Image

കോസ്റ്റാറിക്കയിലെ തുരിയാല്‍ബ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 21 September, 2016
കോസ്റ്റാറിക്കയിലെ തുരിയാല്‍ബ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു (ജോര്‍ജ് തുമ്പയില്‍)
(പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ അഗ്നിപര്‍വ്വതപ്രദേശം സന്ദര്‍ശിക്കുകയും ഇവിടെ നിന്ന് ലൈവ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

ന്യൂയോര്‍ക്ക്: കോസ്റ്റാ റിക്കയിലെ പ്രമുഖ അഗ്നിപര്‍വ്വതങ്ങളിലൊന്നായ തുരിയാല്‍ബ പൊട്ടിത്തെറിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം താറുമാറായി. 

ഇവിടേക്കുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. കോസ്റ്റാറിക്കയിലെ വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചു. വിദേശികളടക്കം നിരവധിപേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുകഞ്ഞു നിന്നിരുന്ന അഗ്നിപര്‍വ്വതം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമതും പൊട്ടിത്തെറിച്ചതോടെ ഭീതിദായകമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 4000 മീറ്റര്‍ മുകളിലേക്ക് പൊടിപടലങ്ങള്‍ പടര്‍ത്തിയതോടെ പ്രദേശമാകെ കനത്ത ഇരുട്ടിലായി. 

പതിനഞ്ചു മിനിറ്റലധികം നേരം പുകപടലങ്ങള്‍ ആകാശത്തേക്ക് തുപ്പിയ അഗ്നിപര്‍വ്വതം രാജ്യത്തെ ഏറ്റവും സ്‌ഫോടനാത്മകമായ അഗ്നിപര്‍വ്വതങ്ങളില്‍ മുന്നിലുള്ളതാണ്. രാജ്യത്തെ രണ്ടു പ്രധാന എയര്‍പോര്‍ട്ടുകള്‍ അടച്ചു. മധ്യ അമേരിക്ക വഴി പറക്കുന്ന വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. വ്യോമഗതാഗതം താറുമാറായി. അഗ്നിപര്‍വ്വതത്തിലെ നിന്നുയരുന്ന പൊടിപടലങ്ങളടങ്ങിയ മേഘങ്ങള്‍ വിമാനങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ നിരീക്ഷിച്ചതിനു ശേഷമേ വ്യോമമേഖല സാധാരണഗതിയിലാവു എന്നാണ് സൂചനകള്‍. 

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ മിക്കതും അലക്വേല പ്രവിശ്യയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടായ യുവാന്‍ സാന്റാമരിയ എയര്‍പോര്‍ട്ട് തൊട്ടാണ് പറന്നിരുന്നത്. കോസ്റ്റാറിക്കന്‍ തലസ്ഥാനമായ സാന്‍ഹൊസെയിലെ ഈ വിമാനത്താവളത്തിനു പുറമേ പവാസ് സാന്‍ ഹൊസെ തോബിയാസ് ബോലാനോസ് എയര്‍പോര്‍ട്ട് എന്നിവ താത്ക്കാലികമായി അടക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. 

കനത്ത പുകപടലങ്ങള്‍ മൂടിയ സാന്‍ ഹൊസൈയില്‍ നിന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളോട് വീടുകളില്‍ തന്നെയിരിക്കാനും മാസ്‌ക്ക് ധരിച്ചു മാത്രം പുറത്തിറങ്ങാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച വൈകിട്ടുമാണ് അഗ്നിപര്‍വ്വതം ചാരങ്ങള്‍ നാലു കിലോമീറ്റര്‍ മുകളിലേക്ക് വര്‍ഷിച്ചത്. തുടര്‍ സ്‌ഫോടന സാധ്യതകള്‍ അഗ്നിപര്‍വ്വത നിരീക്ഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
കോസ്റ്റാറിക്കയിലെ തുരിയാല്‍ബ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക