Image

പ്രതീക്ഷകളുമായി റീമാ കല്ലുങ്കല്‍

Published on 07 February, 2012
പ്രതീക്ഷകളുമായി റീമാ കല്ലുങ്കല്‍
തലയെടുപ്പും തന്റേടവും തോന്നിപ്പിക്കുന്ന നായികമാര്‍ മലയാളത്തില്‍ തിളങ്ങിയ ഒരു കാലമുണ്ടായിരുന്നു. അന്നൊന്നും ശക്തമായ സ്‌ത്രീകഥാപാത്രങ്ങളില്ല എന്ന്‌ ആരും പരാതിയും പറഞ്ഞിരുന്നില്ല. എന്നാലിന്ന്‌ മലയാളത്തില്‍ നായികാ ദാരിദ്രമാണ്‌ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതി. വെറും കെട്ടുകാഴ്‌ചയായി ഒരുങ്ങി നില്‍ക്കുന്നതില്‍ കൂടുതല്‍ സാമൂഹിക ബോധവും കാഴ്‌ചപ്പാടുമുള്ള നായികമാര്‍ സമീപകാലത്ത്‌ നമുക്കില്ലായിരുന്നു എന്നത്‌ ഒരു സത്യവുമാണ്‌. അതുകൊണ്ടു തന്നെ ശക്തമായ സ്‌ത്രീകഥാപാത്രങ്ങളുള്ള സിനിമകള്‍ സമീപകാലത്ത്‌ കുറവുമായിരുന്നു. നായികമാരെ നായകന്‍മാരുടെ ഓരത്ത്‌ നിര്‍ത്താന്‍ മാത്രമായി സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ താത്‌പര്യം. എന്നാല്‍ ഇവിടെ തികച്ചും വ്യത്യസ്‌തയാവുകയാണ്‌ റീമാ കല്ലുങ്കല്‍. തുടക്കത്തില്‍ ഒരുപാട്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്ന റീമക്ക്‌ മലയാള സിനിമയില്‍ നിന്ന്‌. മലയാളത്തിമില്ലാത്ത നായികയെന്നു വരെ റീമയെ പലരും കളിയാക്കി. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി റീമയിപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികയായിരിക്കുകയാണ്‌. അതും വ്യത്യസ്‌തങ്ങളായ സ്‌ത്രീ കഥാപാത്രങ്ങളിലൂടെ...

മലയാളം സിനിമയില്‍ പ്രതീക്ഷയുള്ള ചിത്രങ്ങളാണല്ലോ ഇപ്പോള്‍ റീമയെ നേടിയെത്തിയിരിക്കുന്നത്‌?

2009 ലാണ്‌ എന്റെ ആദ്യ ചിത്രം ഋതു പ്രേക്ഷകരിലേക്കെത്തിയത്‌. എന്നാല്‍ അതിനു ശേഷം മികച്ചൊരു ഓഫര്‍ ലഭിക്കാന്‍ വൈകി. വെല്ലുവിളിയാകുന്ന ഏത്‌ കഥാപാത്രവും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ഇപ്പോള്‍ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം ഞാന്‍ കാത്തിരുന്ന തരത്തിലുള്ള ഒരു പ്രോജക്‌ടാണ്‌. പൂര്‍ണ്ണമായും സ്‌ത്രീകഥാപാത്രത്തിന്‌ പ്രാമുഖ്യമുള്ള ചിത്രം. ഒരു നഴ്‌സിന്റെ വേഷമാണ്‌ എനിക്ക്‌ ഈ ചിത്രത്തില്‍. ശേഷം ഭരതന്‍സാറി പ്രശസ്‌തമായ നിദ്ര എന്ന ചിത്രം ഭരതന്‍സാറിന്റെ മകന്‍ സിദ്ധാര്‍ഥ്‌ ഭരതന്‍ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലും ഞാന്‍ നായികയായി അഭിനയിക്കുന്നു. നിദ്രയെന്ന സിനിമയെക്കുറിച്ച്‌ പ്രേക്ഷകരോട്‌ ഞാന്‍ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. ഒരു കാലഘട്ടത്തിലെ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണത്‌. നിദ്രയില്‍ ശാന്തികൃഷ്‌ണ അവതരിപ്പിച്ച കഥാപാത്രമാണ്‌ ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌.

സൗന്ദര്യ മത്സര വേദിയില്‍ നിന്നും സിനിമയിലെത്തി തിളങ്ങുക എന്നത്‌ എളുപ്പമായിരുന്നോ?

എളുപ്പമായിരുന്നു എന്ന്‌ ഞാന്‍ പറയുന്നില്ല. 2008ലെ മിസ്‌ കേരളാ മത്സരത്തില്‍ റണ്ണറപ്‌ ആയിരുന്നു ഞാന്‍. പിന്നീട്‌ ശ്യാമപ്രസാദിന്റെ ഋതുവിലൂടെ സിനിമയിലെത്തുമ്പോഴും സിനിമയെക്കുറിച്ച്‌ വലിയൊരു ധാരണയുണ്ടായിരുന്നില്ല. ഈ അവസ്ഥ മാറുന്നത്‌ സിറ്റി ഓഫ്‌ ഗോഡ്‌ എന്ന ചിത്രത്തിലാണ്‌. ആ ചിത്രം എനിക്ക്‌ വലിയൊരു പാഠമായിരുന്നു. കൊമേഴ്‌സ്യലായി ആ ചിത്രം വിജയിച്ചില്ലെങ്കില്‍ കൂടി എനിക്ക്‌ മികച്ചൊരു കഥാപാത്രം ആ സിനിമയിലൂടെ കിട്ടി. ആ സിനിമയുടെ എഡിറ്റിംഗില്‍ വരെ ഞാന്‍ സംവിധായകനൊപ്പം സഹകരിച്ചിരുന്നു. അങ്ങനെ സിനിമയുടെ ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാന്‍ സിറ്റി ഓഫ്‌ ഗോഡ്‌ എന്ന സിനിമ സഹായിച്ചു. ആ ചിത്രത്തോടെ സിനിമയോടുള്ള മൊത്തം കാഴ്‌ചപാടു തന്നെ ഏറെ മാറി പോയി. അതുകൊണ്ട്‌ തന്നെ പുതിയ റോളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇപ്പോള്‍ ഒരുപാട്‌ ശ്രദ്ധിക്കുന്നുണ്ട്‌.

റീമാ കല്ലുങ്കല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തിയപ്പോഴായിരുന്നല്ലോ?

എന്നെപ്പോലെ ഒരു പെണ്‍കുട്ടി അങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തുമെന്ന്‌ ആരും കരുതിയിരുന്നില്ലെന്ന്‌ തോന്നുന്നു. പക്ഷെ എന്റെ അഭിപ്രായം തുറന്നു പറയാതെ മാറി നില്‍ക്കേണ്ട കാര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ്‌ ട്വിറ്ററിലൂടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചത്‌. ഒരു നാട്‌ മുഴുവന്‍ ഭയന്ന്‌ നില്‍ക്കുമ്പോള്‍ നമ്മള്‍ നമ്മുടെ താല്‍പര്യങ്ങള്‍ മാത്രം നോക്കി മിണ്ടാതെ നില്‍ക്കുന്നത്‌ ഭീരുത്വമല്ലേ.

പക്ഷെ തമിഴ്‌ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന്‌ പേടിയില്ലേ?

ഇങ്ങനെ ഒരു തുറന്ന അഭിപ്രായ പ്രകടനം നടത്തിയതുകൊണ്ട്‌ എന്നെ തമിഴ്‌ സിനിമയില്‍ പരിഗണിക്കില്ലായിരിക്കും. ഞാന്‍ ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. ഭരത്‌ നായകനായ യുവന്‍ യുവതി എന്ന ചിത്രം. സാമാന്യം വിജയം നേടിയ ചിത്രമായിരുന്നു അത്‌. ഇനിയൊരു പക്ഷെ തമിഴില്‍ നിന്നും പെട്ടന്ന്‌ ഒരു ഓഫര്‍ വരുമെന്ന്‌ ഞാനും പ്രതീക്ഷിക്കുന്നില്ല. അത്‌ കിട്ടാതെ പോയാല്‍ ഞാന്‍ വിഷമിക്കാനും പോകുന്നില്ല. എനിക്കിപ്പോള്‍ മികച്ച റോളുകള്‍ മലയാളത്തില്‍ ലഭിക്കുന്നുണ്ട്‌.

എങ്കിലും അന്യഭാഷ സിനിമകള്‍ ഏതൊരു നായികയുടെയും സ്വപ്‌നമല്ലേ?

ഞാന്‍ പറഞ്ഞല്ലോ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സമയത്തായിരുന്നെങ്കില്‍ ചിലപ്പോള്‍ അത്രയൊന്നും സെലക്‌ടീവാകാതെ ഞാന്‍ തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ പോയേനെ. പക്ഷെ ഇപ്പോള്‍ എന്റെ കുട്ടിക്കളിയൊക്കെ മാറിയിരിക്കുന്നു. എനിക്ക്‌ സിനിമയോട്‌ ഒരു ഇഷ്‌ടമുണ്ട്‌. അതുകൊണ്ട്‌ കിട്ടുന്ന ഏത്‌ റോളും അഭിനയിക്കാമെന്ന തീരുമാനമല്ല എന്റേത്‌. അന്യഭാഷയില്‍ നിന്നും ഒരു ഓഫര്‍ വന്നാലും എന്റെ കാരക്‌ടറിനെക്കുറിച്ച്‌ വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രമേ ഞാന്‍ അത്‌ സ്വീകരിക്കു. ഇപ്പോള്‍ ഇവിടെ കിട്ടുന്ന നല്ല കഥാപാത്രങ്ങളില്‍ ഞാന്‍ ഹാപ്പിയാണ്‌.

പക്ഷെ മലയാള സിനിമ പൊതുവേ നായികമാരെ പ്രോല്‍സാഹിപ്പിക്കാറില്ല?

അത്‌ ഇടക്കുണ്ടായ ഒരു പ്രവണതയല്ലേ. മുമ്പ്‌ അങ്ങനെയായിരുന്നില്ലല്ലോ. എത്രയോ മികച്ച നായികമാര്‍ തിളങ്ങിയ ഭാഷയാണ്‌ മലയാളം. നിദ്രയില്‍ തന്നെ ശാന്തികൃഷ്‌ണ എത്ര മികച്ച പെര്‍ഫോമന്‍സാണ്‌ നടത്തിയിരിക്കുന്നത്‌. ഇപ്പോള്‍ സാഹചര്യം മാറിവരുന്നുണ്ട്‌. ആഷിക്‌ അബു സംവിധാനം ചെയ്യുന്ന 22 ഫീമെയില്‍ കോട്ടയം ഒരു സ്‌ത്രീകഥാപാത്രത്തിന്‌ പ്രധാന്യമുള്ള ചിത്രമാണ്‌. ഇന്ത്യന്‍ റുപ്പിയിലെ ഡോക്‌ടര്‍ ബീനയും നല്ല വ്യക്തിത്വമുള്ള കാരക്‌ടറായിരുന്നില്ലേ. അത്തരം കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കണമെന്നാണ്‌ എന്റെ ആഗ്രഹം. ചില ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. അതൊക്കെ മികച്ച കാര്‌കടറുകള്‍ നല്‍കുന്ന സിനിമകള്‍ തന്നെയാണ്‌.
പ്രതീക്ഷകളുമായി റീമാ കല്ലുങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക