Image

ആടുവിലാപം (ലേഖനം: മണ്ണിക്കരോട്ട്)

Published on 26 August, 2016
ആടുവിലാപം (ലേഖനം: മണ്ണിക്കരോട്ട്)
കുറെ നാളായി ഈ വിലാപം കേട്ടുതുടങ്ങിയിട്ട്, ആടുവിലാപം. അതായത് ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ പോലെ ഒരു കൃതി അമേരിക്കയില്‍നിന്നും ഉണ്ടായിട്ടില്ല; അതുപോലെ ഒന്ന് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. എഴുത്തുകാരും വായനക്കാരും പൊതുവെ അമേരിക്കയില്‍ മലയാളവുമായി ബന്ധപ്പെട്ട മിക്കവരില്‍നിന്നും ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് ഈ കണ്ടെത്തല്‍. അത്തരം ഒരു കൃതിയുടെ അഭാവം ഒരു അപരാധംപോലെ എഴുത്തുകാരെ പിന്തുടരുകയാണ്.

അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ തോന്നിയ്ക്കുന്ന ഈ കുറവ് ചൂണ്ടിക്കാണിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയും ഭാഷാസ്‌നേഹവും മനസ്സിലാക്കാം. കാരണം ആടുജീവിതം അത്രമേല്‍ പ്രസിദ്ധമാണ്. അതിന്റെ നൂറ് പതിപ്പുകള്‍ കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ചില സര്‍വ്വകലാശാലകള്‍ അത് പഠന ഗ്രന്ഥമായി അംഗീകരിച്ചു. എഴുത്തും വായനയുമായി ബന്ധപ്പെട്ട എല്ലാവരും അതു വായിച്ചിട്ടുണ്ടാകും. മാത്രമല്ല ആടുജീ വിതം ചലച്ചിത്രമാകാന്‍പോകുന്നു. ചുരുക്കത്തില്‍ മലയാള സാഹിത്യത്തില്‍ അടുത്തെങ്ങും ഉണ്ടാകാത്തതോ അപൂര്‍വ്വമായി ഉണ്ടാകുന്നതോ അല്ലെങ്കില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തതോ ആയ പല പ്രശസ്തിയും പത്തുവര്‍ ഷം തികയുന്നതിനു മുമ്പേ ഈ കൃതി നേടിക്കഴിഞ്ഞു എന്നുള്ളതാണ്. അപ്പോള്‍ അത്തരത്തില്‍ ഒരു കൃതി അമേരിക്കയില്‍നിന്നും ഉണ്ടാകണമെന്ന് സന്മനസുകള്‍ ആഗ്രഹിച്ചുപോകും.

എന്നാല്‍ ഈ സമസ്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുറച്ചൊക്കെ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പലേ ചിന്തകളാണ് എന്റെ ഉള്ളില്‍ ഉരുവിട്ടുണരുന്നത്. അതായത് ആടുജീവിതംപോലെ ഒരു കൃതി ഇല്ലാതെ ഇവിടെ മലയാള സാഹിത്യം ഇല്ലെന്നോ, അല്ലെങ്കില്‍ അതുപോലെ ഒരു കൃതി ഇല്ലാത്ത അമേരിക്കയിലെ മലയാള സാഹിത്യം അപൂര്‍ണ്ണമാണെന്നോ ഒക്കെയാണോ ശങ്കിയ്ക്കുന്നവര്‍ ചിന്തിക്കുന്നത്? ആടുജീവിതത്തിന്റെ അഭാവം അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ ഒരു വലിയ കുറവാണെ ങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു കൃതി ഉണ്ടാകാത്തത് എന്നും ചിന്തിക്കുകയാണ്. ഇവിടെയും കുറച്ചെങ്കിലും ഭേദപ്പെട്ട എഴുത്തുകാരുണ്ട്. ഭേദപ്പെട്ട ധാരാളം കൃതികളുണ്ട്. പുതിയ രചനകളുമുണ്ട്. എന്നിരുന്നാ ലും ആടുജീവിതംപോലെ ഒരു കൃതി ഉണ്ടാകുന്നില്ല എന്നത് സത്യംതന്നെ. എന്താണ് ഇതിനു കാരണം?

അമേരിക്കയിലെ മലയാള സാഹിത്യത്തില്‍ ഉണ്ടെന്നുധരിക്കുന്ന ഈ കുറവിന്റെ വിവധ വശങ്ങളെക്കുറിച്ച് ചെറുതായിട്ടെങ്കിലും വിശകലനം ആവശ്യമാണ്. അതേക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതിനു മുമ്പായി അനുബ ന്ധമായ മറ്റൊരു സമസ്യകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. അത് അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റം, ജീവിതം മുതലായ വിഷയങ്ങള്‍ പശ്ചാത്തലമാക്കി കൃതികളുണ്ടാകുന്നില്ല, അത്തരത്തില്‍ കൃതികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നൊക്കെയും അഭിപ്രായങ്ങളുണ്ട്. ഇത്തരം ന്യൂനതകള്‍ എടുത്തുകാണിക്കുന്നവര്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചും കൃതികളെക്കുറിച്ചും കുറച്ചെങ്കിലും മനസിലാ ക്കിയിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്.

വാസ്തവത്തില്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതം ആസ്പദമാക്കി പല കൃതികളുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് നോവല്‍. ഏതൊക്കെയാണ് ആ കൃതികള്‍? 1982-ലാണ് അമേരിക്കയില്‍നിന്ന് ആദ്യമായി ഒരു മലയാള നോവല്‍ പ്രസിദ്ധീകരിക്കുന്നത് (ഞാന്‍ എഴുതിയ ‘ജീവിതത്തിന്റെ കണ്ണീര്‍’. നാട്ടില്‍വച്ചേ എഴുതിയതെ ങ്കിലും ഇവിടെ കുടിയേറി എട്ടു വര്‍ഷത്തിനുശേഷമാണ് അത് ആദ്യമായി പ്രസദ്ധീകരിക്കുന്നത്). പിന്നീട് 1990-കള്‍ മുതല്‍ ധാരാളം നോവലുകളും മറ്റ് കൃതികളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ അമേരിക്കയിലെ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ചില നോവലുകളെക്കുറിച്ചു മാത്രം വളരെ ചുരുക്കമായി ഇവിടെ സൂചിപ്പിക്കുകയാണ്.

1994-ല്‍ ഞാന്‍ ‘അമേരിക്ക’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (എന്‍.ബി.എസ്.). അതിന്റെ രണ്ട് പതിപ്പുകള്‍ എന്‍.ബി.എസും രണ്ട് പതിപ്പികള്‍ പ്രഭാത് ബുക്ക് ഹൗസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരിത്തിതൊള്ളായിരത്തി അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലുള്ള നമ്മുടെ നെഴ്‌സുമാരുടെ അമേരിക്കയിലെ കുടിയേറ്റം മുതല്‍ ഈ നോവല്‍ ആരംഭിക്കുന്നു. ഈ രാജ്യത്ത് കാലുറപ്പിക്കാനും ജോലി കണ്ടെത്താനും ജീവിതം തരപ്പെടുത്താനുമുള്ള അവരുടെ കഷ്ടപ്പാടുകളും; തുടര്‍ന്ന് ഭര്‍ത്തക്കാന്മാരും കുട്ടികളും, വിവാഹം അങ്ങനെ അമേരിക്കയില്‍ ഒരു മലയാളി സമൂഹം ആരംഭിക്കുന്നതിന്റെ ആരംഭം മുതല്‍ മാതാപിതാക്കളും മറ്റു ബന്ധപ്പെട്ടവര്‍ വരുന്നതും എല്ലാമാ

യി ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തെ അമേരക്കയിലെ മലയാളികളുടെ ജീവിതം ഈ കൃതിയുടെ ഭാഗമാണ് (ഈ കൃതി ഇപ്പോള്‍ ഇ-മലയാളിയില്‍ ഖഃണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു).

1987-ല്‍ മുരളി ജെ. നായര്‍ ‘സ്വപ്നഭൂമിക’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (കറന്റു ബുക്‌സ്). “ഒരു കുടുംബത്തിലൂടെ അമേരിക്കയിലെ ശരാശരി മലയാളികളുടെ ജീവിതരീതി കരവിരുതുള്ള ഒരു കലാകാരനെ പ്പോലെ നോവലിസ്റ്റ് ചിത്രീകരിക്കുന്നു” (അമേരിക്കയിലെ മലയാള സാഹിത്യചരിത്രം: മണ്ണിക്കരോട്ട്). അമേരിക്ക യിലെ ആഡംബരങ്ങളുടെ അഴുക്കുചാലില്‍ വീണുപോകുന്ന സന്ധ്യ, ശരാശരി മലയാളി മാതാപിതാക്കളുടെ മകളാണ്. അവള്‍ ഡ്രഗ്‌സ്, ട്രിങ്ക്‌സ്, സെക്‌സ് എന്നുവേണ്ടാ എല്ലാവിധ അസാന്മാര്‍ഗ്ഗികതകള്‍ക്കും വശംവദയാ കുന്നു. ഏകമകന്‍ അമേരിക്കയിലെ സാധാരണ ചെറുപ്പക്കാരെപ്പോലെ മതാപിതാക്കളില്‍നിന്ന് അകന്നു ജീവിക്കു ന്നു. അങ്ങനെ അമേരിക്കയിലെ ചില മലയാളികള്‍ക്ക് സംഭവിച്ച അപചയങ്ങളുടെ ചുരുളഴിയുകയാണ് ഈ നോവലില്‍.

2003-ല്‍ നീന പനയ്ക്കല്‍ ‘സ്പനാടനം’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (കറന്റ് ബുക്‌സ്). കഥാപാത്ര ങ്ങളുടെ നാടുമായുള്ള ബന്ധം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ നോവലിന്റെ പ്രധാന പശ്ചാത്തലം അമേരിക്കയിലെ ജീവിതം തന്നെ. നാട്ടിലും അമേരിക്കയിലും വളരുന്ന കുട്ടികളുടെ ജീവിത വൈപരിത്യങ്ങള്‍ വളരെ വിദഗ്ധമായി ഈ കൃതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. “... മലയാളികള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളും പ്രതിസന്ധികളും അവര്‍ അനുഭവിക്കേണ്ടിവരുന്ന വിഹ്വലതകളും അവര്‍ നേരിടുന്ന ജീവിതവി ജയങ്ങളും നോവലിസ്റ്റ് ഓജസുള്ള ഭാഷയില്‍ കോറിയിട്ടിരിക്കുന്നു” (അവതാരികയില്‍നിന്ന്). വനിതയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ നോവല്‍ ‘സമ്മര്‍ ഇന്‍ അമേരിക്ക’ എന്ന പേരില്‍ സീരിയലാക്കി കൈരളി ചാനല്‍ പ്രക്ഷേപണം പെയ്തിട്ടുണ്ട്. നീനയുടെ മറ്റു നോവലുകളും അമേരിക്കന്‍ ജീവിതം ആധാരമാക്കി എഴുതിയിട്ടു ള്ളതാണ്.

2015-ല്‍ സാംസി കൊടുമണ്‍ ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു (ഡി.സി.ബുക്‌സ്). മലയാളികളുടെ പ്രവാസ ജീവിതം അവലംബിച്ച് എഴുതിയിട്ടുള്ള ഒരു കൃതിയാണിത്. ഈ കൃതിയുടെ അവതാരികയില്‍ പ്രശസ്ത് സാഹിത്യകാരനും അക്കാഡമി ചെയര്‍മാനുമായിരുന്ന പെരുമ്പടവം ശ്രീധരന്‍ എഴുതിയിരിക്കുന്നതു നോക്കാം. “പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ നോവലിന്റെ ഉള്ളടക്കം. മാറിയ ജീവിതസാഹചര്യങ്ങളില്‍ ഓരോരുത്തര്‍ക്കുണ്ടാകുന്ന ഭാവഭേദങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. മനുഷ്യബന്ധങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയുമൊക്കെ അവിടെ നേര്‍ക്കുനേര്‍ കാണാറാ കുന്നു.” ഏഴു ഭാഗങ്ങളായി എഴുതിയിട്ടുള്ള ഈ നോവല്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെന്നിട്ടുണ്ട്.

ഇതൊക്കെകൂടാതെ നമ്മുടെ മറ്റ് പല എഴുത്തുകാരും പ്രവാസജീവിതം ഇതിവൃത്തമാക്കി നോവലുകള്‍ എഴുതിയിട്ടുണ്ട്. ചെറുകഥകളും ലേഖനങ്ങളും ധാരാളമുണ്ട്. നാടകങ്ങള്‍ വേറെയും. എല്ലാം വിശദീകരിക്കാന്‍ ഈ ലേഖനത്തിന്റെ ദൈര്‍ഘ്യം അനുവദിക്കാത്തതുകൊണ്ട് അതിനു മുതിരുന്നില്ല. ഇത്രയുമെങ്കിലും എടുത്തുകാണിച്ചത് മലയാളികളുടെ ജീവിതം അമേരിക്കയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ള ധാരാളം കൃതികള്‍ ഇവിടുത്തെ എഴുത്തുകാര്‍ എഴുതിയിട്ടുണ്ടെന്നു സൂചിപ്പിക്കാന്‍ വേണ്ടി മാത്രം.

എന്നാല്‍ അതൊന്നും മലയാള സാഹിത്യലോകത്ത് പൊതുവെ വേണ്ടത്ര പ്രസിദ്ധിയാര്‍ജ്ജിക്കുകയോ കോളിളക്കം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. അതൊന്നും നാട്ടിലെ പ്രസിദ്ധരായ എഴുത്തുകാരെപ്പോലെയുള്ളവരല്ല എഴുതിയതെന്ന സത്യവും മറക്കുന്നില്ല. ആടുജീവിതംപോലെ അത്യപൂര്‍ വ്വമായ പശ്ചാത്തലം ഉള്‍ക്കൊണ്ട് എഴുതിയതുമല്ല. എന്നാല്‍ അതൊക്കെ അമേരിക്കയില്‍തന്നെ എത്രപേര്‍ വായിച്ചിരിക്കുമെന്നുള്ളതാണ് ചിന്തിക്കാനുള്ളത്. അല്ലെങ്കില്‍ എഴുത്തുകാരെന്നു പറയുന്നവരില്‍തന്നെ എത്രപേര്‍ വായിച്ചിട്ടുണ്ട്? അഭിപ്രായം പറയുന്നവരെങ്കിലും അമേരിക്കയില്‍നിന്ന് ഉണ്ടായിട്ടുള്ള കൃതിളെക്കുറിച്ച് മനസിലാ ക്കിയിട്ട് അതിനു ശ്രമിക്കുന്നതല്ലേ ഉത്തമം.

അമേരിക്കന്‍ ജീവിതം അവലംബിച്ച് കൃതികള്‍ ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ട് ആടുജീവി തത്തിലേക്ക് കടന്നുവരാം. എന്താണ് ആടുജീവിതം? ആടുജീവിതത്തിന്റെ കഥയും പശ്ചാത്തലവുമെല്ലാം എല്ലാവ ര്‍ക്കും അറിവുള്ളതാണ്. എങ്കിലും ഈ ലേഖനത്തിന്റെ തികവിനുവേണ്ടി ഒന്നുകൂടി ഓര്‍ക്കുകയും ചിന്തിക്കു കയും ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തില്‍നിന്ന് പണിതേടി ഏജന്റുമുഖേന പുറപ്പെട്ട രണ്ടുപേര്‍ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നു. നാട്ടില്‍നിന്ന് ഏജന്റ് പറഞ്ഞുവിട്ടതനുസരിച്ച് സ്‌പോണ്‍സര്‍ ചെയ്തവര്‍ വന്ന് കൂട്ടിക്കൊണ്ടുപോകേണ്ടതാണ്. വളരെ നേരത്തെ കാത്തിരിപ്പിനുശേഷം ഏതോ ഒരു അറബി വന്ന് അവരെ കൂട്ടിക്കൊണ്ടുപോകുന്നു. അവരെ കൊണ്ടെത്തിക്കുന്നതോ? മഹാസമുദ്രത്തിന്റെ മദ്ധ്യത്തിലെന്ന പോലെ മനുഷ്യവാസത്തിന്റെ മണംപോലുമില്ലാത്ത മണലാരണ്യത്തിന്റെ മദ്ധ്യത്തില്‍. അവിടെ രണ്ടുപേരേയും രണ്ടിടത്തായി ഇറക്കി വിടുന്നു: നജീബും ഹക്കിമും.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മണലാരണ്യത്തില്‍, അര്‍ദ്ധരാത്രിയോടടുത്ത സമയത്ത്, എതോ നരകത്തില്‍ ചെന്നുപതിച്ചതുപോലെ നജീബ് പകച്ചുനിന്നു. അടുത്തുനിന്നും ഉയര്‍ന്നുകൊണ്ടിരുന്ന ആടുകളുടെ ഞരക്കം മാത്രം ശബ്ദമായി അയാളുടെ കാതില്‍ പതിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസംതന്നെ ആടുകളുമായിട്ടാണ് തന്റെ ജീവിതമെന്ന് അയാള്‍ മനസിലാക്കുകയാണ്. അസംഖ്യം ആടുകളെ പരിചരിച്ചും ‘മസറകള്‍’ (ആടുകളെ സൂക്ഷിക്കുന്ന സ്ഥലമെന്ന അറബി വാക്ക്) വൃത്തിയാക്കിയും നജീബിന്റെ റിയാദിലെ ജീവിതം ആരംഭിക്കുകയാണ്. ആടുകള്‍ മാത്രമായിരുന്നില്ല, ധാരാളം ഒട്ടകങ്ങളും അയാളുടെ പരിചരണ വലയത്തില്‍ ഉള്‍പ്പെട്ടിരുന്നു. പലപ്പോഴും 24 മണിക്കൂറും പണി. കിടന്നുറങ്ങാന്‍ മണല്‍പ്പരപ്പ്. പലപ്പോഴും ആടുക ളോടൊപ്പവും കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. വെള്ളം ഉപയോഗിക്കുന്നത് കൊലപാതകത്തിനു തുല്യം. ആദ്യദിവസം തന്നെ നജീബ് അക്കാര്യം അനുഭവിച്ചറിഞ്ഞു. പ്രഥമികകാര്യങ്ങള്‍ എങ്ങനെയൊ സാധിച്ചു. അതിനുശേഷം ശുചീകരണത്തിന് വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയതും വായുവേഗത്തില്‍ ഒരു ശീല്‍ക്കാരം അയാളുടെ കാതി ല്‍ പതിഞ്ഞു. തിരിഞ്ഞു നോക്കും മുമ്പേ പുറം പൊളിയുന്ന ചാട്ടവാര്‍ അടി അവന്റെ മുതുകില്‍ വീണുകഴിഞ്ഞി രുന്നു.

ധരിക്കാന്‍ ഏതോ ആട്ടുകാരന്‍ ഉപയോഗിച്ചു പഴകി അഴുക്കുപിടിച്ച, ഒരിക്കല്‍പോലും വെള്ളം കണ്ടിട്ടില്ലാ ത്ത, നാറുന്ന നീണ്ട കുപ്പായം. കഴിക്കാന്‍ ഖുബൂസ് എന്ന ഉണക്ക റൊട്ടി. അതും കിട്ടിയെങ്കിലായി. ഒരിക്കല്‍ പോലും കഴുകാതെ, കുളിക്കാതെ, മുടിവെട്ടാതെ താടിവടിക്കാതെ അഴുക്ക് അടര്‍ന്നു വീഴത്തക്ക ദുര്‍ഗന്ധം വമിക്കുന്ന ശരീരവുമായി ആടുകളുടെ കൂടെ മറ്റൊരു ആടായി അയാള്‍ ജീവിച്ചു. അവിടെ എല്ലാം പരിശോധിക്കുന്ന ഒരു അറബിയുണ്ട്. ചാട്ടവാറും തോക്കും; അങ്ങ് ദൂരെദൂരെ കാണാന്‍ കഴിയുന്ന ബയ്‌നൊക്ക്‌ളറുമായി എല്ലാം മനസ്സിലാക്കുന്ന, കാണുന്ന അറബി. എന്തെങ്കിലും ഒന്നു തെറ്റിയാല്‍ മതി പുറം പൊളിയുന്ന ചാട്ടവാറിന്റെ അടിയില്‍ നിജീബ് പുളഞ്ഞുപോകും. കിരാത ലോകത്തെപോലും കിടിലം കൊള്ളിക്കുന്ന ജീവിതരീതി. നരകമെ ന്ന് ഒന്നുണ്ടെങ്കില്‍ അവിടുത്തെ ജീവിതം ഇതിലും മെച്ചമായിരിക്കുമെന്നു തോന്നിപ്പോകും. ഇതേ രീതിയില്‍ ഏതാണ്ട് മൂന്നര വര്‍ഷത്തോളം.

അവിടെനിന്ന് അതിസാഹസികമായി നജീബ് രക്ഷപെടുകയാണ്. സിനിമയിലോ ഏതെങ്കിലും മായാലോ കത്തോ ഉണ്ടാകാന്‍ കഴിയാത്തവിധം അത്ഭുതകരമായ ഒരു രക്ഷപെടല്‍. മണലാരണ്യത്തിന്റെ മദ്ധ്യത്തില്‍, ദിക്ക് ഏതാണെന്നറിയാതെ, എത്രദൂരം ഓടണമെന്നറിയാതെ, കയ്യില്‍ ആഹാരമോ, വെള്ളോ ഇല്ലാത നജീബ് ഓടുകയാ ണ്. ആ ഓട്ടത്തില്‍ കൂട്ടുകാരന്‍ ഹക്കിം, സകല ശക്തിയും നഷ്ടപ്പെട്ട് മണില്‍ക്കൂമ്പാരത്തില്‍ മറയപ്പെടുന്നു.

ഇതാണ് ആടുജീവിതം എന്ന നോവലിന്റെ ഏകദേശ കഥാരൂപം. അതായത് നജീബ് റിയാദില്‍ അനുഭവിച്ച ദുരന്തത്തിന്റെ ഒരു തനിയാവര്‍ത്തനം. ആടുജീവിതംപോലെ ഇവിടെനിന്ന് കൃതികള്‍ ഉണ്ടാകുന്നില്ല എന്നു പറയുന്നവരും ചിന്തിക്കുന്നവരും അമേരിക്കയുടെ അന്തരീക്ഷം, ജീവിതരീതി ഒക്കെകൂടി ചിന്തിക്കേണ്ടിയിരി ക്കുന്നു. ആടുജീവിതം എങ്ങനെയാണ്, എന്തുകൊണ്ടാണ് അമേരിക്കയിലെ സാഹിത്യരചനകളുമായി ബന്ധപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല. സംഭവം ഒരു മറുരാജ്യത്തു നടന്നതുകൊണ്ടോ അതോ നോവലിസ്റ്റ് ഗള്‍ഫുകാരനായിരുന്നതുകൊണ്ടോ? എങ്കില്‍ അത് ഇംഗ്ലീഷിലെ ഒരു ചൊല്ലുപോലെ ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യപ്പെടുത്തുന്നതുപോലെ മാത്രം.

അമേരിക്കയില്‍ ഏതൊരു കുടിയേറ്റക്കാരന് ആടുജീവിതത്തിന്റെ നൂറിലൊന്നെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്? മലയാളികളെ സംബന്ധിച്ചിടത്തോളം ആദ്യം കുടിയേറിയ നെഴ്‌സുമാര്‍ക്ക് തീര്‍ച്ചയായും ജീവിതം കരുപ്പിടിപ്പിക്കാന്‍ കുറെ അധികം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു നല്ല ജീവിതത്തിനുവേണ്ടിയുള്ള തുടക്കമായിരുന്നു. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും അമേരിക്കയിലുണ്ട്. അമേരിക്ക സ്വതന്ത്രരുടെ രാജ്യവും സാഹസികര്‍ അല്ലെങ്കില്‍ ധൈര്യശാലികളുടെ ഭവനുമാണ് (Land of the free, home of the brave).. ഇവിടെ നീതിയും നിയമവുമുണ്ട്. ഇവിടെ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു പോലും മാനുഷികമായ ആനുകൂല്യങ്ങളും പരിഗണനയും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.

പിന്നെ അമേരിക്കയില്‍നിന്ന് എങ്ങനെയാണ് ആടുജീവിതംപോലെ ഒരു കൃതി ഉണ്ടാകേണ്ടതെന്നു മനസ്സിലാകുന്നില്ല. ആടുജീവിതം ഇത്രയും പ്രസിദ്ധമായത് അതിന്റെ ഇതിവൃത്തം ആടുജീവിതമായതുകൊണ്ടു മാത്രമാണെന്ന സത്യവും മറക്കരുത്. മാത്രമല്ല, ദുഃഖം, സഹനം, പ്രണയം മുതലായവയാണ് സാഹിത്യത്തിന് എന്നും ഇഷ്ട വിഷയം. അതൊക്കെ അമേരിക്കയില്‍ തുലോം കുറവും. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് ആടുജീവിതംപോലൊരു കൃതി ഉണ്ടാകാനൊക്കുന്നതല്ല, കാരണം ഇവിടെയുള്ളത് ആടുജീവിതമല്ല, മനുഷ്യജീവിതമാണ്. എന്നിരുന്നാലും ഇവിടുത്തെ ജീവിതം അവലംബിച്ച് ഇനിയും മെച്ചപ്പെട്ട കൃതികള്‍ ഉണ്ടാകാമെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷമില്ല.

മണ്ണിക്കരോട്ട് (www.mannickarottu.net) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക