Image

തിരിച്ചറിവ് - (കവിത-അനശ്വരം മാമ്പിള്ളി)

അനശ്വരം മാമ്പിള്ളി Published on 24 August, 2016
തിരിച്ചറിവ് - (കവിത-അനശ്വരം മാമ്പിള്ളി)
തിരിച്ചറിയുന്നു ഞാന്‍ മാവേ,
നിന്റെ ചില്ലകളിലേയ്ക്ക് ഞാനെറിഞ്ഞ
വിശപ്പിന്റെ കണ്ഠം ഞെരുക്കിയ കല്ലുകള്‍ 
കാരുണ്യമില്ലാത്ത കരിങ്കലുകള്‍...

തിരിച്ചെടുക്കുന്നു ഞാന്‍ മാവേ
നിന്റെ നെഞ്ചിലേയ്ക്ക് ഞാനെറിഞ്ഞ
മാമ്പഴക്കൊതിയില്‍ പഴുപ്പിച്ച കല്ലുകള്‍
കൂരമ്പുക്കൊണ്ടതിന്‍ വേദനകള്‍....

തിരിച്ചറിയുന്നു ഞാന്‍ മാവേ....
തിരിച്ചെടുക്കുന്നു ഞാന്‍ മാവേ....

കൊതിയൂറും മാമ്പഴം പഴുത്തു
കൊഴിയുന്ന ദിനം വരെ
കൊതിയമര്‍ത്തി നിറുത്തുവാന്‍ 
കഴിയാത്തയെന്‍ കൗമാരം.

കളിയായ് കണ്ട ഞാന്‍ കുരുന്നു കൈകളാല്‍ നിന്നെ
കഠിനമായ് വേദനിപ്പിച്ചത്
കൊടുംപാതകം തന്നെ..... എന്നു
തിരിച്ചറിയുന്നു ഞാന്‍ മാവേ....നിന്റെ
കനിവിനായ് പാടീടുന്നു ഞാന്‍ മാവേ....

കണ്ണിന്നലങ്കാരമെറേയായ് നീ നില്പൂ
കാലം നിനക്കു തേന്‍ കനികളെറേ നല്‍കിമാദ-
കഫൂമേനി നിറഞ്ഞു പൂത്തുലഞ്ഞ്
കവിളയില്‍ നീ നിറച്ചു പൊന്‍വസന്തം(2)

വിണ്ണിലുല്ലാസരായ് പറന്നുയരും
വെള്ളരിപ്രാവിനും പറവയ്ക്കും നീ നല്‍കി
വിടപറയും പകലില്‍ നിന്നു ശാന്തമായി സൗഖ്യമായ് 
വാഴുവാനൊരിടം! നിത്യം നന്മതന്‍
വാര്‍ദ്ധിതോല്ലാസമായൊരിടം!

തടിച്ച നിന്‍ തരുമേനികാട്ടിയും
തളരാത്ത നിന്‍ തളിരില നീട്ടിയും
തെന്നിച്ചു നിന്‍ അലിവിന്‍ തണല്‍ നിഴല്‍ 
തെളിയിച്ച നീയെന്‍ മനോവിചാരവും

അകത്തിരുട്ടടര്‍ത്തി ഞാന്‍
ആത്മബോധത്തിന്റെ തെളിനീര്‍ നിറച്ചു
ആഹംഭാവം കുഴിച്ചെടുത്തകറ്റി
അതില്‍ സ്‌നേഹമാം തൈമാവൊന്നു നട്ടു ഞാന്‍....
അതില്‍ സ്‌നേഹമാം തൈമാവൊന്നു നട്ടു ഞാന്‍....

തിരിച്ചറിവ് - (കവിത-അനശ്വരം മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക