Image

മോഡി-കേജരിവാള്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പോര് മുറുകുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 19 September, 2016
മോഡി-കേജരിവാള്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പോര് മുറുകുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഡല്‍ഹി ഇന്ന് ഒരു രാഷ്ട്രീയ യുദ്ധക്കളം ആയി മാറിയിരിക്കുകയാണ്. മോഡി-കേജരിവാള്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബാറ്റില്‍ ഫോര്‍ ദല്‍ഹി എന്ന യുദ്ധം ആണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ഫലമായി ഡല്‍ഹി ഒരു മിനി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വന്നാലും അതിശയിക്കേണ്ട. അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പോലെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത കുറവാണ്. പ്രത്യേകിച്ചും അരുണാചല്‍ ഉത്തരാഖണ്ഡ് കേസുകളില്‍ കേന്ദ്രഗവണ്‍മെന്റിന് എതിരായി ശക്തമായ സുപ്രീം കോടതി വിധി ഉണ്ടായ സാഹചര്യത്തില്‍. പോരാത്തതിന് ദേശീയ തലസ്ഥാനമായ ദല്‍ഹിയില്‍ രാഷ്ട്രീയ, അന്താരാഷ്ട്രീയ മാധ്യമങ്ങളുടെ ശക്തമായ സാന്നിദ്ധ്യവും ഉണ്ട്.

ഇത് ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നതുപോലെ വെറും ഒരു ഡെങ്കു-ചിക്കന്‍ ഗുനിയ പകര്‍ച്ചവ്യാധി കലഹം അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത രണ്ട് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഒടുങ്ങാത്ത പക ഒടുക്കല്‍ ആണ്. പക്ഷേ, അത് ഒരു ദാവീദ് (കേജരിവാള്‍)-ഗോലിയാത്ത്(മോഡി) സമരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുവെന്ന് മാത്രം.
എന്താണ് ഇന്ദ്രപ്രസ്ഥാനത്തെ ഇങ്ങനെ ഒരു കുരുക്ഷേത്ര യുദ്ധഭൂമിയാക്കി മാറ്റിയത്? പ്രശ്‌നങ്ങള്‍ പലതാണ്. 2015 ഫെബ്രുവരി 14-ന് കേജരിവാള്‍ ഗവണ്‍മെന്റ് ചരിത്രപരമായ ഒരു വിജയത്തിനുശേഷം അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ അധികാരസമരം. ഏറ്റവും ഒടുവില്‍ ഈ പ്രതിസന്ധിയുടെ പിരിമുറുക്കം ആരംഭിക്കുന്നത് സെപ്തംബര്‍ എട്ടാം തീയതിയിലെ ഒരു ഹൈക്കോര്‍ട്ട്(ഡല്‍ഹി)വിധിയോടെയാണ്. അന്ന് ഹൈക്കോടതി കേജരിവാള്‍ ഗവണ്‍മെന്റ് എടുത്ത ഒരു സുപ്രധാന തീരുമാനം റദ്ദാക്കി. ആ വിധി പ്രകാരം കേജരിവാള്‍ ഗവണ്‍മെന്റ് നിയമിച്ച 21 പാര്‍ലിമെന്ററി സെക്രട്ടറിമാരുടെ നിയമനം നിയമവിരുദ്ധം ആണ്. കാരണം അതിന് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങിന്റെ അനുമതി ഇല്ല. ഈ വിധി കേജരിവാള്‍ ഗവണ്‍മെന്റിന് ഏറ്റ വലിയ ഒരു ആഘാതം ആയിരുന്നു. അതിന്റെ അധികാരത്തിന് ഏറ്റ വലിയ ക്ഷതം ആയിരുന്നു.
ഇനി ഈ നിയമത്തിന്റെ പശ്ചാത്തലം പരിശോധിക്കാം. 70 അംഗങ്ങളുള്ള ദല്‍ഹി അസംബ്ലിയില്‍ 67 അംഗങ്ങളായി അധികാരത്തിലേറിയ കേജരിവാള്‍ വലിയ ഒരു പ്രശ്‌നം ആണ് നേരിട്ടത്. ഭരണഘ്ടനപരമായി അംഗങ്ങളില്‍ 7 പേരെ മാത്രമെ, മുഖ്യമന്ത്രി ഉള്‍പ്പെടെ, മന്ത്രിമാരാക്കുവാന്‍ അനുവദാമുള്ളൂ. അങ്ങനെ ഏഴുപേര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തതും. പക്ഷേ, ബാക്കി 60 പേരില്‍ പലരും അതൃപ്തര്‍ ആയിരുന്നു. അവരെ എങ്ങനെ തൃപ്തര്‍ ആക്കും? അതിനായി കേജരിവാള്‍ ഒരു വഴി കണ്ടുപിടിച്ചു. അവരില്‍ 21 എം.എല്‍.എ.മാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിക്കുക. ഇവരുടെ ജോലി മന്ത്രിമാരെ സഹായിക്കുകയെന്നതാണ്. ഇവര്‍ക്ക് യാതൊരുവിധ സാമ്പത്തിക ആനുകൂല്യവും ലഭിക്കുകയില്ല. പക്ഷേ, ഇതിനെ തല്‍പരകക്ഷികള്‍ ചോദ്യം ചെയ്തു. 2015 മെയ് മാസത്തില്‍ ആണ് ഒരു ഗവണ്‍മേന്റതര സംഘടന ഈ നിയമനം ഭരണഘടന വിരുദ്ധം(ആര്‍ട്ടിക്കിള്‍ 239 എ.എ) ആണെന്ന് വാദിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അവരുടെ വാദപ്രകാരം നിയമനത്തിന് മുമ്പ് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതി കേജരിവാള്‍ ഗവണ്‍മെന്റ് എടുക്കണമായിരുന്നു. പക്ഷേ, എടുത്തില്ല. ഇതിനെ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി 21 പാര്‍ലിമെന്ററി സെക്രട്ടറിമാരുടെ നിയമനം റദ്ദാക്കിയത്.

ഈ നിയമനങ്ങള്‍ക്ക് ഗുരുതരമായ മറ്റൊരു വശം കൂടെ ഉണ്ട്. കാരണം അവ ഓഫീസ് ഓഫ് പ്രോഫിറ്റ് ആക്ട് പ്രകാരവും നിയമവിരുദ്ധം ആണ്. അതിന്‍ പ്രകാരം ഈ 21 എം.എല്‍.എ.മാരെയും നിയമസഭ അംഗത്വത്തില്‍ നിന്നും അയോഗ്യത കല്‍പിക്കണം. ഇതാണ് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനും ആയ പ്രശാന്ത് ഭൂഷണ്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുമ്പാകെ പരാതിപ്പെട്ടത്. ഇതേ വിഷയം തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കുന്നതും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ എം.എല്‍.എ.മാരെ അയോഗ്യരാക്കി വിധി കല്‍പിച്ചാല്‍ ഡല്‍ഹി ഒരു ചെറിയ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ സംശയം ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഏത് നിമിഷവും വരാം.

ഇതിനിടെ 2015 ജൂണില്‍ കേജരിവാള്‍ ഗവണ്‍മെന്റ് ചില പൊടിക്കൈകള്‍ പ്രയോഗിച്ചു ഈ 21 പാര്‍ലിമെന്ററി സെക്രട്ടറിമാരുടെ നിയമനത്തെ സാധൂകരിക്കുവാനും അവരെ ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമത്തില്‍ നിന്നും രക്ഷപ്പെടുത്തുവാനുമായി. ദല്‍ഹി നിയമം ഇത് സംബന്ധിച്ച് ഒരു ഭേദഗതി പാസാക്കി. അതും മുന്‍കാല പ്രാബല്ല്യത്തോടെ (2015 ഫെബ്രുവരി 14 മുതല്‍). പക്ഷേ, രാഷ്ട്രപതി ഈ ബില്ലിന് അനുമതി നല്‍കിയില്ല. അതും കേജരിവാള്‍ ഗവണ്‍മെന്റിന് വലിയ തിരിച്ചടി ആയി.

ഭരണഘടന അനുസരിച്ച് ദല്‍ഹി ഗവണ്‍മെന്റ് ഇതുപോലുള്ള നിയമനങ്ങള്‍ നടത്തുമ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതി നേടിയിരിക്കണം. എന്തുകൊണ്ട് കേജരിവാള്‍ അതു ചെയ്തില്ല? ഭരണത്തിലുള്ള പരിചയകുറവോ അജ്ഞതയോ അല്ലേ അത് വെളിപ്പെടുത്തുന്നത്? എന്ത് ന്യായീകരണം ആണ് അതിനുള്ളത്? അതിനുശേഷം എന്തിനാണ് പിന്‍വാതിലിലൂടെ മുന്‍കാലപ്രാബല്യത്തോടെ ഓഫീസ് ഓഫ് പ്രോഫിറ്റിനെ മറികടക്കുവാനായി ഒരു നിയമം ഉണ്ടാക്കുവാന്‍ ശ്രമിച്ചത്? തികച്ചും ലജ്ജാകരമായ ഒരു മാരകവീഴ്ചയല്ലേ ഇത്?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ പരിഗണനയിലുള്ള ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമഭേദനവും ഈ 21 എം.എല്‍.എ.മാരെ തദ്വാര അയോഗ്യരാക്കി പ്രഖ്യാപിക്കുവാനുള്ള സാദ്ധ്യതയും കേജരിവാള്‍ ഗവണ്‍മെന്റിനും ആം ആദ്മി പാര്‍ട്ടിക്കും വളരെ ഗൗരവമായ ഒരു വെല്ലുവിളിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ വാദം ഇതാണ്. ഈ 21 നിയമസഭ സാമാജികര്‍ യാതൊരു വിധ ആനുകൂല്യങ്ങളും പറ്റുന്നില്ല. സര്‍ക്കാരില്‍ നിന്നും അതായത് പണമോ, വീടോ, കാറോ, സ്റ്റാഫോ ഒന്നും തന്നെ. അവരുടെ ജോലി മന്ത്രിമാരെ ജനസേവനത്തിന് സഹായിക്കുകയെന്നതാണ്. നല്ലതു തന്നെ. പക്ഷേ, ഇവിടെയും സുപ്രീം കോടതിയുടെ വിധിയുണ്ട്. ഓഫീസ് ഓഫ് പ്രോഫിറ്റ് എന്ന കാര്യം നിശ്ചയിക്കുന്നത് ഒരു നിയമസഭസാമാചികന്‍ എന്തെങ്കിലും ആനുകൂല്യം സ്വീകരിക്കുന്നുണ്ടോ എന്നതല്ല. അദ്ദേഹം വഹിക്കുന്ന ഓഫീസ് അങ്ങനെ ഒരു ആനുകൂല്യം നല്‍കുവാന്‍ പര്യാപ്തം ആണോ എന്നതാണ്. 

ഇവിടെയും ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുവാനാണ് സാദ്ധ്യത. എന്തുകൊണ്ട് ഇതൊന്നും കേജരിവാളും സംഘവും മുന്‍കൂട്ടി അറിഞ്ഞില്ല? ഭരണത്തിലുള്ള, നിയമത്തിലുള്ള പരിചയമില്ലായ്മ, അജ്ഞതയല്ലേ ഇത്? ജയാബച്ചനും സോണിയ ഗാന്ധിക്കും  പാര്‍ലിമെന്റ് അംഗത്വം ഇതേ ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമപ്രകാരം രാജിവയ്‌ക്കേണ്ട വന്നതാണ്. ഏതായാലും ഈ 21 ആം ആദ്മി എം.എല്‍.എ.മാരുടെ യോഗ്യത സംബന്ധിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിര്‍ണ്ണായകം ആയിരിക്കും. ഇതുവരെ രണ്ട് തീരുമാനങ്ങള്‍ കേജരിവാള്‍ ഗവണ്‍മെന്റിന് എതിരെയാണ് പോയത്- ഹൈക്കോടതി 21 എം.എല്‍.എ.മാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് റദ്ദാക്കിയതും, രാഷ്ട്രപതി ഓഫീസ് ഓഫ് പ്രോഫിറ്റ് സംബന്ധിച്ചുള്ള നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടുവാന്‍ വിസമ്മതിച്ചതും. ഇനി തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്ത് പറയുമെന്ന് നോക്കാം. നിയമ വിദഗ്ദരുടെ അഭിപ്രായം ഇത് സംബന്ധിച്ച് വ്യത്യസ്തമാണ്. ഹൈക്കോടതിയുടെ വിധിയോടെ ആ നിയമനങ്ങള്‍ റദ്ദാക്കപ്പെട്ടെന്നും അതിനാല്‍ ഇനി അതിന്റെ പേരിലുള്ള  ഒരു അയോഗ്യത കല്‍പിക്കലിന് പ്രസക്തിയില്ലെന്നും ആണ് ഒരുവാദം. എന്നാല്‍ മറുവാദം പ്രകാരം നിയമലംഘനം നടന്നുകഴിഞ്ഞു നിയമനപ്രകാരം. അതിനാല്‍ നടപടിയും ആവശ്യമാണ്. ഇത് കാത്തിരുന്നു കാണാം. ഇതിനൊന്നും കേജരിവാളിന് മോഡിയെ പഴിപറയുവാന്‍ സാധിക്കുകയില്ല. ലഫ്്റ്റനന്റ് ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ ഈ 21 എം.എല്‍.എ.മാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് കേജരിവാള്‍ ആണ്. അവര്‍ ഓഫീസ് ഓഫ് പ്രോഫിറ്റ് എന്ന നിയമത്തെ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിനും ഉത്തരവാദി കേജരിവാള്‍ തന്നെയാണ്. മോഡി അല്ല. ഭരണാധികാരിക്ക് നിയമപരിജ്ഞാനം ഉണ്ടായിരിക്കണം.

ഓഗസ്റ്റ് മാസത്തില്‍ ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവും കേജരിവാള്‍ ഗവണ്‍മെന്റിന് മറ്റൊരു തിരിച്ചടിയായി. ഇതിന്‍ പ്രകാരം ദല്‍ഹി ഗവണ്‍മെന്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അംഗീകാരം ഉണ്ടായിരിക്കണം. ദല്‍ഹി ഒരു സംസ്ഥാനം അല്ല. അതിന് ഒരു നിയമസഭയും മന്ത്രിസഭയും ഉണ്ടെന്നത് ശരിതന്നെ. പക്ഷേ, അത് ഒരു യൂണിയന്‍ ടെറിറ്ററി മാത്രം ആണ്. കോടതി ഭരണഘടനയുടെ 239, 239എ.എ. നാഷ്ണല്‍ ക്യാപ്പിറ്റല്‍ ടെറിറ്ററി ആക്ട്, 1991 ഇവയെ വ്യാഖ്യാനിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. അത് പ്രകാരം ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആണ് ദല്‍ഹിയുടെ ഭരണാധികാരി. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രി അല്ല.

ഇതെല്ലാം ഭരണഘടനപ്രകാരമുള്ള കാര്യങ്ങള്‍ ആണ്. സത്യങ്ങള്‍ ആണ്. ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ പരമാധികാരത്തെ കേജരിവാള്‍ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. അത് വേണ്ടതുതന്നെയാണ്. സുപ്രീം കോടതി ഈ വിഷയം വിപുലമായ ഒരു ഭരണഘടന ബഞ്ചിന് വിടുവാനാണ് സാദ്ധ്യത. തീരുമാനം വരട്ടെ.
ദല്‍ഹിക്ക് പരിപൂര്‍ണ്ണമായ സംസ്ഥാന പദവി കിട്ടിയില്ലെങ്കില്‍ കേജരിവാള്‍ ഗവണ്‍മെന്റിനെകൊണ്ട് ഒരു കാര്യവും ഇല്ല. കോണ്‍ഗ്രസും ബി.ജെ.പി.യും ഇതിനായി പിന്‍കാലങ്ങളില്‍ വാദിച്ചിട്ടുള്ളതാണ്. പക്ഷേ, ഇപ്പോള്‍ കാല് മാറിയിരിക്കുകയാണ്. ബി.ജെ.പി.യുടെ കാര്യത്തില്‍ ഒരു വ്യത്യാസം ഉണ്ട്. 2015 ലെ മാത്രം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് ഇത് ഉള്‍ക്കൊള്ളിച്ചിട്ടില്ല. കാരണം അപ്പോഴേക്കും മോഡി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിരുന്നു(2014) ശുദ്ധ അവസരവാദപരം എന്നല്ലാതെ എന്ത് പറയുവാന്‍!

ഇവിടെ ചോദ്യം ഇതല്ല. ദല്‍ഹിക്ക് ഒരു സമ്പൂര്‍ണ്ണ സംസ്ഥാനത്തിന്റെ പദവി ലഭിക്കുമോ? ഇപ്പോഴുള്ള ഒരു ശ്രേഷ്ഠ പഞ്ചായത്തിന്റെ സ്ഥാനത്തിനേ ദല്‍ഹിക്ക് അര്‍ഹതയുള്ളോ? ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം ദല്‍ഹിയുടെ പോലീസും, ക്രമസമാധനനിലയും, ഭൂമിയും കേന്ദ്രനിയന്ത്രണത്തിലാണ്. ദല്‍ഹി ഗവണ്‍മെന്റിന് മറ്റുള്ള അവകാശങ്ങളേ ഉള്ളൂ. പക്ഷേ, ഇപ്പോഴത്തെ ഹൈക്കോടതി വിധികള്‍ പ്രകാരം അവിടെയും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കാണ് മുന്‍കൈ. ഉദ്യോഗസ്ഥ•ാരുടെ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഫയലുകളും ഗവര്‍ണ്ണര്‍ അംഗീകരിക്കണം. ഇതെന്ത് ജനാധിപത്യം? ഇത് എന്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍? ഇത് എന്ത് ഫെഡറലിസം?
പക്ഷേ, ഭരണഘടന വിദഗ്്ദ്ധരുടെ അഭിപ്രായത്തില്‍ ദല്‍ഹിയുടെ കേസ് വ്യത്യസ്തം ആണ്. കാരണം അത് രാഷ്ട്രത്തിന്റെ തലസ്ഥാനം ആണ്. ആയതിനാല്‍ അത് ഭരിക്കുന്ന ഗവണ്‍മെന്റിന് നല്‍കാവുന്ന അധികാരങ്ങള്‍ക്ക് പരിമിതി ഉണ്ട്. ഇവരുടെ അഭിപ്രായപ്രകാരം ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ തലസ്ഥാനങ്ങളുടെ കാര്യവും വ്യത്യസ്തം അല്ല. അമേരിക്കയുടെ തലസ്ഥാനത്ത് ഒരു മേയറും കൗണ്‍സിലും ഉണ്ട്. പക്ഷേ, പരമാധികാരം കോണ്‍ഗ്രസിന്റെ കയ്യിലാണ്. ഗ്രെയിറ്റര്‍ ലണ്ടന്‍ അഥോറിറ്റിക്കും തെരഞ്ഞെടുക്കപ്പെട്ട ഒരു മേയറും അസംബ്ലിയും ഉണ്ടെങ്കിലും ദേശീയ ഗവണ്‍മെന്റിന് ഇവരുടെ തീരുമാനങ്ങളെ മറികടക്കുവാനുള്ള അധികാരം ഉണ്ട്. ജര്‍മ്മനിയുടെ തലസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളെപ്പോലെ പൂര്‍ണ്ണാധികാരം ഉണ്ട്.

ഇന്‍ഡ്യയുടെ സാഹചര്യത്തില്‍ എന്തായിരിക്കണം ദല്‍ഹി ഗവണ്‍മെന്റിന്റെ അധികാര സാദ്ധ്യതകള്‍, പരിമിതികള്‍? കേജരിവാള്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ മോഡി ഗവണ്‍മെന്റും അതിന്റെ ഭാഗമായ ലഫ്റ്റനന്റ് ഗവര്‍ണ്ണറും സംസ്ഥാന/യൂണിയന്‍ ടെറിറ്ററി ഗവണ്‍മെന്റിന്റെ പിന്നാലെയാണ്. ഭരണം അസാധ്യമായിരിക്കുകയാണ്. അതിനാല്‍ സഹിക്കുന്നത് ജനങ്ങള്‍ ആണ്. 
ഹൈക്കോടതി ലഫ്റ്റനന്റ് ഗവര്‍ണ്ണറെ പരമോന്നത ഭരണാധികാരിയാക്കി വാഴിച്ചതിനെ തുടര്‍ന്നാണ് തല്സ്ഥാനനഗരിയില്‍ ഡെങ്കു ചിക്കന്‍ ഗുനിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടത്. കേജരിവാള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ സംസ്ഥാനത്തിന് വെളിയില്‍ ആയിരുന്നു പല ദിവസങ്ങളിലായി. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ജങ്ങും വിദേശത്ത് ആയിരുന്നു(സെപ്റ്റംബര്‍ 3-13, അമേരിക്ക). ആം ആദ്മി പാര്‍ട്ടി ഏതാണ്ട് ഭരണം ഉപേക്ഷിച്ചതുപോലെയാണ്. കാരണം അവര്‍ക്ക് ഭരിക്കുവാനുള്ള അധികാരം ഇല്ല. 12 ആം ആദ്മി എം.എല്‍.എ.മാരാണ് കേസുകളില്‍ കുരുങ്ങികിടക്കുന്നത്. ഇത് പ്രതികാരത്തിന്റെ രാഷ്ട്രീയമാണെങ്കില്‍ തെറ്റായ ജനാധിപത്യ മര്യാദയാണ് അത്്. ആം ആദ്മി പാര്‍ട്ടിയും ഒരു ആത്മപരിശോധനക്ക് തയ്യാറകണം. അത് ഇപ്പോഴും ജനപക്ഷം നില്ക്കുന്ന സാധാരണക്കാരന്റെ ഒരു പാര്‍ട്ടി, ഗവണ്‍മെന്റ് തന്നെയാണോ?


മോഡി-കേജരിവാള്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള പോര് മുറുകുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക