Image

ഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതം

ജോര്‍ജ് തുമ്പയില്‍ Published on 24 September, 2016
ഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതം
(ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയില്‍ പൊട്ടിത്തെറിച്ച തുരിയാല്‍ബ രണ്ടാഴ്ച മുന്‍പ് സന്ദര്‍ശിച്ചതിന്റെ അനുഭവ പശ്ചാത്തലത്തില്‍ എഴുതുന്ന കുറിപ്പ്)

കോസ്റ്റാറിക്കയുടെ തലസ്ഥാനഗരമായ സാന്‍ഹൊസെയില്‍ യുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത് ആഗസ്റ്റ് 28-ന്. കൃത്യം ഒരു മാസം കഴിയും മുന്നേ അവിടെ ഞങ്ങള്‍ കണ്ടു മടങ്ങിയ തുരിയാല്‍ബ അഗ്നിപര്‍വ്വതം തീതുപ്പി. അതും ഒന്നും രണ്ടുമല്ല, മൂന്നു തവണ. ധൂമപാളികളും കറുത്ത പുകയും കിലോമീറ്റര്‍ ദൂരത്തെ ഇരുട്ടിലാക്കി. പസഫിക്കിനോടു ചേര്‍ന്നുള്ള വ്യോമഗതാഗത്തെ താറുമാറാക്കി ഈ മേഘപാളികള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കരീബിയന്‍ പ്രദേശങ്ങളിലേക്കും പടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ദിവസങ്ങളായി രാജ്യത്തെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുന്നു. നാലു കിലോമീറ്ററോളം മുകളിലേക്ക് വര്‍ഷിച്ചിരിക്കുകയാണത്രേ. ഞാനും എന്റെ ഭാര്യ ഇന്ദിരയും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കാരവന്‍ ടൂര്‍സിനൊപ്പമാണ് രണ്ടാഴ്ച മുമ്പു വരെ കോസ്റ്റാറിക്കയില്‍ ഉണ്ടായിരുന്നത്. അതിനു ശേഷം പുറപ്പെട്ട ടീം ഇപ്പോള്‍ എന്നു വരുമെന്നു പറയാനാവാതെ കോസ്റ്റാ റിക്കയിലും കരീബിയന്‍ പ്രദേശത്തുമൊക്കെ കുടുങ്ങി കിടക്കുന്നു. ധൂമപടലങ്ങളും വിഷവാതകങ്ങളും കരീബിയന്‍ തീരത്തേക്ക് പടര്‍ന്നിരിക്കുന്നതിനാല്‍ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുന്നു. 
തുരിയാല്‍ബ പൊട്ടിത്തെറിക്കുന്ന ടിവി കാഴ്ച ഒരു ഞെട്ടലോടെ മാത്രമേ കണ്ടിരിക്കാനാവുന്നുള്ളു. ഞങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിയുടെ ഒരു ലാഞ്ചനയും കാണിക്കാതിരുന്ന അഗ്നിപര്‍വ്വതമാണിത്. അങ്ങനെ സജീവ അവസ്ഥയിലായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കല്‍ പോലും ഈ സാഹസികയാത്രയില്‍ ഞങ്ങള്‍ പങ്കാളികളാവുമായിരുന്നില്ലെന്നതാണ് സത്യം. ഇപ്പോള്‍ തുടര്‍ സ്‌ഫോടനങ്ങളുമായി തുരിയാല്‍ബ ധൂമപാളികളെ മുകളിലേക്ക് എടുത്തെറിയുന്ന കാഴ്ച കാണുമ്പോള്‍ ഭീതി വിട്ടു മാറുന്നതേയില്ല.

കോസ്റ്റാറിക്കന്‍ തലസ്ഥാനമായ സാന്‍ ഹൊസെയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരത്തൊണ് തുരിയാല്‍ബ. തലസ്ഥാനമായ സാന്‍ ഹൊസെയിലെ ഹോട്ടല്‍ ബെലാഷ്യോ നിന്നും രാവിലെ തുരിയാല്‍ബ കാണാന്‍ ഘോരവനങ്ങള്‍ പിന്നിട്ട് ചുരം കയറി പുറപ്പെട്ടപ്പോള്‍ മുതല്‍ക്കു തന്നെ സജീവവും നിര്‍ജീവുമായ കോസ്റ്റാറിക്കന്‍ ജ്വാലാമുഖികളെക്കുറിച്ച് ടൂര്‍ ഗൈഡ് അന്ന പെരേസ് ഞങ്ങള്‍ക്ക് വിശദമായ വിവരണം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ പൊട്ടിത്തെറിച്ച ഈ അഗ്നിപര്‍വ്വതം കര്‍ട്ടഗോ പ്രവിശ്യയിലാണുള്ളത്. ഇതിനോടു ചേര്‍ന്നു പൊക്കമേറിയ മറ്റൊരു പര്‍വ്വതമായ സെറോ ദെ ലാ മ്യൂറെറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്യാലറിയില്‍ നിന്നു നോക്കിയപ്പോള്‍ മയങ്ങിക്കിടക്കുകയായിരുന്നു തുരിയാല്‍ബ. ഇവിടെ നിന്നു താഴേയ്ക്ക് നോക്കിയപ്പോള്‍ മൂന്നു വിസ്താരമേറിയ കുളങ്ങള്‍ പോലെ വലിയ കണ്ണുകള്‍ ഞങ്ങള്‍ കണ്ടു. അതിലൊന്ന് വര്‍ഷങ്ങള്‍ മുന്‍പ് പൊട്ടിത്തെറിച്ചതാണ്. മറ്റ് രണ്ടെണ്ണം സജീവ അഗ്നിപര്‍വ്വതങ്ങളില്‍ സ്ഥാനം പിടിച്ചതും. അവിടെ നിന്ന് ചിത്രങ്ങളെടുക്കുകയും, അതിന്റെ മുഖപ്പാട് ഭീതിയോടെ നോക്കി നില്‍ക്കുകയും ചെയ്തു. ഞങ്ങള്‍ നില്‍ക്കുന്നതിനും കിലോമീറ്ററുകള്‍ മാത്രം താഴെ ഭൂമി തിളച്ചു മറിയുകയാണെന്ന് ഓര്‍ത്തപ്പോള്‍ മരണഭീതിയാണ് മുന്നില്‍ നിന്നത്.

തുരിയാല്‍ബ മാത്രമല്ല കോസ്‌റ്റോ റിക്കയിലെ അഗ്നിപര്‍വ്വതം. പത്തെണ്ണം വരെ ഞങ്ങളെണ്ണി. ഒറോസി, റിങ്കന്‍ ദെ ലാ വിയേജ, മിറവാലസ്, ടെനോറിയോ, ആര്‍നെല്‍, പ്ലാറ്റനാര്‍, പൊസ്, ബാര്‍വ, ഇറാസു എന്നിവയാണത്. തുരിയാല്‍ബയ്ക്കു പുറമേ ആര്‍നെലാണ് പൊട്ടിത്തെറിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന മറ്റൊരെണ്ണം. മധ്യ അമേരിക്കയിലെ തന്നെ ഏറ്റവും സജീവമായി നില്‍ക്കുന്ന അഗ്നിപര്‍വ്വതവും ഇതു തന്നെ. കോസ്റ്റാറിക്കന്‍ രാജ്യത്തിന്റെ മധ്യഭാഗത്തുള്ള മലനിരകളെമ്പാടും ഇങ്ങനെ ജ്വാലാമുഖികളാല്‍ മുഖരിതമാണ്. ഇതു കാണാനാണ് ലോകമെമ്പാടും നിന്നുമുള്ള ബാക്ക്പാക്ക് ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരുന്നത്. വനാന്തരങ്ങളുടെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍ കോസ്റ്റാറിക്കന്‍ യാത്രയിലുടനീളം കാണാനാവും. ഇതു വിദേശികളെ കാണിച്ച് നാണ്യശേഖരം വര്‍ദ്ധിപ്പിക്കുകയാണ് കോസ്റ്റാറിക്കന്‍ ടൂറിസത്തിന്റെ നയവും. ഭൂമുഖത്ത് 500ഓളം സജീവ അഗ്‌നിപര്‍വതങ്ങള്‍ ഉള്ളതില്‍ മിക്കതും പസഫിക്ക് അഗ്‌നിവളയ പ്രദേശത്താണെന്നും ഏകദേശം അന്‍പതോളം അഗ്‌നിപര്‍വതങ്ങള്‍ എല്ലാ വര്‍ഷവും പൊട്ടിത്തെറിക്കാറുണ്ടെന്നും തുരിയാല്‍ബ ഭൂമുഖാന്തര്‍ഭാഗത്ത് തിളച്ചു മറിഞ്ഞു കൊണ്ട് സജീവമായി നിലകൊള്ളുന്നതാണെന്നും ഗൈഡ് അന്ന പെരേസ് അറിയിച്ചപ്പോള്‍ ഓടി രക്ഷപ്പെടാനാണ് അന്നു തോന്നിയത്. ലാവ ഒഴുകുന്നവയല്ല, മറിച്ച് വിഷവാതകങ്ങള്‍ തുപ്പിയെറിയുന്ന അവസ്ഥയാണ് തുരിയാല്‍ബയ്ക്ക്.

തുരിയാല്‍ബയെക്കുറിച്ചും അഗ്നിപര്‍വ്വതങ്ങളെക്കുറിച്ചും അവിടെ നിന്നും വിശദമായി ഞങ്ങളറിഞ്ഞു. ഭൂവല്കത്തിനടിയിലെ ഉയര്‍ന്ന ചൂടുകാരണം (3,000ീഇ) പാറകളെല്ലാം ഉരുകുമെന്നും ഇതാണ് മാഗ്മയെന്നും ഗൈഡ് പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തിനു 80 മുതല്‍ 160 കിലോമീറ്റര്‍ വരെ താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുമ്പോള്‍ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന് ചുറ്റുമുള്ള പാറകളേക്കാള്‍ ഭാരം കുറവായിരിക്കും. അതിനാല്‍ അത് മുകളിലേക്ക് ഉയര്‍ന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേര്‍ക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റര്‍ താഴെയെത്തുമ്പോള്‍ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളില്‍ നിന്നുള്ള മര്‍ദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുര്‍ബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുമ്പോള്‍ മാഗ്മയിലെ വാതകം വേര്‍പെടും. അവിടെ ഒരു വിടവുണ്ടാക്കി വാതകവും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങള്‍ മുതല്‍ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലിപ്പത്തില്‍ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ടാകാം. സാന്ദ്രമായ നീരാവി ശിലാധൂളിയുമായി കലര്‍ന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാര്‍ഥങ്ങള്‍ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ ഇവ മേഘപാളിപോലെ കാണപ്പെടും. അതാണ് ഇപ്പോള്‍ തുരിയാല്‍ബയില്‍ സംഭവിച്ചിരിക്കുന്നത്. കറുത്തിരണ്ട ചാരങ്ങള്‍ ഏതാണ്ട് ഇരുപതു മിനിറ്റോളമാണ് ഇവിടെ നിന്നും ഉയര്‍ന്നു പൊങ്ങിയത്. രണ്ടാഴ്ച മുന്‍പ് ഞങ്ങള്‍ നിന്നു കണ്ട ഗ്യാലറിയെയാകെ ഇതു മൂടിക്കളഞ്ഞു.

ഇവിടെ നിന്നും ഞങ്ങള്‍ ചൂടുറവകളും ഫ്യൂമറോളുകളും ധാരാളമായുള്ള ഒരു പ്രദേശത്തേക്കാണ് പോയത്. തുരിയാല്‍ബയിലെ അഗ്നിപര്‍വ്വത മുഖങ്ങളും ഇവയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ചൂടുറവകള്‍ വരണ്ട കാലാവസ്ഥയില്‍ ഫ്യൂമറോളുകളായും ആര്‍ദ്രകാലാവസ്ഥയാകുമ്പോള്‍ വീണ്ടും ചൂടുറവകളായും മാറുന്നു. ചൂടുറവകള്‍ക്കു നിദാനം പ്രധാനമായും ഭൂഗതജലം ആണെന്നും അവ മാഗ്മയില്‍നിന്നുണ്ടാകുന്ന നീരാവികൊണ്ടു ചൂടുപിടിക്കുകയാണ്. 
പലതരത്തിലുള്ള ചൂടുറവകള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ തിളയ്ക്കുന്ന ഉറവകളും ഉഷ്‌ണോല്‍സ(ഏല്യലെൃ)ങ്ങളുമാണ്. പല അഗ്‌നിപര്‍വ്വതപ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് തിളയ്ക്കുന്ന നീരുറവകള്‍; യു.എസ്സിലെ 'യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കി'ല്‍ ഇവ ധാരാളമുണ്ട്.

ഇടവിട്ടിടവിട്ടു കുറെയധികം ചൂടുവെള്ളവും നീരാവിയും കൂടി പൊട്ടിത്തെറിയോടെ പുറത്തേക്കുതള്ളുന്ന ചൂടുറവകളെയാണ് 'ഉഷ്‌ണോല്‍സം' എന്നു പറയുന്നത്. ചില അവസരങ്ങളില്‍ ഇവ നൂറുകണക്കിന് അടി ഉയരത്തില്‍ ചീറ്റാറുണ്ട്. മിനിട്ടുകളോളമോ മണിക്കൂറുകളോളമോ നീണ്ടുനില്ക്കുന്നവയുമുണ്ട്. ഇവിടെ ചൂടു വെള്ളമേ ഞങ്ങള്‍ കണ്ടുള്ളു. തുരിയാല്‍ബയ്ക്ക് പുറമേ മറ്റ് മൂന്ന് അഗ്നിപര്‍വ്വതങ്ങള്‍ കൂടി ഞങ്ങള്‍ സന്ദര്‍ശിച്ചു. ഇതിലൊന്ന് കണ്ടപ്പോള്‍ കരിങ്കല്‍ ക്വാറി പോലെ തോന്നിച്ചു.  തുരിയാല്‍ബ പൊട്ടിത്തെറിച്ചതോടെ, ഞങ്ങള്‍ കണ്ട സന്ദര്‍ശന ഗ്യാലറിയും ഗ്ലേഷ്യറുകളും ചുടുറവകളുമൊക്കെ എന്തായിരിക്കുമെന്നു വ്യക്തമല്ല. അവിടെ പരിചയപ്പെട്ട ബസ് ഡ്രൈവര്‍ ജൊവാനിയേയും ടാക്‌സി ഡ്രൈവറെയും മറ്റു ചില പ്രാദേശിക സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചു, അവരെല്ലാം തന്നെ പുകപടലങ്ങള്‍ മാറിക്കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥനകളോടെയിരിക്കുന്നു. മാസ്‌ക്കുകള്‍ ധരിച്ച് മാത്രം അത്യാവശ്യത്തിനു പുറത്തിറങ്ങുന്നു. തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകരുതേയെന്നു പ്രാര്‍ത്ഥിക്കുന്നു. 

(ഞാനും ഭാര്യ ഇന്ദിരയും തുരിയാല്‍ബയോട് ചേര്‍ന്നു നിന്നെടുത്ത ചിത്രങ്ങളാണിത്.)

ഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതംഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതംഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതംഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതംഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി തുരിയാല്‍ബ അഗ്നിപര്‍വ്വതം
Join WhatsApp News
Ponmelil Abraham 2016-09-25 04:44:32
Excellent article giving an eye witness account of the places in Costa Rica and the tourism importance as well as comparison of similar places in various parts of the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക