Image

ഗീതാഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് കുമ്മനം

Published on 29 July, 2016
ഗീതാഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് കുമ്മനം
തിരുവനന്തപുരം:സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തേപ്പറ്റി ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സഹപ്രവര്‍ത്തകനില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണോ പുതിയ ഉപദേശകയെ വെക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് എന്ന സംശയം ദൂരീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കുമ്മനം പറയുന്നു.


നരേന്ദ്രമോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ഗീതാഗോപിനാഥിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുന്നത് ഇടത് സാമ്പത്തിക നയങ്ങള്‍ കാലഹരണപ്പെട്ടെന്ന തിരിച്ചറിവു കൊണ്ടാണോയെന്നും വ്യക്തമാക്കണം. 

എന്തായാലും ഗീതാഗോപിനാഥിനെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കുമ്മനം പറയുന്നു.

മാറുന്ന കാലത്തിന് അനുസൃതമായ ചിന്തകള്‍ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഇത്രകാലം ഇടത് പക്ഷം പിന്തുടര്‍ന്നു വന്ന സാമ്പത്തിക നയങ്ങള്‍ കേരളത്തിന്റെ പുരോഗതിയെ പിറകോട്ടടിക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുളളത്.

 അതിവേഗം വളരുന്ന ലോകത്തിനും ഭാരതത്തിനും പുറം തിരിഞ്ഞു നില്‍ക്കാന്‍ കേരളത്തിന് മാത്രമായി സാധിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ നമുക്കും അതിനൊപ്പം ചേരേണ്ടി വരും. അതിന് ഗീതാ ഗോപിനാഥിനെപ്പോലെയുള്ളവരുടെ ഉപദേശങ്ങള്‍ സഹായകമാകുമെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ല.

ഗീതാഗോപിനാഥ് നല്‍കുന്ന ഉപദേശങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം. നാടിന് നന്മയുണ്ടാക്കുന്ന ഉപദേശങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം.
 കുമ്മനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക