Image

ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍ 3. അവിടുത്തെ പോലെ ഇവിടെയും- രാജു മൈലപ്രാ

രാജു മൈലപ്രാ Published on 23 August, 2016
 ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍ 3. അവിടുത്തെ പോലെ ഇവിടെയും- രാജു മൈലപ്രാ
സന്ധ്യയായി- ഉഷസുമായി-രണ്ടാം ദിവസം-അന്തരീക്ഷത്തിന്റെ ചൂടിനോടൊപ്പം ഇലക്ഷന്റെ ചൂടും! തെങ്ങിലും മാവിലുമെല്ലാം പുഞ്ചിരിതൂകി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍- കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഒരു മിനി വേര്‍ഷന്‍.
ഞാന്‍ ഡെലിഗേറ്റ് അല്ലായിരുന്നതു കൊണ്ട് എന്നെ ആരും മൈന്‍ഡു ചെയ്തില്ല.
അതിനിടയില്‍ ഭാര്യയ്‌ക്കൊരു പൂതി-ഹോട്ടലിനെ തൊട്ടുരുമ്മി കിടക്കുന്ന ബീച്ചിലൂടെ ഒരു പ്രഭാതസവാരി. മറ്റു നിവൃത്തിയൊന്നുമില്ലാത്തതിനാല്‍ അവളുടെ ആഗ്രഹത്തിനു വഴങ്ങേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോമയുടെ മുന്‍ സെക്രട്ടറി സലീമിന്റെ ഭാര്യ ഗ്രേസിയെ കണ്ടു. കൂട്ടത്തില്‍ മറ്റൊരു സ്ത്രീയുമുണ്ട്. അവര്‍ നല്ല സ്പീഡില്‍ നടക്കുകയാണ്. ഒരു മൂന്നു നാലു മൈലെങ്കിലും നടന്നു കാണും. തിരിച്ചു എന്നെ ഹോട്ടലില്‍ എത്തിക്കുവാന്‍ ആംബുലന്‍സ് വേണ്ട പരുവത്തിലായി ഞാന്‍.

ഉച്ച കഴിഞ്ഞപ്പോള്‍ തമ്പി വന്നു. എന്റെ സുഹൃത്ത് സി.വി. വളഞ്ഞവട്ടത്തിന്റെ ഇളയ സഹോദരന്‍. ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണു താമസം. നല്ല മനോഹരമായ വലിയ വീടുകള്‍. തമ്പിയുടെ വീട്ടിലെത്തിയപ്പോള്‍ മൂന്നാലു വലിയ മാവു നിറയെ നല്ല മധുരമുള്ള പഴുത്ത മാങ്ങാ- നിലത്തും ധാരാളം വീണു കിടപ്പുണ്ട്. കൂടാതെ പറമ്പിലെല്ലാം, തെങ്ങ്, മുരിങ്ങ, കറിവേപ്പില- പുഷ്പയുടെ കണ്ണു തള്ളി.

'നമുക്കു ന്യൂയോര്‍ക്കില്‍ നിന്നും ഇവിടെ വന്നു താമസിക്കണം'
അവളെയൊരു സോമാലിയന്‍ സന്ദര്‍ശനത്തിനു വിടണമെന്നു ഞാനാ നിമിഷം തീരുമാനിച്ചുറച്ചു.

തമ്പിയുടെ പതിവു ബ്രാന്‍ഡ്-double black label' ചോദിക്കാതെ തന്നെ മേശപ്പുറത്തെത്തി

കള്ളു കണ്ടാല്‍ മലയാളി മങ്കമാര്‍ക്കു കലിപ്പാണ്- 'ഞാനൊന്നും പറേന്നില്ല- ഇങ്ങേരു കുടിക്കുവോ, വലിക്കുവോ എന്തെങ്കിലും ചെയ്യ്-' ആരോടൊന്നില്ലാതെ  പുഷ്പ ഒരു പ്രസ്താവന ഇറക്കി- ബിരിയാണി, തന്തൂരി ചിക്കന്‍, Jumbo Shrimp vindaloo- തമ്പി ഞങ്ങളെ ശരിക്കും സ്‌നേഹം വിളമ്പി സല്‍ക്കരിച്ചു.

തമ്പിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച മാങ്ങയുള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ക്ക് UNITED AIRLINES- കാര്‍ ഈടാക്കിയത് നൂറു ഡോളര്‍- തമിഴ് പദങ്ങള്‍ നാവില്‍ തനിയെ വിളയാടുന്ന സന്ദര്‍ഭം.

അവസാന ദിവസത്തെ ബാങ്ക്വറ്റ് ആണ് ഒരു കണ്‍വന്‍ഷനെപ്പറ്റിയുള്ള വിലയിരുത്തലും വിധിയെഴുത്തും. ഭക്ഷണത്തെപ്പറ്റിയും മറ്റു ക്രമീകരണങ്ങളേപ്പറ്റിയും ശ്രീ. ജോര്‍ജ്ജ് തുമ്പയിലുള്‍പ്പെടെ പ്രശ്ത പത്രപ്രവര്‍ത്തകര്‍ നേരത്തെ തന്നെ മാലോകരെ അറിയിച്ചതുകൊണ്ട് ഞാന്‍ ആ ഭാഗത്തേക്കു തിരിയുന്നില്ല

വേദി വിശിഷ്ടാതിഥികളെ കൊണ്ടു നിറഞ്ഞിരുന്നില്ല- വിജയ് യേശുദാസിന്റെ ഗാനമേളയായിരുന്നു അവസാന ഇനം. ഫൊക്കാനയുടെ തുടക്കം മുതല്‍, ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ വരെ ദാസേട്ടന്റെ സംഗീത കച്ചേരിയും ഗാനമേളയുമായിരുന്നു പ്രധാന കലാപരിപാടി-വിജയ് യേശുദാസിന്റെ ഗാനമേളയെപ്പറ്റി ഇങ്ങനെ പറയാം- 'ആന ചിന്നം വിളിക്കുന്നതിനു പകരം മുയലു മുക്രയിട്ടാല്‍ പറ്റുമോ?

ജോണ്‍ ടൈറ്റസ് പ്രസിഡന്റായും, ജോണ്‍ സി വറുഗീസ് (സലിം) സെക്രട്ടറിയുമായി, ലാസ് വേഗസില്‍ നടത്തിയ 'ഫോമാ'യുടെ പ്രഥമ കണ്‍വന്‍ഷന്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

യേശുദാസ്, എം.ജി.ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരുടെ ഗാനമേളയും നൃത്തമേളയും. മാര്‍ത്തോമ്മ മെത്രാപ്പോലീത്താ ജോസഫ് ഐറേനിയോസ്, മന്ത്രി വയലാര്‍ രവി, അംബാസിഡര്‍ ശ്രീനിവാസന്‍, ആന്റോ ആന്റണി എം.പി, ഡോ.ബാബു പോള്‍, എം.മുരളി എംഎല്‍എ, ധനപാലന്‍ എം.പി., സി.ആര്‍.ഓമനക്കുട്ടന്‍ തുടങ്ങി അനേകര്‍ ഉള്‍പ്പെട്ട പ്രൗഢഗംഭീരമായ വേദി.

ഇത്രയും പ്രതിഭകളെ ബിനോയ് വിശ്വം എന്ന ഒരു മുന്‍മന്ത്രിയിലൊതുക്കിക്കളഞ്ഞു ഇത്തവണ.

ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ് ടീം നയിച്ച 'കാര്‍ണിവല്‍ ഗ്ലോറി' എന്ന കടലിലെ കണ്‍വന്‍ഷനും ഉന്നത നിലവാരം പുലര്‍ത്തി.

ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യുവിനും, 'മംഗളം' ചീഫ് എഡിറ്റര്‍ സാബു വറുഗീസിനും ഒരു വേദിയിലും ഭാരവാഹികള്‍ മനഃപൂര്‍വ്വം അവസരം നല്‍കിയില്ല എന്ന പരാതി അവരുടെ അഭ്യുദയകാംക്ഷികള്‍ ഉന്നയിച്ചതും കേട്ടു.

ഒരു കണ്‍വന്‍ഷന്‍ എത്രയും ഭംഗിയായി നടത്തണമെന്നായിരിക്കണമല്ലോ അതിന്റെ ഭാരവാഹികളുടെ ഉദ്ദേശം-ബഹുമാനപ്പെട്ട ആനന്ദന്‍ നിരവേലും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും ആത്മാര്‍ത്ഥതയേയും ഉദ്ദേശശുദ്ധിയേയും ചോദ്യം ചെയ്യുന്നില്ല. ഇതിനിടയില്‍ അവര്‍ അറിയാതെ കടന്നു കയറിയ ചില ക്ഷുദ്രജീവികള്‍ കണ്‍വന്‍ഷന്റെ താളം തെറ്റിച്ചു എന്നാണു തോന്നുന്നത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ വടംവലി കണ്‍വന്‍ഷന്റെ ശോഭ കെടുത്തി എന്നു പറയുന്നതാവും ശരി.

രാജുമോന്‍ (എന്നെ ഒന്നു ആക്കുവാന്‍ വേണ്ടി ഉപയോഗിച്ച പേര്) ഇങ്ങനെ എഴുതി: 'ഈ മാന്യദേഹം ഫോമാ പ്രസിഡന്റിന്റെ ചിലവില്‍ വളരെ സുതാര്യമായി കണ്‍വന്‍ഷന്‍ ഉദ്ധരിക്കുവാന്‍ വന്നിട്ടുണ്ടായിരുന്നു. എന്നിട്ടു 'ചിരി അരങ്ങു' എന്ന പേരില്‍ വെറും തേര്‍ഡ് ക്ലാസ് വളിപ്പ് അടിച്ചു സദസ്സിനെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്ത മാന്യന്‍.

മറുപടി: പ്രസിഡന്റിന്റെ ചിലവിലല്ല ഞാന്‍ വന്നത്. ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റുമായി ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലത്തു പോലും പണമടച്ച് രജിസ്റ്റര്‍ ചെയ്താണ് ഞാനും മറ്റു ഭാരവാഹികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടുള്ളത്.

'ചിരിയരങ്ങിന്റെ' ചുമതല എനിക്കായിരുന്നില്ല. മലയാളികളെ ചിരിപ്പിക്കുവാന്‍ വലിയ വിഷമമാണ്. വലിയ പദവിയിലിരിക്കുന്നവര്‍, കേട്ടുപഴകിച്ച പഴയ തമാശകള്‍ പറഞ്ഞാല്‍പ്പോലും ആളുകള്‍ക്കു രസിക്കും. എന്നേപ്പോലെയുള്ള സാധാരണക്കാര്‍ ഇടയ്ക്കു ചില 'ദ്വയാര്‍ത്ഥ' പ്രയോഗങ്ങള്‍ നടത്തിയാണു പിടിച്ചു നില്‍ക്കുന്നത്. ഒരിക്കല്‍പ്പോലും ചിരിയരങ്ങില്‍ പങ്കെടുക്കണമെന്നു പറഞ്ഞ് ഞാന്‍ ആരേയും സമീപിച്ചിട്ടില്ല. ഏതായാലും രാജു മോന്റെ എഴുത്തിനെപ്പറ്റി ഞാന്‍ ഭാവിയില്‍ ശ്രദ്ധിക്കുന്നതായിരിക്കും.

അലക്‌സ് മാത്യു എന്ന സുഹൃത്ത് ഞാന്‍ എഴുതുന്ന കോമഡികള്‍, ചില സമയങ്ങളില്‍ അരോചകരമായി തോന്നുമെങ്കിലും, ഏറെ ആസ്വദിക്കുന്നുവെന്ന് എഴുതിയിരിക്കുന്നു. ഫോമ/ഫൊക്കാനാ സംഘടനകളെ അടച്ച് ആക്ഷേപിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

മറ്റൊരു സുഹൃത്ത് എഴുതിയത് ഞാന്‍ അംഗീകരിക്കുന്നു. 'രാജുവിനു നല്ല നര്‍മ്മ കഥകള്‍ എഴുതുവാന്‍ അറിയാമല്ലോ- എന്തിന്, ഫോമ/ ഫൊക്കാനാ, പ്രസ് ക്ലബ്, പള്ളിക്കാര്‍ എന്നിവരുടെ പിറകെ പോകുന്നു.
ആരെങ്കിലും താരങ്ങളെ കൊണ്ടു വരികയോ കൂടെ നിന്നു പടമെടുക്കുകയോ ചെയ്യട്ടെ(അത് അവരുടെ കാര്യം.'

ഇദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നുന്നു.

പണ്ടു ബാലചന്ദ്രന്‍ ചുള്ളിക്കാടു പറഞ്ഞ ഒരു വാചകം ഓര്‍മ്മയില്‍ വരുന്നു. 'എപ്പോള്‍ എഴുത്തു നിര്‍ത്തണമെന്നു മനസ്സിലാക്കുന്നവനാണ് ഒരു നല്ല എഴുത്തുകാരന്‍'.
ഒരു നല്ല എഴുത്തുകാരനാകുവാന്‍ ശ്രമിക്കുവാന്‍ എനിക്കും ആഗ്രഹമുണ്ട്.
'അന്യന്റെ വഴക്കില്‍ ഇടപെടുന്നത് വഴിയേ പോകുന്ന പേപ്പട്ടിയുടെ ചെവിക്കു പിടിക്കുന്നവനു തുല്യം-'

'ഫൊക്കാന' കണ്‍വന്‍ഷനില്‍, പതിവുപോലെ, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നില്ല. തങ്ങളുടെ തല്പര കക്ഷികള്‍ വിജയിക്കില്ലെന്നു കണ്ടപ്പോള്‍, ചര്‍ച്ചകള്‍ ആരെങ്കിലും മനഃപൂര്‍വ്വം വലിച്ചു നീട്ടിയതാണോ? 'നാമം' എന്ന നാമമുള്ള ഒരു സംഘടനയില്‍ നിന്നുമൊരു വ്യക്തിയും പ്രസിഡന്റു പദവിയിലേക്കു മത്സരിക്കുന്നുണ്ടായിരുന്നു. NAMAM Inc. എന്ന സംഘടന; ചാരിറ്റബിള്‍, എഡ്യൂക്കേഷന്‍, റിലീജിയസ് ഓര്‍ഗനൈസേഷന്‍ ആയിട്ടാണ് ഇന്‍കോര്‍പ്പറേറ്റ് ചെയ്തിരിക്കുന്നത്. 

ഇവിടുത്തെ പള്ളികളും മറ്റു സമുദായ സംഘടനകളും ഇതുതന്നെയല്ലേ ചെയ്യുന്നത്-'നാമ' ത്തിനു അംഗത്വം കൊടുത്താല്‍, അപേക്ഷിക്കുന്ന മറ്റു സമുദായ സംഘടനകള്‍ക്കും 'ഫൊക്കാനാ'യില്‍ മെംബര്‍ഷിപ്പു കൊടുക്കേണ്ടി വരില്ലേ? എന്തുകൊണ്ട് അന്നു ചോദിച്ചില്ല എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കൊലപാതകമോ, അഴിമതിയോ, മോഷണമോ നടന്നാല്‍ 'എന്തുകൊണ്ടു അന്നു പിടിച്ചില്ല' എന്നു പറഞ്ഞു വെറുതെ വിടുന്ന പതിവ് നീതിന്യായ വ്യവസ്ഥയില്‍ ഇല്ല.

എന്തുകൊണ്ടും അടുത്ത ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദി ഫിലാഡെല്‍ഫിയായ്ക്ക് അര്‍ഹതപ്പെട്ടതാണ്. ഇലക്ഷന്‍ നീണ്ടുപോയ സ്ഥിതിക്ക് ഫൊക്കാനാ/ ഫോമാ കണ്‍വന്‍ഷനുകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

'ലോക സമസ്താ സുഖിനോ ഭവന്തു'

 ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍ 3. അവിടുത്തെ പോലെ ഇവിടെയും- രാജു മൈലപ്രാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക