Image

ഭാര്യയുടെ മൃതദേഹം ചുമന്ന ഒഡിഷ സ്വദേശിക്ക് സഹായഹസ്തവുമായി ബഹ്‌റൈന്‍ പ്രധാനമന്ത്രി

Published on 29 August, 2016
ഭാര്യയുടെ മൃതദേഹം ചുമന്ന ഒഡിഷ സ്വദേശിക്ക് സഹായഹസ്തവുമായി ബഹ്‌റൈന്‍ പ്രധാനമന്ത്രി
മനാമ: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ സ്വദേശിക്ക് സഹായഹസ്തവുമായി ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ.

ബഹ്‌റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അഖ്ബാര്‍ അല്‍ ഖലീജ്' എന്ന പത്രത്തിലെ വാര്‍ത്തയും പടവും കണ്ടാണ് പ്രധാനമന്ത്രിയുടെ മനസലിഞ്ഞത്. 

ഈ വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചതായും അതിനാലാണ് അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും പ്രിന്‍സ് ഖലീഫ പറഞ്ഞു.

ബഹ്‌റൈനിലെ ഭാരത എംബസിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി സഹായധനം കൈമാറിയിട്ടുണ്ട്. എത്ര തുകയാണ് കൈമാറിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഈ മാസം 25ന് ഒഡീഷയിലെ കലാഹാണ്ഡിയിലെ ഭവാനിപാറ്റ്‌ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. 

ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുംവഹിച്ച് ദനാ മജ്ഹി എന്ന 42കാരനാണ് കിലോമീറ്ററുകള്‍ നടന്നത്.

ജില്ലാ ആശുപത്രിയിലാണ് ദനാ മജ്ഹിയുടെ ഭാര്യ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം കലാഹാണ്ഡിയിലേക്കുകൊണ്ടുപോകാന്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കണം. 

എന്നാല്‍ പണമടയ്ക്കാതെ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ദനാ മജ്ഹി ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പൊതിഞ്ഞെടുത്ത് മകള്‍ക്കൊപ്പം ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു.

പത്ത് കിലോമീറ്ററോളം നടന്നപ്പോള്‍ പ്രാദേശിക ചാനലുകാര്‍ ദനാ മജ്ഹിയെ കണ്ടുമുട്ടിയതാണ് സഭവം പുറത്തറിയാനിടയായത്. 

ചാനല്‍ സംഘം വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് ബാക്കിയുള്ള ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക