Image

മഹാബലിയും ശ്രീബുദ്ധനും തമ്മിലെന്ത് ബ­ന്ധം (ഓണ നിലാവ് ­7: അനില്‍ പെണ്ണുക്കര)

Published on 25 August, 2016
മഹാബലിയും ശ്രീബുദ്ധനും തമ്മിലെന്ത് ബ­ന്ധം (ഓണ നിലാവ് ­7: അനില്‍ പെണ്ണുക്കര)
''ചിങ്ങമാസത്തിലെ ഓണത്തിന്‍നാള്‍
മാവേലിതാനും വരുമിവിടെ
പേതിനേക്കള്‍ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കിടേണം.''
എന്ന് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മപുത്രര്‍, പ്രജകള്‍ക്ക് ആജ്ഞ നല്‍കിയിരുന്നതായി 'മാവേലിപ്പാട്ടി'ല്‍ പറയുന്നുണ്ട്.
ഓണമേ വെല്‍വൂതാക
മാബലി മലയാളം
കാണുവാനെഴുന്നള്ളി
വന്നിടും സുദിനമേ
സദ്ദിനസമ്രാട്ടെന്ന നിലയ്ക്കു
ചേരും വണ്ണ­
മുത്തമാതിഥിയാകുമങ്ങയെ
കൈക്കൊള്‍വാനായ്
പത്തുനാളിനുമുന്നേ
'ചമയല്‍' നടത്തുന്നു
എന്ന് ഓണത്തെക്കുറിച്ചുള്ള കവിതയില്‍ മഹാകവി വള്ളത്തോളും പാടുന്നു.ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്­ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്­ തന്നെ. അസുരരാജാവും വിഷ്ണുഭക്­തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം 'വലിയ ത്യാഗം' ചെയ്­തവന്‍ എന്നാണ്­.

ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്­ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്­' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്­ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്­ അളന്നെടുക്കാന്‍ വാമനന്­ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്­ കാണിച്ചുകൊടുത്തു. വാമനന്‍ തന്റെ പാദ സ്പര്‍ശത്താല്‍ മഹാബലിയെ അഹങ്കാരത്തില്‍ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയര്‍ത്തി. ആണ്ടിലൊരിക്കല്‍ അതായത്­ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്­ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.

എന്നാല്‍ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാനായാന്­ വാമനന്‍ അവതാരമെടുത്തത് എന്നാണ്­. മഹാബലി പിന്നീട് വാമനന്‍ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല.

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്­. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്­ ശേഷം ശ്രവണപദത്തിലേക്ക്­ പ്രവേശിച്ചത്­ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്­ ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്­ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്­ ഓണമെന്ന്­ അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്­ ശക്തമായ തെളിവാണ്­. ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവര്‍ത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും , കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താല്‍ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓര്‍മ്മ , കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങള്‍ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യന്‍മാര്‍ ശ്രമണന്മാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണന്‍ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം.

ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാന്‍ ബുദ്ധന്‍ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് മഞ്ഞവസ്ത്രം നല്‍കിയതിനെയാണ് ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ­­ര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തില്‍ ഇല്ലാതാക്കാന്‍ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണര്‍ത്തുന്നതാണ് ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാന്‍ നമ്പൂതിരിമാര്‍ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളില്‍ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളര്‍ച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും,

പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയില്‍ ഓണത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. അങ്ങനെ മമ്മുടെ ഓണത്തിന് മാത്രം അവകാശപ്പെടാവുന്ന എത്രയോ കഥകള്‍ .ഓണമാകുമ്പോള്‍ നമ്മുടെ മനസിലേക്ക് കടന്നു വരുന്നു.നമുക്ക് അതെല്ലാം ഒരു കൗതുകവും സന്തോഷവും തന്നെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക