Image

കുട്ടി­ക­ളേ, കേട്ടി­ട്ടുണ്ടോ കൊട്ട­ക­യെന്ന്? (അഷ്ടമൂര്‍ത്തി)

Published on 22 August, 2016
കുട്ടി­ക­ളേ, കേട്ടി­ട്ടുണ്ടോ കൊട്ട­ക­യെന്ന്? (അഷ്ടമൂര്‍ത്തി)
മുറ്റി­ച്ചി­ക്കാ­രന്‍ വൈകു­ന്നേ­രത്തെ കളി­യുടെ ഒരു­ക്ക­ത്തി­ന്റെ തിരക്കിലാ­യി­രു­ന്നു. പുതിയ പടം അന്നു തുട­ങ്ങു­ക­യാ­ണ്. പ്രൊജ­ക്റ്റര്‍ റൂമി­ലി­രുന്ന് പെട്ടി­യിലെ സിനിമാ റീലു­കള്‍ എല്ലാം ശരി­യല്ലേ എന്ന് ഓടിച്ചു നോക്കണം. ചില­പ്പോള്‍ പൊട്ടി­യതുണ്ടാവും. അതു കണ്ടു­പി­ടിച്ച് ഒട്ടി­യ്ക്ക­ണം. ഇല്ലെ­ങ്കില്‍ പടം ഓടി­ക്കൊ­ണ്ടിരി­യ്ക്കു­മ്പോള്‍ കൂക്കി­വി­ളി­ ഉയ­രും. ഓപ്പ­റേ­റ്റര്‍ പൈലി ഒപ്പ­മു­ണ്ട്. ആരോ കാണാ­ന്‍ വന്നി­ട്ടു­ണ്ടെ
ന്ന് അറി­യിപ്പു കിട്ടിയപ്പോള്‍ പണി പൈലിയെ ഏല്‍പ്പിച്ച് മുറ്റി­ച്ചി­ക്കാ­രന്‍ താഴേയ്ക്കു ചെന്നു. തൃശ്ശൂര്‍ ജോസ് തീയ­റ്റ­റിന്റെ മുത­ലാ­ളി­യാ­ണ്. കൂടെ സഹാ­യിയുമു­ണ്ട്. ഓഫീസ് റൂമി­ലേയ്ക്കു കൂട്ടി­ക്കൊണ്ടുപോയി ഇരുത്തി വന്ന കാര്യം അന്വേ­ഷി­ച്ചു. മുത­ലാളി സഹാ­യി­യോട് വിവരം പറ­യാന്‍ ആംഗ്യം കാണി­ച്ചു. സഹായി തൊണ്ട ശരി­യാക്കി: "ഈ കൊട്ടക കൊടക്കണ്‌ണ്ടോന്ന് ചോയ്ക്കാ­നാ മൊത­ലാളി വന്നേക്കണെ.' മുറ്റി­ച്ചി­ക്കാ­രന്‍ ഒന്നും മിണ്ടിയി­ല്ല. എഴു­ന്നേറ്റു പോയി വലി­യൊരു ചാക്കു­മായി തിരി­ച്ചു­വ­ന്നു. ചാക്കില്‍ നിറയെ ഒറ്റ­രൂ­പ­യു­ടേയും അഞ്ചു രൂപ­യു­ടേയും നോട്ടു­കളും ഒര­ണ, നാല­ണ, എട്ട­ണ, ഒരു രൂപ നാണ­യ­ങ്ങ­ളു­മാ­യി­രു­ന്നു. ചാക്ക് മുത­ലാ­ളി­യുടെ മുന്നില്‍ വെച്ച് മുറ്റി­ച്ചി­ക്കാ­രന്‍ ചോദിച്ചു: "ജോസ് കൊടു­ക്കണാ?'

സ്കൂളില്‍ പഠി­യ്ക്കുന്ന കാലത്ത് ഞങ്ങ­ളുടെ ഹീറോ ആയി­രു­ന്നു മുറ്റി­ച്ചി­ക്കാ­രന്‍. അതുകൊ­ണ്ടാണ് മേല്‍ക്കണ്ടതുപോലെ­യുള്ള അപ­ദാ­ന­ങ്ങള്‍ ഞങ്ങള്‍ പാടി­ക്കൊണ്ടു നട­ന്ന­ത്. തൃശ്ശൂരിലെ ജോസ് കേര­ള­ത്തില്‍ ആദ്യ­മാ­യു­ണ്ടായ സിനി­മാ­ക്കൊ­ട്ട­ക­യാ­ണ്. അതിന്റെ ഉട­മ­സ്ഥ­നെ­യാണ് മുറ്റി­ച്ചി­ക്കാ­രന്‍ കൊമ്പു­കു­ത്തി­ച്ച­ത്.

സി കെ കെ ടാക്കീസ് എന്നാ­യി­രുന്നു ചേര്‍പ്പിലെ ഈ കൊട്ട­ക­യുടെ പേരെങ്കിലും ഞങ്ങള്‍ മുറ്റി­ച്ചി­ക്കാ­രന്റ­വിടെ എന്നേ പറ­ഞ്ഞി­രു­ന്നു­ള്ളു. ടാക്കീസ് വഴി സ്കൂളി­ലേയ്ക്കു വരു­ന്ന­വ­രോട് ഞങ്ങള്‍ ചോദിയ്ക്കും: "മുറ്റി­ച്ചി­ക്കാ­രന്റ­വടെ പടം മാറ്യാ?' മാറി­യെന്ന് അറി­ഞ്ഞാല്‍ ഉച്ച നേരത്തെ ഒഴി­വില്‍ സ്കൂളില്‍നിന്ന് കൊട്ട­ക­യി­ലേയ്ക്ക് ഒരു ജാഥ പുറ­പ്പെ­ടും. ബ്ലോക് കാണലാണ് ലക്ഷ്യം. സിനി­മ­യുടെ പോസ്റ്റ­റി­നാണ് ബ്ലോക് എന്നു പറ­യു­ന്ന­ത്. “കട­ലമ്മ’ മാറി. "കാട്ടുമൈന'യാണ് വന്നിരിയ്ക്കു­ന്ന­ത്. സത്യനു പകരം നസീര്‍. പത്തോ പന്ത്രണ്ടോ ബ്ലോക്കു­ക­ളു­ണ്ടാവും.

സ്കൂളിലെ ഒഴിവു സമയം കഴിയും വരെ അവി­ടെ­ത്തന്നെ ചുറ്റി­പ്പറ്റി നില്‍ക്കും. ചിലര്‍ നോട്ടീസ് തര­മാ­ക്കും. കൂടു­തല്‍ ഭാഗ്യ­മു­ള്ള­വര്‍ക്ക് ഫിലി­മിന്റെ കഷ­ണ­ങ്ങള്‍ കിട്ടും. പൊട്ടിയഭാഗം കൂട്ടി­യൊ­ട്ടി­യ്ക്കു­മ്പോള്‍ പൈലി ഉപേ­ക്ഷി­യ്ക്കു­ന്ന­താണ് അത്.

അക്കാ­ലത്ത് ഞങ്ങ­ളില്‍പ്പ­ലര്‍ക്കും സിനിമ കാണല്‍ എന്നാല്‍ ഈ ബ്ലോക്കു­ക­ള്‍ കാണലായി­രു­ന്നു. കാലണയ്ക്ക് വഹ­യി­ല്ലാത്തവര്‍ അല്ലാ­തെന്തു ചെയ്യാന്‍! കസേ­രയ്ക്ക് എട്ട­ണയും ബെഞ്ചിന് നാലര അണയും തറയ്ക്ക് ര­േണ്ടക്കാ­ല­ണ­യു­മാണ് ചാര്‍ജ്ജ്. അത്യാ­വശ്യം കയ്യിരി­പ്പുള്ള ഭാഗ്യ­വാ­ന്മാര്‍ രാത്രി സെക്കന്റിന് പോവും. സെക്കന്റിനു തന്നെ പോവാന്‍ കാര­ണ­മു­ണ്ട്. പടം തുട­ ങ്ങി­യ­തിനു ശേഷ­മാണ് കൊട്ട­ക­യി­ലെ­ത്തു­ക. അപ്പോള്‍ കൗ­ണ്ടറി­ലി­രി­യ്ക്കുന്ന മുറ്റി­ച്ചി­ക്കാ­രന്‍ മേല്‍പ്പ­റഞ്ഞ ചാര്‍ജു­ക­ളില്‍ ഇളവു ചെയ്ത് അക­ത്തേയ്ക്കു കയറ്റി വിടും. അത് വിത­ര­ണ­ക്കാരെ പറ്റിച്ച് കാശു­ാ­ക്കണ്ടാ­നാ­ണ്. അക്കാ­ലത്ത് 60:40 എന്നാ­യി­രു­ന്നു­ വിത­ര­ണ­ക്കാ­രനും കൊട്ട­ക­യു­ടമയും തമ്മി­ലുള്ള അനു­പാ­തം. സംഘം വലി­യ­താ­ണെ­ങ്കില്‍ പടം ആദ്യം മുതല്‍ കാണിച്ചു കൊടു­ക്കു­കയും ചെയ്യും. ഇളവു കിട്ടി­യാലും ഇല്ലെ­ങ്കിലും ഞങ്ങള്‍ക്ക് പടം കാണ­ണ­മെ­ങ്കില്‍ മുറ്റി­ച്ചി­ക്കാ­രന്‍ തന്നെ വേണം. അല്ലെ­ങ്കില്‍ ഇരി­ഞ്ഞാ­ല­ക്കു­ടയ്‌ക്കോ തൃശ്ശൂര്‍ക്കോ പോണം. തൃശ്ശൂര് അന്ന് നാലു തീയ­റ്റ­റു­ക­ളുണ്ട്. രാമ­വര്‍മ്മ, ജോസ്, ഗിരി­ജ, മാത. പക്ഷേ പടം കഴി­ഞ്ഞാല്‍ മട­ക്ക­വണ്ടി കിട്ടു­മെ­ന്ന­തിന് ഒരു­റ­പ്പു­മി­ല്ല.

1950-ല്‍ തുട­ങ്ങിയ സി കെ കെ ടാക്കീ­സിന്റെ ചേര്‍പ്പിലെ കുത്തക തക­രു­ന്നത് 1963-ലാ­ണ്. തായം­കു­ള­ങ്ങര നട­യില്‍ മഹാത്മാ മൈതാ­ന­ത്തിന്റെ വടക്കായി ഒരു കെട്ടിടം ഉയ­രാന്‍ തുട­ങ്ങി. അത് അത്യാ­ധു­നി­ക­സ­ജ്ജീ­ക­ര­ണ­ങ്ങ­ളുള്ള സിനിമാ തീയ­റ്റ­റാ­ണെന്നും ആ­ണ്ടവന്‍ എന്നാണ് പേരെന്നും ശ്രുതി പര­ന്നു. ശരി­യാ­യി­രു­ന്നു. പേര് ആ­ണ്ടവര്‍ എന്നാ­യി­രുന്നു എന്ന ചെറിയ തിരുത്തു മാത്രം. ആദ്യത്തെ സിനിമ: “കാത­ലിക്ക നേര­മി­ല്ലൈ’. അപ്പോള്‍ത്തന്നെ രണ്ടമത്തെ സിനി­മയും വിളം­ബരം ചെയ്യ­പ്പെ­ട്ടു. അത് “ചില­മ്പൊ­ലി’­യാ­യി­രു­ന്നു. “ചില­മ്പൊ­ലി’ കാണാന്‍ ഞങ്ങള്‍ വീട്ടില്‍നിന്ന് ആഘോ­ഷ­മായി ആ­ണ്ടവ­റി­ലേയ്ക്കു പോയി. സി കെ കെ ടാക്കീ­സിനെ അപേ­ക്ഷിച്ച് നല്ല ഉള്‍വ­ശം. തറ­യി­ല്ല. അവി­ടെയും ബെഞ്ചുകള്‍. അതിനു പിന്നില്‍ കസേ­ര­കള്‍. ബാല്‍ക്ക­ണി­യില്‍ കുഷ­നുള്ള ഇരി­പ്പി­ട­ങ്ങള്‍. നല്ല ശബ്ദസംവി­ധാനം. ഞങ്ങള്‍ ബെഞ്ചി­നുള്ള ടിക്ക­റ്റാണ് എടു­ത്ത­ത്. പക്ഷേ മുറ്റി­ച്ചി­ക്കാ­ര­നേ­ക്കാളും ചാര്‍ജ് അധി­ക­മാ­യി­രുന്നു: അമ്പതു പൈസ. (അന്നേയ്ക്ക്അണ പോയി പൈസ­യാ­യി­രു­ന്നു.) എന്നാലും ബെഞ്ചി­ലി­രുന്ന് സുഖ­മായി സിനിമ കുണ്ടു. 

ഇട­വേ­ള­യില്‍ പാട്ടു­പു­സ്തകവും കപ്പ­ല­ിയുംഅക­ത്തേയ്ക്കു വന്നു. പതി­നഞ്ചു പൈസ കൊടുത്ത് പാട്ടു­പു­സ്തകം വാങ്ങി. അഭി­മാ­ന­ത്തോ­ടെ­യാണ് കൊട്ട­ക­യില്‍ നിന്നു മട­ങ്ങി­യ­ത്. ജോസി­നേ­ക്കാളും രാമ­വര്‍മ്മ­യേ­ക്കാളും മാത­യേ­ക്കാളുമൊക്കെ മുന്തി­യ­തല്ലേ ആ­ണ്ടവര്‍? ഇനിയെന്തിന് തൃശ്ശൂര്‍ക്കു പോണം സിനിമ കാണാന്‍? മുറ്റി­ച്ചി­ക്കാ­രനേയും അതു ഞെട്ടി­ച്ചി­രി­യ്ക്ക­ണം. കിട­യറ്റ ഒരു കൊട്ടക. അതും സി കെ കെയുടെ വെറും നൂറു മീറ്റര്‍ അകലെ! എന്നാല്‍ തോറ്റു­കൊ­ടു­ക്കാന്‍ മുറ്റിച്ചി­ക്കാ­രനെ കിട്ടി­ല്ല. അയാള്‍ ഓല­പ്പുര പൊളി­ച്ചു­മാറ്റി. അതിന്റെ സ്ഥാനത്ത് വൈകാതെ കെട്ടിടം പൊങ്ങി. പണി കഴിഞ്ഞ് സി കെ കെ ടാക്കീസ് എന്ന പേരിന്റെ സ്ഥാനത്ത് ഡേവി­സണ്‍ തീയ­റ്റര്‍ എന്ന് എഴുതി വെച്ചിട്ടേ അയാള്‍ അട­ങ്ങി­യു­ള്ളു. ആ­ണ്ടവ­റി­നോളം വരി­ല്ലെ­ങ്കിലും ഒട്ടും മോശ­മ­ല്ലാത്ത സംവി­ധാ­ന­ങ്ങള്‍. ഡേവി­സ­ണിന്റെ ഉദ്ഘാ­ടനം നാടാകെ വിളം­ബരം ചെയ്തു. “ആദ്യ­കി­ര­ണ­ങ്ങള്‍’ എന്ന സിനി­മ­യോടെയായി­രുന്നു അത്. അപ്പോള്‍ ആ­ണ്ടവ­റില്‍ “ഭാര്‍ഗ്ഗ­വീ­നി­ല­യം’. രണ്ടിലും ആളു­കള്‍ ഇടിച്ചു കയ­റി. അതു മാറി­യ­പ്പോള്‍ ഡേവി­സണ്‍ “കുട്ടി­ക്കു­പ്പായം’ കൊണ്ടു­ വ­ന്നു. അപ്പോള്‍ ആ­ണ്ടവറില്‍ “തച്ചോളി ഒതേ­നന്‍’. കളി തുട­ങ്ങു­ന്ന­തറിയിയ്ക്കാന്‍ രണ്ടു കൊട്ട­ക­ക­ളില്‍നിന്നും കോളാ­മ്പി­കള്‍ അല­മു­റ­യി­ട്ടു. ആ­ണ്ടവ­റില്‍ ടിക്കറ്റ് കിട്ടാതെ പോയ­വര്‍ ഡേവി­സ­ണി­ലേയ്ക്കും അവിടെ ടിക്കറ്റ് കിട്ടാ­ത്ത­വര്‍ ആ­ണ്ടവ­റി­ലേയ്ക്കും ഓടി. മിക്ക­വാറും ദിവ­സ­ങ്ങ­ളി­ലെല്ലാം രണ്ടു കൊട്ട­കകള്‍ക്കു മുന്നിലും ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് തെളിഞ്ഞു.

ഏതിലേ­യ്ക്കാ­യാലും നാലു നാഴിക നട­ക്കണം ഞങ്ങള്‍ക്ക്. ഞങ്ങ­ളുടെ നാട്ടിലെ കൂലി­പ്പണിക്കാര്‍ പണി കഴിഞ്ഞ് നേരെ ഈ കൊട്ടകക­ളി­ലേയ്ക്ക് വലിഞ്ഞു നട­ക്കും. പല­രു­ടേയും വേഷം ഒറ്റമുണ്ടും തോളത്ത് ഒരു തോര്‍ത്തു­ം മാത്രം. ഒന്നാം കളിയ്ക്ക് ധാരാളം പെണ്ണു­ങ്ങളും വരും. അതു വിടുന്ന നീണ്ട ബെല്‍ അല­റി­വി­ളി­യ്ക്കു­മ്പോ­ഴേയ്ക്കും രണ്ടാമത്തെ കളി­യ്ക്കുള്ള ആളു­കള്‍ കൗണ്ടറില്‍ വരി നിന്നു കഴി­ഞ്ഞി­രി­യ്ക്കും. സിനിമ തീരുമ്പോള്‍ 12 മണി കഴി­യും. വഴിവിള­ക്കു­ക­ളി­ല്ല. വീടു­ക­ളില്‍നി­ന്നുള്ള വെട്ടം പോലു­മു­ണ്ടാ­വി­ല്ല. ടോര്‍ച്ചോ കത്തിച്ചു പിടിച്ചചൂട്ടോ ആയി മട­ക്കം. ടാറി­ടാത്ത പാത­യിലാ­ണെ­ങ്കില്‍ കല്ലും മുള്ളും വേണ്ടുവോളം.

പുതിയ കൊട്ട­ക­കള്‍ വരുന്ന കാല­മാ­യി­രുന്നു പിന്നെ. തൃശ്ശൂ­രില്‍ രാഗവും രാമ­ദാസും വന്നു. പുതു­ക്ക­ലു­കളും പേരു­മാ­റ്റലും നട­ന്നു. മാത ബിന്ദുവും രാമ­വര്‍മ്മ സപ്ന­യു­മാ­യി. ഏകദേശം ആ കാലത്തു തന്നെ ഊര­കത്ത് ഒരു കൊട്ടക തുട­ങ്ങി. ലക്ഷ്മി. അതോടെ ഞങ്ങള്‍ക്ക് അത്രതന്നെ നട­ക്കേണ്ട എ ന്നു­വ­ന്നു. ഓല­പ്പു­ര­യാ­യതു­കൊണ്ട് വ്യക്ത­ത­യുള്ള ശബ്ദം. ഇതി­നിടെ ആ­ണ്ടവ­റിന്റെ ഉട­മ­സ്ഥര്‍ മാറി. ആണ്ടവര്‍ കൃഷ്ണയായി. ലക്ഷ്മിയുടെ പേരല്ല മാറി­യ­ത്. ഓലപ്പുര കെട്ടി­ടമായി. തകരം മേഞ്ഞു. ഭംഗി­യുള്ള മതില്‍ കെട്ടി. ബി ക്ലാസ്സ് പദവി നേടി അവള്‍ സുന്ദ­രി­യാ­യി. ഊരകത്തിന്റെ പുരോ­ഗതി അവി­ടെയും നിന്നി­ല്ല. ഞങ്ങളെ ആഹ്ലാ­ദി­പ്പി­ച്ചുകൊണ്ട് അവിടെ ഒരു കൊട്ടക കൂടി വന്നു: അനി­ത. രണ്ടു കിലോ­മീ­റ്റര്‍ ചുറ്റു­വ­ട്ട­ത്തില്‍ നാലു പട­ങ്ങള്‍ ഒരേ സമ­യം. ഓണം-വിഷു-ക്രിസ്തു­മസ്സ് കളി­കള്‍ക്ക് പുതിയ പട­ങ്ങള്‍ കിട്ടാന്‍ അവര്‍ തമ്മില്‍ത്ത­മ്മില്‍ മത്സ­രി­ച്ചു.

അനിതയായി­രുന്നു പുത്തന്‍ കൂറ്റു­കാര്‍ക്കു പ്രിയം. പട­ങ്ങള്‍ക്കിടെ ചില നീല­ക്ക­ഷ­ണ­ങ്ങള്‍ തിരു­കാ­റു­ള്ളതു­കൊ­ണ്ടായിരുന്നു അത്. പക്ഷേ അവരെ നിരാ­ശ­പ്പെ­ടു­ത്തി­ക്കൊണ്ട്
ഇടയ്ക്കിടെ കളി മുട­ങ്ങാ­റു­മുണ്ടായി­രു­ന്നു. റെയിഡു നടന്ന് കൊട്ടക പോലീസ് സീലു വെയ്ക്കു­ന്നതു ­കൊ­ണ്ടാണ് അതെന്ന് ആളു­കള്‍ അടക്കം പറ­ഞ്ഞു.

എണ്‍പ­തു­ക­ളുടെ രണ്ടാം പകു­തി­യില്‍ ദൂര­ദര്‍ശന്‍ എല്ലാ ഞായ­റാഴ്ചയും സിനിമ കാണിച്ചു തുട­ങ്ങി­യ­തോടെ നമ്മുടെ രാത്രിചര്യ­ക­ളില്‍ മാറ്റം വന്നു. വീട്ടി­ലി­രുന്നും സിനിമ കാണാം എന്ന അറി­വ് അത്ഭു­ത­ത്തോ­ടെ­യാണ് നമ്മള്‍ ഉള്‍ക്കൊണ്ടത്. പക്ഷേ ടെലി­വി­ഷ­നുള്ള വീടു­കള്‍ കുറ­വാ­യിരു­ന്നു. അതു­കൊ­ണ്ടെന്ത്? ഇല്ലാ­ത്ത­വര്‍ ഉള്ള­വരുടെ വീട്ടി­ലേയ്ക്കു കൂട്ടംകൂട്ട­മായി ചെന്നു.ഉള്ള­വ­രാ­വട്ടെ വാതി­ലു­കള്‍ ഉദാ­ര­മായി തുറന്നു വെച്ചു. അതി­ഥി­കള്‍ക്കു കൊറി­യ്ക്കാന്‍ മിക്‌സ­ചറും കായ വറു­ത്തതും കരുതി വെച്ചു. രാത്രി എട്ട­രയ്ക്ക് സിനിമ തീരു­മ്പോള്‍ കൊട്ട­ക­ക­ളില്‍നിന്നെന്ന പോലെ ആളു­കള്‍ പുറത്തിറങ്ങി നിര­ത്തു­ക­ളില്‍ നിറ­ഞ്ഞു. ലോക­ക്കപ്പ് മത്സ­ര­ങ്ങളും ഇത്ത­ര­ത്തില്‍ കൂട്ട­മാ­യി­രു­ന്നാ­ണ് ക­ണ്ടത്. നമ്മള്‍ ഏറ്റവും സൗഹാര്‍ദ്ദ­ത്തോ­ടെയും സഹ­വര്‍ത്തി­ത്വ­ത്തോടെയുംകഴിഞ്ഞ കാല­മാ­യി­രുന്നു അത്.

ദൂര­ദര്‍ശന്റെ ഞായ­റാ­ഴ്ച­ക്കളി കൊട്ട­ക­കളെ അല്‍പം ബാധി­ച്ചു. പക്ഷേ അത് ഒരു തുടക്കം മാത്ര­മാ­യി­രുന്നു എന്ന് അധികം വൈകാതെ അവര്‍ക്കു മന­സ്സി­ലാ­യി. വിഡി­യോ­ക്ക­ട­ക­ളുടെ വരവായിരു ന്നു പിന്നീ­ടുണ്ട­ാ­യത്. പട­ങ്ങ­ളുടെ വിഡിയോ കസ്സെ­റ്റു­കള്‍ വാട­കയ്ക്ക് കിട്ടി­ത്തു­ടങ്ങിയതോടെ ഇഷ്ട­പ്പെട്ട സിനി­മ­കള്‍ തിര­ഞ്ഞെ­ടുത്തു കാണാ­നുള്ള സൗകര്യമായി. വിഡി­യോ­ക്ക­ട­ക്കാര്‍ കസ്സെ­റ്റു­കള്‍ വീട്ടി­ലെ­ത്തിച്ചു കൊടു­ക്കാനും കൂടി തുട­ങ്ങി­യ­തോടെ വീടു­കള്‍ ചെറിയചെറിയ കൊട്ട­ക­ക­ളായി മാറി. ഫാനിന്റെ ചുവ­ട്ടി­ലി­രുന്ന് ചെറിയ ചെല­വില്‍ സിനിമ കാണാ­നാ­വുമെ­ങ്കില്‍ എന്തിന് കൊട്ട­ക­യി­ലേയ്ക്കു പോവണം?

നീല­ക്ക­ഷ­ണ­ങ്ങള്‍ തിരു­കുന്നു എന്ന് അപ­ഖ്യാ­തി­യുള്ള അനി­ത­യാണ് ആദ്യം പൂട്ടി­പ്പോ­യ­ത്. കുറേ­കാലം പൂട്ടി­ക്കി­ടന്ന ശേഷം ലക്ഷ്മി കല്യാ­ണ­മ­ണ്ഡ­പ­മായി. വൈകാതെ കൃഷ്ണയുംപൂട്ടി. മുറ്റി­ച്ചി­ക്കാ­രന്‍ മാത്രം എന്തോ ഒരു വാശി പോലെ പിടിച്ചു നിന്നു.
മല­യാ­ള­ത്തില്‍ പുതിയ പുതിയ ചാന­ലു­കള്‍ തുറ­ക്കു­ന്ന­താണ് പിന്നെ നമ്മള്‍ ക­ണ്ടത്.
എപ്പോള്‍ വെച്ചാലും ഏതെ­ങ്കിലും ചാന­ലില്‍ സിനി­മ­യുണ്ട­ാവു­മെന്നു വന്ന­തോടെ വിഡി­യോക്ക­ട­കളുടെ സ്ഥിതിയും പരു­ങ്ങ­ലി­ലാ­യി. പൂട്ടി­പ്പോയ വിഡി­യോ­ക്ക­ട­ക­ളില്‍നി­ന്നുള്ള സീഡി­കള്‍ വഴി­യോരത്ത് കുന്നു കൂട്ടിയിട്ടു. പെട്ടാല്‍പ്പെട്ട വി­ലയ്ക്ക് വിറ്റു തുല­യ്ക്കാനാ­യിരുന്നു അത്. വെറും ഇരു­പതു കൊല്ല­ത്തി­നു­ള്ളില്‍ വന്ന മാറ്റ­ങ്ങ­ളാ­യി­രുന്നു ഇതെ­ല്ലാം.

അതി­നി­ട­യിലും തമാ­ശ­യു­ണ്ടാ­യി. അനാ­ഥ­യായി കിടന്ന കൃഷ്ണയ്ക്ക് പുതിയ ഉട­മ­സ്ഥ­ന്‍വന്നു. അവര്‍ കൃഷ്ണയെ അടി­മുടി പുതു­ക്കി­. കുഷ­നുള്ള കസേ­ര­കള്‍ വെച്ചു. തൃശ്ശൂ­രിലെ രാമ­ദാസ് ഉപേ­ക്ഷിച്ച ഡി ടി എസ് സിസ്റ്റം വാങ്ങി സ്ഥാപി­ച്ചു. പുതിയ പേരു­മിട്ടു: ന്യൂ ആ­ണ്ടവര്‍.പുതിയ പട­ങ്ങള്‍ നേരിട്ടു കിട്ടു­മെന്നു പ്രതീ­ക്ഷി­ച്ചാണ് അത്രയും ചെയ്ത­ത്. അതു നട­ക്കാതെവന്ന­തോടെ ന്യൂ ആ­ണ്ടവ­ര്‍ കഷ്ട­ത്തി­ലാ­യി. രണ്ടു
വര്‍ഷം മുമ്പ് അതു പൂട്ടി. അതിനും മുമ്പു തന്നെമുറ്റി­ച്ചി­ക്കാ­രനും തന്റെ കൊട്ടക കല്യാ­ണ­ങ്ങള്‍ക്കു തുറന്നു കൊടുത്ത് വിധിയ്ക്ക് സമ്പൂര്‍ണ്ണ­മായി കീഴ­ടങ്ങിക്കഴിഞ്ഞി­രുന്നു.

കീഴ­ട­ങ്ങാത്ത ചില­രു­മു­ണ്ടാ­യി­രു­ന്നു. ഞങ്ങ­ളുടെ അടു­ത്തുള്ള ആമ്പ­ല്ലൂ­രിലെ “ശ്രീരാമ’ ഒരു­ദാ­ഹ­ര­ണം. ആയി­ര­ത്തില്‍പ്പരം പേര്‍ക്ക് ഇരി­യ്ക്കാന്‍ സൗക­ര്യ­മു­ണ്ടാ­യി­രുന്ന അതു പൊളിച്ച് ചെറിയ രണ്ടു തീയ­റ്റ­റുകളാ­ക്കി. ശീതീ­ക­രിച്ച ഉള്‍വ­ശം, കമ­നീ­യ­മായ ഇരി­പ്പി­ട­ങ്ങള്‍. നൂറോളം പേര്‍ക്ക് ഇരി­യ്ക്കാ­വുന്ന സൗക­ര്യം.

കേ­ര­ള­ത്തില്‍ മള്‍ട്ടി­പ്ലെ­ക്‌സു­ക­ളുടെ കാല­മാണ് ഇതെന്ന് തിരി­ച്ച­റിഞ്ഞ ഉട­മ­സ്ഥ­രുടെ സമയോ­ചി­ത­മായ നീക്ക­മാ­യി­രുന്നു അത്. നഗ­ര­ങ്ങ­ളായ നഗ­ര­ങ്ങ­ളി­ലൊക്കെ നിര­വധി മള്‍ട്ടി­പ്ലെ­ക്‌സു­കള്‍ ഉയര്‍­ന്നു. ഓണ്‍ ലൈനില്‍ ടിക്കറ്റ് ബുക് ചെയ്യാ­നുള്ള സൗക­ര്യ­ങ്ങളൊരു­ക്കി. വിപു­ല­മായപാര്‍ക്കിങ്ങ് സംവി­ധാന­ങ്ങള്‍ ഉണ്ടാ­ക്കി. കനത്ത വില­യുള്ള ടിക്കറ്റെടുത്ത് പടം കാണാ­നെ­ത്തി­യവരുടെശരീരം തപ്പി നോക്കി. ബോംബു­ക­ളുണ്ടോഎന്നല്ല എ­ന്തെ­ങ്കിലും ഭക്ഷണം ഒളിച്ചു കട­ത്തു­ന്നുണ്ടോഎന്നാണ് പരി­ശോ­ധ­ന. പിടി­കൂ­ടി­യ­വ­രില്‍നിന്ന് പച്ച­വെള്ളം പോലും പിടിച്ചുവെച്ചു.അകത്ത് നാലി­രട്ടി വിലയ്ക്ക് പോപ് കോണും പപ്പ്‌സും കട്‌ലെറ്റും ഐസ്ക്രീമും കോളയുംഅവര്‍ക്കായി കരുതി വെച്ചു. പിടി­ച്ചെ­ടുത്ത പച്ച­വെ­ള്ളവും ബിസ്കറ്റും പടം കഴി­ഞ്ഞ­തിനു ശേഷം കൗ­ണ്ടറില്‍നിന്ന് ഔദാ­ര്യ­പൂര്‍വ്വം തിരിച്ചു കൊടു­ത്തു.

സിനി­മാ­ശാ­ല­കള്‍ വരേ­ണ്യ­വര്‍ഗ­ത്തിനു മാത്ര­മു­ള്ള­തായതാണ് കഴിഞ്ഞ ഇരു­പതു വര്‍ഷ­ത്തി­നു­ള്ളില്‍ കേര­ള­ത്തില്‍ ഉണ്ടായ ഒരു പ്രധാ­ന­മാ­റ്റം. ഒരു പക­ലിന്റെ അദ്ധ്വാ­ന­ത്തിനു ശേഷം അല്‍പം വിനോ­ദ­ത്തിന് മുറ്റി­ച്ചി­ക്കാ­രന്റെ കൊട്ട­ക­യിലും ആ­ണ്ടവ­റിലും എത്തി­യി­രുന്നവര്‍ ഇന്ന് കൊട്ട­ക­യി­ലു­മില്ല വീട്ടി­ലു­മി­ല്ല. വീടു­ക­ളില്‍നിന്ന് ആഘോ­ഷ­പൂര്‍വ്വം കൊട്ട­ക­യി­ലേയ്ക്ക് മക്ക­ളോടും ഭര്‍ത്താ­വി­നോ­ടു­മൊപ്പം പോയിരുന്നവര്‍ രാത്രി­യേറും വരെ ടെലി­വി­ഷ­നിലെ സീരി­യ­ലു­കളും സിനിമ­കളും കണ്ട് ഭര്‍ത്താ­വി­നേയും കുട്ടി­കളേയും കാത്തി­രു­ന്നു. ഭര്‍ത്താ­ക്ക­ന്മാര്‍ ബാറു­ക­ളില്‍നിന്നുംകുട്ടി­കള്‍ മള്‍ട്ടി­പ്ലെ­ക്‌സില്‍നിന്നും സന്തോഷം ഉള്‍ക്കൊണ്ട് വൈകി മാത്രം വീടുകള്‍ പൂകി.

മാറ്റങ്ങള്‍ ഒരി­യ്ക്കലും നില­യ്ക്കു­ക­യി­ല്ല­ല്ലോ. ഇന്നു കാണുന്ന മള്‍ട്ടി­പ്ലെ­ക്‌സു­കള്‍ക്ക് എത്രആയു­സ്സു­ണ്ടെന്ന് ആര്‍ക്ക­റിയാം! വീടു­കള്‍ അത്യാ­ധു­നി­ക­സൗ­ക­ര്യ­മുള്ള തീയ­റ്റ­റു­ക­ളായി മാറിക്കൊണ്ട­ി­രി­യ്ക്കു­ക­യാ­ണ്. പുതിയ സിനി­മ­കള്‍ വീടു­ക­ളില്‍ത്തന്നെ റിലീസ് ചെയ്യാന്‍ അധികം താമസ­മി­ല്ല. നമ്മുടെ രാത്രി­കള്‍ ഇനിയും എത്രയോ മാറ്റ­ങ്ങള്‍ കാണാ­നി­രി­യ്ക്കുന്നു!

മുറ്റി­ച്ചി­ക്കാ­രന്റെ നാവോറു പാടാന്‍ ഇന്ന് പാണ­ന്മാര്‍ ആരുമി­ല്ല. കൊട്ട­ക­യു­മല്ല കല്യാ­ണ­മ­ണ്ഡ­പ­വു­മല്ല എന്ന മട്ടില്‍ ഒരോര്‍മ്മ­ത്തെറ്റു പോലെ ഡേവി­സണ്‍ നില്‍ക്കുന്നു. ലക്ഷ്മി­യില്‍ വല്ലപ്പോഴും ഓരോ കല്യാണം നട­ക്കു­ന്നു. അനിത നിന്നി­രു­ന്നി­ടത്ത് ഇന്ന് വെറും കാടു മാത്രം. ന്യൂ ആ­ണ്ടവ­ര്‍ കല്യാ­ണ­മ­ണ്ഡ­പ­മാ­യി­ല്ല. പൊളിച്ചു മാറ്റി­യി­ട്ടു­മി­ല്ല. ന്യൂ ആ­ണ്ടവര്‍ എന്ന പേര് പകു­തിയി­ലേ­റെയും മാഞ്ഞു പോയി­രി­യ്ക്കു­ന്നു. പുല്ലു വളര്‍ന്ന് കാലു കുത്താന്‍ പോലും പറ്റാ­താ­യ പരിസരം. അതിലേ കടന്നു പോവു­മ്പോ­ഴൊക്കെ ആലോ­ചി­യ്ക്കാ­റുണ്ട്.

കണ്ണായ ഇടത്ത് ഇങ്ങനെസ്ഥലം മുടക്കി എത്ര കാലം നില്‍ക്കാ­നാവും ന്യൂ ആ­ണ്ടവ­റിന്? അതും ഭൂമിയ്ക്ക് ഇത്രയും വിലയുള്ളഈ കാലത്ത്? ഭൂമി ദല്ലാ­ളു­ക­ളേ, അതിനെ കണ്ണു വെയ്ക്കരുത്. പണ്ടു പണ്ട് ഒരു കാലത്ത് കേര­ള­ത്തില്‍ സിനിമാ കൊട്ടക­ക­ളു­ണ്ടായി­രുന്നു എന്നും അവിടെ ആളു­കള്‍ ഒന്നി­ച്ചി­രുന്ന് സിനി­മ­കള്‍ കണ്ടിരു­ന്നു­വെന്നും നമ്മുടെ കുട്ടി­കള്‍ അറി­യ­ട്ടെ. സിനി­മ­യെ­ന്നാല്‍ അട­ച്ചിട്ട മുറി­യില്‍ ഒറ്റ­യ്ക്കി­രുന്ന് മൊബൈല്‍ ഫോണില്‍ കാണു­ന്ന­ത­ല്ലാ­യി­രുന്നു എന്നും അവര്‍ മന­സ്സി­ലാ­ക്ക­ട്ടെ. അവര്‍ക്കു തൊട്ടു കാണിച്ചു കൊടു­ക്കാ­നാ­യെ­ങ്കിലും ന്യൂ ആ­ണ്ടവര്‍ അവിടെ നിന്നോ­ട്ടെ. നിങ്ങ­ളുടെ ദയ­വു­ണ്ടാ­ കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക