Image

നയാഗ്രയില്‍ ഒരു വാരാന്ത്യം (ചെറിഷ്, ടൊറന്റോ)

Published on 18 September, 2016
നയാഗ്രയില്‍ ഒരു വാരാന്ത്യം (ചെറിഷ്, ടൊറന്റോ)
ഉച്ചയ്ക്ക് വാട്‌സ് ആപ്പില്‍ അനീറ്റയുടെ സന്ദേശം വന്നത് മുതല്‍ രമേശ് അക്ഷമനാണ് . ആണവ നിലയത്തിലെ സൈറണ്‍ മുഴങ്ങാന്‍ ഇനിയും സമയമുണ്ട്. രമേശ് വീണ്ടും ഘടികാരം നോക്കി. സമയം ഇഴഞ്ഞു നീങ്ങും പോലെ. പോരെങ്കില്‍ ഇന്ന് വെള്ളിയാഴ്ചയും. നാട്ടില്‍ വര്‍ഷാവസാനം പോലെയാണ് കാനഡയില്‍ തിങ്കളാഴ്ചയും കൂടി അവധിയുള്ള നീളന്‍ വാരാന്ത്യം. നിലയത്തിലുള്ള സഹപ്രവര്‍ത്തകരും മൂന്നു ദിവസം ആര്‍ത്തുല്ലസിക്കാനുള്ള പദ്ധതിയുമായി കൂട്ടിലിട്ട വെരുകുകളെപ്പോലെ നടക്കുന്നുണ്ട്. ഉല്ലാസത്തിനു തുടരവസരം കിട്ടിയ രമേശ് വീണ്ടും മൊബൈലില്‍ കണ്ണോടിച്ചു.

“ ഹായ്, സുഖം തന്നെയല്ലേ? നയാഗ്രയ്ക്കു വിട്ടാലോ? “

“ തീര്‍ച്ചയായും. തയ്യാറായി നില്‍ക്കൂ. വണ്ടിയുമായി വൈകിട്ട് വരാം “

സോഫിയ ഒരു മാസത്തെ അവധിക്കു നാട്ടില്‍ പോയിരിക്കുകയാണ്. അതു കൊണ്ട്, വീട്ടിലെത്തിയാലും വിരസമായി ഇരിക്കാമെന്നല്ലാതെ മറ്റൊന്നും വിശേഷിച്ചു ചെയ്യാനുമില്ല. പോളണ്ടില്‍ നിന്നും റോബോട്ടിക് എന്‍ജിനീയറിങ്ങില്‍ ഉപരിപഠനത്തിന് വന്ന പത്തൊന്‍പതു വയസുള്ള അനീറ്റയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് രമേശാണ്. ഫേസ് ബുക്കിലൂടെയുള്ള പരിചയം പെട്ടെന്ന് സൗഹൃദമായി വളര്‍ന്നു.

സൈറണ്‍ മുഴങ്ങിയതും ജീവനക്കാര്‍ കൂട്ടംകൂട്ടമായി ഒഴുകിത്തുടങ്ങി. പുറത്തേക്കുള്ള പ്രധാന കാവാടത്തില്‍ സ്ഥാപിച്ച യന്ത്രത്തില്‍ കൈത്തലം വച്ച് സമയം രേഖപ്പെടുത്തിയ ശേഷം രമേശ് കാറെടുത്തു വീട്ടിലേക്കു പുറപ്പെട്ടു. ലോകത്തില്‍ത്തന്നെ ഏറ്റവും തിരക്കുള്ള എട്ടു വരിയുള്ള ദേശീയ പാതയിലൂടെ രമേശിന്റെ വാഹനം വെടിച്ചില്ലുപോലെ പാഞ്ഞു. ഫഌറ്റിന്റെ താഴെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ലിഫ്റ്റ് വഴി അറുപതാമത്തെ നിലയിലെത്തി. യാത്രയ്ക്കുള്ള സാമഗ്രികള്‍ നേരത്തെ തന്നെ ഒരുക്കി വച്ചതു കാരണം ഒന്നും തിരഞ്ഞു സമയം കളയേണ്ടി വന്നില്ല. ബാഗെടുത്തു നേരെ അനീറ്റയുടെ ഹോസ്റ്റലിലേക്കു വിട്ടു.

അതെ, അനീറ്റ സര്‍വകലാശാലാ ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ത്തന്നെ നില്‍പ്പുണ്ട്. രമേശിന്റെ വാഹനം കണ്ടതും ആയിരം വര്‍ണ്ണങ്ങള്‍ വിതറുന്ന വിശാലമായ ചിരിയോടെ അവള്‍ കാറിന്റെ അടുത്തേക്ക് ഓടിയെത്തി. രമേശ് തന്റെ കാറിന്റെ പിന്‍കണ്ണാടിയിലൂടെ സ്വന്തം പ്രതിഫലനം നോക്കി. മുടിയില്‍ അങ്ങിങ്ങായി രജതരേഖകള്‍ വന്നു തുടങ്ങിയിരിക്കുന്നു.

കഷ്ടിച്ച് നഗ്‌നത മറയ്ക്കുന്ന വെളുത്ത ഷോര്‍ട്‌സും ശരീരത്തോടൊട്ടിക്കിടക്കുന്ന ആകാശവര്‍ണ്ണമുള്ള ടോപ്പുമാണ് അനീറ്റയുടെ വേഷം. ബ്ലോണ്ട് എന്ന് വിളിക്കുന്ന വെളുത്ത ഇടതൂര്‍ന്ന മുടിയിഴകളില്‍ അങ്ങിങ്ങായി ചുവന്ന വര്‍ണ്ണം ചാലിച്ചിരിക്കുന്നു. പതിവ് ശൈലിയില്‍ ആലിംഗനത്തോടെയാണ് സ്വീകരണം. ആമുഖമെന്നോണം രമേശ് പറഞ്ഞു :
“ അനീറ്റ, നീ പതിവിലും സുന്ദരിയായിരിക്കുന്നു “

“ ആഹാ, നന്ദി. താങ്കളും സുന്ദരനല്ലേ !”

ഇടക്കാലാശ്വാസമായി അനീറ്റയുടെ പ്രതികരണം കേട്ടപ്പോള്‍ രമേശിന് അല്പം അഹങ്കാരം വന്നോയെന്നു സന്ദേഹം. ദേശമാപിനിയില്‍ നയാഗ്രയുടെ വിലാസം കുറിച്ച ശേഷം മധുവിധു മിഥുനങ്ങളുടെ പറുദീസയായ നയാഗ്ര ജലധാര ലക്ഷ്യമാക്കി രമേശ് ശരവേഗത്തില്‍ വാഹനം പായിച്ചു. സര്‍വ്വകലാശാലയിലെ വിശേഷങ്ങള്‍ അനീറ്റ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. നയാഗ്രയിലേക്കുള്ള വഴിയില്‍ നിരവധി മുന്തിരിത്തോപ്പുകളുണ്ട് ; സോളമന്‍ രാജാവിന്റെ മുന്തിരിത്തോപ്പുകളെ അനുസ്മരിപ്പിക്കുന്നത്. പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ കണ്ട പത്മാരാജന്റെ സിനിമയിലെ പ്രണയത്തിന്റെ തിരുവെഴുത്തുകളായ ഉത്തമഗീതത്തില്‍ നിന്നും കടമെടുത്ത പ്രശസ്തമായ സംഭാഷണം രമേശ് ഓര്‍ത്തെടുത്തു :

“ നമുക്ക് അതികാലത്തെഴുന്നേറ്റു തോട്ടങ്ങളില്‍ പോയി മുന്തിരിവളളികള്‍ തളിര്‍ത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം; അവിടെ വച്ച് നിനക്ക് ഞാനേറെ പ്രേമം തരും “

പോകുന്ന വഴിയില്‍ വൈന്‍ നിര്‍മ്മിക്കുന്ന നിരവധി ശാലകള്‍ നയാഗ്രയിലുണ്ട്. അവയിലൊന്നിന്റെ മുന്നില്‍ രമേശ് വാഹനം നിര്‍ത്തി . അനീറ്റയുടെ നനുത്ത കൈ പിടിച്ചു തോട്ടത്തിലൂടെ നടന്നു വൈന്‍ ശാലയിലെത്തി.അനീറ്റയുടെ അതിരില്ലാത്ത ആഹ്ലാദം അവളുടെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. അതിഥികളെ അത്യധികം സന്തോഷത്തോടെ ശാലയിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുത്തി, ചുവന്ന നിറമുള്ള ലോകോത്തരമായ വൈന്‍ പകര്‍ന്നു നല്‍കി. അത് രണ്ടു പേരും മുത്തിക്കുടിച്ചു അവരോടു യാത്ര പറഞ്ഞു വീണ്ടും നയാഗ്ര ലക്ഷ്യമാക്കി നീങ്ങി.

ഇളം വെയിലില്‍ പാതയ്ക്കിരുവശവും ആകാശത്തുയരുന്ന അഗ്‌നി നാളങ്ങള്‍ പോലെ ചുവന്ന ഇലകള്‍ വീശി നില്‍ക്കുന്ന മേപ്പിള്‍ മരങ്ങള്‍. മഞ്ഞു കാലത്തിനു മുന്നോടിയായി ഇലകള്‍ക്കു വര്‍ണ്ണപ്പകര്‍ച്ച നല്‍കിയിട്ട് ഒടുവില്‍ ഇലകള്‍ കൊഴിഞ്ഞു സ്വയം സമാധിയിലേക്കു വീഴുന്ന മേപ്പിള്‍ മരങ്ങള്‍ പ്രവാസിയുടെ അതിജീവനത്തിന്റെ പ്രതീകങ്ങളെന്നു രമേശിന് തോന്നി.

നയാഗ്രയുടെ കരയിലൂടെ അനീറ്റയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ അതി ഭീമമായ ജലധാരയില്‍ നിന്നും ആകാശത്തേക്കുയര്‍ന്നു നടപ്പാതയിലേക്കു തെറിച്ചു വീഴുന്ന ജലകണങ്ങള്‍ അനീറ്റയുടെ അല്പമാത്രമായ വസ്ത്രങ്ങള്‍ക്ക് സുതാര്യത നല്‍കുന്നത് കൗതുകത്തോടെ രമേശ് കണ്ടു. അത് മനസിലാക്കിയിട്ടെന്നോണം അവള്‍ വ്രീളാവിവശയായി. അതിര്‍ത്തിക്കിരുവശവുമുള്ള ആംഗലേയ ദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സുരലോക ജലധാരയില്‍ അനുരാഗത്തിന്റെ പ്രതീകമായി ഒരു മഴവില്ലു പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു.

വെള്ളിയാഴ്ചയായതു കാരണം ജലധാരയുടെ നടപ്പാതയില്‍ പതിവിലധികം അനുരാഗികളുടെ തിരക്ക്. അനീറ്റയുടെ അടുത്ത ലക്­ഷ്യം അവള്‍ക്കറിയാനാവുന്ന ഒരു കാസിനോ ആണെന്ന് രമേശിനറിയാവും. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ചൂതാട്ടത്തിനും ഉല്ലാസത്തിനും എത്തുന്ന കാസിനോയില്‍ തന്റെ സഹപാഠികള്‍ക്കൊപ്പം കാശിട്ടു കാശ് വരാന്‍ അനീറ്റ ഇടയ്ക്കു വരാറുണ്ടത്രെ. പ്രവേശന കവാടത്തില്‍ ക്രെഡിറ്റ് കാര്‍ഡുരച്ചു പ്രവേശിച്ച ശേഷം വിവിധ വര്‍ണ്ണങ്ങളുള്ള വൈദ്യുത വിളക്കുകളുടെ ഇരുണ്ട പശ്ചാത്തലത്തില്‍ വട്ട മേശക്കിരുവശവും മധു ചഷകവുമായി അനീറ്റക്കൊപ്പം രമേശിരുന്നു.

കാസിനോയുടെ ചക്രങ്ങള്‍ തിരിയുമ്പോള്‍ തങ്ങളുടെ അക്കം തെളിയുമെന്ന പ്രതീക്ഷയുമായി പണക്കിഴികളുമായി ഇരിക്കുന്ന യുവാക്കള്‍. ചിലരുടെ മുഖത്ത് മ്ലാനത. മറ്റു ചിലര്‍ക്ക് ആഹ്ലാദം. അനീറ്റയുടെ കൗതുകം കണ്ടു രമേശ് ചോദിച്ചു : “ ഒരു കൈ നോക്കുന്നോ ? “

“ വേണ്ട, മറ്റൊരിക്കലാകട്ടെ “

അനീറ്റയെ നിര്‍ബന്ധിച്ചില്ല. കാസിനോയില്‍ ഇരുന്നാല്‍ സമയം പോകൂന്നതറിയില്ല. കുറേക്കഴിഞ്ഞു രമേശ് അവളെക്കൂട്ടി അടുത്തു തന്നെയുള്ള നിശാ ക്ലബ്ബിലേക്ക് പോയി. അരണ്ട വെളിച്ചമുള്ള വര്‍ണാഭമായ വേദിയില്‍ ഖജുരാഹോ ഗുഹാക്ഷേത്രത്തിലെ കാമശിലകള്‍ പോലെ ഏതാനും നിശാ നൃത്ത സുന്ദരികള്‍ . പ്രപഞ്ച താളത്തിന്റെ പ്രമേയങ്ങളായി പ്രേക്ഷകര്‍ക്ക് നയനോത്സവം പകര്‍ന്നു നൃത്തം തുടരുമ്പോള്‍ രാത്രി ഒന്‍പതു മണിയായിരുന്നു. നയാഗ്രയില്‍ ഇരുട്ട് വീണു തുടങ്ങിയതേയുള്ളൂ.
വിളക്കിനു ചുറ്റും ഈയാം പാറ്റകളെപ്പോലെ ഓരോ വട്ടമേശക്കരികിലും സുന്ദരികള്‍ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. . അനീറ്റ കൂടുള്ളത് കൊണ്ടാവണം, രമേശിന്റെ അടുത്ത് അവരാരും വന്നില്ല.

ഭക്ഷണമൊക്കെ കഴിച്ചു ഹോട്ടലിലെത്തുമ്പോള്‍ യാത്രയുടെ ക്ഷീണം രമേശിനെ പിടികൂടി. ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ഇരുട്ടിലും ചലനാത്മകമായ നയാഗ്ര അപ്പോള്‍ ഉണര്‍ന്നതേയുള്ളു എന്ന് തോന്നി. നയാഗ്രയുടെ ജലധാര സാധാരണയിലും അമിതമായ ആവേശത്തോടെ ഭൂമിയുടെ മടിത്തട്ടില്‍ പതിക്കുന്നത് കണ്ടപ്പോള്‍ അനീറ്റയും മറ്റൊരു ജീവസ്സുറ്റ ഗുഹാശില്‍പ്പമായി.

മൊബൈല്‍ പക്ഷി ചിലച്ചു. വാട്‌സ്ആപ്പില്‍ ഏതോ പുതിയ സന്ദേശം വന്നത് കണ്ടു രമേശ് മൊബൈലെടുത്തു നോക്കി. സോഫിയ ആണ് സന്ദേശം അയച്ചത്. അവളപ്പോള്‍ ഓണ്‍ലൈനിലുണ്ട് :

“ സ്‌­ക്കൈപ്പില്‍ വരുന്നോ ?”

രമേശ് ഒരു നിമിഷം ആലോചിച്ചു. എന്നിട്ടു കുറിച്ചു :

“വല്ലാത്ത ക്ഷീണം. വൈകിട്ട് കാണാം. “

ധര്‍മ്മ സങ്കടത്തോടെ രമേശ് ഫോണ്‍ താഴെ വച്ചിട്ട് അനീറ്റയുടെ സമീപത്തേക്കു നീങ്ങിയിരുന്നപ്പോള്‍ ശാപമോക്ഷം ലഭിച്ച ഗുഹാശില്പങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍.

ചില്ലു ജാലകത്തിലൂടെ നയാഗ്രയുടെ വാണിജ്യ വീഥിയിലേക്ക് രമേശ് ഒന്ന് കണ്ണോടിച്ചു. കൊടിയ അന്ധകാരത്താല്‍ മേപ്പിള്‍ മരത്തിന്റെ ഇലകളിലെ അഗ്‌നിനാളങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയിരുന്നു.

അവയോടൊപ്പം മറ്റൊരു പുലരിക്ക് വേണ്ടി രമേശും കാത്തി­രുന്നു 
നയാഗ്രയില്‍ ഒരു വാരാന്ത്യം (ചെറിഷ്, ടൊറന്റോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക