‍ലമെന്റിന്റെ പരിശോധനയുള്ള സ്ഥിതി മാറുന്നത് സര്‍ക്കാറിന്റെ അജണ്ട എളുപ്പമാക്കും. സുതാര്യത നശിക്കും. ചെലവ് ചുരുക്കലിന്റെ പേരില്‍ സേവനം കുറയുകയും നിരക്ക് കൂടുകയും ചെയ്യുമത്രേ. റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചത് സ്വകാര്യവത്കരണത്തിലേക്കുള്ള ചുവടാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ സ്വേച്ഛാപരമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. നിലവില്‍ രണ്ടരക്കോടിയിലേറെ ആളുകള്‍ ദിവസംതോറും യാത്രചെയ്യുന്ന ഇന്ത്യയിലെ തീവണ്ടി ഗതാഗതം തുടങ്ങിയത് 1853 ഏപ്രില്‍ 16നാണ്. അന്ന് 34 കിലോ മീറ്റര്‍ നീളം മാത്രമുണ്ടായിരുന്ന ബോംബെ-താന റെയില്‍വേ പാതയില്‍ നിന്ന് 63,140 കിലോമീറ്റര്‍ ദുരത്തിലേയ്ക്ക് ഇന്ത്യന്‍ റെയില്‍വേ വളര്‍ന്നു. ഇക്കാര്യത്തില്‍ ലോകത്തിലെ നാലാം സ്ഥാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. 16 ലക്ഷത്തോലം പേര്‍ ജോലി ചെയ്യുന്ന ഈ പൊതുമേഖലാ സ്ഥാപനം തൊഴില്‍ നല്‍കുന്നതില്‍ എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. 

രാജ്യത്ത് 8702 തീവണ്ടികളാണുള്ളത്. 4,67,850 കോടി രൂപ വരുമാനമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. 92 വര്‍ഷം പഴക്കമുള്ള റെയില്‍ ബജറ്റ് ബ്രിട്ടീഷ് ഭരണകാലത്ത് അകിവര്‍ത്ത് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം 1924 മുതലാണ് സ്വതന്ത്രമായി അവതരിപ്പിച്ചു തുടങ്ങിയത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ബജറ്റവതരിപ്പിച്ചത് 1947ല്‍ റെയില്‍വേ മന്ത്രിയായിരുന്ന ജോണ്‍ മത്തായി ആണ്. റെയില്‍ ബജറ്റ് തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയത് 1994 മാര്‍ച്ച് 24 മുതലാണ്. ലോക്‌സഭ മുന്‍ സ്പീക്കര്‍ മീരാകുമാറിന്റെ പിതാവായ ജഗ്ജീവന്‍ റാമാണ് ഏറ്റവും കൂടുതല്‍ തവണ റെയില്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി-ഏഴ് തവണ. 

ഇന്ത്യയുടെ ഏക വനിതാ റെയില്‍വേ മന്ത്രിയായിരുന്നു മമതാ ബാനര്‍ജി. കേന്ത്രത്തിലെ രണ്ട് മുന്നണികള്‍ക്ക് വേണ്ടി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചെന്ന അപൂര്‍വ നേട്ടത്തിനും മമത ഉടമയായി. എന്‍.ഡി.എ, യു.പി.എ സര്‍ക്കാരുകള്‍ക്ക് വേണ്ടിയായിരുന്നു ഇവ. ഇനി മുതല്‍ റെയില്‍വേ ബജറ്റ് ഇല്ലെന്നതിനാല്‍ എന്‍.ഡി.എ മന്ത്രി സുരേഷ് പ്രഭുവിനാണ് അവസാനമായി റെയില്‍വേ ബജറ്റ് അവസാനമായി അവതരിപ്പിച്ചെന്ന നേട്ടം. 2016 ഫെബ്രുവരി 25 നായിരുന്നു ഇത്.

ഇന്ത്യന്‍ റെയില്‍വേ ഏറ്റവും ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനം മാത്രമല്ല, അത് ദേശീയോദ്ഗ്രഥനത്തിന്റെ മഹാമാതൃകകൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയെ കൂട്ടിയിണക്കുന്ന കണ്ണി. പല ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഭൂമിശാസ്ത്ര സവിശേഷതകള്‍ക്കും കാലവസ്ഥകള്‍ക്കും നടുവിലൂടെ അത് അനസ്യൂതം ചൂളംവിളിച്ച് സമാന്തര പാതയുലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. റെയില്‍വേ നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തോട് ഏറ്റവും നന്നായി ഇഴുകിച്ചേരുന്ന സേവന മേഖല കൂടിയാണെന്നതില്‍ പക്ഷാന്തരമില്ല. സമൂഹത്തിലെ ഏറ്റവും നിര്‍ധനനായ ആള്‍ക്ക് പോലും ആശ്രയിക്കാവുന്ന ഗതാഗത സംവിധാനമാകുക എന്നതാണ് റെയില്‍വേയുടെ ദൗത്യം. 

എന്നാല്‍ പുത്തന്‍ ഉദാരവത്കരണ സാമ്പത്തിക നയം രാഷ്ട്രത്തിന്റെ ക്ഷേമാധിഷ്ഠിത സങ്കല്‍പ്പത്തെ തന്നെ തകര്‍ത്തെറിയുമ്പോള്‍ റെയില്‍വേയടക്കമുള്ള സംവിധാനങ്ങളുടെ ഭാവി ലാഭ നഷ്ടക്കണക്കുകളില്‍ നിര്‍ണയിക്കപ്പെടുകയാണ്. റെയില്‍വേയെ ലാഭത്തിന്റെ കേന്ദ്രമായി മാറ്റാനും സാമൂഹിക സുരക്ഷാ ദൗത്യത്തില്‍ നിന്ന് അതിനെ പിന്‍വലിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ബഹുമുഖ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. തിരക്കനുസരിച്ച് നിരക്ക് കൂട്ടുന്ന ഫ്ളെക്സി നിരക്ക് സമ്പ്രദായവും വന്‍ നഷ്ടം സഹിച്ചാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നതെന്ന പ്രചാരണവും നഷ്ടത്തിന്റെ കാരണം സബ്സിഡി നല്‍കുന്നതാണെന്ന വാദവും റെയില്‍വേ ബജറ്റ് പ്രത്യേകം വേണ്ട, പൊതു ബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന തീരുമാനവുമെല്ലാം ഈ ബഹുമുഖ തന്ത്രത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍നിനട്ടുണ്ട്.

അപകടകരമായ സ്വകാര്യവത്കരണമാണ് ഇന്ത്യന്‍ രെയില്‍വേയില്‍ നടക്കുന്നത്. ഇത്തരം നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പാര്‍ലിമെന്റിന്റെ അനുമതി തേടാത്തതിന് നീതീകരണമില്ല. എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നയം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് സാധാരണ മനുഷ്യരുടെ ആശ്രയമായ റെയില്‍വേയെയും ലാഭാധിഷ്ഠിത കുത്തക സ്ഥാപനമാക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്ന് വരുമെന്നതില്‍ തര്‍ക്കമില്ല. നിരക്ക് വര്‍ധിപ്പിക്കാത്തതല്ല റെയല്‍വേയുടെ പ്രശ്നം. മറിച്ച് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്ന് തിരിച്ചറിയാല്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം. റെയില്‍വേയുടെ സേവന മുഖം നിലനിര്‍ത്തിയുള്ള പരിഷ്‌കാരങ്ങളാണ് കരണീയം.

സ്വകാര്യവല്‍ക്കരണത്തിന്റെ പാളങ്ങളിലേയ്ക്ക് ഇന്ത്യന്‍ റെയില്‍വേ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക