Image

101 മങ്കമാരുടെ തിരുവാതിരയുമായി ഫ്‌ലോറിഡാ നവകേരള ആര്‍ട്‌സ് ക്ലബ്

അനില്‍ പെണ്ണുക്കര Published on 27 August, 2016
101 മങ്കമാരുടെ തിരുവാതിരയുമായി  ഫ്‌ലോറിഡാ നവകേരള ആര്‍ട്‌സ് ക്ലബ്
ഓര്‍മയില്‍ നിറമുള്ള നിമിഷങ്ങള്‍ ഓളമിടുന്ന ഓണത്തിന് പൊലിമ കൂട്ടുവാന്‍ ഫ്‌ലോറിഡാ നവകേരളാ ആര്‍ട്‌സ് ക്‌ളബ് 101 മലയാളി മങ്കമാരുടെ തിരുവാതിരയുമായി കടന്നുവരുന്നു. ഒരു മെഗാ തിരുവാതിര അമേരിക്കന്‍ മണ്ണില്‍.

ഓണം വാടുമെന്നറിഞ്ഞിരുന്നിട്ടും നാളേക്കായി അടര്‍താതെ മാറ്റിവച്ച പൂങ്കുലകള്‍,
പാടത്തും പറമ്പിലും മുക്കുറ്റി തേടിപോകുമ്പോള്‍ ചവിട്ടി മെതിച്ച കാട്ടുപച്ചിലയുടെ ഗന്ധം,
എത്താത്ത കൊമ്പിലെ പൂവിനായി എത്തി പിടിക്കുമ്പോള്‍ പാവാടനൂലില്‍ മുള്ള് വരയ്കും ഇഴ,
ചെത്തിയും ശീവോതിയും ഇടകലര്തിയിടുമ്പോള്‍ മണിക്കൂറുകളെടുത്തുതിര്‍ത്ത മുക്കുറ്റിയ്ക്കിടം തേടും നിമിഷം,
പൂക്കളില്ലാ നേരത്ത് പ്രഥമനു പിഴിഞ്ഞ തേങ്ങയില്‍ നിറം ഇറ്റിക്കും രസം.

നീലപ്പീരയില്‍ മധുരപ്പശിമ തേടും കട്ടുറുംബിന്റെ നെട്ടോട്ടം,
പുത്തനുടുപ്പിന്റെ കഞ്ഞിപ്പശയില്‍ പുറം ചൊറിയും പൊടിമക്കള്‍,
മരുന്നിടാ പൂക്കള്‍ വെയിലത്ത് വാടുമ്പോള്‍ പപ്പടം കാച്ചും മണം
മുറ്റത്തെ മരത്തണലില്‍ പുള്ളുറങ്ങുമ്പോള്‍ നിറമുള്ള പൂക്കളം ചേറില്‍ പുരളും, പുലരും വരെ .....ഇതെല്ലം നമ്മുടെ ഓര്‍മ്മയിലെ പൊന്നോണം ആണെങ്കിലും ഓണം പൂര്‍ണമാകണമെങ്കില്‍ ചന്തമുള്ള പെണ്‍കുട്ടികളുടെ തിരുവാതിര കൂടി വേണം.

അതിനാണ് ഫ്‌ലോറിഡാ നവ കേരളാ ആര്‍ട്ട് ക്ലബ് വേദിയൊരുക്കുന്നത്. ആഗസ്ത് 27 നു വൈകിട്ട് 5.30 നു കൂപ്പര്‍ സിറ്റി ഹൈസ്‌കൂളിലാണ് 101 മങ്കമാര്‍ കേരളീയ പരമ്പരാഗത വേഷത്തില്‍ മലയാളികളുടെ മനം കവരാന്‍ എത്തുന്നത്. കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകള്‍ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്.

തിരുവാതിര നാളില്‍ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നതെങ്കിലും ഓണത്തിന് കേരളത്തില്‍ ഓണക്കളിയുടെ ഭാഗമായി തിരുവാതിരകളി നടത്തുന്നു. പെണ്‍കുട്ടികളുടെ പ്രായപൂര്‍ത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തന്‍ തിരുവാതിരയെന്നും പറയാറുണ്ട്.
ഓണത്തിന് നടത്തുന്ന കൈകൊട്ടിക്കളി പിന്നീട് തിരുവാതിരയായി മാറുകയായിരുന്നു എന്ന് വിശ്വസിക്കുന്നു .

സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളില്‍ നടത്തിപ്പോന്നിരുന്ന ഇത് പില്‍കാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്. വൃത്തത്തില്‍ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാല്‍ വൃത്താകൃതി ശ്രീബുദ്ധന്റെ ധര്‍മ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാര്‍വലൌകികത്തിന്റെയും ഈ നൃത്തത്തില്‍ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളില്‍ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നുണ്ട്.

പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളില്‍ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. പകല്‍ വീടിന്നു മുന്നില്‍ ദശപുഷ്പങ്ങള്‍ ശേഖരിച്ചു വയ്കുന്നു. സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക. അര്‍ദ്ധരാത്രിയില്‍ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാല്‍ നര്‍ത്തകികള്‍ ഭക്ത്യാദരപൂര്‍വം പാട്ടുകള്‍ പാടുകയും ദശപുഷ്പങ്ങള്‍ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങള്‍ അവര്‍ മുടിയില്‍ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടല്‍ എന്നാണ് പറയുക. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകള്‍ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്.
കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തില്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെണ്‍കുട്ടികള്‍ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം. തിരുവാതിര കളിക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവര്‍ ചുവടുവയ്ക്കുകയും കൈകള്‍ കൊട്ടുകയും ചെയ്യുന്നു. ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകള്‍ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവര്‍ക്കുപോലും കളിയില്‍ പങ്കെടുക്കാന്‍ സൗകര്യമേകുന്നു.

തിരുവാതിരകളി നടക്കുന്ന ദിവസം പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന നര്‍ത്തകികള്‍ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു. രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്. ദാഹത്തിനു കരിക്കിന്‍ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ. ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകള്‍ക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്.

പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാര്‍ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആണ്‍കുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികള്‍ കളിയില്‍ പങ്കെടുക്കുകയില്ലെങ്കിലും അവര്‍ പിന്നീട് കളിയാശാന്മാരായിത്തീരും

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് 'വീരവിരാട കുമാര വിഭോ' (ഉത്തരാസ്വയം വരം), 'കാലുഷ്യം കളക നീ' (ധ്രുവചരിതം), 'യാതുധാന ശീഖാണേ' (രാവണ വിജയം), 'ലോകാധിപാ കാന്താ' (ദക്ഷയാഗം), 'കണ്ടാലെത്രയും കൗതുകം' (നളചരിതം), 'മമത വാരി ശരെ' (ദുര്യോധനവധം).

ഇതൊക്കെയാണ് ഉപയോഗിക്കുന്നതെങ്കിലും ചലച്ചിത്ര ഗാനങ്ങളും ഇന്ന് തിരു വാതിരകളിക്കായി ഉപയോഗിക്കുന്നുണ്ട്.

കാണം വിറ്റും ഓണം ഉണ്ണണമെന്നു മലയാളികള്‍ പറയാറുണ്ടെങ്കിലും കേരളം വിട്ടാല്‍ മലയാളികള്‍ തിരുവോണത്തെയും അതിന്റെ ആചാരങ്ങളെയും സന്തോഷത്തോടെ നെഞ്ചേറ്റുന്നു. അതുകൊണ്ടാണ് നവകേരളയുടെ ഈ ആശയം അമേരിക്കന്‍ മലയാളികള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നത് .
'പാര്‍വണേന്തു മുഖി...പാര്‍വതി....'
അതെ 101 മങ്കമാര്‍ അരങ്ങിലെത്താന്‍ ഇനി മണിക്കുറുകള്‍ മാത്രം....പ്രീതിദേവസ്യയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ കൊച്ചു കേരളാ മങ്കമാര്‍ തിരുവാതിരയ്ക്കായി തയാറെടുത്തുകഴിഞ്ഞു ..ആ ആനന്ദ നടനത്തിനായി നമുക്ക് കാത്തിരിക്കാം ..
101 മങ്കമാരുടെ തിരുവാതിരയുമായി  ഫ്‌ലോറിഡാ നവകേരള ആര്‍ട്‌സ് ക്ലബ് 101 മങ്കമാരുടെ തിരുവാതിരയുമായി  ഫ്‌ലോറിഡാ നവകേരള ആര്‍ട്‌സ് ക്ലബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക